Categories: News

മൃത്യു ബാധിച്ചീടാത്ത ഭൂസുണ്ഡന്‍

Published by

ജ്ഞാനവാസിഷ്ഠത്തിലൂടെ

 

(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
അത്യന്തം അത്ഭുതമായ ഒരു ഇതിഹാസമായി വേറിട്ടൊരു രാമായണം ഓര്‍ത്തുപോകുന്നു. മോക്ഷമാര്‍ഗത്തെ പറയുന്നതായ അതില്‍ ഗ്രന്ഥലക്ഷമുണ്ടെന്നു ഞാന്‍ ഓര്‍ക്കുന്നു. വാല്മീകിയെന്നു പേരാകുന്ന മറ്റൊരു പുരുഷനോ വാല്മീകിതാനോ നിര്‍മ്മിച്ചുള്ള ഈ രാമായണം യുഗാന്തത്തില്‍ ക്ഷയിച്ചീടുകമൂലം ഈ ഭൂമിയില്‍ പന്ത്രണ്ടുവട്ടം തീര്‍ത്തിട്ടുണ്ട്. മാമുനേ! പഴയതായ, വ്യാസനിര്‍മ്മിതമായ രാമായണത്തോടു തുല്യമാകുന്ന ഭാരതമെന്ന പേരുള്ള രണ്ടാമത്തെ ഇതിഹാസം ഭൂമിയില്‍ ഇല്ലാതെകണ്ടുവന്നതായി ഞാന്‍ ഓര്‍ക്കുന്നു. വ്യാസനെന്ന മറ്റൊരു പുരുഷനോ വ്യാസനോ നിര്‍മ്മിച്ചതായ ഈ ഇതിഹാസം യുഗാന്തത്തില്‍ ക്ഷയിച്ചതുമൂലം ഈ ഭൂമിയില്‍ ഏഴുവട്ടം നന്നായി തീര്‍ത്തിട്ടുണ്ട്. ദുഷ്ടന്മാരായീടുന്ന രാക്ഷസന്മാരെയെല്ലാം നഷ്ടമാക്കീടുവാന്‍ ഈ സൃഷ്ടിയില്‍ ജനാര്‍ദ്ദനന്‍ ഭൂമിയില്‍ രാമനെന്നുള്ള പേരോടുകൂടി പതിനൊന്നാമതായുള്ള അവതാരം ചെയ്തു. ഭൂമിയുടെ ഭാരം ദൂരെക്കളയാനായി വസുദേവപുത്രനായി വിഷ്ണു ഈ സര്‍ഗ്ഗത്തില്‍ ഭൂമിയില്‍ ശ്രീകൃഷ്ണനെന്ന നാമത്തോടെ പതിനാറാമതായുള്ള അവതാരത്തെ ചെയ്യും.

ചിലപ്പോള്‍ ജഗദ്രൂപയായീടുന്ന ഭ്രാന്തിയുണ്ടാകാം. ജലത്തിലെ കുമിളപോലെ ചിലപ്പോള്‍ ഉണ്ടായിവരാ. ചിന്തിച്ചാല്‍ ഉറപ്പൊട്ടുമില്ലാതെയുള്ള ദൃശ്യഭ്രാന്തി ആത്മാവിനുള്ളില്‍ വര്‍ത്തിക്കുന്ന സംവിത്താണ്. വെള്ളത്തിലെ തിരമാലയെന്നവണ്ണം ആയത് സംഭവിക്കയും സംക്ഷയിക്കയും ചെയ്യും. ഇപ്രദേശത്തിലല്ലാ വടക്കേദിക്ക്, മുന്നം ഈ പ്രദേശത്തുണ്ടായിരുന്നതില്ല, ഈ പര്‍വതവും. വടക്കേദിക്ക് മുന്നം മറ്റൊരേടത്തായിരുന്നു, ഈ പര്‍വതവും മറ്റൊരേടത്തായിരുന്നു. സൂര്യാദിഗ്രഹങ്ങളുടെ സഞ്ചാരത്താലും തഥാ മേരുപ്രഭൃതിമര്യാദാപര്‍വതത്തിന്റെ സ്ഥാനത്താലും സൂര്യാദിഗ്രഹസഞ്ചാരാദികളെല്ലാം നന്നായി ദിക്കുകളുടെ സ്ഥാനം ഭാവിച്ചുകൊള്ളുന്നു. മറ്റൊരുതരത്തില്‍ ഭാവിക്കുന്നതാകില്‍ നിസ്സന്ദേഹം ദിക്കുകള്‍ക്കും അന്യഥാത്വം വന്നീടും.
‘കലിയുഗത്തില്‍ കൃതയുഗസ്ഥിതിയെ ഞാന്‍ കണ്ടു. ഞാന്‍ കൃതയുഗത്തില്‍ കലികാലാചാരത്തെക്കണ്ടു. ത്രേതായുഗാചാരത്തെ ഞാന്‍ ദ്വാപരത്തില്‍ക്കണ്ടു.

ത്രേതായുഗത്തില്‍ ഞാന്‍ ദ്വാപരസ്ഥിതിയെയും കണ്ടു.’ കാകന്‍ മഹാമാന്യന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അറിയാനായി ഞാന്‍ പിന്നെയും ചോദിച്ചു, ‘പല വ്യവഹാരങ്ങള്‍ക്കായി ഭവാന്‍ ലോകത്തില്‍ സഞ്ചരിച്ചീടുന്നു. എന്നിട്ടും ദേഹത്തിനെ മൃത്യു ബാധിച്ചീടാത്ത തെന്താണ്?’ അതുകേട്ടു പത്രിനായകന്‍ ഇങ്ങനെ പറഞ്ഞു, ‘അറിവുണ്ടെന്നാകിലും സര്‍വജ്ഞനാകുന്ന ഭവാന്‍ അറിവാന്‍ ഇച്ഛയോടെ എന്നോട് ചോദിക്കുന്നു. ഭൂമിയില്‍ പ്രഭുക്കന്മാരായവരുടെ ഭൃത്യനെ നല്ലവാഗ്മിയാക്കീടുമല്ലോ. എന്നാല്‍ ഭവാന്‍ ചോദിച്ചീടുകനിമിത്തമായി ഞാനതിനെ നന്നായിട്ടു പറയാം. സത്തുക്കളുടെ ആജ്ഞാചരണം തന്നെയാണ് മുഖ്യാരാധനയെന്നു വിദ്വാന്മാര്‍ പറയുന്നു. കോപം ഏതൊരുത്തനെ അല്പവും ദഹിപ്പിക്കുന്നില്ലാ, വാദമില്ല, ആ പുരുഷനെ മൃത്യു ബാധിക്കുകയില്ല. ഘോരവും കഠിനവുമായ യന്ത്രത്തില്‍ വളരെയായി ഇട്ടുകൊടുത്ത എള്ളിനെയെന്നപോലെ ചിത്തജന്‍ ആരെയാണു പീഡിപ്പിക്കുന്നത് ഈ ഭൂമിയില്‍ അപ്പുമാനെ മൃത്യു ബാധിക്കുകയില്ല. ഏറ്റവും നിര്‍മ്മലവും പാവനവുമായ പദത്തില്‍ ചിത്തദോഷങ്ങളൊക്കെ നീങ്ങി ആര് വിശ്രാന്തിയെ പ്രാപിച്ചുവാണീടുന്നു പാരിതില്‍ അപ്പുമാനെ മൃത്യു ബാധിക്കുകയില്ല. ഘോരമായ സംസാരരോഗത്തിനു കാരണമായി നില്‍ക്കും മുന്‍ചൊന്ന ദോഷമെല്ലാം ഏകമാകുന്ന തത്ത്വത്തിങ്കല്‍ എന്നും സമാധിയുക്തമാകിയ മനസ്സിനെ അല്പവും ബാധിക്കുകയില്ല.

പുത്രമിത്രാദിവിഷയഭ്രമപ്രവൃത്തമായി നോക്കിക്കണ്ടീടില്‍ ആധിവ്യാധിസമുത്ഥമായ ദുഃഖസഞ്ചയം ഏകതത്ത്വത്തില്‍ നല്ല സമാധിയുക്തമാകുന്ന മനസ്സിനെ ബാധിച്ചീടുകയില്ല. ഹൃദയാകാശത്തിനെ ഇരുളാക്കീടുന്നതും കാമക്രോധോല്‍ത്ഭൂതവുമായ ചിന്ത നിത്യവും ഏകസമാഹിതമായീടുന്ന ഒരു ചിത്തത്തെ അല്പംപോലും ബാധിച്ചീടുകയില്ല. ദുരര്‍ത്ഥം, ദുഷ്‌ക്രമം, ദുര്‍ഗ്ഗുണങ്ങള്‍, ദുരുദാഹരണങ്ങള്‍, ദുരാരംഭം എന്നിവയെല്ലാം നിത്യവും ഏകസമാഹിതമായീടുന്ന ഒരു ചിത്തത്തെ അല്പംപോലും ബാധിച്ചീടുകയില്ല. നിവൃത്താവിദ്യമായും അനുപാധികമായും നിര്‍വാണഹേതുവായും ചിന്തിക്കില്‍ സത്യമായും അല്പവും ഭവബന്ധമില്ലാത്തതായുമുള്ള മനസ്സിനെ തല്പരമാക്കിക്കൊള്ളേണം. ബഹുകാലം അത്യന്തം ഭയമേകുന്നതായി ശുദ്ധമില്ലാത്ത നാനാത്വമെന്ന ഭൂതം അല്പമെങ്കിലും ബാധിച്ചീടാതെയുള്ളതായ മനസ്സിനെ തല്പരമാക്കിക്കൊള്ളേണം. ആത്മചിന്തയെന്നത് മഹാമുനേ! സര്‍വദുഃഖങ്ങളെയും നിര്‍വാദം പെട്ടെന്ന് നശിപ്പിച്ചീടും. പ്രശസ്തരായ മഹാത്മക്കളായീടുന്ന ഭവാനെപ്പോലുള്ളവര്‍ക്ക് അത് എളുപ്പം ഉണ്ടായിവരും. എന്നേപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് അതുണ്ടായിവന്നീടുന്നതിന് ഓര്‍ത്തുകണ്ടാല്‍ അല്പം പണിയായുണ്ട്. ചിന്തിക്കുകില്‍ സര്‍വകലനാതീതമായി പരയായീടുന്ന ഒരു കോടിയെ പ്രാപിച്ചതായി എന്നും നിഷ്‌കളങ്കമായ ഇപ്പദത്തെ മന്ദബുദ്ധികലായുള്ളവര്‍ എവ്വണ്ണം പ്രാപിക്കുന്നു? വിവിധമായ ആത്മചിന്തയെപ്പോലെതന്നെ ഉള്ള ആത്മചിന്തയുടെ തോഴിമാര്‍ എന്നതിലൊന്നായി സര്‍വദുഃഖവും നാശമാക്കീടുന്നതായി സമസ്ത സൗഭാഗ്യവര്‍ദ്ധിനിയായി ചിന്തിക്കില്‍ ജീവിതത്തില്‍ ഹേതുവായെഴും ഞാന്‍ പ്രാണചിന്തയെ സമാശ്രയിച്ചീടുന്നു മുനേ!’

(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by