Categories: Kottayam

നിങ്ങള്‍ വീതി കൂട്ടിക്കോ; ഞങ്ങള്‍ കൈയേറും

Published by

സ്വന്തം ലേഖിക

കോട്ടയം: റോഡിന് വീതി കൂട്ടാന്‍ ദേശീയ പാത അതോറിറ്റിയും കൈയേറാന്‍ വഴിയോരക്കച്ചവടക്കാരും. ജില്ലയില്‍ ദേശീയ പാത 183 കൈയടക്കി കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരത്തിന് വീതി കൂട്ടുന്നത്. എന്നാല്‍ കോട്ടയം-കുമളി ദേശീയപാതയില്‍ അനധികൃത കൈയേറ്റം വ്യാപകമാണ്. മണര്‍കാട് ഐരേറ്റുനട, പാമ്പാടിയിലെ ഒമ്പതാംമൈല്‍, ആര്‍ഐടിക്ക് സമീപം, കളത്തിപ്പടി, എരുമപ്പെട്ടി എന്നിവിടങ്ങളില്‍ പച്ചക്കറിക്കട, തട്ടുകട, കരിക്ക് വില്‍പ്പന, ബജിക്കട, വാഹനങ്ങളിലുള്ള വ്യാപാരം എന്നിവയെല്ലാം തകൃതിയായി നടക്കുന്നത് ദേശീയ പാതയുടെ ഇരുവശങ്ങളിലുമായിട്ടാണ്. എട്ടാംമൈലില്‍ ദേശീയ പാതയില്‍ തട്ടുകടയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവം നടന്നിട്ട് അധികനാള്‍ ആയി
ല്ല.

അങ്ങാടി വയലില്‍ ബജിക്കടകളുടെ ആധിക്യം കാരണം കാല്‍നട യാത്രികര്‍ക്കുപോലും ഇതുവഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഇവിടങ്ങളില്‍ തിരക്ക് അധികമാകുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തുന്നവരുടെ വാഹനങ്ങളും മറ്റ് വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും വഴിവയ്‌ക്കുന്നുണ്ട്. അപകട സാധ്യതാ പ്രദേശങ്ങളിലാണ് വഴിയോര കച്ചവടക്കാരുടെ കൈയേറ്റം കൂടുതല്‍. ഇതോടെ ഈ മേഖലകളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യതയും ഇരട്ടിച്ചു. ദേശീയപാത അതോറിറ്റി ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളും ഇന്ന് വഴിയോരക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്. ദേശീയ പാത അതോറിറ്റി അധികൃതര്‍ അനധികൃത കയേറ്റങ്ങള്‍ പലതും അറിഞ്ഞിട്ടുമില്ല. നടപടിയെടുക്കുന്നുമില്ല.

വട്ടമലപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വഴിയരികില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കട

സിഐടിയു പോലുള്ള തൊഴിലാളി സംഘടനകളാണ് അനധികൃത വഴിയോരക്കച്ചവടക്കാരുടെ പിന്‍ബലം. ഇവരെ ഒഴിപ്പിക്കാന്‍ എത്തുന്ന അധികൃതരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതും പതിവാണ്. എന്നാല്‍ പത്തൊമ്പതാം മൈലില്‍ പാത കൈയേറി കരിക്ക് കച്ചവടം നടത്തിയ ആളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒഴിപ്പിച്ചതായി ദേശീയ പാത അധികൃതര്‍ പറയുന്നു. റോഡിന്റെ വീതി കൂട്ടുകയും വളവ് നികത്തുന്നതിനുമൊക്കെയായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം സര്‍വെ നടത്തുമെന്നും ദേശീയ പാതയിലെ അനധികൃത കുടിയേറ്റങ്ങള്‍ എല്ലാം അതിനുമുന്നോടിയായി ഒഴിപ്പിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by