കോട്ടയം: ഷവര്‍മ കഴിച്ച് കോട്ടയം കിടങ്ങൂര്‍ സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതോടെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചോദ്യം പിന്നെയും ഉയരുന്നു. സംഭവം നടന്നത് എറണാകുളത്ത് വച്ചാണെങ്കിലും കോട്ടയം ജില്ലയിലെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യമായ പരിശോധനകള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
ഭക്ഷ്യവകുപ്പില്‍ മതിയായ ജീവനക്കാരില്ലെന്ന ന്യായമാണ് പരിശോധനയുടെ അഭാവത്തിന് കാരണമായി പറയുന്നത്. അതേസമയം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം ഉണ്ടാക്കി വില്പന ചെയ്യുന്നവരുടെ എണ്ണവും കൂടി.
ഇവരെ കണ്ടെത്താനോ പരിശോധന നടത്താനോ ഭക്ഷ്യവകുപ്പ് തയ്യാറാകുന്നുമില്ല. വഴിയോര ബിരിയാണി കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. സാധാരണ ഹോട്ടലുകളില്‍ ബിരിയാണിക്ക് 120 രൂപ ആണെങ്കില്‍ വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്നത് 80 മുതല്‍ 100 രൂപയ്ക്കാണ്. വറ്റല്മുളികിന് വില ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗുണനിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ മുളക്പൊടിയുടെ ഉപയോഗവും വര്‍ധിച്ചു.
വൃത്തിഹീനമായ സാഹചര്യത്തില്‍ പാന്പൂരി പോലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്ന തട്ടുകടകളും ജില്ലയിലെമ്പാടുമുണ്ട്. ഇത്തരം ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന ഒന്നും തന്നെ നടക്കുന്നില്ല. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കാറുള്ള ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗങ്ങളും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുക പതിവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തുടര്‍ച്ചയായ പരിശോധന അനിവാര്യമാണ്. ഉപഭോക്താക്കള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: