ദേവീപ്രസാദം
ലോകത്തെ ഏകാത്മകമാക്കുന്നത് നാദമാണ്. ‘ഓം’ എന്ന ഏകാക്ഷരമാണ് ഭൂതവും ഭാവിയും ഭവിഷ്യത്തും. ഈ വിശ്വം മുഴുവനും അഖണ്ഡമായി പ്രണവം പൂത്തുലഞ്ഞു നില്ക്കുന്നു. ശബ്ദം ആകാശത്തിന്റെ ഗുണമാകയാല്‍ ആദിമനാദമായ ഓങ്കാരം ആകാശത്തിന്റെ അ
പാരശൂന്യതയിലൂടെ ചക്രവാളങ്ങളിലേക്ക് പാഞ്ഞൊഴുകി. കുത്തൊഴുക്കില്‍ നാദം പല കണങ്ങളായി ശിഥിലീഭവിച്ചു. ചിലവ അഗ്നിയായി. മറ്റു ചിലവ ചേര്‍ന്ന് ജലമായി. ശിഥിലീഭവിച്ച്, ശിഥിലീഭവിച്ച് പൃഥിവിയായി. അങ്ങനെ ‘ഓം’ എന്ന സമ്പൂര്‍ണമായ ഉണ്മയില് നിന്ന് വായുവും ജലവും പൃഥിവിയുമൊക്കെയുണ്ടായി. ഋഷി പറഞ്ഞു: ‘ശബ്ദം’ എന്ന ജ്യോതിസ്സില്ലായിരുന്നുവെങ്കില് ഈ പ്രപഞ്ചം ഇരുട്ടിലായേനെ.
(ഇദമന്ധം തമഃ കൃത്സ്നം
ജായതേ ഭുവനത്രയം)
ആദിയില്‍ വചനമാണ് അമൃതമുക്തകങ്ങളുതിര്ത്തത്. ആ മുത്തുകള്‍ സര്ഗപ്രതിഭകള് കോര്‍ത്തെടുത്തു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ അടര്‍ന്നു തെറിച്ച ഒരു മുത്ത്.
ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
സ യാതി പരമാം ഗതിം
(ഭഗവദ്ഗീത)
ഓങ്കാരത്തെ സാധന ചെയ്ത് സിദ്ധനാവുക. നിത്യാനന്ദം പകരുന്ന സുസ്ഥിരാവസ്ഥയിലെത്തുക. ഇവരത്രെ നിത്യശുദ്ധബുദ്ധമുക്ത സ്വഭാവികള്‍. നാദസുധാരസം നുകരുന്നവര്‍ ഈ ശ്രേണിയിലാണ്. വ്യാസനും വാല്മീകിയും ത്യാഗരാജനും മീരയും എം.എസ്. സുബ്ബലക്ഷ്മിയും മറ്റും. നാദത്തെ അമൃതവര്ഷിണിയാക്കിയവര്. ഇവരത്രെ ബദ്ധതയില്‍ നിന്നും മുക്തതയെ പ്രാപിക്കുന്നവര്‍.
നാദസൃഷ്ടി രണ്ടുപ്രകാരത്തില്‍. ശബ്ദസൃഷ്ടിയും അര്‍ത്ഥസൃഷ്ടിയും. വൃക്ഷവും അതിന്റെ ഛായയും എങ്ങനെയോ അതുപോലെ ഈ ഉഭയസൃഷ്ടികളും. ശബ്ദാര്‍ത്ഥങ്ങള്‍ സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ നാലുവിധം. സൂക്ഷ്മതമ ശബ്ദം പരാ, സൂക്ഷ്മതര ശബ്ദം പശ്യന്തീ, സൂക്ഷ്മശബ്ദം മധ്യമാ, സ്ഥൂലശബ്ദം വൈഖരി. അര്‍ഥസൃഷ്ടിയും ഇതുപോലെ തന്നെ നാലുവിധം. പ്രപഞ്ചം ശബ്ദാര്ത്ഥമയി തന്നെ.
മേല്‍ചൊന്ന ചതുര്വിധസൃഷ്ടിക്കും ആദികാരണം ശിവശക്തികള്‍ തന്നെ. ‘അ’ കാരം ശിവവാചകം, ‘ഹ’ കാരം ശക്തിവാചകം. രണ്ടും കൂടിച്ചേര്‍ന്നാല്‍ ‘അഹം’. ‘അഹ’ മിതി സര്‍വാഭിധാനം എന്ന് ഐതരേയോപനിഷത്ത്. അഘങ്ങളാകവേ നീങ്ങാന്‍ ഈ അഹം മതിയാകും.
ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സങ്കലത്താല് നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യദീപ്തിയാല് സംഗീതസാഹിത്യങ്ങളായി സുപരിണാമം നേടുന്നു. കാലമാകട്ടെ താളം ചേര്‍ത്ത് നാദപരിണാമങ്ങളൊരുക്കുകയായി. അനിച്ഛാപൂര്‍വമായി ആകാശത്തിലുണ്ടാകുന്ന നാദം അനാഹതം. ആഹതമാവട്ടെ സാധാരണ പ്രപഞ്ചനാദം. നാദമില്ലാതെ ഗീതമില്ല. ശബ്ദമില്ലാതെ സ്വരങ്ങളില്ല. നാദസഹായമില്ലാതെ നര്ത്തനമില്ല. ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാവുന്നു. രാഗതാളലയസ്വരശ്രുതികളാല് നാദം പ്രപഞ്ചത്തെ വസന്തം പോലെ സേവിക്കുന്നു. വാഗര്ത്ഥസംപൃക്തതയായി കാളിദാസനും ചിത്തരഞ്ജിനിയായി ‘നാദതനുമനിശം’ എന്ന് ത്യാഗരാജനും നാദമാഹാത്മ്യത്തെ അനുഗാനം ചെയ്തിരിക്കുന്നു.
സര്‍വനാദാത്മികയാണ് സരസ്വതീദേവി. വിജ്ഞാനദേവതയെ വിദ്യാവിനയസമ്പന്നര് നമസ്ക്കരിക്കണം. വെള്ളത്താമരയാണ് ദേവിയുടെ ഇരിപ്പിടം. വാഹനം അരയന്നം. ധരിക്കുന്നതോ തൂവെണ്മ വസ്ത്രം. ചതുര്‍ഭുജങ്ങളില്‍ വേദവും വീണയും അക്ഷരമാലയും അമൃതകലശവും. ഈ പ്രതീകങ്ങളാകവേ സാരവത്താണ്.
ഋഗ്വേദത്തില്‍ സരസ്വതി നദിയാണ്. ഹിമഗിരിയില്‍ പിറന്ന് സാഗരത്തിലേക്ക് ഒഴുകുന്ന ഈ ജ്ഞാനവിജ്ഞാനവാഹിനി. ഈ പ്രവാഹിനിയുടെ ഇരുകരകളിലും ഉച്ചനീചത്വമില്ലാത്ത ഒരു ഭാഷയുടെ നിത്യശാദ്വലമുണ്ടാവണം. ഈ ഭാഷയാവണം വീണാവരദണ്ഡമണ്ഡിതകരാനുഗ്രഹത്താല് ആദ്യക്ഷരം കുറിക്കേണ്ടത്. തുഷാരഹാരധാവള്യം ഈ ഭാഷയുടെ വെണ്മയാവണം. ജാഡ്യതമസ്സില് ഈ ഭാഷയുടെ സ്വരവ്യഞ്ജനങ്ങള്‍ ആശാരശ്മികളാവണം. ഈ ഏകലോകഭാഷ അനുരഞ്ജനത്തിനായിത്തീരണം. അപ്പോള്‍ നാം ഇങ്ങനെ മന്ത്രിക്കുക:
‘സര്‍വനാദാത്മികേ…’
എന്നിട്ട് ഉറക്കെ ചൊല്ലുക:
‘സര്വരൂപമയീ ദേവീ
സര്‍വം ദേവിമയം ജഗത്
അതോ ഹം വിശ്വരൂപാം ത്വാം
നമാമി പരമേശ്വരീം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: