2021ലെ മലയാറ്റൂര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ വാസവദത്ത എന്ന നോവല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതിയാണ്. വാസവദത്തയ്ക്ക് ഒരു രണ്ടാം ഭാഗം എന്നത് ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ സജില്‍ ശ്രീധര്‍ എന്ന നോവലിസ്റ്റ് നാം കാണാത്ത വഴികളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു. നോവല്‍ എന്ന സാഹിത്യശാഖയെ സംബന്ധിച്ച പരമ്പരാഗത ധാരണകളെ അട്ടിമറിക്കുന്നു.
രേഖീയമായ ആഖ്യാനസമീപനത്തെ നിരാകരിക്കാതെ ആദിമധ്യാന്തങ്ങളും കാലഗഗണനയും കൃത്യമായി ദീക്ഷിച്ചുകൊണ്ട് കഥനം നിര്വഹിക്കുന്നതിനിടയില് സമയസംബന്ധിയായ ചാഞ്ചാട്ടങ്ങള്‍ നടത്തുകയാണ് നോവലിസ്റ്റ്. ഇതാകട്ടെ പാരായണക്ഷമതയെ തെല്ലൂം ഹനിക്കുന്നുമില്ല. ഈ തരത്തില്‍ മാന്ത്രികമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നിടത്താണ് ഈ നോവല്‍ വ്യത്യസ്തമാകുന്നത്.
കേന്ദ്രകഥാതന്തുവിന് ഊനം തട്ടാതെ അതേസമയം തന്നെ അതിന് ഉപോത്ബലകമാം വിധം മറ്റൊരു ജീവിതാഖ്യാനം തുന്നിച്ചേര്‍ക്കാനും കഴിയുന്നു. ഇഴപിരിക്കാനാവാത്ത വിധം അതീവ പാരസ്പര്യത്തോടെ രണ്ടും നിലകൊളളുന്നു എന്നതും ക്രാഫ്റ്റിലെ ഒരു സവിശേഷതയാണ്.
സര്‍വജ്ഞപീഠത്തിലെ നായികാ നായകന്മാരായ ഉപഗുപ്തനും ഉത്തരയും തലമുണ്ഡനം ചെയ്ത തനി ആശ്രമജീവികളായിരുന്നു. എന്നാല്‍ ആശ്രമം കലുഷിതമാകുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ സ്ഥാപനവത്കരണത്തോട് വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അതില്‍ നിന്നുകൊണ്ട് തന്നെ ബുദ്ധമതദര്‍ശനം അനുശാസിക്കുന്ന ഉദാത്തവും ഉത്തമവും മാതൃകാപരവുമായ ജീവിതം നയിക്കുന്നു. മറ്റുളളവര്‍ക്കു വേണ്ടി എരിയുന്ന വിളക്കായി പരിണമിക്കുന്നു. അതിന്റെ വിശാലമായ പ്രഭയില്‍ സ്വന്തം ജീവിതവും കെട്ടിപ്പടുക്കുന്നു.
സര്‍വജ്ഞപീഠം ശൂന്യതയില്‍ നിന്നുളള ഒരു തരം ഞാണിന്മേല് കളിയാണ്. നോവലിസ്റ്റ് തീര്‍ത്തും സങ്കല്പ്പിച്ചിട്ടുണ്ടാക്കിയ പുര്‍ണ്ണമായും ഭാവനയില്‍ മെനഞ്ഞെടുത്ത ജീവിതമാണ് ഉപഗുപ്തന്റെയും ഉത്തരയുടെയും വാസവദത്താനന്തര ജീവിതം. ഏറ്റവും വിശ്വസനീയവും സ്വാഭാവികവും നൈസര്‍ഗികവും ജൈവികവുമായി അതിനെ രൂപപ്പെടുത്തുകയും നോവല്‍ ശില്‍പ്പത്തില്‍ വിളക്കി ചേര്‍ത്തിരിക്കുകയും ചെയ്യുന്നു സജില്‍ശ്രീധര്‍.
ഈശ്വര സങ്കല്‍പ്പത്തെ മറ്റൊരു തലത്തില്‍ പുനര്‍നിര്‍വചിക്കാനുളള ശ്രമം കൂടിയാണ് സര്‍വജ്ഞപീഠം എന്ന നോവല്‍. ദൈവത്തെ അറിയുക, ദൈവത്തിലേക്ക് സഞ്ചരിക്കുക എന്നീ പ്രക്രിയകളെ നോവല്‍ വളരെ സ്പഷ്ടവും വ്യക്തവുമായി അഭിസംബോധന ചെയ്യുന്നു. പൂജകളും വഴിപാടുകളും സര്‍വസംഗപരിത്യാഗി പരിവേഷവും ആശ്രമം പോലെ സ്ഥാപനവത്കരിക്കപ്പെട്ട വ്യവസ്ഥകളുടെ പിന്‍ബലവും ഇല്ലാതെ തന്നെ അനായാസമായി ദൈവത്തിലേക്ക് എത്തിപ്പെടുന്നതിന്റെ ചിത്രം കൂടി നോവല്‍ വരച്ചു കാട്ടുന്നു.
പ്രസ്താവനാ പ്രകൃതമുളള സമകാലീന നോവല്‍ സമീപനങ്ങളില്‍ നിന്ന് വേറിട്ട് ആനുഷംഗികമായി അഭിവ്യഞ്ജിപ്പിക്കുകയാണ് പല ജീവിതസത്യങ്ങളും ഈ കൃതിയില്‍. മറ്റൊരാളുടെ ജീവിതം ഫലഭൂയിഷ്ടവും സമാധാനപൂര്ണ്ണവുമാക്കുമ്പോഴാണ് യഥാര്‍ത്ഥ ഈശ്വരനെ കണ്ടെത്താന്‍ സാധിക്കുന്നതെന്നും നോവല്‍ പറയുന്നു. മാനവികതയുടെ മഹത്ത്വവും അതിനേക്കാള്‍ ഉദാത്തവും മൂല്യവത്തുമായി മറ്റൊന്നില്ലെന്ന ഉള്‍ക്കാഴ്ചയും നോവല്‍ പങ്കിടുന്നു.
ഏത് പ്രമേയവും ഏതുതരം ആഖ്യാന സമീപനങ്ങളും ശില്പ്പസംബന്ധിയായ മികവും വായനക്കാരന് അര്‍ഹിക്കുന്ന തലത്തില്‍ അനുഭവപ്പെടണമെങ്കില്‍ എഴുത്തുകാരന്റെ ടൂള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഭാഷ കരുത്തുറ്റതും സൗന്ദര്യാത്മകവും നൂതനത്വം ഉള്ക്കൊളളുന്നതുമാകണം. സര്‍വജ്ഞപീഠം ഇക്കാര്യത്തില്‍ പൂര്‍വമാതൃകകളെ പാടെ നിരാകരിച്ചുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും നവീനമായ ഒരു ഭാഷാസങ്കല്പ്പം തന്നെ പടുത്തുയര്‍ത്തിയിരിക്കുന്നു. വാക്കുകള്‍ക്കും വാചകങ്ങള്ക്കുമിടയിലെ അര്‍ത്ഥപൂര്‍ണ്ണമായ മൗനങ്ങളും ശ്രദ്ധേയമാണ്.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആത്മീയതയോട് കലഹിച്ച് സ്വന്തം വഴിതേടിയിറങ്ങുകയും, കൂടുതല്‍ ഫലപ്രദമായ മറ്റൊരു വഴി സ്വയം കണ്ടെത്തുകയും ചെയ്യുന്ന ദമ്പതികളാണ് ഉപഗുപ്തനും ഉത്തരയും. ഏത് തരം സംവിധാനവും വ്യവസ്ഥയും അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അത് വിഭാവനം ചെയ്യുന്ന ദൗത്യം സഫലമായി നിറവേറ്റുമ്പോള്‍ മാത്രമാണ്. സങ്കുചിതവും സ്വാര്‍ത്ഥപരവുമായ താത്പര്യങ്ങള്‍ വ്യക്തിമനസ്സുകളെ മഥിക്കുമ്പോള്‍ ആത്മീയത അവിടെ നിന്നും ഒഴിഞ്ഞു പോകുന്നു. കിടമത്സരങ്ങളും കുത്തിത്തിരിപ്പുകളും ഉള്‍പ്പെടെ ലൗകിക ജീവിതത്തിലെ മലീമസമായ പല അംശങ്ങളും ആശ്രമങ്ങളിലേക്കും ബുദ്ധവിഹാരങ്ങളിലേക്കും കടന്നു വരുന്നു. പവിത്രതയും ഉദ്ദേശലക്ഷ്യങ്ങളും നഷ്ടപ്പെട്ട കേവലം കെട്ടിടങ്ങള്‍ മാത്രമായി ഇത്തരം സ്ഥാപനങ്ങള്‍ അധഃപതിക്കുന്നു. ഈ മൂല്യച്യുതിയെ തനത് രീതിയില്‍ അതിജീവിക്കാനുളള ശ്രമങ്ങളും അതിന്റെ ഫലപ്രാപ്തിയുമാണ് നോവല്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. പ്രത്യഭിഭിന്നമായ നിരവധി അര്‍ത്ഥതലങ്ങളും ബഹുമുഖമായ വായനകളും വ്യാഖ്യാനസാധ്യതകളും നിലനിര്‍ത്തിക്കൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: