Categories: KeralaKannur

തലശ്ശേരി ജില്ലാകോടതിയിൽ ജീവനക്കാർക്ക് രോഗ ബാധ; ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണം സിക വൈറസെന്ന് സ്ഥിരീകരണം

Published by

തലശ്ശേരി : തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നിരവധി ആളുകൾക്ക് രോഗ ബാധ ഉണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് കണ്ടെത്തൽ. രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. കേടതിയിലെ നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്നപാടുകളുംഉണ്ടായത്.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ്ബാധതന്നെയായിരിക്കുമെന്നാണ് പ്രാഥമികനിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് പരത്തുന്ന രോഗമാണ് സിക. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന,കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ, നൂറോളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്റെ കാരണം ഇതുവരെ കണ്ടെത്താനാകാത്തതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. രോഗലക്ഷണങ്ങളുളളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. കോടതിയിലെ വെളളവും പരിശോധനയ്‌ക്കയച്ചിരുന്നു. ഒരേ രോഗലക്ഷണങ്ങൾ നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലർക്ക് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലർക്കും ലക്ഷണങ്ങൾ ഉണ്ടായത്.

രോഗലക്ഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് കഠിനമായത്. സംഭവത്തെതുടര്‍ന്ന് മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയായിരുന്നു. ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മൂന്ന് കോടതികൾ രണ്ട് ദിവസം പ്രവർത്തിച്ചില്ല. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആ‍ർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by