Categories: Literature

വോതാളം പറഞ്ഞ കഥ

കഥ

Published by

രാത്രി.
പ്രപഞ്ചം ഇരുളിന്റെ ചിറകിന്‍ കീഴില്‍ ഒതുങ്ങി. വിക്രമാദിത്യ രാജാവ് ശ്മശാനത്തിലെത്തി. രാത്രിയുടെ പിളര്‍ന്ന വായ പോലെ എരിയുന്ന ചിതകള്‍. എല്ലുകള്‍ പൊട്ടുന്ന ശബ്ദം. നിശബ്ദതയ്‌ക്ക് പോറലേല്‍പ്പിച്ചുകൊണ്ടിരുന്നു. എരുക്കു മരത്തില്‍ അധോമുഖമായിക്കിടന്ന ശവം തോളിലേറ്റി ജ്ഞാനശീലന്‍ എന്ന കപട സന്യാസിയുടെ ആശ്രമത്തിലേക്ക് രാജാവ് നടന്നു. അപ്പോള്‍ ശവത്തിലാവേശിച്ച വേതാളം ഇങ്ങനെ പറഞ്ഞു.
”രാജന്‍ അങ്ങയുടെ ധൈര്യം അപാരം തന്നെ. പെരുമഴ പോലെ രാത്രി കോരിച്ചൊരിയുന്ന ഈ നിറപാതിരാവില്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അസാമാന്യപ്രഭാവന്‍മാര്‍ക്കേ കഴിയൂ. അങ്ങയുടെ മാനസോല്ലാസത്തിനുവേണ്ടി ഞാനൊരു കഥ പറയാം. അങ്ങ് ശ്രദ്ധിച്ചു കേട്ടാലും…”
അനന്തരം വേതാളം ഒരു കഥ പറഞ്ഞു:
പണ്ട് മലയാളക്കരയില്‍ അനന്തപുരം എന്നൊരു കൊച്ചു രാജ്യമുണ്ടായിരുന്നു. കള്ളവും ചതിയും എള്ളോളമില്ലാത്ത, മാലോകരെല്ലാം ഒന്നുപോലെ, ആമോദത്തോടെ വസിച്ചിരുന്ന, ആര്‍ക്കും ആപത്തുകളില്ലാത്ത, ബാലമരണങ്ങളില്ലാത്ത ഭൂമിയിലെ ഒരു സ്വര്‍ഗമായിരുന്നു അനന്തപുരം.
സ്വര്‍ഗം പോലും അനന്തപുരത്തിന്റെ സമൃദ്ധിയിലും അനന്തപുരിയിലെ ജനങ്ങളുടെ സൗഭാഗ്യത്തിലും അസ്സൂയപ്പെട്ടു.
”സ്വര്‍ഗത്തെ തോല്‍പ്പിക്കാന്‍ അങ്ങനെയൊരു രാജ്യം ഭൂമിയില്‍ വേണ്ട.”
ദേവേന്ദ്രന്‍ തലപുകഞ്ഞാലോചിച്ചു. ദേവഗുരു വഴി പറഞ്ഞു കൊടുത്തു.
”വിഷമിക്കേണ്ട. അനന്തപുരിയുടെ വടക്ക് ഒരു കുഞ്ഞ് ജനിക്കും അപ്പോള്‍ സൂര്യന്‍ അസ്തമിക്കും. കാലങ്കോഴികള്‍ കൂവും. അനന്തപുരിയുടെ അധിപനായ ദേവസേനന്‍ രാജ്യമുപേക്ഷിച്ച് വാനപ്രസ്ഥം പൂകും. ഈ കുഞ്ഞ് വളരും. അവന്‍ കരാളസിംഹന്‍ എന്ന പേരില്‍ അനന്തപുരിയുടെ അധിപനാകും. ഒരിക്കല്‍ സ്വര്‍ഗമായിരുന്ന രാജ്യം നരകമാവും.”
ദേവഗുരുവിന്റെ വാക്കുകള്‍ അഗ്‌നിജ്വാലകളായി അനന്തപുരിയെ വിഴുങ്ങി. കരാളസിംഹന്‍ അനന്തപുരിയുടെ അധിപനായി.
കരാളസിംഹന്റെ മകനായ രുദ്രസിംഹന് അച്ഛന്റെ ദുര്‍ഗുണങ്ങളെല്ലാം കിട്ടിയിരുന്നു. കരാളസിംഹന്റെ മന്ത്രിയായ നീചസിംഹനാവട്ടെ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി-എന്ന പേര് അന്വര്‍ത്ഥമാക്കാന്‍ പിറന്നവനായിരുന്നു. ഭരണകാര്യങ്ങളിലോ ജനക്ഷേമകരങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലോ രാജാവ് തരിമ്പും ശുഷ്‌കാന്തി കാണിച്ചില്ല.
ചൂതുകളിയിലും മൃഗയാ വിനോദങ്ങളിലേര്‍പ്പെട്ടും, മദ്യപി
ച്ചും ശത്രുക്കളെ തച്ചൊതുക്കിയും കരാളസിംഹന്‍ രാജ്യം ഭരിച്ചു.
വാനപ്രസ്ഥം പൂകിയ അനന്തപുരിയുടെ പ്രജാക്ഷേമതല്‍പ്പരനായ ദേവസേനന്റെ മകനായിരുന്നു അനന്തസിംഹന്‍.
മുറപ്രകാരം രാജാവാകേണ്ടത് അനന്തസിംഹനായിരുന്നു. പക്ഷെ, കുടിലബുദ്ധികളായ കരാളസിംഹനും വീരസിംഹനും
അനന്തസിംഹനെ തുറങ്കിലടയ്‌ക്കുകയും അദ്ദേഹത്തിന്റെ മക്കളില്‍ രാജ്യദ്രോഹം ആരോപിച്ച് ഗളച്ഛേദം നടത്തുകയും ചെയ്തു.
അങ്ങനെ രാജ്യം ശത്രുരഹിതമാക്കിയശേഷം ഉരുക്ക് മുഷ്ടികളുപയോഗിച്ച് കരാളസിംഹന്‍ നാടുഭരിച്ചു. എതിര്‍ക്കുന്നവരുടെ നാവരിഞ്ഞും, കണ്ണില്‍ തീക്കനലുകള്‍ നിറച്ചും, മലദ്വാരത്തില്‍ പഴുപ്പിച്ച കുന്തമുന കയറ്റിയും ശത്രു സംഹാരം നടത്തി. നിസ്സഹായരായ ജനങ്ങള്‍ നിശബ്ദരായി. അമര്‍ഷവും വെറുപ്പും കടിച്ചിറക്കി.
കരാളസിംഹന്റെ മകനായ രുദ്രസിംഹനും മന്ത്രിമാരായ നീചസിംഹനും സായാഹ്നങ്ങളില്‍ ‘കന്യകവേട്ട’ നടത്താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചു. എല്ലാ സായാഹ്നങ്ങളിലും കുന്നിന്റെ താഴ്‌വരയിലെ പുല്‍മേടുകള്‍ കന്യകമാരുടെ ഇളംചൂടുള്ള രക്തം വീണ് നനഞ്ഞു. അവരുടെ നിലവിളിയില്‍ മലകള്‍ കുലുങ്ങി. ഇങ്ങനെ ബലാല്‍സംഗം ചെയ്ത് വലിച്ചെറിയുന്ന കന്യകമാരെ രാജഭടന്മാര്‍ മൃഗീയമായി ഭോഗിച്ചു.
ജനങ്ങള്‍ നിശബ്ദരായി മൃഗങ്ങളെപോലെ കണ്ണീരൊഴുക്കി. യുവാക്കള്‍ സംഘടിക്കാനും തിരിച്ചടിക്കാനും തീരുമാനിച്ചു. പക്ഷേ, അവര്‍ക്കൊരിക്കലും ഒരു സംഘടിത ശക്തിയായി കരാളസിംഹനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ നിറഞ്ഞൊഴുകുന്ന കണ്‍മുന്നിലൂടെ സ്വന്തം പെണ്ണുങ്ങളെ രാജകുമാരനും മന്ത്രിയും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും അവര്‍ ശില പിളര്‍ക്കുന്ന രോദനത്തില്‍ – ‘രക്ഷിക്കണേ’ എന്നുറക്കെ കേഴുന്നതും നോക്കി പ്രതിമകളെപ്പോലെ നിശ്ചലം നില്‍ക്കാന്‍ മാത്രമേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
എന്തു വില നല്‍കിയും ഈ അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ യുവസമൂഹം തീരുമാനമെടുത്തു. കൊടുങ്കാടിന്റെ വിജനതയില്‍ അവര്‍ യോഗം ചേര്‍ന്നു. തുണിപ്പന്തങ്ങള്‍ കത്തിയെരിഞ്ഞു. ഇരുളിന്റെ വിണ്ടുകീറിയ മുഖത്തേയ്‌ക്ക് അവ ചോര നിറമുള്ള വെളിച്ചം തുപ്പിക്കൊണ്ടിരുന്നു. പക്ഷേ, പടയൊരുക്കത്തിന്റെ വിവരങ്ങള്‍ കൊട്ടാരത്തിലെത്തി. യുവനേതാവായ ശശാങ്കന്റെ, കുറുനരികള്‍ ചവച്ചുതുപ്പിയ ജഡം പുഴക്കരയിലെ മരച്ചുവട്ടില്‍ ശിരസില്ലാതെ കിടന്നു.
ഈ സംഭവം യുവസമൂഹത്തിന്റെ ആത്മവിശ്വാസം കെടുത്തി. പരാജയം സമ്മതിച്ച് ജീവരക്ഷ നേടാന്‍ ചിലര്‍ തീരുമാനിച്ചു. അവര്‍ രുദ്രസിംഹന്റെ ആശ്രിതരായി. ആശ്രിതരെ രുദ്രസിംഹന്‍ സ്വീകരിച്ചു. അവര്‍ക്ക് കൊട്ടാരവും വെപ്പാട്ടിമാരെയും നല്‍കി. വയലേലകളും തേന്‍ മധുരിക്കുന്ന പുഴവെള്ളം ഉപയോഗിക്കുന്നതിനുള്ള അവകാശവും പതിച്ചുകൊടുത്തു.
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വിളറിവെളുത്ത ആകാശത്തിലേക്ക് കൈകളുയര്‍ത്തി കരാളസിംഹന്‍ ഗര്‍ജ്ജിച്ചു.
‘അനുസരണം അച്ചടക്കം അല്ലെങ്കില്‍…..’
നാടെങ്ങും കൊടിയ പട്ടിണി വ്യാപിച്ചു. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ചിലര്‍ കൊട്ടാരവാതില്‍ക്കല്‍ സാഷ്ടാംഗം വീണു. പുഴയിലെ വെള്ളവും വയലിലെ ധാന്യവും അവര്‍ക്ക് ലഭിച്ചു.
കരാളസിംഹന്റെ ഐശ്വര്യസിദ്ധിക്കായി ക്ഷേത്രത്തില്‍ ഒരു സംവല്‍സരം നീണ്ടുനില്‍ക്കുന്ന പൂജ നടത്താന്‍ പൂജാരി തീരുമാനിച്ചു. പൂജയില്‍ സമസ്തജനങ്ങളും പങ്കെടുക്കണമെന്ന് രാജഭടന്മാര്‍ നാടെങ്ങും പെരുമ്പറ കൊട്ടിയറിയിച്ചു. പൂജയില്‍ പങ്കെടുക്കാത്തവരെ പുഴയിലെ വെള്ളവും വയലിലെ ധാന്യവും ഉപയോഗിക്കുന്നതില്‍നിന്ന് ആയുഷ്‌കാല വിലക്കേര്‍പ്പെടുത്തുന്നതാണെന്നും പ്രഖ്യാപിച്ചു.
രാജശിക്ഷ ഭയന്ന് ജനങ്ങള്‍ സംവത്സര പൂജയില്‍ പങ്കെടുത്തു. പൂജയില്‍ പങ്കെടുക്കാത്തവരെ നാടുകടത്തി. സംവത്സരപൂജ വിജയകരമായി സമാപിച്ചു.

അഗ്‌നികുണ്ഠത്തിലെ തീ അണഞ്ഞു. ചുവന്ന പട്ടുടുത്ത്, രക്തക്കുറിയണിഞ്ഞ് പുഴുവരിച്ച പല്ലുകള്‍ വെളിക്കു കാട്ടി പൂജാരി രാജാവിന്റെ കൈകളില്‍ പൂവും നീരും വീഴ്‌ത്തി. നിറഞ്ഞ സദസിനെ നോക്കി രാജാവ് വിളംബരം നടത്തി.

”എന്റെ പ്രജകളും മന്ത്രിപ്രവരരും സഭാവാസികളെയും സാക്ഷിയാക്കി നാം പ്രഖ്യാപനം നടത്തുന്നു. അനന്തപുരിയിലെ ന്യായാധിപനായി പൂജാരിയായ ദേവശര്‍മ്മനെ നാം നിയമിക്കുന്നു.’

പൂജാരി നിറകണ്ണുകളൊപ്പി. രാജാവിനെ ഗാഢമായി ആലിംഗനം ചെയ്തു. അങ്ങനെയിരിക്കെ രാജ്യത്ത് കൊടിയ വരള്‍ച്ചയുണ്ടായി. വര്‍ഷമേഘങ്ങള്‍ ഓടിയൊളിച്ച ആകാശത്തിന്റെ വിള്ളലുകളില്‍ നിന്ന് ഭൂമിയിലേക്ക് തീക്കനലുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു.

വിണ്ടുകീറിയ വയല്‍മണ്ണിന്റെ നിശ്വാസങ്ങള്‍ക്ക് അഗ്‌നിയുടെ ചൂടുണ്ടായിരുന്നു. നികുതിപ്പണം കൊടുക്കാന്‍ വച്ചിരുന്ന ധാന്യം ജനങ്ങള്‍ ഭക്ഷിച്ചു തീര്‍ത്തു. പാലുവറ്റി എല്ലുന്തിയ കന്നുകാലികളെ വിശന്നുവലഞ്ഞ ജനങ്ങള്‍ ആഹാരമാക്കി. കൊട്ടാര കവാടത്തില്‍ തൂക്കിയ പരാതിമണി ഇടതടവില്ലാതെ നിലവിളിച്ചു. അപ്പോള്‍, കുറുക്കിയ ബദാം നീരും ഏലത്തരികളും ചേര്‍ത്തു കാച്ചിയെടുത്ത പാല്‍ച്ചഷകവും കൈയിലേന്തി കരാളസിംഹന്‍ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു. ചോരവാര്‍ന്ന് വിളറിയ പേക്കോലങ്ങള്‍ തലയ്‌ക്കു മുകളില്‍ കൈകള്‍ കൂപ്പി ദയ യാചിച്ചു.

കരാളസിംഹന്‍ അലറി: ‘നാണം കെട്ട പട്ടികള്‍. ഇങ്ങനെ പെരുമാറാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക്. കടന്നുപോ എന്റെ കണ്‍മുമ്പില്‍ നിന്ന്. അപശകുനങ്ങള്‍, അപശകുനങ്ങള്‍…”
രാജാവ് ഉറക്കെ കൈ കൊട്ടി. രാജഭടന്മാര്‍ ജനങ്ങളെ മുള്ളാണികള്‍ തുന്നിപ്പിടിപ്പിച്ച ചാട്ടവാറുപയോഗിച്ചു തുരത്തി. അടിയേറ്റു ചിതറിയ ജനങ്ങള്‍ ഉറക്കെ നിലവിളിച്ചുകൊണ്ടോടി – നിലത്തുവീണുപോയവര്‍ രാജഭടന്മാരുടെ ചവിട്ടേറ്റു മരിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു.

ക്ഷാമവും വരള്‍ച്ചയും കശക്കിയെറിഞ്ഞ ജനങ്ങളെ കൂടുതല്‍ വലയ്‌ക്കാന്‍ വേണ്ടി കിഴക്കുനിന്ന് ദുര്‍മന്ത്രവാദിയെത്തി. പതിനേഴ് വയസുള്ള കന്യകയെ ബലികൊടുത്താല്‍ കരാളസിംഹന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയാകും എന്ന് ദുര്‍മന്ത്രവാദി പ്രവചിച്ചു.
കരാളസിംഹന്റെ ഭടന്മാര്‍ അചുംബിതയായ കന്യകയെ തിരഞ്ഞ് രാജ്യം മുഴുവന്‍ സഞ്ചരിച്ചു. പക്ഷേ രുദ്രസിംഹനും നീചസിംഹനും രാജ്യത്തിലെ കന്യകമാരെയെല്ലാം ബലാല്‍സംഗം ചെയ്തതിനാല്‍ അകളങ്കയായ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭടന്മാര്‍ തോറ്റു മടങ്ങി. പക്ഷേ ദുര്‍മന്ത്രവാദി വെറ്റിലയില്‍ മഷിയിട്ടുനോക്കിയപ്പോള്‍ രാജ്യത്തിന്റെ പടിഞ്ഞാറെ കോണില്‍ രത്‌നസിംഹന്‍ എന്ന വ്യാപാരിയുടെ പുത്രിയായ മദനവല്ലിയെ വിടനായ രാജകുമാരനില്‍നിന്ന് രക്ഷിക്കുന്നതിനുവേണ്ടി പിതാവ് ഭൂഗര്‍ഭ നിലവറ നിര്‍മ്മിച്ച് അതില്‍ ഒളിപ്പിച്ചതായി അറിവു കിട്ടി. രത്‌നസിംഹന്‍ തുറങ്കിലായി. രത്‌നസിംഹന്റെ കൊട്ടാരം ഇടിച്ചു നിരത്തിയ ഭടന്മാര്‍ നിലവറയിലെ സുരക്ഷിതത്വത്തില്‍നിന്ന് കന്യകയെ കണ്ടെടുത്തു. കന്യകാമേധത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കാന്‍ ജ്യോതിഷികള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കൊട്ടാരത്തിലെത്തി.
അന്നുരാത്രി, ബലിമുഹൂര്‍ത്തത്തിന് പത്തുനാഴിക മുമ്പ് നാടുവിട്ട യുവാക്കള്‍ തിരിച്ചെത്തി. അവരുടെ കീഴില്‍ പ്രതികാരവാഞ്ചയോടെ ജനങ്ങള്‍ അണിനിരന്നു. ആര്‍ത്തിരമ്പിയ ജനക്കൂട്ടം കൊട്ടാരത്തിന് തീവച്ചു. കന്യകയെ മോചിപ്പിച്ചു. തടവില്‍ കിടന്ന അനന്തസിംഹനെ പുതിയ രാജാവായി അവ രോധിച്ചു. കഥ പൂര്‍ണ്ണമാക്കിയ വേതാളം വിക്രമാതിത്യനോടു ചോദിച്ചു.
”രാജന്‍, പുതിയ രാജാവായ അനന്തസിംഹന് ജനോപകാരിയായ ഒരു നല്ല ഭരണാധിപനാവാന്‍ കഴിയുമോ?’
ഒരു നിമിഷത്തെ ഇടവേളയ്‌ക്കുശേഷം വിക്രമാദിത്യന്‍ മറുപടി പറഞ്ഞു.
‘ഇല്ല. ഒരു ജനതയ്‌ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടം ലഭിക്കുന്നു.’
വിക്രമാദിത്യന്റെ മറുപടിയില്‍ തൃപ്തനായ വേതാളം തിരികെ തന്റെ വാസസ്ഥാ നമായ എരിക്കു മരത്തിലേക്കു ചിറകടിച്ചു പറന്നുപോയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Story