ഒരു പഴയ ചിത്രം കാണാൻ ഇത്രയും ആൾക്കൂട്ടമോ? അങ്ങനെ സംശയിച്ച് ചിലർ ചിത്രത്തിൻറെ പേര് തിരക്കി. അപ്പോഴാണ് അവർക്ക് ഒരുകാര്യം മനസ്സിലായത്. ചിത്രത്തിന്റെ പേര് കേട്ടാൽ ഇതല്ല ഇതിനപ്പുറവും ആള് കൂടും. ചിത്രത്തിന്റെ പേര് `മണിച്ചിത്രത്താഴ്´. ഡോക്ടർ സണ്ണിയെയും നകുലനേയും ഗംഗയെയും പിന്നെ സാക്ഷാൽ നാഗവല്ലിയേയും കാണാൻ എത്തിയ ജനക്കൂട്ടമാണിത്. സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടാണ് വീണ്ടും മണിച്ചിത്രത്താഴ് സ്ക്രീനുകളിൽ എത്തിയത്. പരിപാടിയുടെ അണിയറ പ്രവർത്തകർ ഒരു ഷോ നടത്താനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും അവസാനം മൂന്ന് ഷോകൾ നടത്തേണ്ടിവന്നു. അത്രത്തോളം പ്രേക്ഷകർ ചിത്രം കാണാൻ എത്തിയിരുന്നു എന്ന് സാരം.
വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകൾക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു.തിരക്ക് വർധിച്ചതോടെ രാത്രി 9.15 ഓടെ അധിക ഷോകളും നടത്തേണ്ടി വന്നു.ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്.
ഏതു പ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ മറ്റൊരു ചിത്രം മലയാളത്തിൽ മറ്റൊന്നുണ്ടോ എന്നു സംശയമാണ്. മണിച്ചിത്രത്താഴിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ട് തന്നെയാണ് സംഘാടകർ ചിത്രം കേരളീയം വാരാഘോഷത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാൻ പദ്ധതിയിട്ടതും. എന്തായാലും ആ തീരുമാനം വലിയ വിജയമായി മാറി. ഇത്രത്തോളം പ്രേക്ഷകപ്രീതി ഒരു പുതിയ ചിത്രം റിലീസ് ചെയ്താൽ അതിനുപോലും ലഭിക്കില്ലെന്നാണ് സംഘാടകരിൽ ചിലർ പറയുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: