ഇതുവരെ മുഖ്യമായും ഋഗ്വേദസംഹിതയുടെ ബാഹ്യസ്വരൂപത്തെപ്പറ്റിയും മന്ത്രങ്ങളുടെ വിനിയോഗത്തെപ്പറ്റിയും മറ്റുമാണല്ലോ പരാമര്‍ശിച്ചത്. അതിന്റെ കൂടെത്തന്നെ വേദങ്ങളുടെ ആന്തരസ്വരൂപം, വേദാര്‍ത്ഥ വിചിന്തനം, വേദഭാഷ, വേദകാലം ഇത്യാദികളെ പറ്റിയും വളരെ ചുരുക്കമായി ചിലത് ഇവിടെ സൂചിപ്പിക്കേണ്ടതായുണ്ട്.
വേദങ്ങളുടെ ആഭ്യന്തര പ്രകൃതിയെപ്പറ്റി സാമാന്യമായി വിശദീകരിക്കുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ടത് പ്രധാനമായും വേദങ്ങളില്‍ കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും ഉള്‍പ്പെട്ടിരിക്കുന്നു എന്ന മുഖ്യ വസ്തുതയാണ്. ഋഗ്വേദത്തില്‍ മുഖ്യമായും ജ്ഞാനകാണ്ഡമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. ജ്ഞാനകാണ്ഡമെന്നു പറയുന്നതു കൊണ്ട് വിവിധാര്‍ത്ഥങ്ങള്‍ നിറഞ്ഞവയും മനുഷ്യമനസ്സിലെ ജ്ഞാനസമ്പത്തിനെ പോഷിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നവയുമായ മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം എന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രത്യക്ഷത്തില്‍ ഭൂസ്ഥാനീയരായ അഗ്നി, സോമന്‍, പൃഥിവീ, പവമാനന്‍, ആപോദേവതകള്‍ തുടങ്ങിയവരെയും അന്തരീക്ഷസ്ഥാനീയരായ ഇന്ദ്രന്‍, വരുണന്‍, വായു, രുദ്രന്‍, ബൃഹസ്പതി തുടങ്ങിയ ദേവതകളേയും ദ്യുസ്ഥാനീയരായ സൂര്യന്‍, മിത്രന്‍, സവിതാവ്, പൂഷാവ,് ഭഗന്‍, ബ്രഹ്മണസ്പതി, അദിതി, ഉഷസ്സ്, അശ്വികള്‍ ആദിയായ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളാണ് മന്ത്രഭാഗത്തില്‍ ഒട്ടു വളരെ അന്തര്‍ഭവിച്ചിട്ടുള്ളത്. ഈ സ്തുതികള്‍ തത്തദ് ദേവതമാരുടെ സ്ഥിതിക്കും പ്രവൃത്തികള്‍ക്കും അനുരൂപമായ വിധത്തില്‍ അവരോട് ദീര്‍ഘായുസ്സ്, രോഗമില്ലായ്മ, സദ്പുത്രപ്രാപ്തി, ധനലാഭം, അന്നാഭിവൃദ്ധി, ഗോധനസമൃദ്ധി, പശുക്കളുടെയും മറ്റു നാല്കാലികളുടെയും സുഖസ്ഥിതി, ഇത്യാദി ലൗകികമായ ഉത്കര്‍ഷങ്ങര്‍ നല്‍കുന്നതിനുള്ള പ്രാര്‍ത്ഥനകളുടെ രൂപത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. സ്വര്‍ഗാദികളായ ആമുഷ്മിക സുഖപ്രാപ്തിക്കു വേണ്ടിയും ചില സ്തുതികളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.
കേവലം ലൗകിക സമൃദ്ധികള്‍ നേടുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങുന്നവയോ യാഗ കര്‍മ്മങ്ങളില്‍ വിനിയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയോ മാത്രമാണ് ഋഗ്വേദമന്ത്രങ്ങള്‍ എന്ന് ധരിക്കരുത്. ആത്മ പ്രചോദകമോ ലോകമംഗളകാരിയോ ആന്തരികശുദ്ധിക്ക് ഉതകുന്നവയോ ആയ ഗായത്രി തുടങ്ങിയ സൗരമന്ത്രങ്ങളും ശംനഃസൂക്തം, സ്വസ്തിസൂക്തം, ദേവീസൂക്തം, പവമാന (പുണ്യാഹ) മന്ത്രങ്ങള്‍, രുദ്രസൂക്തം വിഷ്ണുസൂക്തം എന്നിവയും മറ്റു പലതും ( ഹോമാദികളിലും മറ്റും ആനുഷംഗികമായി പ്രയോഗിക്കുന്നുണ്ടാവാമെങ്കില്‍ കൂടി) ചില ദേവതകളുടെ വിശിഷ്ടശക്തികള്‍ പ്രതിപാദിക്കുന്നവയാണ.് അവ മുഖ്യമായും സ്വാദ്ധ്യായം, ജപം, ദേവപൂജ എന്നിവയ്‌ക്ക് ഉപയോഗിക്കപ്പെടുന്നു.
നാനാര്‍ത്ഥ സങ്കുലവും പ്രതിരൂപാത്മകവുമായ ഋഗ്വേദമന്ത്രങ്ങളുടെ സായണകൃതഭാഷ്യത്തില്‍ നിന്ന് ഭിന്നമായി ചിന്താബന്ധുരങ്ങളായ ആന്തരാര്‍ത്ഥങ്ങളിലേക്ക് എത്തിനോട്ടം നടത്തുന്നതാണ് വി.കെ. നാരായണഭട്ടതിരിയുടെ ‘വേദം ധര്‍മ്മമൂലം എന്ന’ ഗ്രന്ഥം.
സാരസ്വതസൂക്തം
സാരസ്വതസൂക്തം പോലെയുള്ള മന്ത്രങ്ങള്‍ ചില ഋഗ്വേദ മന്ത്രങ്ങള്‍ കാവ്യാത്മകത കൊണ്ടും ഐതിഹാസികമായചില സത്യങ്ങള്‍ പ്രതിപാദിക്കുന്നതുകൊണ്ടും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ദീര്‍ഘതമസ്സ്, വിശ്വാമിത്രന്‍, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, വിശ്വാമിത്രപുത്രനായ മധുഛന്ദസ്സ് എന്നീ മഹര്‍ഷിമാര്‍ ദര്‍ശിച്ചവയും അഗ്നി, വായു, മിത്രാവരുണന്മാര്‍, അശ്വികള്‍, ഇന്ദ്രന്‍, വിശ്വദേവന്മാര്‍, സരസ്വതീനദി എന്നിവയെ സ്തുതിക്കുന്നതുമായ ‘സാരസ്വതസൂക്തം’ സംഹിതയിലുള്ളതാണ്. സരസ്വതീനദിയുടെ അബാധമായ പ്രവാഹത്തെപ്പറ്റിയും ഋഷി വളരെ പ്രാഞ്ജലമായ ഭാഷയില്‍ വര്‍ണിക്കുന്നുണ്ട.് സപ്തസോദരികളാല്‍ (സപ്തസിന്ധുക്കളാല്‍) പരീതയായ സരസ്വതി ജനങ്ങള്‍ക്ക് ജലസമൃദ്ധിയും എല്ലാ ജീവിതസമൃദ്ധികളും പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയാണ് പ്രധാനമായും ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നത്. ‘ശീഘ്രം ഒഴുകിക്കൊണ്ട് ഇരുമ്പു കോട്ടപോലെ ജനതതിയെ രക്ഷിച്ചു നിലനിര്‍ത്തുന്നവളും ഗിരിപ്രാന്തം മുതല്‍ സമുദ്രം വരെ ഏകാകിയായി ഒഴുകുന്നവളുമായ അല്ലയോ ദേവീ, നീ ഞങ്ങള്‍ക്ക് നന്മകള്‍ നല്കണേ’ എന്ന് ഋഷി പ്രാര്‍ഥിക്കുന്നു. (1000 വര്‍ഷം നീണ്ട സത്രത്തിലേര്‍പ്പെട്ടിരുന്ന നാഹുഷന്‍ എന്ന രാജാവിന് പാലും നെയ്യും നല്കി രക്ഷിച്ചതായും മറ്റുമുള്ള കഥയും ഈ സൂക്തത്തില്‍ സമുചിതമായിട്ടുണ്ട്).
സരസ്വതീ നദി സമുദ്രപര്യന്തം ഭാരതത്തില്‍പ്രവഹിച്ചിരുന്ന കാലത്താണ് ഋഗ്വേദം രചിക്കപ്പെട്ടതെന്ന് പ്രസ്തുത സൂക്തത്തില്‍ നിന്ന് വെളിവാകുന്നുണ്ട്. (ഋഗ്വേദരചനയുടെ കാലനിര്‍ണയത്തിന് ഡോ. അവിനാശ് ചന്ദ്ര് മുഖ്യ തെളിവായി ഇത് സ്വീകരിക്കുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: