Categories: Kasargod

അധികൃതരുടെ അനാസ്ഥ: ആരോഗ്യകേന്ദ്രം നാശത്തിന്റെ വക്കില്‍

Published by

കുമ്പള: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ആരോഗ്യകേന്ദ്രം നാശത്തിന്റെ വക്കില്‍. കുമ്പള പഞ്ചായത്ത് കൊയിപ്പാടി വാര്‍ഡിലെ പെര്‍വാഡില്‍ ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ആരോഗ്യ കേന്ദ്രം ഇനിയും പ്രവര്‍ത്തനം തുടങ്ങാനാവാതെ നശിച്ചുകൊണ്ടിരിക്കുന്നത്.തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്.ഉപ്പ് കാറ്റടിച്ച് കെട്ടിടത്തിന്റെ ജനാലയും വാതിലുകളടക്കം നശിച്ചുപോകുമെന്ന സ്ഥിതിയിലാണ്.

സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തില്‍ ഇവിടെ ഇടയ്‌ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയതല്ലാതെ ഡോക്ടര്‍മാരുടെ മുഴുസമയ സേവനം ലഭിക്കുന്ന ആരോഗ്യ കേന്ദ്രം എന്ന് യാഥാര്‍ഥ്യമാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. തീരദേശ വികസന കോര്‍പ്പറേഷനാണ് 51 ലക്ഷം രൂപ ചെലവഴിച്ച് ആരോഗ്യ കേന്ദ്രവും ലൈബ്രറിക്കുമായി കെട്ടിടം നിര്‍മിച്ചത്.നാട്ടുകാരുടെ ശ്രമഫലമായി ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആരോഗ്യ കേന്ദ്രത്തിനായി ഒഴിച്ചിട്ട കെട്ടിടത്തിന്റെ പ്രധാന ഭാഗം ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടം നശിച്ചു പോകുമ്പോഴും അധികൃതരുടെ അനാസ്ഥയാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങാതിരിക്കാന്‍ കാരണം. ബസ് ഉള്‍പെടെ യാത്രാ സൗകര്യം തീര്‍ത്തും അപര്യാപ്തമായ പ്രദേശവാസികള്‍ കുമ്പള സിഎച്ച്‌സിയെയാണ് നിലവില്‍ ആശ്രയിക്കുന്നത്.

ആരോഗ്യ കേന്ദ്രം എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടം ആരോഗ്യ വകുപ്പിന് കൈമാറാത്തതാണ് ആരോഗ്യ കേന്ദ്രം തുടങ്ങാന്‍ തടസം. ദേശീയ പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മൊഗ്രലില്‍ സ്ഥിതി ചെയ്തിരുന്ന കുടുംബാരോഗ്യ കേന്ദ്രം പെര്‍വാട്ടെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു വെങ്കിലും തീരെ സൗകര്യം കുറഞ്ഞ മൊഗ്രാല്‍ കൊപ്പളത്ത് അടച്ചു പൂട്ടിയ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു.ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts