അത്യുന്നതം; പ്രൗഢ ഗംഭീരശൈലത്തി-
നോപ്പം പ്രതാപ മഹത്വങ്ങളോതുന്ന
ക്രൈസ്തവ ദേവാലയത്തിന്നു മുന്നില്‍ ഞാന്‍
വിസ്മയ നേത്രനായ് നിന്നു വിദ്യാര്‍ത്ഥിപോല്‍.
അത്രപ്രാചീനം, ശിലാശില്പ ഭംഗികള്‍
കൊത്തിയെടുത്തു കൈകൂപ്പി തൊഴും മട്ടില്‍
ഉത്തുംഗമാം കുരിശ്ശേന്തി ധ്യാനിക്കുന്ന
കത്തീഡ്രലിന്‍ ചോട്ടില്‍ നിന്നേനുറുമ്പുപോല്‍…
ഇല്ലയാരാധകര്‍; പ്രാര്‍ത്ഥനാഗീതികള്‍
ഇല്ല ആചാര പ്രസംഗ കുര്‍ബാനകള്‍
മഞ്ഞില്‍ മരച്ചു നിശ്ശബ്ദം സ്മരണകള്‍
വിങ്ങലോടോര്‍ത്തോര്‍ത്തു തേങ്ങുമീ പള്ളിയില്‍
നിന്നൂ സകൗതുകം, ഉള്ളില്‍ ഒടുങ്ങാതെ
പൊങ്ങുന്ന ചോദ്യത്തിരകളില്‍പ്പെട്ടു ഞാന്‍…
അത്രയ്‌ക്കകലെ സ്‌കോട്‌ലന്റിലെ ചര്‍ച്ചിന്റെ
മുറ്റത്തു നില്പൂ പഠനസഞ്ചാരി ഞാന്‍…
വൈദിക വേഷം ധരിച്ച സായിപ്പൊരാള്‍
ചൊന്നു: ”സുഹൃത്തേ, അറിയൂ സ്‌കോട്‌ലന്റിലെ
ഗംഭീര ദേവാലയങ്ങള്‍ പകുതിയും
എന്നേയ്‌ക്കുമായിട്ടടഞ്ഞേ കിടക്കുന്നു.
പ്രാര്‍ത്ഥന; ഭക്തി സങ്കീര്‍ത്തനം; സദ്‌വാര്‍ത്ത
ഏറ്റേറ്റു ചൊല്ലിയ പള്ളികള്‍ തേടുന്നു.
കൂട്ടായ്മ; ദൈവവിശ്വാസികള്‍; പാട്ടുകാര്‍
വാദ്യമേളക്കാര്‍, പ്രസംഗകരെങ്ങുപോയ്…?
ആരുമിന്നില്ല, യുവത്വം നിഷേധിച്ചു
വേദമഹത്വം; മതം; അനുഷ്ഠാനങ്ങള്‍…
ഏറും പൗണ്ടിന്നു വിറ്റു നൂറ്റാണ്ടിന്റെ
നൂറായിരം കഥ പാടുന്ന പള്ളികള്‍…
ഹോട്ടല്‍, മാര്‍ക്കറ്റുകള്‍,ഗോഡൗണ്‍, ബാറുകള്‍
ക്ഷേത്രമായി മാറ്റിയെടുത്ത വന്‍ ഹാളുകള്‍
ഓഫീസ്, പ്രദര്‍ശനശാല, പബ്ബങ്ങനെ
ഈശ്വര വിശ്വാസം ഒഴുക്കി വിട്ടേനിവര്‍.
യേശുവിന്‍ സന്ദേശ ത്യാഗസ്സമാധാന-
ദീപ്തിയില്‍ യാത്ര തുടരുവോര്‍ ചോദിപ്പു:
”എന്തിന്നു പള്ളി? മതം? അനുഷ്ഠാനങ്ങള്‍
മുന്തിയ കാരുണ്യസേവനമേ മതം…”
എന്നും സമാധാനമുല്ലാസ മേളകള്‍
ഒന്നേ മുഖത്തണിയുന്നു സ്‌കോട്‌ലന്റുകാര്‍
സ്വര്‍ലോകവും വീണ്ടെടുക്കാം; മതം, പള്ളി-
യില്ലാതെ തന്നെ കാണിപ്പാന്‍ ശ്രമിപ്പവര്‍
ഇന്നിതു കാണ്‍കെയെന്‍ നാടിനെ ഓര്‍ത്തു ഞാന്‍
ദൈവ്വം; മതം; അനുഷ്ഠാന വിശ്വാസങ്ങള്‍
ഉന്മാദമോടെ കൊണ്ടാടും നമുക്കേറെ-
അന്യമാകുന്നുവോ ശാന്തിതന്‍ പൊന്‍പ്രഭ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: