Categories: Kerala

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്: നിയോഗവുമായി വൈദേഹും നിരുപമയും

Published by

പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലുടെ നിശ്ചയിക്കുന്നതിനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ വൈദേഹ്, നിരുപമ ജി. വര്‍മ്മ എന്നിവര്‍ക്ക്. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മ തമ്പുരാന്റെ അംഗികാരത്തോടെ കൊട്ടാരം നിര്‍വാഹക സംഘമാണ് കുട്ടികളെ തെരഞ്ഞെടുത്തത്. 18ന് സന്നിധാനത്താണ് നറുക്കെടുപ്പ്.

ശബരിമല മേല്‍ശാന്തിയെ വൈദേഹും മാളികപ്പുറം മേല്‍ശാന്തിയെ നിരുപമ ജി. വര്‍മ്മയും നറുക്കെടുക്കും. പന്തളം കൊട്ടാരം കുടുബാംഗം ആലുവ, വയലകര ശീവൊള്ളിമന എസ്.എച്ച്. മിഥുവിന്റെയും ആടുവശേരി, വയലി കോടത്തുമന ഡോ. പ്രീജയുടെയും മകനാണ് വൈദേഹ്. ആടുവശേരി സെയിന്റ് ആര്‍നോള്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഗോപീകൃഷ്ണന്റെയും എഴുമറ്റൂര്‍ ചങ്ങഴശരി കോയിക്കല്‍ ദീപശ്രീ വര്‍മയുടെയും മകളാണ് നിരുപമ ജി. വര്‍മ. കൊടുങ്ങല്ലൂര്‍ ഭാരതിയ വിദ്യാഭവന്‍ വിദ്യാമന്ദറില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

17ന് രാവിലെ 11ന് കൈപ്പുഴ ശിവക്ഷേത്രത്തില്‍ വച്ച് കെട്ട് നിറച്ച്, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബന്ധുജനങ്ങളോടൊപ്പം ഇരുവരും ശബരിമലയിലേക്ക് യാത്ര തിരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by