Categories: Kerala

കേരളത്തിലും ‘ഗാസാ യുദ്ധം’; വോട്ടുപിടിക്കാനാണെന്നു മാത്രം

'Gaza war' in Kerala too; Just to get votes

കോഴിക്കോട്: ഇസ്രായേലും പാലസ്തീനും ഗാസയ്‌ക്കുവേണ്ടി യുദ്ധം ചെയ്യുമ്പോള്‍ കേരളത്തില്‍ ‘രാഷ്‌ട്രീയ യുദ്ധ’ത്തിനുള്ള കോപ്പുകൂട്ടല്‍ തകൃതി. അവിടെ ഭൂമി പിടിക്കാനാണെങ്കില്‍ ഇവിടെ വോട്ടും സീറ്റും പിടിക്കാനാണെന്ന് വ്യത്യാസം. പക്ഷേ, ആസൂത്രിത നീക്കങ്ങളും അടവുകളും തന്ത്രങ്ങളും ഇവിടെയാണ് ഏറെ.

ഗാസാ വിഷയത്തില്‍ ഇസ്രായേലിന് എതിരെ പാലസ്തീനിന് പക്ഷംപിടിച്ചാണ് എല്‍ഡിഎഫും യുഡിഎഫും എന്നതിനാല്‍ യുദ്ധമോ യുദ്ധതന്ത്രമോ അനാവശ്യമാണ്. അതേപോലെ, ബിജെപിയെ ചെറുക്കുക, തോല്‍പ്പിക്കുക എന്ന ഒറ്റലക്ഷ്യമാണ് രണ്ടു മുന്നണികള്‍ക്കും. അതിനാല്‍ അവര്‍ തമ്മില്‍ തര്‍ക്കമോ മത്സരമോ വേണ്ട. എന്നിട്ടും അവര്‍ തമ്മില്‍ മത്സരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്, ആരെ കബളിപ്പിക്കാനാണെന്ന കാര്യം പിടികിട്ടാതെ പൊതുജനങ്ങള്‍ അതിശയിച്ചു നില്‍ക്കുകയാണ്. ഇരുമുന്നണികളുടെയും അണികളിലുമുണ്ട് ആശയക്കുഴപ്പം.

-->

അതേസമയം, ഇരുകൂട്ടരും പിന്തുണയ്‌ക്കുന്ന, മതവിശ്വാസംകൊണ്ട് പാലസ്തീന്‍ പക്ഷത്തുള്ള ഇസ്ലാംമത വിശ്വാസികളാണ് അന്തിച്ച് നില്‍ക്കുന്നത്. മുസ്ലിം രാഷ്‌ട്രീയപാര്‍ട്ടികള്‍, അവര്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലായിട്ടുണ്ടെന്നാണ് സംഭവഗതികള്‍ വ്യക്തമാക്കുന്നത്. മുസ്ലിം സമുദായത്തിന്റെ രാഷ്‌ട്രീയ മൊത്തക്കച്ചവടക്കാരായി മുസ്ലിംലീഗ് പുലര്‍ത്തിയിരുന്ന കുത്തക തകര്‍ക്കാന്‍ ജമാ അത്തെ ഇസ്ലാമിയും സഹ സംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം നല്കിയിരുന്ന പിന്തുണ വലുതാണ്. ലീഗ് വിരോധം പറയുന്നവരെയെല്ലാം ഒന്നിപ്പിച്ചും ഒപ്പം നിര്‍ത്തിയും രാഷ്‌ട്രീയനേട്ടം ഉണ്ടാക്കിയ സിപിഎം, ഇപ്പോള്‍ പലകാരണങ്ങളാല്‍ അടവുമാറ്റിക്കളിക്കുകയാണ്.

മുസ്ലിംലീഗിനെ ഒപ്പം ചേര്‍ത്ത് മുന്നണി ശക്തിപ്പെടുത്താനുള്ള പദ്ധതികളിലാണിപ്പോള്‍. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുള്ള സിപിഎം സമ്മേളനത്തില്‍ മുസ്ലിംലീഗിനെ ക്ഷണിച്ചത് തന്ത്രപരമാണ്. പങ്കെടുക്കുമെന്ന് ഒരു വിഭാഗവും തീരുമാനിച്ചിട്ടില്ലെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഈ ആശയക്കുഴപ്പം പ്രചരിപ്പിക്കുകയാണ് സിപിഎം ഉദ്ദേശ്യം. ‘കിട്ടിയാല്‍ ഒരാന’ എന്ന മട്ടിലാണ് സിപിഎമ്മിന്റെ ലീഗിനോടുള്ള ബന്ധം. മുസ്ലിം മതപണ്ഡിതരുടെ സഭയെന്ന് പറയപ്പെടുന്ന സമസ്തയെ രാഷ്‌ട്രീയമായി വിനിയോഗിച്ച് ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് സിപിഎമ്മിന്. ലീഗ് വിട്ട് സിപിഎം കൊടിക്കീഴില്‍വന്ന കെ.ടി. ജലീലിനെപ്പോലെയുള്ളവരും ലീഗിനേക്കാള്‍ തീവ്രമായ ഇടത് രാഷ്‌ട്രീയ താത്പര്യമുള്ളവരുമായ മുസ്ലിം സംഘടനകളും സിപിഎമ്മിന്റെ ലീഗിനോടുള്ള നിലപാടില്‍ അസ്വസ്ഥരാണ്.

എന്നാല്‍ മുസ്ലിംലീഗാകട്ടെ ഏറെ കൗശലപൂര്‍വമാണ് കളിക്കുന്നത്. ഒരേസമയം യുഡിഎഫിന്റെ ഭാഗമായി നിന്ന് എല്‍ഡിഎഫുമായി ചര്‍ച്ചകളും ആലോചനകളും നടത്തുന്ന വിചിത്ര നിലപാടാണിവര്‍ക്ക്. കോണ്‍ഗ്രസ് നേതാക്കള്‍, യുഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും ലീഗ് കൈക്കൊള്ളില്ല എന്ന് പറയുന്നെങ്കിലും ലീഗിന്റേത് വിശാല പദ്ധതിയാണെന്നാണ് സൂചനകള്‍. സ്മസ്ത ഉയര്‍ത്തുന്ന സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെ അതിജീവിച്ച്, സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും ഒരേസമയം വിലപേശാനുള്ള പദ്ധതിയാണ് അവര്‍ക്ക്.

മുസ്ലിംലീഗ് സിപിഎമ്മിനോട് അടുക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ സംശയവും ഭിന്നതയും ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. എന്നാല്‍, എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന ധാരണ ഉയര്‍ത്തി യുഡിഎഫില്‍ നിന്ന് കൂടുതല്‍ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാനുള്ളതാണ് ലീഗിന്റെ തന്ത്രമെന്ന വിശകലനങ്ങളുമുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ അനുഭവവും സ്ഥിതിയും വിശദമായി പഠിച്ചുള്ള രാഷ്‌ട്രീയനീക്കമാണ് ലീഗിന്റേത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക