Categories: Cricket

ആവേശപോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയ

Published by

ധര്‍മ്മശാല: ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. അഞ്ച് റണ്‍സിന്. ഓസീസ് മുന്നില്‍ വച്ച 389 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 383 റണ്‍സ്.

ബാറ്റര്‍മാരുടെ പറുദീസയായി മാറിയ ധര്‍മ്മശാല എച്ച്പിസിഎ സ്റ്റേഡിയത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്നലെ പിറന്നത് 750ലേറെ റണ്‍സ് ആണ്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണിങ് വിക്കറ്റുകള്‍ പെട്ടെന്ന് വീണത് തുടക്കത്തിലെ ഒഴിക്ക് തടസ്സപ്പെടുത്തി. പത്ത് ഓവറിനുള്ളില്‍ ടീം 75 കടന്നു. ഡിവോന്‍ കോണ്‍വേയും(28) വില്‍ യങ്ങും(32) ആണ് പുറത്തായത്. പിന്നീടൊത്തുചേര്‍ന്ന രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചതില്‍ പിഴവുകളുണ്ടായില്ല. ആദം സാംപ പന്തെറിയാനെത്തിയതോടെ അര്‍ദ്ധസെഞ്ചുറി(54) കടന്നു നിലയുറപ്പിച്ചുനിന്ന മിച്ചല്‍ പുറത്തായി. പിന്നീടെത്തിയ നായകന്‍ ടോം ലാതം(21) ഗ്ലെന്‍ ഫിലിപ്‌സ്(12) എന്നിവര്‍ മറുവശത്ത് നിന്ന രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള വ്യഗ്രതയില്‍ പുറത്തായി. ജെയിംസ് നീഷത്തിനൊപ്പം വമ്പന്‍ ഷോട്ടുകളിലൂടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ സെഞ്ചുറി പ്രകടനത്തോടെ നിന്ന രചിന്‍(116) വീണു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് രചിനെ പുറത്താക്കിയത്.

അവസാന പത്ത് ഓവറിലെ നിയന്ത്രണം ജെയിംസ് നീഷം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 39 പന്തുകളില്‍ 58 റണ്‍സുമായി താരം ശക്തമായി പൊരുതി നോക്കിയെങ്കിലും പൊലിഞ്ഞു വീണു. കിവീസിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്ണിനോടിയ താരം റണ്ണൗട്ടായി. അവസാന പന്തില്‍ ഒരു സിക്‌സറടിച്ചാല്‍ ജയിക്കാമെന്നതായി കിവീസ് ലക്ഷ്യം. 11-ാമനായി ഇറങ്ങിയ ലോക്കീ ഫര്‍ഗ്യൂസന് ഓസീസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഒന്നും ചെയ്യാനായില്ല.

മൂന്ന് വിക്കറ്റ് നേടിയ ആദം സാംപയുടെ സ്പിന്‍ ബോളിങ് മത്സരത്തില്‍ നിര്‍ണായകമായി. ജോഷ് ഹെയ്‌സല്‍വൂഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റോടെ തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റെടുത്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ 388/10(49.2), ന്യൂസിലന്‍ഡ്- 383/9(50).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപ്പണര്‍ ട്രാവീസ് ഹെഡ്ഡിന്റെ തട്ടുപൊളിപ്പന്‍ സെഞ്ചുറി(109)യുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിചേര്‍ന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(81), ജോഷ് ഇഞ്ച്‌ലിസ്(38), ഗ്ലെന്‍ മെക്‌സ്‌വെല്‍(41), നായകന്‍ കമ്മിന്‍സ്(37) എന്നിവര്‍ ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് മികച്ച തുടക്കം സമ്മാനിച്ച ട്രാവീസ് ഹെഡ്ഡ് ആണ് കളിയിലെ താരം.

കിവീസിനായി ട്രെന്റ് ബോള്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും മാറ്റ് ഹെന്റി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by