Categories: Main ArticleParivar

തണലായിരുന്നു ആ തപസ്

റയാനേറെയുണ്ട്. അറിവിന്റെ ആ മഹാശൃംഗത്തില്‍ നിന്നുറന്നൊഴുകി ഉണര്‍വേകിയ ജ്ഞാനനിര്‍ഝരികളെക്കുറിച്ച്…. എത്ര ഗഹനമായിരുന്നു അത്… എത്രയോ ലളിതവും. അതിനൊരു താളമുണ്ടായിരുന്നു, ചിരിയുടെ അകമ്പടിയും. സംഘത്തില്‍ ചേര്‍ന്ന കാലം, ആശയം ഉറയ്‌ക്കാത്ത നാളുകള്‍. ശാസ്ത്രസാഹിത്യ പരിഷത്ത് ക്ലാസുകളില്‍ നിന്നു കിട്ടിയ ഭൗതികവാദ ദഹനക്കേടും പുകാസ കവികളുടെ ഉദ്‌ബോധന മായങ്ങളും ചേര്‍ന്ന് തലച്ചോറില്‍ അങ്കലാപ്പിന്റെ ചുഴിമലരികള്‍ ചുറ്റിയടിച്ച കാലം- ശാഖയില്‍ വന്നതിനുശേഷം കേള്‍ക്കുന്ന രാഷ്‌ട്രചിന്തകളും ഹിന്ദുമഹത്വവും വ്യക്തിനിര്‍മ്മാണത്തിന്റെ അനിവാര്യതയും പ്രസന്നാത്മക പ്രഭാതത്തെ ഉള്ളിലുണര്‍ത്തുന്നു. മനസ്സിനെ ഉറപ്പിക്കാനൊരു നങ്കൂരം തേടുന്നതിനിടെയാണ് പന്തളത്ത് സാംഘിക്കില്‍ ഹരിയേട്ടന്‍ പങ്കെടുക്കുന്നതറിഞ്ഞത്. ഉത്സാഹത്തോടെ കാത്തിരിപ്പ്. സംശയങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ ആളാണ് വരുന്നതെന്നാണ് മുതിര്‍ന്ന അധികാരികള്‍ പറഞ്ഞുതന്നിരിക്കുന്നത്. തട്ടയില്‍ ഒരിപ്പുറത്ത് ദേവീക്ഷേത്ര മൈതാനത്തിലായിരുന്നു ബൗദ്ധിക്. പരിപാടിക്ക് മുമ്പേ തന്നെ അദ്ദേഹം എത്തി. സ്വയംസേവകരൊക്കെ പൊതിഞ്ഞു. മാലപ്പടക്കമായി പൊട്ടിച്ചിരികള്‍. കളിതമാശകളിലൂടെ ആശയങ്ങള്‍ പകരുന്ന അത്യപൂര്‍വമായ സംഘരീതി അടുത്തറിഞ്ഞത് അന്നാണ്. ആ ബൗദ്ധിക് ഇന്നും മനസില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ സവിശേഷത-എവിടെയാണ് ഹിന്ദുധര്‍മ്മം മറ്റു സിദ്ധാന്തങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ലളിതമായ രണ്ട് ഇംഗ്ലീഷ് വാക്കുകളുപയോഗിച്ചുള്ള ആ വിശദീകരണം ഞാന്‍ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. Only യും Also യുമായിരുന്നു ആ വാക്കുകള്‍. മറ്റുള്ളവ Only is an (തങ്ങള്‍ മാത്രമാണ് ശരി) പറയുമ്പോള്‍ ഹിന്ദുക്കള്‍ Also is an (മറ്റുള്ളവരിലും ശരിയുണ്ട്) എന്ന ചിന്ത ആണ് മുന്നോട്ടുവയ്‌ക്കുന്നത്. എത്ര അപൂര്‍വ സുന്ദരമായ ഉദ്‌ബോധനം.

സ്‌നേഹവാത്സല്യങ്ങളോടെ

സമര്‍ത്ഥനായ ഒരു ശില്‍പിയുടെ കരവിരുതോടെ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിന് ഡോക്ടര്‍ജിയുടെ ജീവിതം നമുക്ക് വഴികാട്ടിയാണ്. ആ വഴിയെ തന്നെയായിരുന്നു ഹരിയേട്ടനും.

ആ അഭൗമ തേജസ്സിനെ കുറിച്ചുള്ള എന്റെ ഓര്‍മകളെല്ലാം തുടങ്ങുന്നത് 1984 ഏപ്രിലില്‍ അദ്ദേഹമെനിക്കെഴുതിയ ഒരു മറുപടിയില്‍നിന്നാണ്. പത്തനംതിട്ട സീതത്തോട് ഖണ്ഡ് വിസ്താരക് ആയിരിക്കെയാണത്. പന്തളം ഖണ്ഡ് കാര്യവാഹ് ആയിരിക്കെയാണ് ജില്ലാ പ്രചാരക് എ.എം. കൃഷ്‌ണേട്ടന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് സീതത്തോടിന്റെ ചുമതല ഏറ്റെടുത്തത്. രാഷ്‌ട്രീയ സംഘര്‍ഷവും തുടര്‍ന്നുണ്ടായ കൊലപാതകവും കാരണം അവിടെ സംഘപ്രവര്‍ത്തനം നിലച്ചിരിക്കുന്ന സമയമായിരുന്നു. പ്രവര്‍ത്തകരുടെ അശ്രാന്തപരിശ്രമത്തില്‍ ശാഖകളുടെ എണ്ണം മെല്ലെ കൂടിത്തുടങ്ങി. ആരും പങ്കെടുക്കാന്‍ സാധ്യതയില്ലാതിരുന്ന ഖണ്ഡില്‍ നിന്ന് ആ വര്‍ഷത്തെ സംഘശിക്ഷാവര്‍ഗിന് 18 പേര്‍ സന്നദ്ധരായി. അവരുടെ പ്രതിജ്ഞ റാന്നി കാര്യാലയത്തില്‍. പ്രതിജ്ഞ കഴിഞ്ഞ് അവിടെ താമസിച്ച് പിറ്റേന്ന് ഒ ടി സിയിലേക്ക് പോകണം. കാര്യാലയത്തിന്റെ വരാന്തയില്‍ എല്ലാവരും പായയില്‍ കിടക്കവേ ആണ് ആ ചിന്ത ഉദിച്ചത്. ‘ഇത്രയേറെ’ ആളുകള്‍ പങ്കെടുക്കുന്നത് അത്ര നിസാരമല്ലല്ലോ. അറിഞ്ഞോ അറിയാതെയോ ‘അമ്പട ഞാനേ’ എന്നൊരു ഭാവം. ഏതായാലും ഈ ‘മഹത്തായ’ നേട്ടം പ്രാന്തപ്രചാരകനെ അറിയിച്ചിട്ട് തന്നെ കാര്യം- താലൂക്ക് പ്രചാരക് കൃഷ്ണന്‍കുട്ടിച്ചേട്ടനെ വിളിച്ചുണര്‍ത്തി ഇന്‍ലന്റ് വാങ്ങി ഹരിയേട്ടന് നീട്ടിപ്പിടിച്ചൊരു കത്തങ്ങ് എഴുതി. പുതിയ ചുമതലയെ കുറിച്ച്, ശാഖകള്‍ തുടങ്ങിയതിനെ പറ്റി, ഇടയില്‍ രണ്ടുതവണ പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്നത്. അവസാനം ആ ‘മഹത്തായ നേട്ട’ത്തെ കുറിച്ചും. പിറ്റേന്ന് തിരുവല്ലയ്‌ക്ക് പോകും മുമ്പേ പോസ്റ്റ് ചെയ്തു. പിന്നീടേ ഓരോ ദിവസവും വീര്‍പ്പടക്കി കാത്തിരിപ്പ്- നാലാം ദിവസം മറുപടി കിട്ടി.

ഒറ്റപ്പാലത്തെ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ ഹരിയേട്ടനും കുട്ടികള്‍ക്കുമൊപ്പം ജെ. നന്ദകുമാര്‍

സുന്ദരമായ കൈയക്ഷരത്തില്‍ ‘സ്‌നേഹവാത്സല്യങ്ങളോടെ നന്ദന്’ എന്നു തുടങ്ങുന്ന കത്ത്. മനസ്സില്‍ ഒരായിരം പൂത്തിരി കത്തി.. ആദ്യഭാഗത്തൊന്നും ഒടിസി നേട്ടത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. പുതിയ സ്ഥലത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ, അമ്മയ്‌ക്ക് കത്തെഴുതാറുണ്ടോ എന്ന അന്വേഷണം, ഒടുവില്‍ സംഘശിക്ഷാ വര്‍ഗിനെക്കുറിച്ച് ഒരു വരി- ഊതിവീര്‍പ്പിച്ച് നിര്‍ത്തിയിരുന്ന എന്റെ അഹങ്കാരത്തിന്റെ ബലൂണ്‍ പൊട്ടാന്‍ പോന്ന ഒരു ചോദ്യം.. സീതത്തോട് നിന്ന് 18 പേര്‍ പങ്കെടുക്കുന്നെന്ന് മനസിലായി. പക്ഷേ നന്ദന്‍ അവിടെ ചുമതലയെടുത്തത് അതിന് മാത്രമായിരുന്നോ? ആദ്യവായനയില്‍ പൊരുള്‍ പൂര്‍ണമായി മനസിലായില്ല-സംഘപ്രവര്‍ത്തനത്തിന്റെ ആത്യന്തികമായ ഉദ്ദേശ്യം സഫലമാക്കാനുളള പ്രയത്‌നത്തില്‍ ഇത്തരം കാര്യമൊക്കെ എത്രയോ നിസാരമെന്ന ബോധ്യം പതിയെ തെളിഞ്ഞുവന്നു. അക്ഷരങ്ങള്‍ വാക്കായും; അര്‍ത്ഥവത്തായ വാക്കുകള്‍ ചേരുംപടി ചേര്‍ത്ത് വാചകം ആക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്ന് അറിവിന്റെ തീയാളുമെന്ന വേദോക്തി മനസില്‍ പകര്‍ന്നത് ഹരിയേട്ടനാണ്.

ഫോട്ടോഗ്രാഫിക് മെമ്മറി

അചിന്ത്യമായ വേഗതയില്‍ പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുമ്പോഴും അതില്‍ പുലര്‍ത്തുന്ന അസാധാരണമായ ഏകാഗ്രതയുടെ ഫലസിദ്ധിയെ കുറിച്ചറിഞ്ഞ അനവധി സന്ദര്‍ഭങ്ങളുണ്ട്- സ്വാമി വിവേകാനന്ദന്റെ ഫോട്ടോഗ്രാഫിക് മെമ്മറിയെ കുറിച്ചൊരിടത്ത് പറയേണ്ടിവന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചോദിച്ചു, ‘അതൊക്കെ അല്പം അതിശയോക്തി അല്ലേ എന്ന്. അന്ന് ഉത്തരം പറയവേ ഉദാഹരിച്ചത് ഹരിയേട്ടനെ കുറിച്ചാണ്. ചേര്‍പ്പില്‍ സംഘത്തിന്റെ സംസ്ഥാനശിബിരം നടക്കുന്നു. പകല്‍ മുഴുവന്‍ തിരക്കിട്ട പരിപാടികള്‍. എല്ലാം കഴിഞ്ഞ് വൈകി കിടക്കാനായി മുറിയിലേക്ക് പോകുമ്പോള്‍ അധികാരി വിഭാഗിന് മുന്നിലെ വരാന്തയില്‍ വെളിച്ചം. ലൈറ്റ് കെടുത്തിയേക്കാം എന്ന് വിചാരിച്ചു ചെല്ലുമ്പോള്‍ കണ്ടത് ഹരിയേട്ടന്‍ ഇരിക്കുന്നതാണ്. ഞാന്‍ ചെല്ലുന്നതോ ചെരുപ്പ് തറയില്‍ ഉരയുന്ന ശബ്ദമോ ഒന്നുമദ്ദേഹം അറിയുന്നതേ ഇല്ല. കൈയില്‍ അന്നു വൈകിട്ട് കിട്ടിയ ഡോ.എസ്.വി.ശേഷഗിരി റാവുവിന്റെ ദി എന്‍ഡ് ഓഫ് എ സയന്റിഫിക് യുട്ടോപ്യ’ എന്ന പുസ്തകം. പെന്‍സില്‍ കൊണ്ട് അവസാന പേജില്‍ എന്തോ കുറിക്കുന്നുമുണ്ട്. ഔത്സുക്യം അടക്കാനാവാതെ ഞാന്‍ ചോദിച്ചുപോയി, ‘ഹരിയേട്ടന്‍ ഉറങ്ങിയില്ലെ’-അപ്പോഴാണദ്ദേഹം ഞാന്‍ വന്നതറിഞ്ഞത്.

ഡോ. റാവുവിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇന്നുതന്നെ തീര്‍ത്താല്‍ നാളെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും വായിക്കാന്‍ തരാമല്ലോ എന്നു വിചാരിച്ചു. രാത്രി കൊണ്ട് തീരുമോ? എന്ന എന്റെ ചോദ്യത്തിന്, ‘ഓ അതിപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് തീരും’ -എനിക്ക് ആശ്ചര്യം തോന്നി-പിറ്റേന്ന് കാലത്ത് ലഘുഭക്ഷണ സമയത്ത് കണ്ടപ്പോള്‍ അദ്ദേഹം ”ഏതായാലും ഞാന്‍ വായിക്കുന്നത് ഇന്നലെ രാത്രി കണ്ടത് നന്ദനല്ലെ അതുകൊണ്ട് ആദ്യത്തെ ഊഴം നന്ദന് തന്നെ, വായിച്ച് നോട്ടെടുത്തിട്ട് തിരികെത്തരണം” എന്ന് പറഞ്ഞ് പുസ്തകം എനിക്ക് തരുകയും ചെയ്തു.

ഠേംഗിഡിജി എഴുതിയ ‘കമ്യൂണിസം സ്വയം മാറ്റുരയ്‌ക്കുമ്പോള്‍’ എന്ന പുസ്തകവും എനിക്ക് വായിക്കാന്‍ തന്നത് ഹരിയേട്ടനാണ്. ഈ പുസ്തകമാകട്ടെ കമ്യൂണിസമെന്ന പ്രയോഗം എത്ര അപകടകരമെന്നതിന്റെ വര്‍ണനയാണ്. അദ്ദേഹത്തിന്റെ പാരായണ വേഗതയോടൊപ്പം പഠനത്തിന്റെ സൂക്ഷ്മതയും അപാരമാണെന്ന് ബോധ്യപ്പെട്ടതും ഈ പുസ്തകവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലാണ്. ആ പുസ്തകം ഞാനും വായിച്ച് വര്‍ഷം പത്തോ പന്ത്രണ്ടോ കഴിഞ്ഞു. കേസരിക്ക് എഴുതേണ്ട ഒരു ലേഖനത്തിന്റെ ആവശ്യത്തിലേക്കായി അത് പരതി- തിരുവനന്തപുരത്തായിരുന്നു അന്ന് പ്രവര്‍ത്തന കേന്ദ്രം-കാര്യാലയത്തില്‍ എത്ര പരതിയിട്ടും കിട്ടിയില്ല. എനിക്ക് ‘ന്യൂ ക്ലാസ്’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ യുഗോസ്ലേവ്യന്‍ കമ്യൂണിസ്റ്റ് നേതാവിന്റെ പേരായിരുന്നു കിട്ടേണ്ടത്. എത്ര ആലോചിച്ചിട്ടും ഓര്‍മ വന്നില്ല-
ഹരിയേട്ടനെ വിളിച്ചു. അദ്ദേഹം പറഞ്ഞു. ”നേരെ വിചാരകേന്ദ്രത്തില്‍ പോവുക അവിടെ ലൈബ്രറിയില്‍ കമ്യൂണിസ്റ്റ് സംബന്ധിയായ അലമാരയില്‍ ഇത്രാമത്തെ തട്ടില്‍ ഈ പുസ്തകമുണ്ട്. അതില്‍ ഇത്രാമത്തെ പേജില്‍ യുഗോസ്ലേവ്യന്‍ കമ്യൂണിസത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ‘ന്യൂ ക്ലാസ്സും’ അതിന്റെ സൈദ്ധാന്തികനുമൊക്കെയുണ്ട് പോയിനോക്കിക്കോളൂ” വിചാരകേന്ദ്ര കാര്യാലയത്തില്‍ പോയി ഹരിയേട്ടന്‍ പറഞ്ഞ അലമാരയുടെ ഉള്ളില്‍നിന്ന് പുസ്തകം കണ്ടെടുത്ത് തുറക്കുമ്പോള്‍ കമ്പ്യൂട്ടറിനെ വെല്ലുന്ന ഓര്‍മ്മശക്തിയുടെ ദൃഷ്ടാന്തമായി അദ്ദേഹം പറഞ്ഞ പേജില്‍ ‘മിലോവന്‍ ജിലാസ്.’ അറിയാതെ അത്ര ദൂരത്തുനിന്നും പാദനമസ്‌കാരം നടത്തിപ്പോയ നിമിഷം.

ഭാരതമാകെ നിറഞ്ഞ്

കേരളം വിട്ടുള്ള യാത്രകളിലെവിടെ എത്തിയാലും പ്രവര്‍ത്തകര്‍ക്ക് ആദ്യം അറിയേണ്ടത് ഹരിയേട്ടനെക്കുറിച്ചായിരുന്നു. ഓരോരുത്തര്‍ക്കും പറയാനുണ്ടാവും ഏറെ. വിദ്യാര്‍ത്ഥികള്‍ക്ക് കുരുക്കഴിച്ചുകൊടുത്ത ഏതെങ്കിലും പഠനത്തിലെ സംശയമാകും.- മുതിര്‍ന്നവര്‍ക്ക് സംഘകാര്യം. ആജന്മം ചെയ്യാനുള്ള പ്രേരണ പകര്‍ന്ന ഒരുപദേശം, അമ്മമാര്‍ക്ക് ഏതെങ്കിലും പലഹാര നിര്‍മിതിയുടെ റസിപ്പി.. ഭാരതമാസകലം സംഘകുടുംബങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു.

ഹരിയേട്ടന്റെ അടുത്തല്പമിരുന്നാല്‍ പുതിയതെന്തെങ്കിലും കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സംഘശിക്ഷാവര്‍ഗുകളില്‍ നടക്കാറുള്ള അനൗപചാരിക പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘അധികാരിയോടൊപ്പം’. രാത്രിഭക്ഷണം കഴിഞ്ഞാല്‍ മുതിര്‍ന്ന പ്രവര്‍ത്തകരോടൊപ്പം കളിയും കാര്യവുമായി ചെലവഴിക്കുന്ന നേരം. ഏതൊക്കെ അധികാരികളാണുണ്ടാവുക എന്ന കാര്യം നേരത്തെ പ്രഖ്യാപിക്കും. സ്വയംസേവകര്‍ക്ക് താത്പര്യമനുസരിച്ച് ആരുടെ ഒപ്പമാണോ ഇരിക്കേണ്ടത് അവിടെ പോകാം. ഒരിക്കല്‍ നാഗ്പൂരില്‍ വച്ച് മാനനീയ സുരേഷ്‌റാവു കേത്കര്‍ പറയുന്നത് കേള്‍ക്കാനിടയായി- രംഗഹരിജി ഉണ്ടെങ്കില്‍ മറ്റൊരധികാരിയുടെ അടുത്തും ആരും പോകില്ല. അതുകൊണ്ട് അദ്ദേഹമുണ്ടെങ്കില്‍ ഏതൊക്കെ ഗണകള്‍ ആരുടെ അടുത്തൊക്കെ ആണ് പോകേണ്ടത് എന്ന് നിശ്ചയിക്കണം. അല്ലെങ്കില്‍ മൈദാനി ഗപ്ശപ്പിന് (അധികാരിയോടൊപ്പം പരിപാടിക്ക് പറയുന്ന പേര്) അദ്ദേഹത്തെ മാത്രമേ നിശ്ചയിക്കാവൂ.

സാഹിത്യതപസ്

‘പൃഥ്വിസൂക്ത- ആന്‍ ഓഡ് ടു മദര്‍ എര്‍ത്ത്’ പുറത്തിറങ്ങിയ ഹരിയേട്ടന്റെ അവസാന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ദല്‍ഹിയില്‍ സംഘടിപ്പിക്കുന്നതിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഓരോ തവണയും ഹരിയേട്ടനെ കാണാനെത്തിയതിന്റെ അനുഭവം മായുന്നില്ല. വാക്കൊഴിഞ്ഞപ്പോഴും ചെറുചിരിയില്‍ അദ്ദേഹം എന്നോട് സംവദിച്ചു. പുസ്തകത്തെക്കുറിച്ച്, പ്രകാശനത്തെക്കുറിച്ച്, അകംതൊട്ട എത്രയോ മുഹൂര്‍ത്തങ്ങള്‍.
ശ്രീഗുരുജി സാഹിത്യ സര്‍വ്വസ്വത്തിന്റെ സമ്പാദനം ഹരിയേട്ടന്റെ അതുല്യ സംഭാവനകളിലൊന്നാണ്. എത്ര ചിട്ടയോടെ ആയിരുന്നു നാഗപൂരിലെ കേന്ദ്രകാര്യാലയത്തില്‍ ആ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നിതാന്തമായ തപസ്. ഒപ്പമുണ്ടായിരുന്ന കിഷോര്‍കാന്ത്ജിയും കൃഷ്ണകുമാര്‍ ബവേജയുമൊക്കെ അത്ഭുതേത്താടെയാണ് ഹരിയേട്ടന്റെ അന്വേഷണത്വരയെയും രചനാപാടവത്തെയും നേതൃക്ഷമതയേയും കുറിച്ച് ഓര്‍ക്കുന്നത്. ഹിന്ദിയില്‍ പുറത്തിറങ്ങുന്നതിനോടൊപ്പം ഭാരതത്തിലെ എല്ലാ ഭാഷകളിലും സാഹിത്യസര്‍വ്വസ്വം പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിശ്ചയം. ഹിന്ദിയില്‍ ഹരിയേട്ടന്റെ നേതൃത്വത്തില്‍ തയാറാക്കിയ പന്ത്രണ്ട് വാല്യങ്ങളും നിശ്ചിത ദിവസം തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമൊപ്പം കേരളത്തിലുമെത്തി. പലവിധ തിരക്കുകള്‍ക്കിടയിലായതിനാലാവാം മലയാള പരിഭാഷയുടെ ജോലി തുടങ്ങാന്‍ വൈകി. ഹരിയേട്ടന് ഏറെ വേദന ഉണ്ടായ സംഭവമായിരുന്നു അത്. അദ്ദേഹം നേരിട്ട് കൊച്ചിയിലെത്തി. സംസ്ഥാന ചുമതലയുള്ള ഞങ്ങളെ വിളിച്ചുകൂട്ടി, സ്വതസിദ്ധമായ ശൈലിയില്‍ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനോടൊപ്പം അനിവാര്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതിന്റെ ചുമതല പരിപൂര്‍ണമായും ഏറ്റെടുക്കാന്‍ നിയോഗിച്ചത് എന്നെയായിരുന്നു. ഇത്രയും ബൃഹത്തായ ഒരു പ്രവൃത്തി തുടങ്ങാനുള്ള പ്രേരണ തരുക മാത്രമല്ല പരിഭാഷയുടെ പുരോഗതി വിലയിരുത്താനും തെറ്റുകള്‍ തിരുത്തിത്തരാനും അദ്ദേഹം കൊച്ചിയില്‍ എത്തിക്കൊണ്ടിരുന്നു. ഇടയ്‌ക്ക് ഹൃദയസംബന്ധമായ അസ്വസ്ഥത ഉണ്ടായപ്പോള്‍ പോലും ആശുപത്രിമുറിയിലേക്ക് വിളിച്ചുവരുത്തി തര്‍ജമ വായിച്ചു കേള്‍ക്കുമായിരുന്നു. എത്രയോ ദിനരാത്രങ്ങള്‍ സുധീന്ദ്ര മെഡിക്കല്‍ മിഷനിലെ മുറിയില്‍ സാഹിത്യസര്‍വസ്വ സംബന്ധിയായ വായനയും തിരുത്തലും നടത്താന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞത് ഓര്‍മയിലുണ്ട്.

നിരന്തരമായ പരിശ്രമമൊന്നു മാത്രമാണ് പുരോഗതിയുടെ ആധാരമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ആ മാര്‍ഗത്തില്‍ ഈശ്വരകൃപയ്‌ക്കായി കേഴുന്നതുകൊണ്ടുമാത്രം ഫലമില്ല- പുരുഷാര്‍ത്ഥത്തിലുള്ള ആ ദൃഢനിശ്ചയം അദ്ദേഹത്തിന്റെ കര്‍മ്മങ്ങളിലെപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹം പലപ്പോഴും ഉദ്ധരിക്കാറുള്ള ഡബ്ല്യു.എച്ച്. ലോംഗ്‌ഫെല്ലോയുടെ കവിതാശകലം ആ ബോധ്യത്തിന്റെ അടയാളമായിരുന്നു.
The heights by great men reached and kept were not attained by sudden flight, but they, while their companions slept, were toiling upward in the night. ”മഹത്തുക്കള്‍ എത്തിപ്പെട്ടതും നിലനിര്‍ത്തുന്നതുമായ ഔന്നത്യം ഒരു പറക്കലില്‍ പൊടുന്നനെ ലഭിച്ചതല്ല. കൂട്ടാളികള്‍ ഉറങ്ങുമ്പോള്‍ അവര്‍ കഠിനയാതന അനുഭവിച്ചും മുകളിലേക്ക് കയറുകയായിരുന്നു.”
ഇതായിരിക്കണം സ്വയംസേവകരുടെ എപ്പോഴത്തെയും മാര്‍ഗദര്‍ശകതത്വം. ശ്രീഗുരുജിയുടെ ജീവിതവും ദര്‍ശനവും അക്ഷരങ്ങല്‍ലേക്കാവാഹിക്കുന്ന തപസ്സില്‍ മുഴുകുമ്പോഴും അദ്ദേഹം ഇത് ശ്രദ്ധിച്ചിരുന്നു- സാധാരണ വായിച്ചും കേട്ടും പഴകിയ ചില സംഭവങ്ങള്‍ എന്താണ് ഹരിയേട്ടന്റെ രചനയില്‍ കാണാത്തതെന്ന സംശയത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ ഈ തത്വം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ശ്രീഗുരുജി ഒറ്റയടിക്ക് കരിങ്കല്‍ പാളി പൊട്ടിച്ച കഥയും ഹിമാലയ യാത്രയ്‌ക്കിടയില്‍ മലമടക്കുകള്‍ക്കപ്പുറത്തുനിന്ന് നീലജ്വാലകളുയരുന്നത് കണ്ട ഒരു സ്വാമി ചെന്ന് നോക്കുമ്പോള്‍ അവിടെ ശ്രീഗുരുജി ധ്യാനനിമഗ്നനായിരിക്കുന്നത് കണ്ടെന്നൊക്കെയുള്ള വിവരണവും ഹരിയേട്ടന്‍ എഴുതിയ ശ്രീഗുരുജിയുടെ ജീവചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. അതിനുള്ള കാരണം ഹരിയേട്ടന്‍ പറയുന്നത് ആ സംഭവങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് പൊതുവായും സ്വയംസേവകര്‍ക്ക് വിശേഷിച്ചും പഠിക്കാനും ഉള്‍ക്കൊള്ളാനും എന്താണുള്ളത്. ഗുരുജിയില്‍ ദിവ്യത ഉണ്ടായിരുന്നു, അതില്‍ സംശയമില്ല, പക്ഷെ അതില്‍ ഊന്നുന്നതിലൂടെ സാധാരണക്കാര്‍ക്ക് ദൂരെനിന്ന് ആരാധിക്കാനുള്ള ഒരു വിഗ്രഹം മാത്രമായി അദ്ദേഹം മാറും. അശ്രാന്ത പരിശ്രമത്തിലൂടെ നമുക്കും ചെന്നെത്താവുന്ന സ്ഥാനത്ത് എത്തിച്ചേര്‍ന്ന ഒരു മനുഷ്യന്‍ തന്നെയായിരുന്നു ഗുരുജിയും എന്ന വിശ്വാസമല്ലേ വായനയിലൂടെ പകരേണ്ടത്. ഇതേ കാരണമായിരുന്നു സാഹിത്യസര്‍വ്വസ്വ നിര്‍മാണം ഏറെക്കുറെ പൂര്‍ണമാകുന്ന സമയത്ത് എവിടെ നിന്നാര് കൊണ്ടുവന്നു എന്ന് ഇന്നും അറിയാത്ത ഒരു കടലാസ് കെട്ടിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നത്. വേണമെങ്കില്‍ തന്റെ തപസ്സിന്റെ ഫലമായി ലഭിച്ച വരസിദ്ധിയൊക്കെ വര്‍ണിക്കാന്‍ ഇഷ്ടം പോലെ സാധ്യതയുള്ള സംഭവം. അദ്ദേഹത്തിന്റെ എഴുത്തുമേശയുടെ മുകളില്‍ പഴകിയ കടലാസ് കെട്ട് പ്രത്യക്ഷപ്പെട്ടു. അതില്‍ ആലേഖനം ചെയ്തിരുന്നത് പൂജ്യ അഖണ്ഡാനന്ദജിയില്‍നിന്ന് മന്ത്രദീക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് ഗുരുജിക്ക് ഉണ്ടായ ആധ്യാത്മിക അനുഭൂതിയായിരുന്നു. അത്യത്ഭുതകരമായ വര്‍ണന ശ്രീഗുരുജിതന്നെ രചിച്ചത്. കവിതപോലെ മനോഹരമായ ആ കൃതി ആരാണ് ഹരിയേട്ടന്റെ മേശപ്പുറത്ത് വച്ചതെന്ന് ഇന്നും ആര്‍ക്കും അറിയില്ല. പക്ഷെ ആ സംഭവത്തിന് ഒരു അമാനുഷിക പരിവേഷം നല്‍കി എഴുതാന്‍ ഹരിയേട്ടന്‍ തയാറാവാത്തതിനും കാരണം നേരത്തെ സൂചിപ്പിച്ചത് തന്നെയാണ്.

തണലിലെ തണല്‍

കഠിനമായ രോഗക്ലേശത്തില്‍പ്പെട്ട് വിഷമിക്കുമ്പോഴായിരുന്നു അഖിലഭാരതീയ കാര്യശാലയില്‍ അവതരിപ്പിക്കേണ്ട ‘രാഷ്‌ട്രത്തിന്റെ സ്വത്വം’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തണലിലേക്ക് വരട്ടെ എന്ന് ഞാന്‍ ചോദിച്ചത്. സത്യത്തില്‍ രോഗാവസ്ഥയുടെ ഗൗരവം അറിയുമായിരുന്നില്ല എന്നതാണ് സത്യം. ദേഹാസ്വാസ്ഥ്യത്തെക്കുറിച്ച് ഒന്നും സൂചിപ്പിക്കാതെ പതിവ് കുശലാന്വേഷണങ്ങളോടെ അനുവാദം നല്‍കി കൊച്ചി വിമാനത്താവളത്തില്‍നിന്ന് തണലിലോളം എത്താന്‍ വാഹനമയയ്‌ക്കണമെന്ന് ശശിയെ ചുമതലപ്പെടുത്തുകകൂടി ചെയ്തു വാത്സല്യനിധിയായ ഗുരുനാഥന്‍. രാത്രി വൈകി എത്തിയപ്പോഴാണ് മനസ്സിലാകുന്നത് അവിടത്തെ സഹോദരിമാരോടൊക്കെ പറഞ്ഞുവച്ചിരിക്കുന്നു. എന്റെ താമസത്തെക്കുറിച്ചും ആഹാരത്തെക്കുറിച്ചുമൊക്കെ- അറിയാതെ കണ്ണു നിറഞ്ഞുപോയി. നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കത്തിലെ ‘സ്നേഹവാത്സല്യങ്ങളോടെ’ നന്ദന് എന്ന കുറിപ്പ് ആ വലിയ മനസ്സിന്റെ ആഴങ്ങളില്‍നിന്നു രൂപപ്പെട്ടതാണ്. ഉള്ളില്‍ വിയര്‍ത്തൊലിച്ചുള്ള അലച്ചിലില്‍ കുളിരാര്‍ന്ന തലോടലായി എന്നെന്നും അത് ഉണ്ടാവും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക