തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ വീണ്ടും ചൂട് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കേരളത്തിന്റെ പലയിടങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മഴയില്ലാത്തതിനെ തുടര്‍ന്ന് താപനില ഏകദേശം ആറു ഡിഗ്രി സെല്‍ഷ്യസാണ് വര്‍ധിച്ചത്.
സംസ്ഥാനത്തെ ശരാശരി പകല്‍ താപനില 27, 28 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 32, 33 ഡിഗ്രി സെല്‍ഷ്യസായിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാന്‍ തന്നെയാണ് സാധ്യത. കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാന്‍ കാരണം.
ചൂട് കൂടുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. ഇത് ബാധിക്കാതിരിക്കാന്‍ പരമാവധി ശുദ്ധജലം കുടിക്കുക എന്നാതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കേണ്ടത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍:
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം.
- വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
- വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം. കുട്ടികള്‍ക്ക് വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
- അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
- നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: