കഴിഞ്ഞ വര്‍ഷം നടന്ന കേരളോത്സവത്തില്‍ അഞ്ചു മിനുറ്റ് ദൈര്‍ഘ്യം വരുന്ന ഒരു ഏകാഭിനയത്തിലൂടെയായിരുന്നു തുടക്കം. കൂടുതല്‍ പരിഷ്ക്കരിച്ച ഭാഗങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനിലും പ്രത്യക്ഷപ്പെടുകയുണ്ടായി. 2022 ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധി ജയന്തി ദിനത്തില്‍ വരവൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നിന്നാണ് രതീഷ് തന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
പിന്നീട് സ്കൂളുകള്‍, കോളജുകള്‍, കലാസാംസ്കാരിക സംഘടനകള്‍, മറ്റു യുവജന പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉത്സവപ്പറമ്പുകള്‍, ആരാധനലയങ്ങള്‍ എന്‍ജിഒ യൂണിയനുകള്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും ഈ മോണോ ആക്ട് അവതരിപ്പിച്ചു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമാഫിയാ സംഘങ്ങളുടെ ചതിയില്‍ പെട്ടുപോകുന്ന മിടുക്കനായ ഒരു പാവം വിദ്യാര്‍ത്ഥിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിതഫലവും പ്രമേയമാകുന്ന 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഏകാഭിനയം ഇതിനോടകം 100 ലേറെ വേദികള്‍ പിന്നിട്ടു കഴിഞ്ഞു.
കലാസാഹിത്യ രംഗം
നാടകം, പ്രസംഗം, കഥാപ്രസംഗം, ഏകാഭിനയം, ശബ്ദം നല്കല്, എഴുത്ത് എന്നിങ്ങനെ കൈതൊട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ചിട്ടുള്ള രതീഷ് ഇപ്പോള്‍ ഒരു സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. അതിനിടയിലും തനിക്കു ലഭിക്കുന്ന വേദികളിലെല്ലാം ബോധവത്ക്കരണത്തിന്റെ മോണോ ആക്ടുമായി പ്രത്യക്ഷപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
അതുവഴി ഒരാളെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് തിരിച്ചുനടന്നാല്‍ അതുമാത്രം മതി കലയെ മാത്രം ലഹരിയായി കാണുന്ന ഈ ചെറുപ്പക്കാരനു സന്തോഷിക്കുവാന്‍. ഔദ്യോഗികമായ തിരക്കുകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ എല്ലാം രതീഷ് സമൂഹനന്മയ്ക്കായുള്ള പോരാട്ടത്തില്‍ പോരാളിയാവും.
രതീഷിന്റെ പിതാവ് ഭാസ്ക്കരന്‍ നായര്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടും മദ്ദള കലാകാരനുമായിരുന്നു. പിതാവിന്റെ കലാപരമ്പര്യമാണ് രതീഷിന്റെ കലാപ്രവര്‍ത്തനത്തിന് പ്രചോദനമായിരിക്കുന്നത്.
തേടിയെത്തിയ അംഗീകാരങ്ങള്‍
അത്രകണ്ട് കലയെ സ്നേഹിക്കുന്ന ആളെ കല തിരിച്ചും സ്നേഹിച്ചതിന്റെ തെളിവാണ് രതീഷ് വരവൂരിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് പറയാനുള്ളത്. യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ടാലെന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവ ലഹരിവിരുദ്ധ പോരാട്ടത്തിന് അംഗീകാരമായി ലഭിച്ചതാണ്.
ഈ വര്‍ഷത്തെ മലയാള സാഹിത്യ സംസ്കൃതി, ഡോ. ബി.ആര്. അംബേദ്കര്‍ കലാശ്രീ നാഷണല്‍ ഫെല്ലോഷിപ്പ് പുരസ്കാരം, രാജീവ് ഗാന്ധി നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങളും തേടിയെത്തുകയുണ്ടായി.
രതീഷിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിനു പിന്തുണയുമായി നിരവധി പേര് ഇന്ന് മുന്നോട്ട് വന്നിട്ടുണ്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്, എക്സൈസ് മിനിസ്റ്റര്‍ എം. ബി. രാജേഷ് തുടങ്ങിയ പ്രമുഖരും വിവിധ ഡിപ്പാര്‍ട്മെന്റുകളും അതില്‍പ്പെടുന്നു.
കലയ്ക്ക് സപ്പോര്‍ട്ടായി കുടുംബവും
നിരവധി ഷോര്‍ട്ട് ഫിലിമിലടക്കം അഭിനയം കാഴ്ചവയ്ക്കാനായ രതീഷിന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി കുടുംബം കൂടെയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചേലംചങ്കരത്ത് ഭാസ്കരന് നായരുടെയും വിജയലക്ഷ്മിയുടെയും രണ്ടു മക്കളില്‍ മൂത്തവനായി ജനനം. ഭാര്യ സൗമ്യ, മകന് ധ്രുവ്.
ലഹരിക്കെതിരെ അതിശക്തമായ ഭാഷയില്‍ പോരാടുന്ന കലാകാരന് തിന്മയ്ക്കെതിരെ പോരാടുവാനുള്ള ആര്‍ജ്ജവം ചോര്‍ന്നു പോകുന്നില്ല. ഇപ്പോള്‍ അന്ധവിശ്വാസത്തിനെതിരെ പുതിയൊരു മോണോ ആക്ടുമായി രംഗത്തെത്തി കഴിഞ്ഞു. നിങ്ങള്‍ക്കും ഈ പോരാട്ടത്തില്‍ പങ്കാളിയാകാം. ഒരൊറ്റ ഫോണ്‍ കാളില്‍ നിങ്ങള്‍ക്കൊപ്പം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: