അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കൊണ്ടോ അവയുടെ മികവ് കൊണ്ടോ നിര്‍മ്മിച്ച ചിത്രത്തില്‍ നായകനായി എന്ന പ്രത്യേകത കൊണ്ടോ നമ്മുടെ സിനിമയില്‍ ഓര്‍ക്കപ്പെടേണ്ട ഒരാളൊന്നുമല്ല സന്തോഷ്കുമാര്‍. ദീര്‍ഘകാലം നാടകം ജീവവായുവായിക്കൊണ്ടുനടന്ന ഒരു കലാകാരനെന്ന നിലയില്‍ നാടകരംഗത്ത് അദ്ദേഹം സ്മരിക്കപ്പെടും. ഒരു ഗാനരചയിതാവെന്ന നിലയില്‍ മലയാളസിനിമാ ചരിത്രത്തിലും മാന്യമായൊരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്
അസ്തമയസൂര്യന് ദുഃഖമുണ്ടോ
മയങ്ങുന്ന പകലിനും ദുഃഖമുണ്ടോ
ചിരിക്കുന്ന ശ്രാവണസന്ധ്യേ
നീ മാത്രമെന്തിന് ചിരിക്കുന്നു വീണ്ടും..?
ചിത്രം- ചൂണ്ടക്കാരി, പാടിയത്- യേശുദാസ്, ഗാനരചന- മോനു, സംഗീതം-കണ്ണൂര്‍ രാജന്.
ആകാശവാണിയിലൂടെ ഈ പാട്ടും ഈ അനൗണ്‍സ്മെന്റും നിരവധി തവണ കേട്ടിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ സിനിമയുടെയും സിനിമാപ്പാട്ടുകളുടെയും ആരാധകനും പിന്നീടവയുടെ ചരിത്രശേഷിപ്പുകള്‍ തേടുന്നൊരന്വേഷകനും ആയപ്പോള്‍ പലപ്പോഴും ഈ ഗാനരചയിതാവിനെ അറിയാന്‍ ശ്രമിച്ചതാണ്. എന്നാലവയൊന്നും ഫലം കണ്ടില്ല.
ഈയിടെ ഫേസ്ബുക്ക് ടൈംലൈനില്‍ മധുസാറിന്റെ നവതിയോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് വന്ന കമന്റിലൂടെ വളരെ യാദൃച്ഛികമായി പരിചയപ്പെട്ടതാണ് ജെ. ഗോപകുമാറിനെ. അദ്ദേഹം കായംകുളം പുല്ലുകുളങ്ങര സ്വദേശി എന്നറിഞ്ഞപ്പോള്‍-അവിടുത്തുകാരനും ചൂണ്ടക്കാരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സന്തോഷ്കുമാറിനെ അറിയുമോയെന്ന് തിരക്കിയിരുന്നു. അറിയാമെന്ന മറുപടി തന്നു. മാത്രമല്ല എന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ തിരക്കിയ വ്യക്തിക്ക് നല്‍കിയിട്ടുണ്ടെന്ന് രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കുകയും ചെയ്തു.
ഗാന്ധിജയന്തി ദിനത്തില്‍ ഫോണ്‍വഴി പരിചയപ്പെട്ട കായംകുളത്തുകാരന് സന്തോഷ്കുമാര്‍ സാറിന് കലാരംഗത്ത് വലിയൊരു സ്ഥാനമുണ്ടെന്ന് മനസ്സിലായി. എന്നില്‍ വലിയൊരത്ഭുതം സമ്മാനിച്ചുകൊണ്ട് അദ്ദേഹം ഒരു കാര്യം കൂടി വ്യക്തമാക്കി:
”മോനുവിനെ വേറെങ്ങും തിരയണ്ടാ..
അത് ഞാന്‍ തന്നെയാണ്.”
തുടക്കം ഇങ്ങനെ
പുഷ്കലമായൊരു നാടക കാലം. 1966 ല്‍ എംഎസ്എം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് സന്തോഷ് കുമാര്‍ കലാരംഗവുമായി അടുക്കുന്നത്.
നാട്ടിലെ അമച്വര്‍ നാടകങ്ങളിലും കോളജിലെ കലാമത്സരങ്ങളിലുമൊക്കെ പങ്കുകൊണ്ടിരുന്ന സന്തോഷ്കുമാര്‍ രണ്ടുവര്‍ഷം കോളേജില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. അവിടെ മലയാളം അധ്യാപകനായിരുന്ന പ്രൊഫസര്‍ കോഴിശ്ശേരി ബലരാമന് തന്റെ വിദ്യാര്‍ത്ഥിയില്‍ നല്ലൊരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞു. കലാപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തോഷിന് നല്ല പ്രോത്സാഹനവും പിന്തുണയും നല്കി. ഒരിക്കല്‍ കോളജില്‍ കെപിഎസിയുടെ അണിയറക്കാരില്‍ പ്രധാനികളായ തോപ്പില്‍ ഭാസിയും ജനാര്ദ്ദനന് പോറ്റിയും വരികയും, അഭിനയിക്കാനറിയുന്നവരെ തിരയുകയും സന്തോഷ്കുമാറിനെ സെലക്ട് ചെയ്യുകയുമുണ്ടായി.
അങ്ങനെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ കെപിഎസിപോലൊരു വലിയ പ്രസ്ഥാനത്തിലേക്ക് എത്തിപ്പെടാന്‍ സന്തോഷിന് കഴിഞ്ഞു. ആ കൗമാരക്കാരന് അവിടെ മാനസപുത്രി എന്ന നാടകത്തില്‍ ഒരു പ്രധാനവേഷത്തില്‍ മൂന്നാഴ്ചയോളം റിഹേഴ്സലും നടത്തി. എന്നാല്‍ ചില അന്തര്‍നാടകങ്ങളുടെ അവസാനം ആ വേഷത്തില്‍ കെപിഎസി സണ്ണിയെത്തി. കഥാപാത്രത്തിന് വേണ്ട പ്രായം തോന്നുന്നില്ല എന്നതാണ് ഒഴിവാക്കിയതിന് നടന് നല്കിയ വിശദീകരണം.
നാട്ടിലും കലാലയത്തിലും സാമാന്യം അറിയപ്പെടുന്നൊരു നടനായി മാറിയ സന്തോഷ് കുമാറെന്ന ബിരുദധാരിയെ വീണ്ടും കെപിഎസി ക്ഷണിച്ചു. വൈക്കം ചന്ദ്രശേഖരന് നായര്‍ എഴുതിയ ഉദ്യോഗപര്‍വ്വം എന്ന നാടകത്തില്‍ അഭ്യസ്തവിദ്യനായ ഒരു തൊഴില്‍രഹിതന്റെ വേഷത്തിലൂടെ സന്തോഷ്കുമാര്‍ ആദ്യമായി ഒരു പ്രൊഫഷണല്‍ വേദിയിലെത്തി. അത് നന്നായി ചെയ്തതുകൊണ്ടാകാം പിറ്റേവര്‍ഷം മനസപുത്രി വീണ്ടും അരങ്ങിലെത്തിച്ചപ്പോള്‍ ആദ്യം ഒഴിവാക്കിയ വേഷത്തില്‍ സന്തോഷ്കുമാറിനെയാണ് അഭിനയിപ്പിച്ചത്.
സഹസ്രയോഗം, ലയനം എന്നീ നാടകങ്ങളിലും കെപിഎസിയുമായി സഹകരിച്ചു. തുടര്‍ന്ന് കായംകുളം പീപ്പിള്‍സ് തിയേറ്ററിന്റെ സമസ്യ, മുക്തി, ആ മനുഷ്യന് നീ തന്നെ, കുരുതിക്കളം എന്നീ നാടകങ്ങളിലും വയലാര്‍ നാടകവേദിയുടെ സ്ത്രീധനത്തിലും കായംകുളം സപര്യയുടെ സെര്ച്ച്ലൈറ്റിലും വേഷമിട്ടു.
ഉമ്മന്‍കോശി രചിച്ച മുക്തി എന്ന നാടകത്തില്‍ 85 വയസ്സുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ സായിപ്പിനെയും, സി.ജി. ഗോപിനാഥ് എഴുതി സംവിധാനം ചെയ്ത ആ മനുഷ്യന് ഞാനല്ല എന്ന നാടകത്തില്‍ രൂപസാദൃശ്യമുള്ള ആറ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് വലിയ വിജയമായി.
1977 ല്‍ കായംകുളം ആസ്ഥാനമാക്കി സന്തോഷ് കുമാര്‍ അഭിനയശാല എന്ന പേരില്‍ സ്വന്തമായി ഒരു ട്രൂപ്പ് ആരംഭിച്ചു. കയ്യാലം ശ്രീധരന് നായരാണ് തിരുവത്താഴം എന്ന ആദ്യനാടകം രചിച്ചത്.
സുപ്രഭാതം, യജ്ഞം, ഇവരെ പരിചയപ്പെടുക, ശാന്തം അസ്തമയം, രാജ്യം, അധിപതി, ശ്മശാനത്തിലെ പൂക്കള്‍, മനസ്സെന്ന ചെപ്പിലെ നൊമ്പരങ്ങള്‍ തുടങ്ങി 10 നാടകങ്ങള്‍ ഈ സമിതി അവതരിപ്പിച്ചു. സമിതിയുടെ എല്ലാ നാടകങ്ങളും നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും അവയ്ക്കു വേണ്ടി പാട്ടുകളെഴുതിയതും ഇദ്ദേഹം തന്നെയാണ്. മാത്രമല്ല എല്ലാ നാടകങ്ങളിലും ഒരു വേഷം കയ്യാളിയിട്ടുമുണ്ട്. (തന്റെ നാടകങ്ങളുമായി സന്തോഷ്കുമാര്‍ ഉത്തരേന്ത്യന്‍ പര്യടനം നടത്തിയിട്ടുണ്ട്) 10-ാം വര്‍ഷത്തെ നാടകത്തോടെ സമിതി പിരിച്ചുവിട്ടു.
സ്വാതി കൊട്ടാരക്കരയുടെ നക്ഷത്രയോഗം, കായംകുളം രൂപരേഖയുടെ ആഭ്യന്തരം, തിരുവനന്തപുരം പ്രിയദര്‍ശിനിയുടെ അണ്ടര്‍ഗ്രൗണ്ട്, കൊല്ലം ചിത്രാഞ്ജലിയുടെ അര്‍ത്ഥശാസ്ത്രം, കേരള ആര്‍ട്സിന്റെ അശ്വത്ഥാമാവിന് മരണമില്ല തുടങ്ങിയ നാടകങ്ങളുടെ സംവിധായകനെന്ന ക്രെഡിറ്റും ഇദ്ദേഹത്തിനുണ്ട്. രാജന് പി. ദേവിന്റെ ജൂബിലി തിയേറ്റേഴ്സുമായി സഹകരിച്ച് അഞ്ച് സഹോദരന്മാര്, ആലയം സ്നേഹാലയം എന്നീ നാടകങ്ങളും അഭിനയിച്ചിരുന്നു.
ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയ ഇദ്ദേഹം ധാരാളം റേഡിയോ നാടകങ്ങളിളും പങ്കാളിയായിരുന്നു. വേലുത്തമ്പിദളവ, പഴശ്ശിരാജാ, ഭീഷ്മര്‍, യന്ത്രം തുടങ്ങിയ നാടകങ്ങളില്‍ പ്രധാനവേഷങ്ങളവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിലെ കായംകുളംകാരന്‍
ഉദയാക്കുവേണ്ടി തോപ്പില്‍ ഭാസിയാണ് പി. കേശവദേവിന്റെ ഒരു സുന്ദരിയുടെ കഥ ചലച്ചിത്രമാക്കിയത്. ചിത്രത്തില്‍ നിരാലംബയായ ഒരു യുവതിയാണ് സുന്ദരി. ജീവിതയാത്രയില്‍ പല അഭയസ്ഥലങ്ങളിലും അവള് എത്തിച്ചേരുന്നുണ്ട്. അത്തരം ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ ജയഭാരതി അവതരിപ്പിക്കുന്ന ആ കഥാപാത്രത്തെ കളിയാക്കിക്കൊണ്ട് തൊട്ടടുത്ത ഹോസ്റ്റലിലെ അന്തേവാസികളായ ചെറുപ്പക്കാര്‍ (കോളജ് വിദ്യാര്‍ത്ഥികളാകാം)ഒരു പാട്ട് പാടുന്നുണ്ട്.
”പാവനമധുരാ നിലയേ,
പങ്കജാക്ഷി തനയേ…”
എന്ന ആ ഹാസ്യഗാനം
പാടിയഭിനയിക്കുന്നത് സന്തോഷാണ്.
(ഈ ഗാനരംഗത്ത് നെടുമുടി വേണുവും ഫാസിലും ഉണ്ട്. അവരുടെയും ആദ്യ തിരനോട്ടമായിരുന്നു ഇത്. യു ട്യൂബില്‍ ഈ പാട്ടുരംഗമുണ്ട്.)
ഒന്നാം മാനം പൂമാനം,
പിന്നത്തെ മാനം പൊന്മാനം,
പൂമാനത്തിനും പൊന്മാനത്തിനും മീതെ, ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി,
1973ല്‍ പുറത്തുവന്ന ഏണിപ്പടികളിലെ വയലാര്‍-ദേവരാജന്‍- യേശുദാസ് ടീമിന്റെ ഈ ഗാനം കേള്‍ക്കാത്തവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകില്ല. ഒരു തോണിപ്പാട്ടായാണിത് ചിത്രത്തിലുപയോഗിച്ചിട്ടുള്ളത്. ഇത് പാടി തോണി തുഴയുന്നത് ഈ കായംകുളത്തുകാരനാണ്.
1974 ല്‍ കെപിഎസി, ഒഎന്‍വി കുറുപ്പിന്റെ നീലക്കണ്ണുകള് എന്ന ഖണ്ഡകാവ്യം സിനിമയാക്കി. നടന് മധുവായിരുന്നു സംവിധായകന്. ട്രൂപ്പില്‍ സഹകരിച്ചുവന്നിരുന്ന മിക്കവര്‍ക്കും യൂണിറ്റിന്റെ പലപല ചുമതലകളുണ്ടായിരുന്നു. അപ്രകാരം അവരില്‍ മിക്കപേരും സ്ക്രീനിലുമെത്തി. തോട്ടംതൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ സന്തോഷ്കുമാറും ഒരു തൊഴിലാളിയുടെ ഭാഗം അഭിനയിച്ചു.
1975ല്‍ എ. വിന്‍സന്റ് സംവിധാനം ചെയ്ത പ്രിയമുള്ള സോഫിയ ആണ് ഈ നടന്റെ മറ്റൊരു ചിത്രം. കഥാനായികയെ പെണ്ണുകാണാന്‍ വരുന്ന സ്ത്രൈണതയുള്ള ഒരു ചെറുപ്പക്കാരന്റെ വേഷമായിരുന്നു അതില്‍. പി.വിജയന് സംവിധാനം ചെയ്ത രജനി എന്ന ചിത്രവും 1975 ലാണാരംഭിച്ചത്. മിക്കപേരും പുതുമുഖങ്ങളായിരുന്നു അതില്‍. സന്തോഷ്കുമാര്‍ അതില്‍ ഒരു എസ്റ്റേറ്റ് മാനേജരുടെ വേഷം ചെയ്തു. പാലക്കാട് നെന്മാറയിലായിരുന്നു ചിത്രീകരണം. (നിര്‍മ്മാതാവിന്റെ നാടായ നെന്മാറയില് മാത്രമേ ഈ ചിത്രം പ്രദര്ശനത്തിനെത്തിയിട്ടുള്ളൂ എന്നറിയുന്നു.)
വിജയന്റെ സംവിധാനശൈലിയില്‍ മതിപ്പ് തോന്നിയ നടന് അദ്ദേഹവുമായി ഒരാത്മബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ സംവിധായകനാക്കി സങ്കല്പ്പ മൂവി മേക്കേഴ്സ് എന്ന ബാനറില്‍ ഒരു ചിത്രം നിര്‍മ്മിച്ചു-അതാണ് ചൂണ്ടക്കാരി. ഈ ചിത്രത്തിന്റെ കഥയും ഗാനങ്ങളും എഴുതിയത് സന്തോഷാണ്.
കഥ, നിര്‍മ്മാണം എന്നിവയ്ക്കു പുറമേ ഗാനരചന എന്ന ക്രെഡിറ്റ്ടൈറ്റിലിനു താഴെ ഒരേയാളുടെ പേരുതന്നെ രേഖപ്പെടുത്തണ്ടായെന്നു വച്ചു. അങ്ങനെയാണ് ഗാനരചന – മോനു എന്ന് ടൈറ്റിലില്‍ ചേര്‍ത്തത്.
അസ്തമയ സൂര്യന് ദുഃഖമുണ്ടോ…
പൊന്നമ്പിളിക്കല മാനത്തുദിച്ചേ…
മുത്തുബീവി പണ്ടൊരിക്കല്‍ സ്വപ്നംകണ്ട്..
ഓടിവള്ളം തുഴഞ്ഞുപോകും ചൂണ്ടക്കാരീ..
പി. വിജയന് അടുത്തതായി ആരംഭിച്ച രാഗമാധുരി (1977) എന്ന ചിത്രത്തിലും സന്തോഷ്കുമാറാണ് ഗാനരചന നിര്‍വ്വഹിച്ചത്. കണ്ണൂര്‍ രാജന് ചിട്ടപ്പെടുത്തിയ മൂന്നാറിലെ കുളിരേ മൂവന്തിക്കുളിരേ… എന്ന ഗാനം പാടിയത് യേശുദാസും വാണീജയറാമും ആണ്. സുധീറായിരുന്നു നായകന്.
എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരവേ സംവിധായകന് ഹൃദയാഘാതത്താല്‍ മരണപ്പെടുകയായിരുന്നു. ചിത്രം നിന്നുപോവുകയും ചെയ്തു. സംവിധായകന്റെ മരണം നടന്നത് 1977 ഏപ്രിലിലായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത രജനിയും ശ്രീ ചോറ്റാനിക്കര ഭഗവതിയും ആ വര്‍ഷം മേയില്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. സംവിധായകന്റെ മരണശേഷമാണ് ചൂണ്ടക്കാരി പുറത്തു വരുന്നതും. ചിത്രം തിയേറ്ററില്‍ ഒരു വലിയപരാജയമായെങ്കിലും
1976 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി. (കേരളത്തില്‍വച്ചു നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങള്‍ക്കുള്ള 25,000 രൂപ സബ്സിഡി ലഭിച്ച അവസാനചിത്രവും ഇതത്രെ. പില്ക്കാലത്ത് സബ്സിഡി തുക ഉയര്‍ത്തിയിരുന്നു.)
ഇക്കാലയളവില്‍ത്തന്നെ ഇദ്ദേഹം തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത മാടമ്പിന്റെ കൃതിയായ ഭ്രഷ്ടില് അഭിനയിച്ചിരുന്നു. ചിത്രം കുറേ വൈകിയാണ് റിലീസായത്. (സിനിമ ഒരു തരത്തിലും സംതൃപ്തി തരാത്ത സാഹചര്യത്തിലാണ് സന്തോഷ്കുമാര്‍ സ്വന്തമായി നാടകസമിതി തുടങ്ങുന്നതും പിന്നീടതില്ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിജയം നേടുന്നതും.)
നാടകകൃത്തും സംവിധായകനുമൊക്കെയായിരുന്ന സി.ജി. ഗോപിനാഥിന്റെ മൂത്തമകനാണ് മലയാളം പ്രൊഫസറായ ഡോ. രാജേന്ദ്രബാബു. വളരെ അടുത്ത ചങ്ങാതിമാരാണ് സന്തോഷ്കുമാറും രാജേന്ദ്രബാബുവും.
രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിന്റെ തിരക്കഥ രാജേന്ദ്രബാബുവിന്റേതായിരുന്നു. അങ്ങനെ ഏറെക്കാലത്തിനുശേഷം ഒരു ഡോക്ടറുടെ വേഷം അവതരിപ്പിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ഇദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ കുറച്ച് ടെലിഫിലിമുകളുമുണ്ട്. ഇപ്പോഴും അഭിനയമെന്നാല്‍ ഇദ്ദേഹത്തിന് ജീവനാണ്.
കലാരംഗവുമായുണ്ടായിരുന്ന ദീര്‍ഘകാലത്തെ ബന്ധം വിട്ട അദ്ദേഹം പിന്നീട് ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു. പുല്ലുകുളങ്ങര കൊറ്റിനാട്ട് വീട്ടിലെ കാരണവരായ ഈ എഴുപത്തിമൂന്നുകാരന് പുല്ലുകുളങ്ങര വിശ്വവിദ്യാലയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മാനേജരാണ് ഇപ്പോള്‍. ചന്ദ്രയാണ് സഹധര്‍മ്മിണി. ചിന്തുവും ചിനുവും മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: