Categories: Kerala

കളമശേരി സ്‌ഫോടനം: കണ്ണൂരില്‍ സംശയാസ്പദമായി പിടികൂടിയാളെ വിട്ടയച്ചു; കീഴടങ്ങിയ ആളെന്ന് കരുതുന്ന ഡൊമിനിക് മാര്‍ട്ടിന്റെ ഫേസ്ബുക്ക് വീഡിയോ പുറത്ത്‌

Published by

കണ്ണൂര്‍: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധയ്‌ക്കിടെ കണ്ണൂരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇ. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.

അതേസമയം, കളമശേരിയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിബിനയാണ് മരിച്ചത്.ഇവരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സ്‌ഫോടനം നടത്തിയത്‌ താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമനിക് മാര്‍ട്ടിന്‍ എന്നയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എഡിജിപി അജിത്ത് കുമാര്‍ പറഞ്ഞു. സ്‌ഫോടനം നടത്തിയത് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. യഹോവ സാക്ഷി സഭയുടെ അംഗമാണെന്നാണ് അയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതിനിടെ കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളുടെ ഫേസ്ബുക് ലൈവ് പുറത്തുവന്നിട്ടുണ്ട്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താന്‍ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. മൂന്ന് മണിക്കൂര്‍ മുമ്പായിരുന്നു ലൈവ്. ലൈവില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നും ഇതേ മാര്‍ട്ടിന്‍ തന്നെയാണോ തൃശൂരില്‍ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

‘ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങൾ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ നടത്തിയ കൺവെൻഷനിൽ ബോംബ് സ്ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാൽ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്ഫോടനം നടത്തിയത്’ -ഡൊമിനിക് മാർട്ടിൻ ഫേസ്ബുക് വിഡിയോയിൽ പറഞ്ഞു.

അതേസമയം, സ്‌ഫോടന പരമ്പരകള്‍ക്ക് തൊട്ടുമുമ്പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്കുപോയ കാറിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കാര്‍ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.

ഇതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്. എല്ലാ കക്ഷികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരുക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലായി 52 പേര്‍ ചികിത്സ തേടി. 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്. 12 വയസ്സുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍നിന്നുള്‍പ്പെടെയുള്ള സര്‍ജന്‍മാര്‍ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവര്‍ ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പ് പ്രത്യേകം ഹെല്‍പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിലധികം നേരം മന്ത്രി പരുക്കേറ്റവരുമായി സംസാരിച്ചശേഷമാണു മടങ്ങിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by