കുന്നംകുളം: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളം, പാലക്കാട് ജില്ലകളിലെ സൂപ്പര്‍ സ്‌കൂളുകളെ മലര്‍ത്തിയടിച്ച് ചാമ്പ്യന്‍ സ്‌കൂളായി മാറിയ മലപ്പുറം ജില്ലയിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ ഇത്തവണ കച്ചമുറുക്കുന്നത് കിരീടം നിലനിര്‍ത്താന്‍. അതിനായി മികച്ച ടീമുമായാണ് അവര്‍ ഇന്നലെ കുന്നംകുളത്തെത്തിയിട്ടുള്ളത്.
സ്‌കൂളിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഗത്ഭരായ കായികാധ്യാപകരാണ് ടീമിനെ ഇത്തവണ സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ കായികോത്സവത്തിനുശേഷം ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ടീം.
നാല് ദിവസത്തിനുശേഷം ചാമ്പ്യന്‍ സ്‌കൂള്‍ കിരീടം ഉയര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ കിരീടധാരണം ഫ്ളൂക്കല്ലെന്ന് അവര്‍ക്ക് തെളിയിക്കുകയും വേണം.
ഇത്തവണ ജംപ്സ് ഇനങ്ങളില്‍ ആധിപത്യം നേടി കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ ഷാഫി അമ്മായത്ത് പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പോള്‍വോള്‍ട്ടില്‍ മോശം പ്രകടനമായിരുന്നെങ്കിലും ഇത്തവണ അതിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന പ്രതീക്ഷയും ഷാഫി പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് 25 പേരുമായിയെത്തി കായിക മേളയിലെ മുടിചൂടാമന്നന്മാരെ അട്ടിമറിച്ച ഐഡിയല്‍ സ്‌കൂളിനായി ഇത്തവണ 30 അംഗ ടീമാണ് ഇറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഇരുപത്തി അഞ്ച് കായിക താരങ്ങളുമായി തിരുവനന്തപുരത്ത് ചന്ദ്രശേഖന്‍ നായര്‍ സ്റ്റേഡിയത്തില്‍ എത്തിയ ഐഡിയല്‍ കടകശ്ശേരി ടീം ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും നാലു വെങ്കലവുമടക്കം 20 മെഡലുകള്‍ നേടി 66 പോയിന്റുമായി സ്‌കൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയാണ് കോതമംഗലത്തെയും പാലക്കാട്ടെയും സ്‌കൂളുകളെ അത്ഭുതപ്പെടുത്തിയത്. ഇത്തവണ 10 സ്വര്‍ണമടക്കം 25 മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറഞ്ഞു.
ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ മുഖ്യ പരിശീലകന്‍ നദീഷ് ചാക്കോയുടെയും സീനിയര്‍ പരിശീലകന്‍ ടോമി ചെറിയാന്റെയും അസിസ്റ്റന്റ് കോച്ച് കെ.ആര്‍. സുജിത്തിന്റെയും നേതൃത്വത്തിലാണ് ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്നത്. ഇത്തവണ ചില റിക്കാര്‍ഡുകള്‍ സ്വന്തമാക്കാനും ലക്ഷ്യമിട്ടാണ് അവര്‍ ഇറങ്ങുന്നത്.
മലപ്പുറം ജില്ല സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി പതിനഞ്ച് തവണയും അത്ലറ്റിക് അസോസിയേഷന്‍ നടത്തുന്ന ജില്ലാ മീറ്റില്‍ പതിനല് തവണയും കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.
ചിട്ടയായ പരിശീലനവും അത്യാധുനിക സൗകര്യങ്ങളും കായിക താരങ്ങള്‍ക്കായി അക്കാദമി കായിക താരങ്ങള്‍ക്കായി ഒരുക്കിയതിന്റെ ഗുണഫലമാണ് കഴിഞ്ഞ തവണ തിരുവനന്തപുരത്ത് കണ്ടത്. ഞായറാഴ്ചയൊഴികെ ആഴ്ചയില്‍ ആറ് ദിവസവും കൃത്യമായ പരിശീലനമാണ് കായിക പ്രതിഭകള്‍ക്ക് നല്കുന്നത്.
രാവിലെ ആറു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് 4.30 മുതല്‍ ഏഴു വരെയുമാണ് പരിശീലനം. ആഴ്ചയില്‍ രണ്ട് ദിവസം കോഴിക്കോട് സര്‍വകലാശാല ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും പരിശീലനം നല്കുന്നു. ഇത്തവണ കിരീടം നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഷാഫിയും പരിശീലക സംഘവും കുന്നംകുളത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: