ആസുരികശക്തിക്കുമേല്, അനീതിക്കുമേല്‍, അധര്‍മ്മത്തിനു മേല്‍ അന്തിമവിജയം ധര്മ്മത്തിനാണെന്നതാണ് വിജയദശമിയുടെ ആത്യന്തികസന്ദേശം. രാഷ്ട്രത്തിന്റെ പരമമായ ശ്രേയസിന് മുന്നുപാധിയാണ് ധര്‍മ്മസംരക്ഷണം. 1899-ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ എന്താണ് ധര്‍മ്മം എന്ന് ആനിബസന്റ് മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്. ‘ധര്‍മ്മ’ എന്ന പേരില്‍ പിന്നീടത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതില്‍ അവര്‍ പറയുന്നത് ഇപ്രകാരമാണ്.
‘ലോകത്ത് ദേശരാഷ്ട്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഭഗവാന് ഓരോ ജനതയ്ക്കും ഓരോ വാക്കുകള്‍ സമ്മാനിച്ചു. ഓരോ ജനതയും പിന്നീട് ആ വാക്കിനെയാണ് ധ്യാനിച്ചത്. ആ വാക്കിനെക്കുറിച്ചാണ് ആ രാഷ്ട്രങ്ങള്‍ ലോകത്തോട് ആശയവിനിമയം നടത്തിയത്. ഈജിപ്തിന് ആ വാക്ക് മതം എന്നായിരുന്നുവെങ്കില്‍ പേര്‍ഷ്യയ്ക്ക് അത് പരിശുദ്ധിയായിരുന്നു. ഗ്രീസിന് അത് സൗന്ദര്യവും റോമിന് നിയമവും ബാബിലോണിയക്ക് അത് സയന്‍സും ആയിരുന്നു. ലോക സംസ്കാരങ്ങളില്‍ ഏറ്റവും പുരാതനമായ ഭാരതത്തിന് ഈശ്വരന് സമ്മാനിച്ച വാക്ക് ധര്‍മ്മം എന്നതാണ്’. ഈ പ്രപഞ്ച സൃഷ്ടിയില്‍ ഏറ്റവും ഉദാത്തമാണല്ലോ മാനവരാശി. പ്രപഞ്ചത്തിന്റെ താളം നിലനിര്‍ത്താന്‍ മാനവരാശി അനുഷ്ഠിക്കേണ്ട ശാശ്വത നിയമങ്ങളത്രെ ധര്‍മ്മം. ശ്രീനാരായണ ഗുരുദേവന് ലളിതമായ ഭാഷയില്‍ ധര്‍മ്മത്തെ നമ്മുടെ മുന്നില്‍ വെച്ചു.
‘ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ സര്‍വ്വത വിജയീ
ഭവതു ശ്രേയസേ നൃണാം.’
ധര്‍മ്മമാണ് പരമമായ ദൈവം. ധര്‍മ്മം തന്നെയാണ് മഹാധനം. ധര്‍മ്മം എല്ലായിടത്തും വിജയിക്കുന്നു. അപ്രകാരമുള്ള ധര്‍മ്മമാണ് മനുഷ്യന്റെ ശ്രേയസ്സിനും നിദാനം.
ഭാരതത്തില്‍ ഓരോ ഉത്സവത്തിന്റേയും പിന്നില്‍ ഐതീഹ്യങ്ങളും മഹത്തായ സന്ദേശങ്ങളും കാണാം. നവരാത്രി കാലഘട്ടം സമ്പൂര്‍ണ്ണ ഭാരതത്തിലും ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ശക്തിയെ ഉപാസിക്കുന്ന സാധനയുടെ കാലമാണ്. വിജയദശമിയുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ മൂന്ന് ഐതിഹ്യങ്ങള്‍ നിലവിലുള്ളതായി കാണാം. ശ്രീരാമചന്ദ്രന് രാവണനെ നിഗ്രഹിച്ച് ധര്‍മ്മ വിജയം നേടി തിരിച്ചെത്തിയ സുദിനം. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് ആയുധങ്ങള്‍ ശമീവൃക്ഷ ചുവട്ടില്‍ സൂക്ഷിച്ചിരുന്നു. അജ്ഞാത വാസത്തിനുശേഷം ശ്രീകൃഷ്ണന്റെ പ്രേരണയാല്‍ ആയുധങ്ങള്‍ തിരിച്ചെടുത്ത് ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നതാണ് രണ്ടാമത്തെ ഐതിഹ്യം. മഹിഷാസുരനെ വധിക്കാന്‍ സമ്പൂര്‍ണ്ണ ദേവഗണങ്ങളും തങ്ങളുടെ ആയുധങ്ങളും ശക്തിയും ദുര്‍ഗാ ദേവിക്ക് നല്കി ദുര്‍ഗയെ അസാധാരണ ശക്തിയുള്ളവളാക്കി. ശക്തി സംഭരിച്ച ദേവി മഹിഷാസുര വധം നടത്തി വിജയം വരിച്ച ദിനമാണ് വിജയദശമി എന്നത്രെ മൂന്നാമത്തെ ഐതിഹ്യം. ഐതിഹ്യങ്ങള്‍ മൂന്നാണെങ്കിലും നല്കുന്ന സന്ദേശം ഒന്നാണ്. അന്തിമമായി അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കുകയും ചെയ്യും. ധര്‍മ്മത്തിനുവേണ്ടി മനുഷ്യര്‍ക്കായാലും ദേവന്മാര്ക്കായാലും സംഘടിതമായി പൊരുതേണ്ടിവരും. വിഘടിച്ചു നില്ക്കുന്ന ശക്തി സംഘടിതമായാല്‍ അബല പോലും അതിബലയാകും. സമാജത്തിന്റെ സംഘടനയിലൂടെ ധര്‍മ്മം സംരക്ഷിച്ച് ഭാരതത്തിന്റെ പരമവൈഭവം എന്ന ലക്ഷ്യവുമായാണ് 1925ലെ വിജയദശമി സുദിനത്തില്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ നാഗ്പൂരില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചത്.
സംഘസ്ഥാപനം
സംഘ സ്ഥാപകനായ ഡോക്ടര്‍ജി, 1915 മുതല്‍ 1924 വരെയുള്ള ഒരു പതിറ്റാണ്ടുകാലം രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളേയും സംഘടനകളേയും നിരീഷിക്കാനും ആഴത്തില്‍ അപഗ്രഥിക്കാനും തയ്യാറായി. ഭാരതത്തിന്റെ ചരിത്രത്തേയും വര്‍ത്തമാന കാലത്തേയും ഭാവിയേയും സംയോജിപ്പിച്ചു കൊണ്ട് ഭാരത ദേശീയതയുടെ അടിസ്ഥാന പ്രശ്നങ്ങളെ അദ്ദേഹം സമഗ്രമായി ഗൗരവപൂര്‍വം മനനം ചെയ്തു. ദേശീയ ജീവിതത്തില്‍ ബാധിച്ച മൂല്യശോഷണം, പദവിക്കും പ്രശസ്തിക്കുമായി രാഷ്ട്രതാല്‍പ്പര്യങ്ങളെ ബലികഴിക്കല്‍, വ്യക്തി, മതം, രാഷ്ടീയ പാര്‍ട്ടി എന്നിവയ്ക്ക് മുമ്പില്‍ രാഷ്ട്രത്തെ നിസ്സാരമായി കാണുന്ന സമാജത്തിന്റെ അസംഘടിതാവസ്ഥ ഇവയെല്ലാമാണ് ഭാരതത്തെ ദുര്ബലമാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. രാഷ്ട്രത്തിന്റെ അധോഗതിക്ക് അടിസ്ഥാന കാരണം ഇതാണെന്ന നിഗമനത്തിലെത്തി. പ്രക്ഷോഭങ്ങളും പ്രസംഗങ്ങളും ആഹ്വാനങ്ങളും നിവേദനങ്ങളും കൊണ്ട് ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ഭാരതത്തിന്റെ ദേശീയ സമാജത്തില്‍ ഐക്യവും രാഷ്ട്രസ്നേഹവും വളര്‍ത്തിയാലേ ഈ മൗലികമായ പ്രശ്നം പരിഹരിക്കപ്പെടൂ. അതിനായി ഓരോ വ്യക്തിയിലും സ്വഭാവശുദ്ധി, അച്ചടക്കം, ഭാരതത്തിന്റെ പൈതൃകത്തില്‍ അഭിമാനം, രാഷ്ട്രം സര്‍വ്വോപരി എന്ന പവിത്രമായ വികാരം തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ വളര്‍ത്താനായി ശാഖയെന്ന കാര്യപദ്ധതി ആരംഭിച്ചു.
സംഘടനയുടെ സംസ്ക്കാരം
രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടനയുടെ തുടക്കം തന്നെ അസാധാരണ രീതിയിലായിരുന്നു. കേവലം 35 വയസു മാത്രം പ്രായമുണ്ടായിരുന്ന ഒരു ഡോക്ടര്‍ പന്ത്രണ്ടു പതിനാലു വയസ്സുള്ള കിശോരന്മാരായ വിദ്യാര്‍ത്ഥികളെയും കൂട്ടി, കളികളും ലഘുവ്യായാമങ്ങളും ചെയ്തുകൊണ്ട് അതിന്റെ അടിസ്ഥാന കാര്യപദ്ധതിയായ ശാഖ ആരംഭിച്ചു. പ്രവര്‍ത്തനാരംഭത്തില്‍ ഒരു പ്രസംഗമോ പ്രമേയമോ ഒരു ഓഫീസുപോലുമോ ഉണ്ടായിരുന്നില്ല. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ പ്രചാരവും നല്‍കിയില്ല. സംഘടനയുടെ രൂപത്തെക്കുറിച്ചും ഭാരവാഹികളെ കുറിച്ചും ധാരണയുണ്ടായത് സംഘടനയുടെ വളര്ച്ചയ്ക്കൊപ്പമാണ്. സംഘം ആരംഭിച്ച് ആറുമാസത്തിന് ശേഷമാണ് പേരുപോലും നല്‍കിയത്. പക്ഷെ രാഷ്ട്രത്തിനായി സമര്‍പ്പണഭാവത്തോടെ സ്വപ്രേരണയാല്‍ പ്രവര്‍ത്തിക്കുന്ന ‘സ്വയംസേവകരെ’ സൃഷ്ടിക്കുന്ന ശാഖാ പ്രവര്‍ത്തനമെന്ന സാധന ഏകാഗ്രമായ നിഷ്ഠയോടെ അഭംഗുരം തുടര്‍ന്നു. തല്‍ഫലമായി ചുരുങ്ങിയ കാലം കൊണ്ട് സമ്പൂര്‍ണ്ണ ഭാരതത്തിലും സംഘശാഖകള്‍ ആരംഭിക്കാനും രാഷ്ട്രത്തിനായി സമര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും കഴിഞ്ഞു.
സംഘം ശതാബ്ദിയിലേക്ക്
മനഃസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘം നിരന്തരമായി അനുഷ്ഠിച്ച സാധനയുടെ പരിണത ഫലം സമാജത്തിന്റെ എല്ലാ മേഖലയിലും കാണാം. ശാഖയിലൂടെ സൃഷ്ടിക്കപ്പെട്ട സ്വയംസേവകര്‍ ഇന്ന് എത്തിപ്പെടാത്ത മേഖലകളില്ല. തൊഴിലാളി രംഗത്ത്, വിദ്യാര്‍ത്ഥി മേഖലയില്‍, വനവാസി മേഖലയില്‍, സേവനരംഗത്ത്, വിദ്യാഭ്യാസരംഗത്ത് കടലോരത്ത്, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍, പൂര്‍വ്വ സൈനികര്കിടയില്, കര്‍ഷകര്‍ക്കിടയില്‍, രാജനൈതിക രംഗത്ത് എന്നുവേണ്ട ഭാരതീയര്‍ ലോകത്തിന്റെ ഏതേത് മേഖലകളിലുണ്ടോ അവിടെല്ലാം ഹിന്ദു സംഘടിച്ചു. ഒരു സമാജത്തിന്റെ സംഘടന എന്ന നിലയില്‍ നാം നമ്മുടെ പ്രയാണം വിജയകരമായി തുടരുകയാണ്.
ആഗോള സാഹചര്യം
ലോകം നേരിടുന്ന പ്രതിസന്ധികളെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടത്തിയ ഉച്ചകോടികളില്‍ 1992-ല്‍ ബ്രസീലിയന്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടി സുപ്രധാനമാണ്. ആ ഉച്ചകോടിയെ തുടര്‍ന്ന് ആഗോള സമാധാനം, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം പോലുള്ള ഭാവാത്മകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് ലോകം ആഗോള ഭീകരത, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, അനിയന്ത്രിതമായ സാമ്പത്തിക മാന്ദ്യം പോലുള്ള തകര്‍ച്ചയുടെ പാതയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്താണ് ഈ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വതപരിഹാരം എന്ന് ഗഹനമായി ചിന്തിക്കുമ്പോള്‍ സനാതന ധര്‍മ്മത്തിലൂന്നിയ ഭാരതത്തിന്റെ ജീവിതക്രമമാണ് ലോക ചിന്തകന്മാര് ഉത്തരമായി കണ്ടെത്തുന്നത്. തന്റെ മതം മാത്രമാണ് ശരിയെന്നും മറ്റ് മതചിന്തകളെല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്നുമുള്ള സെമിറ്റിക് ചിന്തയാണ് ആഗോള ഭീകരതയുടെ അടിസ്ഥാന കാരണം. സര്വ്വധര്മസമഭാവനയെന്ന വിശാലമായ ഭാരതീയ തത്വചിന്തയാണ് ആഗോള ഭീകരതയ്ക്കുള്ള ദിവ്യൗഷധം. അമിതമായ ഉപഭോഗഭ്രാന്തും പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണവും അമേരിക്കയേയും യൂറോപ്യന്‍ ശക്തികളേയും സാമ്പത്തിക മാന്ദ്യത്തിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കും നയിച്ചു. സമസ്ത സൃഷ്ടിയുടെ ഒരു ഭാഗം മാത്രമാണ് മാനവരാശിയെന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പരികതയിലൂന്നിയ ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതമായ ഭാരതീയ ജീവിതക്രമമാണ് പരിഹാരമെന്നും ലോകം തിരിച്ചറിയുന്നു.
ലോകത്തിന് പ്രതീക്ഷയായി ഭാരതം
സമ്പദ് വ്യവസ്ഥയില്‍ ആഗോള തലത്തില്‍ പത്താം സ്ഥാനത്തായിരുന്ന ഭാരത സമ്പദ് വ്യവസ്ഥ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാന്‍ അധികനാള്‍ വേണ്ടി വരില്ലെന്ന് നമുക്കുമാത്രമല്ല, ലോകത്തിനു മുഴുവന്‍ ബോധ്യമായിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ 40 കോടി പാവപ്പെട്ടവരെ ദാരിദ്ര്യരേഖയില്‍ നിന്ന് കരകയറ്റിയതായി അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ റിപ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 40 കോടിയെന്നത് യൂറോപ്പിലെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതലാണ്.
ഡിജിറ്റല്‍ വിപ്ലവം
50 വര്‍ഷം കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് കേവലം 7 വര്‍ഷം കൊണ്ട് ഭാരതം ഡിജിറ്റല്‍ രംഗത്ത് നേടിയത്. 2015 ല്‍ ആരംഭിച്ച ഖഅങ (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) സംവിധാനത്തിലൂടെ ഭാരതത്തിലെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണം 100% അവരുടെ കൈകളിലെത്തി. കേവലം സാമ്പത്തിരംഗത്ത് മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും സാമ്പത്തിക വിനിയോഗം നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും സാങ്കേതിക വിദ്യയിലൂടെ ചെയ്തപ്പോള്‍ അത്ഭുതകരമായ പരിവര്‍ത്തനമാണ് എല്ലാ മേഖലകളിലും കണ്ടു തുടങ്ങിയത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അതിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാണ്. സ്വാതന്ത്ര്യം നേടി 60 വര്‍ഷങ്ങള്‍ പിന്നിട്ട് 2014-15 കാലയളവ് വരെ 95000 കി.മീ ആയിരുന്ന നാഷണല്‍ ഹൈവെ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 53000 കി.മീ ആണ് കൂട്ടി ചേര്‍ക്കപ്പെട്ടത്. ഈ രംഗത്ത് ലോകത്തില്‍ ഏറ്റവും വേഗതയില്‍ മുന്നേറുന്നതും ഭാരതമാണ്. 63.73 ലക്ഷം ദൈര്‍ഘ്യത്തോടെ ലോകത്തെ രണ്ടാമത്തെ റോഡ് ശൃംഖലയാണ് നമ്മുടേത്. റെയില്‍ ഗതാഗതത്തിലും ലൈന്‍ ഇരട്ടിപ്പിക്കല്‍ വൈദ്യുതീകരിക്കല്‍, പുതിയ റെയില്‍പാലങ്ങള്‍, സെമീ ഹൈസ്പീഡ് ട്രെയിനുകള്‍, വന്ദേ ഭാരത് ട്രെയിനുകള്‍, മെട്രോ പദ്ധതികള്‍ തുടങ്ങി വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ഉപരിതല ഗതാഗതത്തിലും ഭാരതം മുന്നേറുന്നു.
ആത്മനിര്‍ഭര ഭാരതം
അടിമത്ത മനോഭാവത്തില്‍ നിന്ന് മാറി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആത്മ നിര്ഭരമാവുകയാണ് ഭാരതം. കോവിഡ്-19 ലോകത്തിലെ വന്‍കിട രാജ്യങ്ങളെ പോലും സാമ്പത്തികമായി പിന്നോട്ടടിച്ചു. കോവിഡിനെ ചെറുക്കാന്‍ വാക്സിന് കണ്ടെത്തുകയും 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിനേഷന് നടത്തുകയും 100 ല്‍ അധികം രാജ്യങ്ങള്‍ക്ക് വാകസിന് എത്തിച്ച് ‘വാക്സിന് മൈത്രി’ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഭാരതത്തിന്റെ ജിഡിപിയുടെ 10% ആയ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, സ്വാശ്രയ സംരംഭകത്വം പോലുള്ള നാടിന്റെ സ്വാവലംബനത്തില് കേന്ദ്രീകരിക്കുകയും ചെയ്തു. അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളാരംഭിച്ച് തൊഴില്‍ ദാതാക്കളാവുകയാണ്.
അടിമത്തത്തിന്റെ മാനസികാവസ്ഥ ഉന്മൂലനം ചെയ്യാന്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രതീകങ്ങള്‍ ഇല്ലാതാക്കുകയും നമ്മുടെ തനിമയെ പുനഃപ്രതിഷ്ഠിക്കാന്‍ രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെ പുനഃസ്ഥാപിക്കുകയും ചെയ്യപ്പെടുന്നു. രാജ്പഥ് കര്‍ത്തവ്യപഥായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. ജോര്‍ജ് അഞ്ചാമന്റെ സ്ഥാനത്ത് നേതാജിയുടെ പ്രതിമ, നാവികസേനയുടെ പതാകയില്‍ ജോര്‍ജ് ക്രോസിനു പകരം ഛത്രപതി ശിവജി മഹാരാജ്, രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡണ്‍ അമൃത് ഉദ്യാന്‍ ആകുന്നു, ഇങ്ങനെ നീളുന്നു ആ പട്ടിക.
ഭാരതം ചാന്ദ്ര ശോഭയില്‍
1998 മെയ് 11ന് പൊഖ്റാനില്‍ നടന്ന ആണവ പരീക്ഷണം ഭാരതത്തെ ഒരാണവ രാഷ്ട്രമാക്കിയെങ്കില് 2023 ആഗസ്റ്റ് 23ന് ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സുരക്ഷിതായി ഇറങ്ങിയതോടെ ഭാരതം ലോകത്തിലെ ബഹിരാകാശ ശക്തിയായി മാറി. ചാന്ദ്ര ദക്ഷിണ ധ്രുവത്തിലേക്ക് വിജയകരമായി ഒരു പേടകം അയക്കുന്ന ലോകത്തിലെ ആദ്യരാജ്യമായി ഭാരതം.
രാഷ്ട്ര വിരുദ്ധ ശക്തികളെ കരുതിയിരിക്കുക
സമസ്ത മേഖലയിലും മുന്നേറുമ്പോള്‍ ഭാരതത്തെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രവിരുദ്ധ ശക്തികളുടെ ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടിയിരിക്കുന്നു. 1942-ല്‍ ക്വിറ്റ് ഇന്ത്യസമരവേളയിലും 1962-ല്‍ ചൈനീസ് ആക്രമണവേളയിലും നമ്മുടെ നാടിനെ ഒറ്റിക്കൊടുത്ത രാഷ്ട്രവിരുദ്ധശക്തിള് ഭീകരവാദ ശക്തികളുമായി ഒത്തുചേര്‍ന്ന് ആഗോള കമ്പോളശക്തികളുടെ സഹായത്തോടെ ഭാരതത്തിനെതിരായി ചാരവൃത്തി നടത്തുകയാണ്. ദേശീയതയുടെ മന്ത്രധ്വനി മുഴങ്ങിയ കശ്മീരില്‍ നിന്നും മറ്റും ഒളിച്ചോടിയ ഭീകരരുടെ വിഹാരകേന്ദ്രമായി കേരളം മാറി. കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐ പോലുള്ള ഭീകര സംഘടനകളെ നിരോധിച്ച് സ്വത്തുകള്‍ കണ്ടുകെട്ടിയെങ്കിലും അതേ ഭീകരശക്തികള്‍ രൂപവും ഭാവവും മാറി കേരളത്തില്‍ അശാന്തി പരത്തുന്നു. ഈ കൊച്ചു സംസ്ഥാനത്തു നിന്നാണ് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും ഭീകരരെ അയക്കുകയും സഹോദരിമാരെ മതപരിവര്‍ത്തനം നടത്തി ഭീകര കേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്തത്. ലോകശക്തിയായി മുന്നേറുന്ന ഭാരതത്തെ ദുര്‍ബലപ്പെടുത്തുന്ന ‘കട്ടിംഗ് സൗത്ത്’പോലുള്ള മുദ്രാവാക്യങ്ങളുടെയും ഭാവിതലമുറയെ മയക്കി കിടത്തുന്ന മയക്കുമരുന്നു ഭീകരതയുടേയും കേന്ദ്രമായി നമ്മുടെ സംസ്ഥാനത്തെ മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നു.
വിജയദശമി നല്കുന്ന സന്ദേശം
സംഘപ്രവര്‍ത്തനം ശതാബ്ദിയിലേക്ക് നീങ്ങുമ്പോള്‍ ലോക രാജ്യങ്ങളും സമൂഹവും പ്രതീക്ഷയോടെ ഭാരതത്തേയും സംഘത്തേയും നോക്കി കാണുന്നു. ഇന്ന് ലോകം നേരിടുന്ന ഭീകരവാദം, പരിസ്ഥിതി മലിനീകരണം, മൂല്യശോഷണം പോലുള്ള പ്രശ്നങ്ങള്‍ക്ക് സര്‍വാശ്ലേഷിയായ ഹിന്ദുത്വത്തിന്റെ, സനാതന ധര്‍മ്മത്തിന്റെ ആധാരത്തിലുള്ള സാമാജിക രചനയാണ് ശാശ്വതമായ പരിഹാരം. ഭാരതീയ ജീവിതമൂല്യങ്ങളുടെ ആധാരത്തിലുള്ള ധര്‍മ്മാധിഷ്ഠിതമായ സമാജ രചനയുടെ മാതൃക ഭാരതത്തില്‍ സൃഷ്ടിച്ച് ലോകത്തിന് വഴികാട്ടുക എന്ന ചരിത്രപരമായ ദൗത്യമാണ് ധര്‍മ്മപ്രാണ ദേശമായ ഭാരതത്തിന് നിര്‍വ്വഹിക്കാനുള്ളത്. അതിനായി ഓരോ സ്വയംസേവകനും കര്‍മ്മനിരതനാകാനും സമാജത്തെ സംഘടിതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സക്രിയരാകാനുമുള്ള സന്ദേശമാണ് വിജയദശമി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: