ശ്രാദ്ധം, ശവസംസ്ക്കാരം, വിവാഹം തുടങ്ങിയ ചില ആചാരങ്ങളെ വിവരിക്കുന്ന ഭാഗങ്ങളും ദാനസ്തുതികള്, ദ്യൂതനിന്ദ തുടങ്ങിയവ അടങ്ങുന്ന സൂക്തങ്ങളും ഋഗ്വേദസംഹിതയിലുണ്ട്. ഇവയ്ക്കെല്ലാം പുറമേ കഥാഖ്യാനങ്ങളെന്ന് പറയാവുന്ന മന്ത്രഭാഗങ്ങളും തികച്ചും ദാര്‍ശനികമായ ഗഹനചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന മന്ത്രങ്ങളും അവിടവിടെ കാണാവുന്നതാണ്. ഇവയില്‍ മുഖ്യമായ ചിലതിനെ പറ്റി, വളരെ സാമാന്യവും സംക്ഷി
പ്തവുമായ ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
ശ്രാദ്ധസൂക്തങ്ങള്‍
ഋഗ്വേദസംഹിതയിലെ, 1,6,7 ഈ മണ്ഡലങ്ങളിലെല്ലാം ശ്രാദ്ധസൂക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയിലെല്ലാം മര്മസ്പര്ശികളായ മന്ത്രങ്ങള്‍ കൊണ്ട് പൂര്വപിതാക്കന്മാരെ സ്തുതിക്കുന്നു. തനിക്ക് ജ്ഞാതരും അജ്ഞാതരും ദേവത്വത്തെ പ്രാപിച്ചവരുമായ പിതാക്കന്മാര് മാത്രമല്ല, അടുത്തകാലത്ത് പിതൃത്വം പ്രാപിച്ചവരായ സകല പിതാക്കളും തന്റെ ശ്രാദ്ധവേദിയില് സന്നിഹിതരാകണമെന്നും അവരെക്കൂട്ടിക്കൊണ്ട് യജ്ഞാശ്വങ്ങളില് കയറി അഗ്നിദേവന് എത്തിച്ചേരണമെന്നും ഉത്തമ, മധ്യമ, അധമന്മാരായ എല്ലാ പിതൃക്കളും (ശ്രൗതകര്‍മങ്ങള്‍ അനുഷ്ഠിച്ച്, പിതൃത്വം പ്രാപിച്ചവര്‍ ഉത്തമന്മാര്, സ്മാര്‍ത്തകര്‍മ്മങ്ങള്‍ മാത്രം ചെയ്ത് പിതൃത്വം നേടിയവര്‍ മധ്യമന്മാര്‍, സംസ്ക്കാര വികലന്മാരായി പിതൃത്വം പ്രാപിച്ചവര്‍ അധമന്മാര്) യഥായോഗ്യം താന്‍ നല്കുന്ന ഹവിസ്സ്, സ്വീകരിച്ച് ഔല്‍കൃഷ്ട്യം പ്രാപിക്കണമെന്നുമാണ് പ്രാര്‍ഥിക്കുന്നത്.
മറ്റൊരിടത്ത് ശവസംസ്ക്കാരങ്ങള് വിവരിച്ചിരിക്കുന്നതും കാണാവുന്നതാണ്. അക്കാലത്തെ ജനങ്ങളുടെ പരലോക സംബന്ധമായ ധാരണങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ മന്ത്രങ്ങളിലെ പ്രതിപാദ്യം സഹായകമാണ്.
പ്രസ്തുത മന്ത്രങ്ങളില്‍ യമന്റെ രൂപം, അദ്ദേഹത്തിന്റെ ലോകം, അങ്ങോട്ട് എത്തുന്നതിനുള്ള മാര്‍ഗം ഇവയൊക്കെ വിവരിച്ചിരിക്കുന്നു. പരേതാത്മാവിനോട് യമലോകത്തില്‍ അവിടെയുള്ള പിതൃക്കളേയും യമനേയും കാണമെണന്നും താന്‍ ചെയ്തിട്ടുള്ള പുണ്യകര്‍മങ്ങള്‍ അടിസ്ഥാനപ്പെടുത്തി നല്ല കോമളമായ ശരീരവും താമസൗകര്യവും ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.
ദ്യൂതനിന്ദ
ഋഗ്വേദത്തിലെ മറ്റൊരു സരസമായ ഭാഗം ചൂതാട്ടത്തെ നിന്ദിക്കുന്ന സന്ദര്‍ഭമാണ്. ‘ചൂതാട്ടക്കാരന്റെ വിഷാദം’ എന്ന പേരില്‍ ഈ സൂക്തം പ്രസിദ്ധമാണ്. പശ്ചാത്താപവിവശനായ ചൂതുകളിക്കാരന് ആദ്യം തന്റെ പഴയ ചൂതുകളി ഭ്രാന്തിനെപ്പറ്റി വിവരിക്കുന്നു. പകിടകള്‍ കൈയിലിട്ട് ഉരുട്ടി ഒന്നിച്ച് ചൂതുപലകയിലേക്ക് എറിയുമ്പോഴുണ്ടാകുന്ന മുഴക്കം അയാളുടെ ഹൃദയത്തെ ചൂതുകളിയിലേക്ക് വല്ലാതെ ആകര്ഷിച്ചിരുന്നത്രേ. അങ്ങനെ അയാള്‍ വീണ്ടും വീണ്ടും ആകൃഷ്ടനായി ചൂതുകളിയില്‍ ഏര്‍പ്പെട്ട് എല്ലാം പണയപ്പെടുത്തി വളരെ വേഗം നിസ്വനായിത്തീരുന്നു. ചൂതാട്ടക്കാരന് ഒരു സുഹൃത്തും സ്വന്തമായി ഇല്ല. മാതാപിതാക്കള്‍ അയാളെ തള്ളിപ്പറയുന്നു. സഹോദരന്മാര് അയാളെ പരിചയമില്ലെന്നു നടിക്കുകയും അയാള്‍ മറ്റെവിടേക്കെങ്കിലും കടന്നു പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. അവസാനം അയാള്‍ തന്റെ ഗതികേടിനെപ്പറ്റി ചിന്തിച്ച് പശ്ചാത്തപിക്കുകയും മറ്റുള്ളവര്‍ ശപ്തമായ ഈ കളി കളിക്കരുതെന്ന് വിലക്കുകയും കൃഷി ചെയ്ത് ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.
‘അക്ഷൈര്മാദീവ്യഃ കൃഷിമത് കൃഷസ്വ’
(ഋക് 10 സൂ 34 മ 13)
ഈ സൂക്തം അന്നത്തെ ജനങ്ങളുടെ വിനോദോപാധികളെപ്പറ്റി ഒരു ഏകദേശരൂപം നല്‍കുന്നതാണ്.
ദാനസ്തുതികള്
ഇനി ഋഗ്വേദത്തില്‍ പലയിടത്തും കാണപ്പെടുന്ന ദാനസ്തുതികളെപ്പറ്റിയാണ് പരാമര്‍ശിക്കേണ്ടത്. ആകെ 68 ദാനസ്തുതിപരങ്ങളായ സൂക്തങ്ങള്‍ ഋഗ്വേദത്തിലുണ്ട്. ചായമാനന്റെ ദാനങ്ങളെ പുകഴ്ത്തുന്ന ഭാഗം (ആറാം മണ്ഡലം) പ്രകണ്വന് എന്ന വ്യക്തിയുടെ ദാനങ്ങളെ സ്തുതിക്കുന്നത് (എട്ടാം മണ്ഡലം) സാവര്‍ണിയുടെ ദാനസ്തുതി (പത്താം മണ്ഡലം) ഇങ്ങനെ പലതും വിസ്തരിച്ചു തന്നെ വിവരിക്കപ്പെടുന്നുണ്ട്. പ്രസ്തുത വ്യക്തികള്‍ അക്കാലത്തെ രാജാക്കന്മാരോ പ്രഭുക്കന്മാരോ ആയിരുന്നിരിക്കാം. ആരായിരുന്നാലും അവരുടെയെല്ലാം ദാനത്തിന്റെ മഹിമ വിവരിക്കുകയും ദാനം നല്‍കുന്നത് വളരെ ഉത്കൃഷ്ടമായ സ്വഭാവവിശേഷമാണെന്ന് സമര്‍ത്ഥിക്കുകയും ദാനം നല്കാത്തവന് പാപിയാണെന്ന് വിധിക്കുകയും മറ്റും ചെയ്യുന്ന ഭാഗങ്ങള്‍ സംഹിതയില്‍ കാണാവുന്നതാണ്. മിത്രത്തിന് ദാനം നല്കാത്തയാള് യഥാര്‍ഥ മിത്രമല്ല, എന്നും അവിടെ പറഞ്ഞിരിക്കുന്നു.
‘ന സ സഖാ യോ ന ദദാതി സഖ്യേ’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: