Categories: KeralaAlappuzha

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 27 ന്.

പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 19 ഞായറാഴ്ച നടക്കും.

Published by

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല നവം 27 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 19 ഞായറാഴ്ച നടക്കും.

പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി ജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരും മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.

11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ് കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍, തിരുവല്ല മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സൺ അനു ജോര്‍ജജ്, മുന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബന്‍ ജോസ്, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണും വാര്‍ഡ് മെമ്പറുമായ കൊച്ചുമോള്‍ ഉത്തമന്‍, ചമ്പക്കുളം പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, അആഅടട അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍ ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ,സെക്ര ട്ട’റി സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ ഇന്‍ഫര്‍മേഷന്‍ സെന്റെറുകളില്‍ 1000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിര്‍ദ്ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പോലീസ്, കെ.എസ്. ആര്‍.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍ മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിംഗിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by