കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു 2020 ആഗസ്ത് 14നാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. അക്കാദമിക് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ 25 വര്‍ഷം കൊമേഴ്സ് അധ്യാപകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്നത്. ഭാര്യ: ഡി. സുഗുണ ദേവി. മക്കള്‍: എച്ച്. കീര്‍ത്തന പ്രവീണ്‍, എച്ച്. ഗൗതം ഭാര്‍ഗവ. മരുമകന്‍: പ്രവീണ്‍. മൃതദേഹം ഇന്നലെ വൈകിട്ടോടെ ഹൈദരാബാദില്‍ സംസ്‌കരിച്ചു.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.സി. ബൈജു, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം.ആര്‍. ബിജു എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: