ബ്രഹ്മജ്ഞാന ചിന്തകളിലൂടെ വഴിതെറ്റാതെ മുന്നേറുന്ന ജ്ഞാനി താനറിയാതൊരു നിര്‍ഗുണനായി മാറും. നിര്‍ഗുണാവസ്ഥയിലുള്ള മുനി ഏകാന്തമായി ഭോഗൈശ്വര്യമൊഴിഞ്ഞ് യഥാര്ത്ഥശാന്തിയിലേക്ക് ആഴത്തിലിറങ്ങും. മുനിയെ സംബന്ധിച്ചിടത്തോളം ഈ ആനന്ദാവസ്ഥ മറ്റൊരാളിലേക്കു പകരാന്‍ മുനിക്ക് മൗനിയാകേണ്ടിവരുന്നു. മൗനിയായ മുനി ബ്രഹ്മജ്ഞാനിയാകുംതോറും പ്രപഞ്ച സത്യങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങും.
കാര്യങ്ങളെ കൃത്യമായി മനസിലാക്കാതെ ഒരാള്‍ ഏതോ ഒന്ന് എവിടുന്നോ അറിഞ്ഞ് താനതില്‍ പ്രഗത്ഭനാണെന്നു ധരിപ്പിക്കാന്‍ അതിനെ വിമര്‍ശിച്ച്, സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. ഇവിടെ വേദ ശാസ്ത്ര പുരാണങ്ങള്‍ അശാസ്ത്രീയമെന്ന നിലപാടില്‍ ഘോരഘോരം പ്രസംഗിച്ച് താനേതോ അറിവിന്റെ ഉച്ചകോടിയിലെത്തിയെന്നു വരുത്തുന്ന ചിലരെ കാണുമ്പോള്‍ പുച്ഛം തോന്നും. ഈ പുരാണേതിഹാസങ്ങളെല്ലാം സന്ദര്‍ഭോചിതമായി മനസിലാക്കി കര്‍മ്മം സഫലമാക്കാനുള്ളവയെന്ന തിരിച്ചറിവില്ലാതെ അനൗദ്യോഗിക രംഗം സൃഷ്ടിച്ച് അലോരസപ്പെടുത്തുകയാണിവര് ചെയ്യുക. അതായത് നാലുവേദവും ആറുശാസ്ത്രവും. വേദം പഠിക്കും മുന്‍പുതന്നെ ഈ ആറുശാസ്ത്രം പഠിച്ചിരിക്കണം. ഈ വസ്തുത മനസ്സിലാക്കാതെ എന്താണീ ആറു ശാസ്ത്രമെന്നതുപോലുമറിയാതെ അവയെ ഉന്മൂലനം ചെയ്യണമെന്നുപറയുന്നവര്. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം എന്ന ആറുശാസ്ത്രം രചിച്ചതുതന്നെ ഈ വേദങ്ങള്‍ക്കായി മാത്രമാണ്. ശരിയായി ചൊല്ലാന്‍ ഛന്ദസും, വ്യാകരണവും, നിരുക്തവും, ശിക്ഷയും ഉപയോഗിക്കുമ്പോള്‍ അതിന്റെ വൈദികവിധിയും അനുഷ്ഠാനവും കാലവും സൂചിപ്പിക്കുന്നത് കല്പവും ജ്യോതിഷവുമാണ്. ഇവയെല്ലാം കൃത്യമായി മനസിലാക്കിയവരുടെമുന്നില് യാതൊന്നുമറിയാത്ത ഒരാള്‍ ഇതൊന്നും ശരിയല്ല ഇതൊന്നും വേണ്ടാ എന്നു വാദിക്കുമ്പോള്‍ ഒരു ചെറുപുഞ്ചിരിയാണുത്തമം. അതായത് നിരുക്തം : ഇതിനെ നിഘണ്ടു എന്നും പറയും. വേദങ്ങളിലെ ഓരോ വാക്കിനും സന്ദര്‍ഭോചിതമായി നൂറുനൂറ് അര്‍ത്ഥങ്ങളാണ് വരുന്നത്. സാരംഗം എന്ന വാക്കിന് മുപ്പത്തിയാറ് അര്‍ത്ഥങ്ങളാണുള്ളത് അരയന്നമെന്നും, ശംഖെന്നുകൂടിയും അതില്‍ അര്‍ത്ഥമുണ്ട്. ക്ഷേത്രത്തില്‍ സാരംഗമെടുത്തൂ താന്‍ പറഞ്ഞാല്‍ അരയെന്നമെന്നുമാത്രമറിയുന്ന ആളിന്റെയവസ്ഥയാണിന്നത്തെ യുക്തിവാദിക്കുള്ളത്.
യുക്തിവാദം എന്ന വിഭ്രാന്തി പക്വമായ ഏകാഗ്ര ചിന്തയില്ലായ്മയിലുളവാകുന്ന ഭ്രമം മാത്രമാണ്. ഒരു ജ്ഞാനി ഒരുവിഷയത്തിലൂന്നി അവയുടെ നാനാവശങ്ങളും തന്റെയറിവിന്റെ തലത്തില്‍ കടഞ്ഞെടുത്ത് ലോകത്തിന് കാഴ്ച വെയ്ക്കുമ്പോള്‍ യഥാര്‍ത്ഥ വിമര്ശകന് ആ തലമെത്തി അവയെ വീണ്ടും പഠനവിധേയമാക്കി അതിനുമേലുള്ള തലത്തിലെത്തി വീണ്ടുമതിനെ പക്വമാക്കിത്തരുന്ന ഒരു പ്രക്രിയയത്രേ വിമര്‍ശനം. അല്ലാതെ ഇന്നത്തെ എട്ടും പൊട്ടും തിരിയാത്ത ഒരുവിഭാഗം ഒരു ലാപ്ടോപ്പില്‍ വിരലുകുത്തിയുള്ള വാദമല്ല വിമര്‍ശനം.
നമുക്കൊരു രസകരമായ വിഷയത്തിലേക്ക് കടക്കാം. അതിമനോഹരമായ, കണ്ടാല്‍ കൊതിക്കുന്ന കുറ്റമറ്റൊരുവീണ!. അതിന്റെ തന്ത്രികളിലേക്ക് അറിയുന്നവന്റെ വിരലൊന്നു തൊട്ടാല്‍ പുറത്തേക്കൊഴുകുന്ന നാദം ആസ്വാദകരെ കോരിത്തരിപ്പിക്കും. പക്വമായൊരുസംഗീതവിദ്വാന്റെ കൈവിരല്സ്പര്ശം സദസിലെ ആസ്വാദകരെ നവരസങ്ങളിലേക്ക് മാടിവിളിക്കും. ഒരു വ്യക്തിയുടെ വിവിധങ്ങളായ ഭാവങ്ങളെ അതിന്റെ മൂര്ത്തിമത് തലങ്ങളില്കൊണ്ടെത്തിക്കുകയുമാകും. ഇവിടെ ഒരു യഥാര്‍ത്ഥ വിമര്ശകന് താനതിലെവിടെയാണോ ലയിച്ചുവശായി ഒഴുകിനടക്കുന്നത്, അവിടെ ശ്രുതിലയതാളഭ്രംശം തന്റെ ആസ്വാദനത്തിന് അലോരസം വരുത്തിയത്, അവയെ കൃത്യമായി കണ്ടുപിടിച്ച് ആ ഭാഗം വീണ്ടും ഭംഗിയാക്കുകയാണ് ശരിയായ വിമര്‍ശനം. അതില്‍ വീണയുടെ അശാസ്ത്രീയതമുതല് വായനക്കാരന്റെ പഠനസാധനവരെ എത്തി
നില്ക്കും.
ഇനി ഇതിന്റെ മറ്റൊരു തലമേറിയാല് അവിടെ അതിലും രസകരമായ വിമര്ശകരാരുംതന്നെ എത്തിപ്പെടാത്തതുമായ മറ്റൊരു മേഖലയിലെത്താം.അവിടെയാണ് യഥാര്‍ത്ഥ പൊരുളിലേക്കുള്ള വാതായനം തുറക്കപ്പെടുന്നത്. അതിവിദഗ്ധമായി നിര്‍മ്മിക്കപ്പെട്ട ഈ വീണയുടെ ആകര്ഷകമായികാണപ്പെടുന്നതായ യാതൊന്നും ഇതിനുമുമ്പ് ഇതിന്റെ സ്വന്തമോ, നിര്‍ദ്ദേശാനുസരണം വന്നുകൂടിയതോ അല്ലെന്നറിയുക. ആരിത് നിര്‍മ്മിച്ചോ അവരുടെയും സ്വന്തമല്ല. ആരെല്ലാം, എന്തെല്ലാം ഇതില്‍ ഭാഗഭാക്കായൊ അവര്‍ക്കും ഇതിലൊന്നും സ്വന്തമല്ല.എവിടുന്നോ ഉദിച്ചുയര്ന്നൊരാശയത്തിനു വിധേയനായി വന്നുനിന്നുകൊടുത്തവമാത്രം. ഇവര്‍ക്കൊന്നും തന്നെ ഇതിന്റെ പൂര്‍ണത എന്തെന്നറിയില്ല! തന്ത്രിക്കായി കമ്പിയുണ്ടാക്കിയവന് ആ തലമറിയാം, വലിച്ചുകെട്ടിയവനൊരുതലം തുടങ്ങി പലപല തലങ്ങള്‍. മീട്ടുന്നവനോ? മറ്റൊരുതലം. ആരില്‍ ഈ ആശയം ഉളവായോ, ആശയമൊഴിച്ച് അവര്‍ക്കും ഇതില്‍ പൂര്‍ണജ്ഞാനമില്ല. നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഈ ആശയം സംപൂര്‍ണമായ അവസ്ഥ കൈവരിച്ച് പ്രാവര്ത്തികമാകുവോളം ഇതിന് ഉദാത്തമായ നാമം സ്വീകരിക്കാനും ആകില്ല. അത് അതിന്റേതായ നാമം സ്വീകരിച്ച് സമ്പൂര്ണാവസ്ഥയിലെത്തിയാല് തന്ത്രിയിലേക്ക് ആവാഹിക്കപ്പെടുന്ന ചേതന വീണാവിദ്വാന്റെ കരങ്ങളിലൂടെ ഒഴുകിയെത്തിയ മാസ്മരികതയാണ് വീണയുടെ ആത്മാവ്.
ഒരാള്ചിട്ടപ്പെടുത്തുന്നെങ്കില് മറ്റൊരാള്‍ സംവിധാനം ഒരുക്കുന്നു. ഇവര്‍ക്കാര്‍ക്കും ഏകാഭിപ്രിയവുമല്ല. യഥാര്‍ത്ഥ ആശയത്തെ ഇവരാരും അറിയുന്നുമില്ല. ഈ വ്യത്യസ്ത അഭിപ്രായം എപ്രകാരമെന്നാല്‍ ഭഗവദ്ഗീതയില്‍ ആത്മാവിനെ ഭഗവാന് വിവരിക്കുന്നതു പോലെയാണ്.
‘ആശ്ചര്യവത് പശ്യതി കശ്ചിദേന
മാശ്ചര്രവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍’
ഒരാള്‍ ആത്മാവിനെ ആശ്ചര്യംപോലെ കാണുന്നു. അപ്രകാരം വേറൊരാള് ഇതിനെ ആശ്ചര്യംപോലെ പറയുന്നു. മറ്റൊരാളിതിനെ ആശ്ചര്യംപോലെ കേള്‍ക്കുന്നു. ഒരാളും കേട്ടാലും ഇതിനെ അറിയുന്നില്ലതന്നെ.
ഇത്തരത്തില്‍ ഉത്ഭവിക്കുന്നതായ ചരാചരങ്ങളിലെ അണുസംയോജനാവൈഭവം, ഒന്നു മറ്റൊന്നിനു സംരക്ഷണ വലയംതീര്‍ത്ത് പ്രപഞ്ചസൃഷ്ടിക്കാധാരമായ രഹസ്യമായി പഞ്ചേന്ദ്രിയപ്രോക്തമല്ലാത്തവിധം ലയിച്ചുചേര്‍ന്ന ബുദ്ധിവൈഭവമായി ഓരോ അണുവിലൂടെയും അവസ്ഥാനുസരണം കടന്ന് പ്രപഞ്ചമായാവലയം തീര്‍ക്കുന്ന ചൈതന്യമാകുന്നു. ഈ ചൈതന്യം തനിക്കുപാകമായവിധം ധരിക്കുകയല്ലാതെ തന്റെയുള്ളിലെ ചൈതന്യം മറ്റൊരാളിലേക്കോ, മറ്റൊരാളിലുള്ളത് തന്നിലേക്കോ പകരാന്‍ പറ്റാത്തവിധം വിവിധങ്ങളിലായി നിറച്ചിരിക്കുന്നു. അവയിലൊന്നാണ് വീണാനാദവും അനുബന്ധകൂടിച്ചേരലുകളും. ചരാചരങ്ങളിലെല്ലാം അന്തര്‍ലീനമായ അറിവിന്റെ ഈ സ്ഫുലിംഗം ഒന്നു മറ്റൊന്നുമായി സംയോജിച്ച് പൂരിതപ്രപഞ്ചം പൂര്‍ണ്ണമാകുന്ന അവസ്ഥ. ഇവയുടെ വിവിധ വശങ്ങളെ മനസിലാക്കാന്‍ ജ്ഞാനിയുടെ ശ്രമത്തെ യാതൊന്നും ഗ്രഹിക്കാത്ത, അതിലേക്കു കടക്കാനാകാതെ അജ്ഞാനികള്‍ ചുറ്റുമതിലിനുവെളിയില്‍ ആരോ വലിച്ചെറിയുന്ന തു മാത്രം ഭക്ഷിക്കുന്നവര്‍. അവര്‍ക്കറിയുമോ മതില്‍ക്കെട്ടിനുള്ളിലും ശ്രീകോവിലിലും എന്താണു നടക്കുന്നതെന്ന്. ഈ തരത്തില്‍ പ്രപഞ്ച സംവിധാന രഹസ്യങ്ങള്‍ ഒന്നു മറ്റൊന്നുമായി ഇഴപിരിയാതെ നിഗൂഢമാക്കിയ എല്ലാ സൃഷ്ടിരഹസ്യവും തിരിച്ചറിയുമ്പോഴാണ് ജ്ഞാനി ബ്രഹ്മജ്ഞാനിയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: