ശ്രീധരന് പിള്ള എന്ന വ്യക്തിയെക്കുറിച്ച് ചോദിച്ചാല്‍ പലര്‍ക്കും ഒരുപാട് പറയാനുണ്ടാവും. ആദരവും ബഹുമാനവും പങ്കുവയ്ക്കും. പൊതുസമൂഹത്തിലെ അനുപേക്ഷണീയ വ്യക്തിത്വം എന്നുതന്നെയാവും ആരുടെയും മറുപടി. വാസ്തവത്തില്‍ ഈ ബഹുമുഖ വ്യക്തിത്വം ആരാണെന്ന് ആരാഞ്ഞു നോക്കൂ. മറുപടി പല തരത്തിലായിരിക്കും. ഗവര്‍ണര്‍, പൊതുപ്രവര്ത്തകന്, അഭിഭാഷകന്, ഗ്രന്ഥകാരന്, കവി, പ്രഭാഷകന്‍, എഴുത്തുകാരന്… ഇങ്ങനെ ഏതു വിശേഷണത്തിന്റെ ഗിരിശൃംഗത്തിലും ശ്രീധരന് പിള്ളയെ കാണാം. കാലം കൈയൊപ്പ് ചാര്‍ത്തിയ അനുഗൃഹീതമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ. ഇപ്പോള്‍ ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയിലെത്തി അവരുടെ വികാരവിചാരങ്ങളെ ഉള്‍ക്കൊള്ളും. ചെയ്യാനാവുന്നതിന്റെ അങ്ങേയറ്റം സഹായങ്ങള്‍ ചെയ്തുകൊടുക്കും.
തിരക്കുപിടിച്ച അഭിഭാഷകവൃത്തിക്കൊപ്പം തന്നെ ശ്രീധരന് പിള്ള എഴുത്തിന്റെ മേഖലയില്‍ ലബ്ധപ്രതിഷ്ഠനായിരുന്നു. ഏതു തിരക്കും അദ്ദേഹത്തിന്റെ ഉള്ളിലെ എഴുത്തുകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ. തിരക്ക് ഒന്നിനും തടസ്സമാവുന്നില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഇന്നത്തെ കാലത്തും അദ്ദേഹം എഴുത്തിനെ താലോലിച്ചുകൊണ്ട് മുന്നോട്ടു പോവുന്നു. അതേസമയം ഔദ്യോഗിക കാര്യങ്ങളില്‍ കണിശതയും സൂക്ഷ്മതയും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് ശ്രീധരന് പിള്ള ഒരു വിസ്മയ വ്യക്തിത്വമായി പൊതുസമൂഹത്തില്‍ നിറഞ്ഞുനില്ക്കുന്നത്.
ആരെയും കിടപിടിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാപാടവം. ഒരു കേസ് നടത്തിക്കൊണ്ടുപോയി വിജയ സമാപ്തിയിലെത്തിക്കുന്നത് എങ്ങനെയാണ് അതേ ഔത്സുക്യം തന്നെയാണ് എഴുത്തിലും ഉള്ളത്. ഏത് തിരക്കിലും ഒരു വിഷയത്തിന്റെ നാനാകോണിലും എത്തിച്ചേര്‍ന്ന് തന്റേതായ ഒരു വഴിതുറന്ന് രചനയെ ആ വഴിയിലൂടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക മിടുക്കുണ്ട്. നീതി ബോധത്തിന്റെ സൂചിക്കുഴയിലൂടെ കടക്കേണ്ടിവരുമ്പോഴും മാനവികതയുടെ ആഴവും പരപ്പും അനുഭവിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. ചരിത്രം, രാഷ്ട്രീയം, കഥ, കവിത, പഠനം, നിരീക്ഷണം, വിശകലനം എന്നിങ്ങനെയുള്ള വിഭാഗത്തില്‍ 200 ല്‍ അധികം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ഓരോ വിഷയത്തെ സമീപിക്കുമ്പോഴും ആരും കാണാത്ത ഒരു തലം അദ്ദേഹം കണ്ടെത്തിയിരിക്കും. അത് വെറുതെ കണ്ടെത്തുകയല്ല. യുക്തിയും യാഥാര്‍ഥ്യവും വിശകലന പടുത്വവും വഴി സമര്‍ഥിക്കാനും കഴിയും. തന്റെ വിശ്വാസ പ്രമാണങ്ങളെ ഒട്ടും മാറ്റിമറിക്കാതെ തന്നെ അദ്ദേഹം പൊതുസമൂഹത്തിന് സ്വീകാര്യമായ തരത്തില്‍ രചനകള്‍ നല്കുന്നു എന്നതാണ് കാര്യം.
ഗോവയുടെ ഉള്‍ത്തുടിപ്പറിഞ്ഞ്
കാലദാനം എന്ന കവിതാ സമാഹാരത്തിലൂടെ അക്ഷരങ്ങളെ ദീപമാക്കി വെളിച്ചത്തിലേക്ക് വഴികാണിച്ച ശ്രീധരന് പിള്ള 200 പുസ്തകങ്ങളാണ് ഇതുവരെ രചിച്ചിട്ടുള്ളത്. ഇരുനൂറാമത്തെ ഗ്രന്ഥം അതീവ ഗഹനമാണ്. തന്ത്രശാസ്ത്രത്തിന്റെ അടരുകളിലൂടെയുള്ള തീര്‍ത്ഥയാത്രയാണത്. വിസ്മയകരമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടു നീങ്ങുന്ന ആ പുസ്തകത്തിന്റെ പേരിങ്ങനെ- സര് ജോണ്‍ വുഡ്രോഫ് ആന്‍ഡ് തന്ത്ര. ഏതു മേഖലയില്‍ കൈവയ്ക്കുമ്പോഴും അതിന്റെ ആധികാരികതയിലേക്ക് പോകാന്‍ ഉതകുന്നവയൊക്കെ ശ്രീധരന്‍പിള്ള സംഘടിപ്പിക്കുന്നു എന്നതത്രേ എടുത്തുപറയേണ്ടത്. ക്ഷമയോടെ കാത്തിരുന്ന് വിശകലന ബുദ്ധിയോടെ ഓരോന്നും ചികഞ്ഞെടുത്താണ് രചന. അത്ഭുതകരമായ ഒരു കാര്യമെന്തെന്നാല്‍, തിരക്കുകളുടെ തിരമാലയടിക്കിടയിലും അദ്ദേഹം ശാന്തമായി രചനകള്‍ നടത്തുന്നു എന്നതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോവയിലെ വൃക്ഷങ്ങളെക്കുറിച്ച് തയാറാക്കിയ’ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ (സൈമിക് ഡെയ്സ് യാത്ര).
ഗോവന്‍ ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പറിയാന്‍ ഗവര്‍ണര്‍ യാത്ര നടത്തിയപ്പോള്‍ കണ്ട വൃക്ഷങ്ങളെപ്പറ്റിയുള്ള വാങ്മയ ചിത്രങ്ങളാണതിലുള്ളത്. സജീവമായ പ്രകൃതി സ്നേഹം എങ്ങനെ വരുന്നുവെന്നും, അതു സമൂഹത്തിന്റെ സാംസ്കാരിക ഭൂമികയില്‍ എന്തെന്തൊക്കെ പരിവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുവെന്നും ഈ പുസ്തകങ്ങളിലൂടെ മനസ്സിലാക്കാം. ഗോവയുടെ ഹരിത പാരമ്പര്യത്തിന്റെ ഈടുവെപ്പുകളിലേക്ക് വെളിച്ചം വീശുന്ന തീര്‍ത്ഥ സമാനമായ വിശകലനങ്ങളാല്‍ സമൃദ്ധമാണ് ഈ ഗ്രന്ഥം. ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി എങ്ങനെയാണ് ആ നാടിന്റെ അടിവേരുകള്‍ തേടേണ്ടതെന്നും, അത് സമൂഹത്തിന് പകര്ത്തിക്കൊടുക്കേണ്ടതെന്നും ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാനാവും.
സാഹിത്യം ജനങ്ങളെ ഒന്നിപ്പിക്കാനുള്ള മികച്ച ഉപാധിയായാണ് ശ്രീധരന് പിള്ള കാണുന്നത്. കവിതയായാലും ലേഖനമായാലും പ്രഭാഷണമായാലും സാഹിത്യത്തിന്റെ കിന്നരിത്തലപ്പാവുകളുടെ സാന്നിധ്യം സമൂഹത്തെ ഒന്നിച്ച് നിര്‍ത്താന്‍ കെല്പ്പുള്ളതാക്കുമെന്ന പക്ഷക്കാരനാണ് അദ്ദേഹം. ഗാന്ധിജിയും ഡോ.എസ്.രാധാകൃഷ്ണനുമുള്‍പ്പെടെയുള്ള പണ്ഡിതരായ രാഷ്ട്രീയക്കാരുടെ അഭാവമാണ് ഇന്നത്തെ പല പ്രതിസന്ധികള്‍ക്കും കാരണമെന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാലത്തുതന്നെ വായനയോടും അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളോടുമുള്ള ഔത്സുക്യമാണ് പിന്നീടിങ്ങോട്ട് രചനാ വഴിയില്‍ കരുത്തായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എബിവിപിയില്‍ പ്രവര്‍ത്തിച്ച നാളുകളില്‍ സംഘടനയുടെ മലയാള ഭാഷാ സമിതിയില്‍ ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലഭിച്ച പരിശീലനവും പ്രയത്നവും പലിശയും കൂട്ടുപലിശയുമായി ഇപ്പോള്‍ തിരിച്ചുകിട്ടുകയാണ്. എഴുത്തും പൊതുജന സേവനവും അദ്ദേഹത്തിന് കോംപ്ലിമെന്ററിയായ കാര്യമാണ്. രാവിലെ പത്രമുള്‍പ്പെടെയുള്ള വായനയാണെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ചു പേജെങ്കിലും എഴുതിയെങ്കിലേ സമാധാനമുണ്ടാവുകയുള്ളൂ. എങ്ങനെയാണ് എഴുതാന്‍ സമയം കിട്ടുന്നതെന്നതിന്റെ ഉത്തരമാവാം ഒരു പക്ഷെ, ഈ രീതി.
പൊതുജീവിതത്തിലെ അശ്വത്ഥ വൃക്ഷം
വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്ത്തകന്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാള്, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നൊക്കെ പറയുമ്പോഴും ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹിയാണദ്ദേഹം. ആരുടെയും മത-സാംസ്കാരിക-വര്‍ണ-വര്‍ഗ അടയാളങ്ങളിലേക്കല്ല അദ്ദേഹം നോക്കുക. നേരെ അവരുടെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ദൃഷ്ടിയില് അദ്ദേഹമൊരു പടര്‍ന്നു പന്തലിച്ച അശ്വത്ഥമാണ്. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തേക്കു വിടുന്ന വൃക്ഷം കൂടിയാണല്ലോ അരയാല്‍. സമൂഹത്തിന് ക്രിയാത്മകമായ ഓക്സിജന്‍ പ്രദാനം ചെയ്യാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച് മുന്നേറുകയെന്നതല്ല അദ്ദേഹത്തിന്റെ രീതി. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സാഹിത്യവാസനയുള്ളവരെ കൈകൊടുത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ദത്തശ്രദ്ധനാണ്. വിജില്‍ എന്ന പ്രസ്ഥാനത്തിലൂടെ നൂറു കണക്കിന് വ്യക്തികളുടെ പുസ്തകങ്ങള്‍ സൗജന്യമായി അച്ചടിച്ച് കൊടുക്കുന്ന പദ്ധതിയും അദ്ദേഹം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഗോവയില്‍ ‘നവിപഹല്’ എന്നൊരു പദ്ധതിക്കും രൂപം നല്കിയിരിക്കുന്നു. വിവിധ ഭാഷകളിലെ അര്‍ഹതയുള്ള യുവ എഴുത്തുകാരുടെ രചനകള്‍ സൗജന്യമായി പുറത്തിറക്കുന്നതാണത്.
ഒരു വ്യക്തിക്ക് എന്തൊക്കെ ചെയ്യാനാവും എന്നാണ് ശ്രീധരന് പിള്ള ചിന്തിക്കുക. അതിന് ഏതൊക്കെ തരത്തിലുള്ള പ്രോത്സാഹനം നല്‍കണമെന്നും സൂക്ഷ്മമായി വിശകലനം ചെയ്യും. പിന്നെ നടപ്പില്‍ വരുത്തും. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളും സാമൂഹിക-സാംസ്കാരിക-സാഹിത്യ രംഗത്തെ ഇടപെടലും കണക്കിലെടുത്തുതന്നെയാണ് ഭാരതത്തിലെ പ്രശസ്തമായ രണ്ടു സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന് ഡി-ലിറ്റ് നല്‍കിയത്.
പുലരിക്കും സന്ധ്യയ്ക്കും രണ്ടു സൗന്ദര്യമാണ്. രണ്ടും നാം കാണുന്നതാണ്. അനുഭവിക്കുന്നതാണ്. ശ്രീധരന് പിള്ള അത് ഓരോന്നും വ്യാഖ്യാനിച്ച് സൗന്ദര്യ സങ്കല്പങ്ങളെ ഇഴകീറി പരിശോധിച്ച് നമ്മുടെ സ്വപ്നങ്ങളിലേക്ക്, മോഹങ്ങളിലേക്ക്, സര്‍വോപരി ജീവിത വസന്തങ്ങളിലേക്ക് വിരിച്ചിടുന്നു എന്നു പറയാം. വ്യാഖ്യാനിച്ചാലും വ്യാഖ്യാനിച്ചാലും തീരാത്ത ഒരു തീര്‍ത്ഥയാത്രയാണ് അദ്ദേഹത്തിന്റെ പൊതുജീവിതം; ഒപ്പം കാവ്യജീവിതവും. നീറിപ്പിടിക്കുന്ന കടുത്ത വേദനകള്‍ കൊത്തിവലിക്കുമ്പോഴും എഴുത്തിന്റെ ഒരു പ്രഭാവലയം അദ്ദേഹത്തിന് സംരക്ഷണമായുണ്ട്. അത് പ്രകൃതിയാവാം, വിശ്വാസമാവാം, ദൈവാധീനമാവാം… സമൂഹത്തിന് കിട്ടിയ തേജസ്സാര്‍ന്ന ഒരു വ്യക്തിത്വമെന്ന് ലളിതമായി അദ്ദേഹത്തെ വിശേഷിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: