പാലസ്തീനി ഭീകരസംഘടനയായ ഹമാസ്, ഇസ്രായേലിലെ സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല നടത്തിയതിന്റെ മറുപടിയായി ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടരുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തെ പാലസ്തീന്‍ പ്രതിരോധിക്കുമോ, മുന്‍പുണ്ടായതുപോലെ യഹൂദ രാഷ്‌ട്രത്തെ ഇസ്ലാമിക രാജ്യങ്ങള്‍ സഖ്യം ചേര്‍ന്ന് കൂട്ടത്തോടെ ആക്രമിക്കുമോ, ഇന്ത്യ, യുഎസ്, റഷ്യ മുതലായ രാഷ്‌ട്രങ്ങള്‍ യുദ്ധത്തില്‍ പങ്കുചേരുമോ എന്നൊക്കെയുള്ള ചൂടേറിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും പൊതുസഭകളിലും നടക്കുന്നുണ്ട്.
മുസ്ലിം രാജ്യങ്ങളും യൂറോപ്പ്, ഏഷ്യന്‍ രാഷ്‌ട്രങ്ങളും ചേരിതിരിഞ്ഞുള്ളൊരു മഹായുദ്ധം ഇനിയുണ്ടാവാനുള്ള സാധ്യത അങ്ങേയറ്റം കുറവാണ്. കാരണം, സമസ്ത രാഷ്‌ട്രങ്ങളും ഭയക്കുന്ന ഒന്നാണ് ഇസ്രയേലിന്റെ ഫൈനല്‍ ഡിഫന്‍സ് സ്ട്രാറ്റജിയായ സാംസണ്‍ ഓപ്ഷന്‍. സര്‍വ്വസംഹാരിയായ സാംസണ്‍ ഓപ്ഷന്‍ ഇസ്രായേലിന്റെ ന്യൂക്ലിയര്‍ ഡിറ്ററന്‍സ് പ്രോഗ്രാമാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, അങ്ങേയറ്റം വിനാശകരമായ നശീകരണ പദ്ധതി.!
ഹീബ്രു ബൈബിളിലെ പരാമര്‍ശ പ്രകാരം, ന്യായാധിപന്മാരില്‍ അവസാനത്തെയാളായിരുന്നു സാംസണ്‍. ആജീവനാന്തം നാസീര്‍ വ്രതക്കാരനായിരുന്ന സാംസണ് മുടി മുറിക്കല്‍ നിഷിദ്ധമായിരുന്നു. വ്രതം നോക്കുന്നതിനാല്‍, ശത്രുക്കളെ നേരിടാന്‍ അസാമാന്യ ശക്തിയും ദൈവം അവനു നല്‍കി. വെറും കൈകള്‍ കൊണ്ട് ഒരു കൂറ്റന്‍ സിംഹത്തെ കൊന്നതും, ശത്രുക്കളായ ഫിലിസ്ത്യന്മാരുടെ വലിയൊരു സൈന്യത്തെ ഒരു കഴുതയുടെ എല്ല് മാത്രം ഉപയോഗിച്ച് മലപോലെ കൊന്നുകൂട്ടിയതും വിശുദ്ധ ഗ്രന്ഥങ്ങളില്‍ സാംസന്റെ അത്ഭുത പ്രവൃത്തികളായി വര്‍ണ്ണിച്ചിരിക്കുന്നു. അവസാനം, സാംസന്റെ കാമുകി ദലീലയെ വശത്താക്കിയ ശത്രുക്കള്‍ അവളെ ഉപയോഗിച്ച് സൂത്രത്തില്‍ അവന്റെ മുടി മുറിച്ചുമാറ്റി. താന്‍ വിശ്വസിച്ച പെണ്‍കുട്ടിയാല്‍ ചതിക്കപ്പെട്ടതറിഞ്ഞ സാംസണ്‍ ഒരുപാട് ദുഃഖിച്ചു. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം ശത്രുക്കള്‍, അവന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഒടുവില്‍ ഇന്നത്തെ ഗാസയില്‍ സ്ഥിതി ചെയ്തിരുന്ന ഡാഗന്റെ ദേവാലയത്തില്‍ വിചാരണ ചെയ്യാന്‍ എത്തിയ സാംസണെ ശത്രുക്കള്‍ ഹാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്തിരുന്ന രണ്ട് തൂണുകളില്‍ ബന്ധനസ്ഥനാക്കി. ആ കെട്ടിടത്തിന്റെ സമ്പൂര്‍ണ്ണ സന്തുലനവും ആ രണ്ട് തൂണുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ അവനെ ക്രൂരമായി പീഡിപ്പിക്കുന്നത് ഭരണാധികാരികള്‍ നോക്കി രസിച്ചു.
വേദനയും സങ്കടവും കൊണ്ട് നീറിപ്പുകഞ്ഞ സാംസണ്‍ ഒരേയൊരു നിമിഷത്തേക്ക് തന്റെ ശക്തി തിരിച്ചു തരാന്‍ ദൈവത്തിനോട് ഹൃദയം തുറന്നു പ്രാര്‍ത്ഥിച്ചു. കാരുണ്യവാനായ ദൈവം, ചതിക്കപ്പെട്ടവന്റെ ഹൃദയം തുറന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കുക തന്നെ ചെയ്തു. തന്റെ ശരീരത്തിലേക്ക് വൈദ്യുതി പോലെ കരുത്തിരമ്പിക്കയറിയത് തിരിച്ചറിഞ്ഞ സാംസണ്‍, ‘സര്‍വ്വ ഫിലിസ്ത്യരും എന്നോടൊപ്പം മരിക്കട്ടെ’ എന്നലറിക്കൊണ്ട് ആ രണ്ട് തൂണുകള്‍ തള്ളി മറിച്ചിട്ടു. ദലീലയും ഭരണാധികാരികളും അവിടെ കൂടിയ ആയിരക്കണക്കിന് ജനങ്ങളടക്കം ഇടിമുഴക്കം പോലെ തകര്‍ന്നുവീണ കെട്ടിടത്തിനിടയില്‍പ്പെട്ട് മരിച്ചു, ഒപ്പം സംസണും. ‘അവന്‍ തന്റെ മരണത്തോടൊപ്പം വധിച്ച ആള്‍ക്കാരുടെ എണ്ണം, ജീവിച്ചിരുന്നപ്പോള്‍ അവന്‍ വധിച്ചതിനേക്കാള്‍ അധികമായിരുന്നു’ എന്നാണ് വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഇതേപ്പറ്റി പറയുന്നത്.
ഈ കഥയുടെ പലതരം ആഖ്യാനങ്ങള്‍ നിലവിലുണ്ടെങ്കിലും, തന്നെ ചതിച്ചവരെ ഒന്നടങ്കം തന്നോടൊപ്പം സാംസണ്‍ ഇല്ലാതാക്കി എന്നുതന്നെയാണ് എല്ലാ കഥകളുടെയും ക്ലൈമാക്‌സ്.
ഇതുപോലെ, ഗതികെട്ടാല്‍ സര്‍വ്വതും നശിപ്പിക്കാനുള്ള അന്തിമ സംഹാര പദ്ധതിയാണ് ഇസ്രായേലിന്റെ സാംസണ്‍ ഓപ്ഷന്‍. ആദിമ ജനവിഭാഗങ്ങളില്‍ ഒന്നായ യഹൂദരുടെ രാഷ്‌ട്രം എന്ന് വീണുപോകുന്നുവോ അന്ന് ലോകത്ത് അവരുടെ ഒരൊറ്റ ശത്രുരാജ്യം പോലും ശേഷിക്കില്ല.
ഇസ്രായേലി ജനത എന്ന തങ്ങളുടെ സമ്പൂര്‍ണ പരാജയം ഉറപ്പാക്കുന്നുവോ, അന്ന് ശത്രുക്കള്‍ക്കു മേല്‍ ‘സെക്കന്‍ഡ് സ്‌ട്രൈക്ക്’ നടത്താനുള്ള സംവിധാനമാണ് സാംസണ്‍ ഓപ്ഷന്‍. ഒരു രാജ്യം അണുബോംബിനാല്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടാല്‍, ആക്രമണം മുന്‍കൂട്ടിക്കണ്ട് അതിനെ തിരിച്ചടിക്കാന്‍ വേണ്ടി ആണവായുധം രഹസ്യമായി സജ്ജമാക്കി വയ്‌ക്കുന്നതിനെയാണ് സെക്കന്‍ഡ് സ്‌ട്രൈക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, സാംസണ്‍ ഓപ്ഷന്‍ ഇതിനെക്കാളും വളരെ മാരകമാണ്. ഇസ്രായേലില്‍ പല അതീവ രഹസ്യ കേന്ദ്രങ്ങളിലും ശത്രു രാജ്യങ്ങള്‍ ലക്ഷ്യമാക്കി ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരയില്‍ നിന്നും, കടലില്‍നിന്നും ആകാശത്തുനിന്നും ഈ ഭീകരന്മാരെ വിക്ഷേപിക്കാന്‍ സാധിക്കും. ജൂതരാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനുള്ള അവസാന വഴി പോലും അടഞ്ഞാല്‍, ഒരൊറ്റ നിമിഷം കൊണ്ട് രഹസ്യകേന്ദ്രങ്ങളില്‍ നിന്നും ഈ മിസൈലുകള്‍ ലോഞ്ച് ചെയ്യപ്പെടും. അങ്ങേയറ്റം വിനാശകരമായ അന്ത്യമാകും അതോടെ ശത്രു രാജ്യങ്ങള്‍ക്ക് സംഭവിക്കുക. അമേരിക്കയുടെ കുപ്രസിദ്ധമായ മാഡ് ഓപ്ഷന്‍ പോലെ, ശത്രുരാജ്യത്തിന്റെ സമ്പൂര്‍ണ സംഹാരം ഇതിലൂടെ ഇസ്രയേല്‍ ഉറപ്പു വരുത്തും.
ആണവായുധങ്ങളെപ്പറ്റി എക്കാലത്തും രഹസ്യാത്മകമായ നിശബ്ദതയാണ് ഇസ്രായേല്‍ പാലിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഉണ്ടെന്നോ ഇല്ലെന്നോ അവര്‍ പറയാറില്ല. എന്നാല്‍, എഫ്രേം കറ്റ്‌സര്‍, മോഷേ ഡയാന്‍, ഷിമോണ്‍ പെരെസ്, എഹൂദ് ഓള്‍മെര്‍ട്ട് തുടങ്ങിയ പ്രമുഖ ഇസ്രായേലി ഭരണാധികാരികള്‍ ഇസ്രായേലിന് ആണവായുധങ്ങളുടെ ശേഖരമുണ്ടെന്ന് പല പൊതുവേദികളിലും പലവട്ടം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും ഇസ്രായേലിന്റെ പക്കല്‍ 150ലധികം ആണവായുധങ്ങളുണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇസ്രായേലിലെ ഹീബ്രു സര്‍വകലാശാലയിലെ പ്രമുഖ മിലിറ്ററി ഹിസ്റ്ററി പ്രൊഫസര്‍ മാര്‍ട്ടിന്‍ വാന്‍ ക്രിവെല്‍ഡ് അഭിപ്രായപ്പെടുന്നത് എന്തെന്നാല്‍ ‘ഇസ്രയേലിന്റെ ആണവശക്തിയെ കുറിച്ചുള്ള ഏതൊരു പരസ്യപ്രസ്താവനയും അറസ്റ്റും വിചാരണയും തടവ് ശിക്ഷയും വിളിച്ചു വരുത്തുന്നതാണ്’ എന്നാണ്. അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സംവാദകര്‍ നേരിട്ട് പേരെടുത്ത് പറയുന്നതിന് പകരം ‘അന്ത്യദിനത്തിലെ ആയുധങ്ങള്‍’ എന്നാണ് ആണവായുധങ്ങളെ വിശേഷിപ്പിക്കാറ്.
വളരെ നിശബ്ദമായി എങ്ങനെയാണ് ഇസ്രായേല്‍ ഒരു ആണവ രാഷ്‌ട്രമായി മാറിയതെന്ന് പ്രമുഖ അമേരിക്കന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ സിമൂര്‍ ഹെര്‍ഷ് തന്റെ ‘സാംസണ്‍ ഓപ്ഷന്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. 1973ല്‍ നടന്ന യോം കിപ്പൂര്‍ യുദ്ധത്തില്‍, അറബ് സൈന്യം ഇസ്രായേലി സൈനികരെ ജയിച്ചു മുന്നേറിത്തുടങ്ങിയപ്പോള്‍ ഇസ്രായേല്‍ അമേരിക്കയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക പക്ഷപാതം മനസ്സില്‍ സൂക്ഷിച്ചിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പക്ഷേ, വെടിക്കോപ്പുകള്‍ കൊടുത്തയക്കാന്‍ വിമുഖത കാട്ടി.
യുഎസിന്റെ സഹായം ലഭിക്കില്ലെന്ന് മനസിലായതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മേയര്‍ 13 ന്യൂക്ലിയര്‍ മിസൈലുകള്‍ ലോഞ്ച് ചെയ്യാന്‍ ഉത്തരവിട്ടു. ആരറിഞ്ഞാലും ഒരു ചുക്കുമില്ലെന്ന് കരുതി പരസ്യമായിത്തന്നെയാണ് ഇസ്രായേല്‍ മിസൈല്‍ ലോഞ്ചിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയത്. അധികം വൈകാതെ, സിഐഎയുടെ ചാരന്മാരില്‍ നിന്നും വിവരം നിക്‌സണ്‍ മണത്തറിഞ്ഞു. ഇസ്രയേലികള്‍ രണ്ടും കല്‍പ്പിച്ചാണെന്നും, യുദ്ധം ചെയ്യാനാവശ്യമായ ആയുധങ്ങളെത്തിക്കാന്‍ ഇനിയും മടിച്ചു നിന്നാല്‍, അറബ് രാജ്യങ്ങള്‍ പഴയ ഭൂപടങ്ങളില്‍ മാത്രം ഒതുങ്ങുമെന്നും മനസ്സിലാക്കിയ നിക്‌സണ്‍ സിച്ചിട്ടതുപോലെ ആയുധങ്ങള്‍ ഇസ്രായേലിലെത്തിച്ചു നല്‍കി.
തനിക്ക് മരണം വിധിച്ചവരെ കൂട്ടത്തോടെ മരണത്തിലേയ്ക്ക് വലിച്ചിട്ട തങ്ങളുടെ സാഹസികനായ ന്യായാധിപന്‍ സാംസന്റെ ഓര്‍മ്മയ്ക്കായാണ് ഇസ്രായേല്‍ ഈ സര്‍വ്വനാശത്തിന്റെ പദ്ധതിക്ക് സാംസണ്‍ ഓപ്ഷന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. പാലസ്തീനിലെ ജനങ്ങളോ അവരുടെ അഭയാര്‍ത്ഥി പ്രശ്‌നമോ അല്ല, ഇസ്രായേലെന്ന രാജ്യത്തിന്റെ നിലനില്‍പ്പാണ് അറബികള്‍ക്ക് പ്രശ്‌നം. ആ രാജ്യം പിടിച്ചടക്കി ഇസ്ലാമിക രാഷ്‌ട്രമാക്കാതെ അവര്‍ അടങ്ങില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതൊരിക്കലും നടക്കാത്ത കാര്യമാണ്. അതിനു ശ്രമിച്ചാല്‍, പതനം ഉറപ്പായാല്‍ മിഡിലീസ്റ്റ് അഥവാ മധ്യപൗരസ്ത്യ ദേശത്ത് ഒരു രാഷ്‌ട്രം പോലും ഇസ്രയേല്‍ ബാക്കി വയ്‌ക്കില്ല.! 2000 വര്‍ഷം ലോകം മുഴുവന്‍ അലഞ്ഞു നടന്നിട്ടും ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും പിടിച്ചുനിന്നൊരു ജനത, അവസാന പ്രതീക്ഷയുമറ്റാല്‍ അത് ചെയ്യാന്‍ മടിക്കില്ലെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: