Categories: Kerala

സമം സഹായവുമായെത്തി; ശോഭ രവീന്ദ്രന് ഇനി വീട് വില്‍ക്കേണ്ട, 12 ലക്ഷം രൂപയുടെ ബാധ്യത തീർത്ത് ചലച്ചിത്രഗായകരുടെ കൂട്ടായ്മ

Published by

കൊച്ചി: അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭയുടെ ഫ്ലാറ്റിന്റെ ബാധ്യതകള്‍ തീര്‍ത്ത് മലയാള ചലച്ചിത്രഗായകരുടെ കൂട്ടായ്മയായ ‘സമം’. 12 ലക്ഷത്തിന്റെ കടവുമായി എറണാകുളം വെണ്ണല പാലച്ചുവടുള്ള ഒരു വീടിന്റെ മുകള്‍നിലയില്‍ വാടകയ്‌ക്കു കഴിഞ്ഞുവരികയാണു ശോഭ.

ഫ്ലാറ്റും 25 ലക്ഷം രൂപയും ശോഭയ്‌ക്ക് നല്‍കാമെന്ന വാഗ്ദാനത്തില്‍ ‘രവീന്ദ്രസംഗീത സന്ധ്യ’യെന്ന പരിപാടി നടത്താന്‍ വന്ന ബംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ വിശ്വസിച്ചതും അതിനെത്തുടര്‍ന്നുണ്ടായ ഇവരുടെ ദുരവസ്ഥയും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്നാണ് രവീന്ദ്രന്റെ പാട്ടുകള്‍ പാടി പേരെടുത്ത ഗായകരെല്ലാം ഒത്തുചേര്‍ന്ന് ശോഭയുടെ കടം വീട്ടാന്‍ തീരുമാനിച്ചത്.

രവീന്ദ്രസംഗീതത്തിലൂടെ കിട്ടിയ ഫ്ലാറ്റിന്റെ രജിസ്‌ട്രേഷന്റെയും അറ്റകുറ്റപ്പണിയുടെയും പേരില്‍ ശോഭയ്‌ക്കു 12 ലക്ഷം രൂപയാണ് കടമുണ്ടായിരുന്നത്. തുടര്‍ന്നു ശോഭ ഫ്ലാറ്റ് വില്‍ക്കാന്‍ വച്ചിരിക്കുകയായിരുന്നു. സമം ചെയര്‍മാന്‍ കെ.ജെ. യേശുദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ കെ.എസ്. ചിത്ര, നിര്‍മാതാവ് ജോണി സാഗരിഗ, ചലച്ചിത്ര സംഘടന ഫെഫ്കയിലെ വിവിധ യൂണിയനുകള്‍ എന്നിവര്‍ കൈകോര്‍ത്താണ് ഈ ഉദ്യമം വിജയമാക്കിയത്.

സമം ഭാരവാഹികളായ ഗായകന്‍ സുദീപ് കുമാര്‍, ഗായിക സിതാര കൃഷ്ണകുമാര്‍, ഗായകന്‍ ആര്‍. രവിശങ്കര്‍, ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്‍ ഭാരവാഹികളായ സാനന്ദ് ജോര്‍ജ്, അനില്‍ ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഫ്ലാറ്റിന്റെ രേഖകള്‍ ശോഭയ്‌ക്കു കൈമാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by