ചങ്ങനാശ്ശേരി: ഞങ്ങള്‍ക്ക് എല്ലാം ഉണ്ട്… എന്നാല്‍ ഒന്നുമില്ല… പട്ടയം കിട്ടാത്ത കുറിച്ചി പഞ്ചായത്തിലെ എണ്ണയ്ക്കാച്ചിറ കുളംപുറമ്പോക്ക് നിവാസികളുടെ വാക്കുകളാണിവ. വീടുണ്ട്, പക്ഷേ സ്വന്തം പേരില്‍ ഇല്ല. വെള്ളം ഉണ്ടോ? ഉണ്ട്, ഉപയോഗിക്കാന്‍ കഴിയുന്നില്ല. വഴിയുണ്ടോ? ഉണ്ട്, സഞ്ചരിക്കാന്‍ കഴിയില്ല. കളിസ്ഥലമുണ്ടോ? ഉണ്ട്, കളിക്കാന്‍ പറ്റില്ല. ഇതാണവസ്ഥ.
നാലു പതിറ്റാണ്ടായിട്ട് അനുഭവിക്കുകയാണ് ഇവര്‍ ഈ ദുരിതം. കുറിച്ചി പഞ്ചായത്തുവക പുറമ്പോക്ക് ഭൂമിയില്‍, 1989 ല്‍ ഇവിടെ താമസിച്ചിരുന്ന 55 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പട്ടയം അനുവദിച്ചത്. പിന്നെ ഒരു നടപടിയുമുണ്ടായില്ല.
2015 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ കൈമാറിയിരുന്നു. കളക്ടര്‍ ചങ്ങനാശ്ശേരി താലൂക്ക് സര്‍വയറെ ചുമതലപ്പെടുത്തി ഭൂമി അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചു. പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ചു നല്കാന് ഉത്തരവും നല്കി. എന്നിട്ടും നടപടിയുണ്ടായില്ല.
ഇതിനായി പ്രത്യേക മന്ത്രിസഭ കൂടിയെങ്കിലേ നടപടി ഉണ്ടാകൂ എന്നാണ് അധികാരികളുടെ ഭാഷ്യം. അതിന് എന്താണ് മാര്ഗമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവര്‍. പട്ടയം കിട്ടാത്തത് മൂലം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ഒന്നും നടക്കുന്നില്ല. മാലിന്യം നിറഞ്ഞ തോടുകളും, വഴിയുമാണ് ഇപ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
കുടിവെള്ളം കിട്ടണമെങ്കില്‍ നാല് കിലോ മീറ്റര്‍ നടന്ന് തല ചുമടായി കൊണ്ടുവരണമെന്നും ഇവര്‍ പറയുന്നു. ഈ കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരാള്‍ പോലും വരാറില്ലെന്നും ഏറെ ദു:ഖത്തോടെ ഇവര്‍ പറയുന്നു. പട്ടയം കിട്ടാന്‍ കോടതിയെ സമീപിക്കണോ എന്നും ഇവര്‍ക്കറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: