തിരുവനന്തപുരം: ആദ്യ പിണറായി മന്ത്രി സഭ അധികാരത്തിലെത്തിയ ഉടന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവന നടത്തി. ‘ആര്‍എസ്എസ് അമ്പല പരിസരത്ത് ആയുധ പരിശീലനം നടത്തുന്നുണ്ട്. ആര്‍എസ്എസുകാരെ ഇമ്മാതിരി ആയുധ പരിശീലനം നടത്താന്‍ അനുവദിക്കില്ല.‘ മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ”ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്ന അതേ അമ്പലത്തില്‍ ഞങ്ങളും ആയുധപരിശീലനം നടത്തും”. ‘
അഞ്ചു വര്‍ഷം കടകംപള്ളി അമ്പലം ഭരിച്ചിട്ടും ഒരിടത്തുനിന്നും ആര്‍എസ്എസ് കാരനെ ആയുധവുമായി പിടിക്കാനായില്ല. ഇപ്പോള്‍ കേരളത്തില്‍ അയിത്തമുണ്ടെന്നു ലോകത്തോട് വിളിച്ചു പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ ആര്‍ എസ് എസിന് അയിത്തം കല്പിച്ചിരിക്കുകയാണ്. ആര്‍എസ്എസുമായി ബന്ധമുള്ളവരെ അമ്പലങ്ങളുടെ ഏഴയലത്തു കയറ്റില്ല എന്നാണ് തിട്ടൂരം. കടകംപള്ളി ആവേശത്തില്‍ പറഞ്ഞകാര്യങ്ങളെല്ലാം മുറപോലെ അമ്പലങ്ങളില്‍ നടക്കുന്നുണ്ട് എന്ന കണ്ടെത്തലും രാധാകൃഷ്ണന്റെ ദേവസ്വം കമ്മീഷണര്‍ നടത്തി. അതിനാല്‍ ആര്എസ്എസ് ശാഖ മാത്രമല്ല ക്ഷേത്രത്തിലെ നാമജപഘോഷത്തിനും വിലങ്ങു വീഴും പോലും. നാമം ജപിച്ച് ചിലര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതാണ് കാരണം.
അതേപൊലെ ക്ഷേത്രത്തിലോ പരിസരത്തോ പരിസരത്തിനു മുന്നിലുള്ള പൊതുസ്ഥലത്തോ ഉത്സവവുമായി ബന്ധപ്പെട്ട കാവിക്കൊടി കെട്ടാനാകില്ലപോലും. ഏക നിറത്തിലുള്ള കൊടിതോരണങ്ങല്‍ കെട്ടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവ്.
ശബരിമല യുവതി പ്രവേശന പ്രക്ഷോഭകാലം മുതൽ ദേവസ്വം ബോർഡിനും സർക്കാരിനും ഭക്തജന കൂട്ടായ്മകൾ എന്നും തലവേദനയാണ്. ക്ഷേത്രങ്ങളിൽ കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്ക് മുൻപിൽ നാമജപം സമരമാർഗ്ഗമാക്കിയാണ് ഭക്തർ പലപ്പോഴും പ്രതിരോധം തീർക്കുന്നത് ഇത് തിരിച്ചറിഞ്ഞാണ് വിചിത്രമായ ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് വന്നത്. ക്ഷേത്രത്തിനകത്തോ ക്ഷേത്ര വസ്തുവിലോ മൈക്ക് സ്ഥാപിച്ച് നാമജപഘോഷം എന്ന പേരിൽ പ്രതിഷേധ യോഗം ചേരാൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
തിരുവനന്തപുരത്തെ വെള്ളായണി ക്ഷേത്രത്തിൽ ഉൾപ്പെടെ കാവിത്തോരണങ്ങൾ കെട്ടുന്നതിന് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ വിലക്കും ഈ ഉത്തരവും ചേർത്തുവച്ചാൽ ദേവസ്വം ബോർഡിന്റെ ഉദ്ദേശം വ്യക്തമാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരമാധികാരം ഉപദേശക സമതികൾക്ക് ആണന്നിരിക്കെ അതു മറികടന്ന് ദേവസ്വം ബോർഡ് ജീവനക്കാരെ ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ നിയന്ത്രണം പൂർണമായി പിടിച്ചടക്കയാണ് ഉത്തരവിലൂടെ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.ക്ഷേത്ര ഭരണത്തിന്റെ പരമാധികാര സമിതിയായ ഉപദേശക സമിതി തയ്യാറാക്കുന്ന ക്ഷേത്ര ചടങ്ങുകളുടെ നോട്ടീസിന്റെ കരടുരൂപം ദേവസ്വം ബോർഡ് അധികൃതരെ കാണിച്ച് അനുവാദം വാങ്ങിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവു എന്നും ഈ ഉത്തരവിൽ പറയുന്നു.
ഉത്തരവിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ആവശ്യമെങ്കിൽ പോലീസിന്റെ നിയമസഹായം തേടാമെന്നും ദേവസ്വം കമ്മീഷണർ നിർദ്ദേശിക്കുന്നുണ്ട്. അതേസമയം ധൈര്യമുണ്ടെങ്കിൽ ഉത്തരവ് നടപ്പിലാക്കാനാണ് ഹൈന്ദവ സംഘടനകളുടെ മറുപടി.
ഒരിക്കല്‍ക്കൂടി കേരളത്തിലെ ആര്‍എസ്എസ് പ്രസ്ഥാനവുമായി ഏറ്റുമുട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ നിരോധിക്കും എന്നാണ് ഇപ്പോള്‍ വീണ്ടും നടത്തുന്ന പ്രചാരണം.
ആര്‍എസ്എസ് ഒരു ക്ഷേത്രപരിസരത്തും ശാഖയിലും ആയുധപരിശീലനം നടത്തുന്നില്ല. സാധാരണ എക്‌സര്‍സൈസ് ആയുള്ള സൂര്യനമസ്‌കാരവും യോഗയും മെയ്‌വഴക്കത്തിനുള്ള പ്രയോഗങ്ങളും സ്വയം പ്രതിരോധത്തിനുള്ള നിയുദ്ധയും ആണ് കായിക ഇനത്തില്‍ ഒരുമണിക്കൂര്‍ ശാഖ പരിപാടിയിലുള്ളത്. ഇതുകൂടാതെ ഗണഗീതങ്ങളും ഐക്യവും ബുദ്ധിശക്തിയും ഊട്ടിയുറപ്പിക്കാനുള്ള മാനസിക വികാസ പദ്ധതികളും രാഷ്‌ട്രത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാം എന്ന പ്രാര്‍ത്ഥനയും ആണ് ശാഖയിലുള്ളത്. ഇതില്‍ എവിടെയാണ് ആയുധപരിശീലനം എന്നത് മനസ്സിലാകുന്നില്ല.
കടകംപള്ളിയും കെ. രാധാകൃഷ്ണനും മാത്രമല്ല പിണറായി വിജയന്‍ തന്നെ കുറച്ചുദിവസം ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനരീതിയും ശാഖാ പ്രവര്‍ത്തനവും നേരിട്ട് കാണുകയും പഠിക്കുകയും ചെയ്യട്ടെ. അതല്ലാതെ കണ്ണടച്ചിരുട്ടാക്കി ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ ഇരട്ടചങ്കും ഓട്ടചങ്കും അതിന് താങ്ങാവില്ല. അതിന് വേറെ ചങ്ക് പിണറായി വെക്കേണ്ടി വരും. നെഹ്രുവിനും ഇന്ദിരക്കും കഴിയാത്തത് സാധിക്കാം എന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അത് മൗഢ്യമാണ്.
ക്ഷേത്രങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് കൂടി ഉള്ളതാണ്. അതവരുടെ ബാധ്യതയാണ്. അതവര്‍ നടത്തുന്നുണ്ട്. ആര്‍എസ്എസ് ശാഖയില്‍ വരുന്നവര്‍ ക്ഷേത്രവിശ്വാസികള്‍ ആണോ എന്നതിനേക്കാള്‍ ദേശീയവാദികളാണ്. ഈ മാതൃഭൂമിക്ക് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: