കൊച്ചി: ഒരു വിമാന വാഹിനിക്കപ്പല്‍ കൂടി തദ്ദേശീയമായി നിര്‍മിക്കാന്‍ ഭാരതം. ഇതു സംബന്ധിച്ച നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ നിര്‍ദേശത്തിന് അടുത്ത ഡിഫന്‍സ് അക്വിസിഷന്‍ മീറ്റിങ് അനുമതി നല്കും.
50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന യാനം ഐഎന്‍എസ് വിക്രാന്തിന്റെ അതേ പ്ലാറ്റ്ഫോമില്‍ വിക്രാന്ത് നിര്‍മിച്ച കൊച്ചിന്‍ കപ്പല്‍ശാലയില്‍ത്തന്നെയാണ് പണിയുക. ‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’ എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്.
വിക്രാന്തില്‍ നിന്നു വ്യത്യസ്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള എല്ലാ വിവര സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. ‘തികച്ചും ഡിജിറ്റലാകും അടുത്ത വിമാന വാഹിനി’ എന്നാണ് ഒരുന്നതന്‍ ജന്മഭൂമിയോട് അഭിപ്രായപ്പെട്ടത്. വരുംതലമുറ ഡിജിറ്റല്‍ യുദ്ധങ്ങള്‍ക്കു വേണ്ട സന്നാഹങ്ങള്‍ വരെ ഇതിലുണ്ടാകും. ഭാരത് ഇലക്ട്രോണിക്സ്, ഭെല്‍, ടാറ്റ, മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, കല്യാണി എന്നീ കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളികളാണ്.
കൊച്ചിന്‍ കപ്പല്‍ശാലയില്‍ 1800 കോടി ചെലവില്‍ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിലാണ് പുതിയ വിമാന വാഹിനിയുടെ നിര്‍മാണം. അടുത്ത മേയില്‍ പണി തുടങ്ങാന്‍ കഴിയുംവിധമുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള പ്ലാറ്റ്ഫോമാണ് തീര്‍ക്കുക. ചതുരശ്ര മീറ്ററില്‍ 700 ടണ്ണാണ് ശേഷി. വിമാന വാഹിനി ഒഴികെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ 250 ടണ്‍ ശേഷി മതി. ഹ്യൂണ്ടായി സാംഹോ നിര്‍മിച്ച 600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചു. 85 ടണ്ണിന്റെ രണ്ടു ജിബ് ക്രെയിനുകള്‍ കൂടിയെത്തും.
‘കൊച്ചിന്‍ കപ്പല്‍ശാലയ്‌ക്കും ഭാരതീയ നാവിക സേനയ്‌ക്കും ആഗോള നിലവാരത്തിലുള്ള ഒരു വിമാന വാഹിനി നിര്‍മിച്ചതിന്റെ പരിചയ സമ്പത്തുണ്ട്. അതു നഷ്ടമാകും മുമ്പേ അടുത്ത വിമാന വാഹിനി നിര്‍മിക്കുന്നത് ഏറ്റവും ഉചിതമാണ്’, കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു.
ഭാരതത്തിന് നിലവില്‍ രണ്ടു വിമാന വാഹിനികളാണുള്ളത്. ഐഎന്‍എസ് വിക്രാന്ത് ബംഗാള്‍ ഉള്‍ക്കടലിലും ഐഎന്‍എസ് വിക്രമാദിത്യ അറബിക്കടലിലും. ഇവയുടെ അറ്റകുറ്റപ്പണി സമയത്തെ സുരക്ഷാ വീഴ്ച ഒഴിവാക്കാനും യുദ്ധ സമയത്ത് അധിക സുരക്ഷയൊരുക്കാനുമാണ് നാവിക മേധാവി മൂന്നാമതൊരു വിമാന വാഹിനി ശിപാര്‍ശ ചെയ്തത്. തദ്ദേശീയമായി വിമാന വാഹിനി നിര്‍മിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: