തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്തരേന്ത്യക്കാരായ ദമ്പതികള്‍ക്കൊപ്പം അഹിന്ദു പ്രവേശിച്ച് ആചാരലംഘനമുണ്ടായ സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പിന്നില്‍ ദുരൂഹതയുണ്ടോയെന്നതാണ് പരിശോധിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 6.30നും 7നും ഇടയ്‌ക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ഉത്തരേന്ത്യക്കാരായ ദമ്പതികള്‍ക്കൊപ്പം മണക്കാട് അട്ടക്കുളങ്ങര സ്വദേശിയായ മുസ്ലിം സ്ത്രീ പ്രവേശിക്കുകയായിരുന്നു. അല്പശി ഉത്സവം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയത്.
ക്ഷേത്രഗോപുരം കടന്ന് മുന്നോട്ടുപോയ മൂവര്‍സംഘം ശീവേലിപ്പുരയിലും പ്രവേശിച്ചു. അഹിന്ദുവായ സ്ത്രീയെ തിരിച്ചറിഞ്ഞ ഉടനെ തന്നെ ഇവരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി. ക്ഷേത്രത്തിലെ ഒരു വനിതാജീവനക്കാരിയാണ് ഇവരെ കടത്തിവിട്ടത്. ഉത്തരേന്ത്യന്‍ ദമ്പതികളെക്കുറിച്ച് ആദ്യ ദിവസം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരുന്നത് ആശങ്കയ്‌ക്കിടയാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സികള്‍ ഇവരെ കണ്ടെത്തി. ഇവര്‍ ഹിന്ദുക്കള്‍ തന്നെയാണെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ മുസ്ലിം സ്ത്രീയെ ക്ഷേത്രദര്‍ശനത്തിനു മറ്റാരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രായശ്ചിത്തകര്‍മങ്ങള്‍ നടത്താനും ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തിന് മുന്നോടിയായി ആരംഭിച്ച കര്‍മങ്ങള്‍ ആവര്‍ത്തിക്കാനും തന്ത്രി നിര്‍ദേശിച്ചിരുന്നു. കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീര്‍ കോരല്‍ എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേത്രചടങ്ങുകള്‍ വീണ്ടും നടത്താനാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ക്ഷേത്രത്തില്‍ ആരംഭിച്ചു.
ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കണമെങ്കില്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നല്‍കണം. കനത്ത സുരക്ഷാസംവിധാനമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: