പാലാ: വൃക്ക രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്കദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അച്ഛന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകന്‍ വീണ്ടും സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലായിരുന്നു ജന്മബന്ധങ്ങളുടെ ഇഴ കോര്‍ത്ത ഈ അപൂര്‍വ ശസ്ത്രക്രിയ. വൃക്ക മാറ്റിവച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കൊച്ചുമകനും വൃക്കദാനം ചെയ്ത വീട്ടമ്മയായ ഉമ്മൂമ്മയും സുഖംപ്രാപിച്ചു. 6 മാസത്തെ വിശ്രമത്തിനു ശേഷം കളിചിരികളോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങും. വിശ്രമം പൂര്‍ത്തിയാക്കിയ ഉമ്മൂമ്മ വീണ്ടും വീട്ടുജോലികളില്‍ സജീവമായി തുടങ്ങി. വണ്ടിപ്പെരിയാര്‍ സ്വദേശികളായ കുടുംബമാണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ രണ്ടു തലമുറകളുടെ ബന്ധം എഴുതിച്ചേര്‍ത്തത്. അടിയന്തര വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കു പലപ്പോഴും ദാതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രായമായവര്‍ക്കും വൃക്കദാതാവ് ആകാമെന്ന സന്ദേശവുമായി ഒരു ഉമ്മൂമ്മ മുന്നോട്ട് വന്നത്.
ജന്മനാ തന്നെ രോഗത്തെ തുടര്‍ന്ന് വിവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന കുട്ടിയായിരുന്നു ഇത്. ചികിത്സകളും മറ്റുമായി മുന്നോട്ടു പോകുന്നതിനിടെ കുട്ടിക്ക് രണ്ടര വയസുള്ളപ്പോള്‍ 27 കാരനായിരുന്ന അച്ഛന്‍ ആകസ്മികമായി മരിക്കുകയും ചെയ്തു. രോഗമുള്ള കുട്ടിയും ഒരു വയസുള്ള ഇളയ കുട്ടിയുമായി തേയിലത്തോട്ടത്തില്‍ ജോലിക്കു പോയും തൊഴിലുറപ്പു ജോലി ചെയ്തുമാണ് അമ്മയും ഉമ്മൂമ്മയും ചേര്‍ന്ന് ജീവിതം മുന്നോട്ട് നയിച്ചത്.
വിവിധ ആശുപത്രികളില്‍ വര്‍ഷങ്ങളോളം കുട്ടിയുമായി ചികിത്സ തുടരേണ്ടി വന്നു. ഒന്‍പതാം ക്ലാസില്‍ എത്തിയതോടെ കുട്ടിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവര്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വൃക്ക മാറ്റിവയ്‌ക്കല്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
അനുയോജ്യമായ വൃക്ക കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെ വൃക്ക ദാനം ചെയ്യാന്‍ കുട്ടിയുടെ അമ്മയും ഉമ്മൂമ്മയും സ്വയം മുന്നോട്ട് വരികയായിരുന്നു. ഉമ്മൂമ്മയുടെ വൃക്ക കൂടുതല്‍ യോജിക്കുന്നതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തി. ചികിത്സാ ചെലവിനും ശസ്ത്രക്രിയയ്‌ക്കു ശേഷം താമസ സൗകര്യമൊരുക്കുന്നതിനുമായി തുക കണ്ടെത്തണമെന്നുള്ള വെല്ലുവിളിയും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നു.
കുട്ടിയുടെ ചികിത്സാ ചെലവിനായി വണ്ടിപ്പെരിയാറിലെ നാട്ടുകാര്‍ ചേര്‍ന്ന് സന്നദ്ധ സഹായ സമിതി രൂപീകരിച്ചു ശ്രമങ്ങള്‍ തുടങ്ങിയതോടെ നാട് ഒന്നാകെ ഇവര്‍ക്ക് കരുതലും കൈത്താങ്ങുമായി മുന്നോട്ടുവന്നു നല്കിയ അകമഴിഞ്ഞ പിന്തുണയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വഴിയൊരുക്കിയതെന്ന് അമ്മ പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്കു ശേഷം താമസത്തിനായി പ്രത്യേക സൗകര്യവും സഹായസമിതി ഒരുക്കി നല്കി. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അവയവ മാറ്റിവയ്‌ക്കല്‍ ടീം അംഗങ്ങളായ ഡോ. മഞ്ജുള രാമചന്ദ്രന്‍, ഡോ. തോമസ് മാത്യു, ഡോ. വിജയ് രാധാകൃഷ്ണന്‍, ഡോ. കൃഷ്ണന്‍ സി, ഡോ. അജയ് കെ. പിള്ള, ഡോ. ആല്‍വിന്‍ ജോസ് പി, ഡോ. ജെയിംസ് സിറിയക് എന്നിവരുടെ സംഘമായിരുന്നു ശസ്ത്രക്രിയയ്‌ക്കും ചികിത്സയ്‌ക്കും നേതൃത്വം നല്കിയത്.
വൃക്ക മാറ്റിവച്ച് അനുബന്ധ പരിശോധനകളും പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥി വീട്ടിലിരുന്നു വീണ്ടും പാഠഭാഗങ്ങള്‍ പഠിച്ചു തുടങ്ങി. വണ്ടിപ്പെരിയാറില്‍ നിന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സ്‌നേഹാന്വേഷണങ്ങള്‍ എത്തുന്നതും അവനു സന്തോഷം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: