ഭഗീരഥ പ്രയത്നം എന്നത് ഭാഷയിലെ ഒരു ശൈലിയാണ്. ഇംഗ്ലീഷില്‍ ‘ഹെര്‍ക്കൂലിയന്‍ ടാസ്‌ക്’ എന്ന് പറയുന്നതുപോലെ, എന്ന് ചിലര്‍ ഉപമിക്കാറുണ്ട്. പക്ഷേ, അതിനുമപ്പുറമാണ് ഭഗീരഥ പ്രയത്നം. ഭഗീരഥന്‍ എന്ന പുരാണ കഥാപാത്രത്തിന്റെ കഥ ഏറെ ചുരുക്കിയാല്‍ ഇങ്ങനെ: കപിലമുനിയുടെ ശാപമേറ്റ് പിതൃലോകം പ്രാപിച്ച സഗര പുത്രന്മാര്‍ക്ക് മോക്ഷം ലഭിക്കാന്‍ ഗംഗയെ ഭൂമിയില്‍ ഒഴുക്കുകയാണ് പരിഹാരമെന്ന നൂറ്റാണ്ടുകളുടെ തപസ്സിന് ശേഷം ബ്രഹ്മാവില്‍നിന്ന് ഭഗീരഥന് ഉപദേശം കിട്ടി. അതിനായി ഗംഗയെ തപസ്സുചെയ്തു; ആയിരം വര്‍ഷം. ഗംഗ പ്രത്യക്ഷയായി, ആവശ്യം സാധിക്കാന്‍ തയാറായി. പക്ഷേ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ആ പതനാഘാതത്താല്‍ ഭൂമി തകര്‍ന്നുപോകുമെന്നതിനാല്‍ അതിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു; ഗംഗതന്നെ വഴിയും പറഞ്ഞു. പരമശിവന്റെ ജടയ്‌ക്ക് താങ്ങാനാകും. അതിനാല്‍ പരമേശ്വരനെ പ്രീതിപ്പെടുത്താന്‍ ഭഗീരഥന്‍ പിന്നെയും വര്‍ഷങ്ങള്‍ തപസ്സുചെയ്തു. ഗംഗയുടെ അഹന്ത തീര്‍ക്കാന്‍, ജടയിലേക്ക് പതിച്ച ഗംഗയെ പരമശിവന്‍ അതിലൊതുക്കി. പുറത്തു കടക്കാനാകാതെ ഗംഗയും ഗംഗയെ കിട്ടാതെ ഭഗീരഥനും കുഴങ്ങി. പിന്നെ ശ്രീപരമേശ്വരനെ വീണ്ടും വര്‍ഷങ്ങള്‍ തപസ്സുചെയ്ത് ഭൂമിയിലേക്കൊഴുക്കി, അവിടുന്ന് പാതാളത്തിലേക്കും. പക്ഷേ, പാതാളത്തിലേക്കുള്ള പോക്കില്‍ ജഹ്നു മഹര്‍ഷിയുടെ ആശ്രമം തകര്‍ത്ത് ഒഴുകിയ ഗംഗയെ മഹര്‍ഷി കമണ്ഡലുവില്‍ കോരിക്കുടിച്ച് അപ്രത്യക്ഷയാക്കി. ഭഗീരഥന്‍ മഹര്‍ഷിയെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി. ഗംഗ വീണ്ടും ഒഴുകി (അങ്ങനെയാണ് ജാഹ്‌നവിയായത്), പാതാളത്തില്‍, കപിലമുനിയുടെ ശാപത്താല്‍ കെട്ടപ്പെട്ട ഇക്ഷ്വാകു വംശകുലത്തിലെ സഗരന്മാര്‍ക്ക് ശാപമോക്ഷം നേടിക്കൊടുത്തു. സ്വന്തം വംശത്തോട് കടമയും കര്‍ത്തവ്യവും നിറവേറ്റാന്‍ ദൃഢനിശ്ചയം ചെയ്ത് അത് നടപ്പാക്കാന്‍ കഠിന തപസ്സും അധ്വാനവും കര്‍മ്മവും നടത്തിയ ഭഗീരഥന്‍ അങ്ങനെ കരുത്തിന്റെയും കര്‍മ്മത്തിന്റെയും കടപ്പാടിന്റെയും കര്‍ത്തവ്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകമായി എന്നും നിലകൊള്ളുന്നു. ഇക്കഥയുടെ സാഹസികതയും ഗൗരവവും അറിയാത്തവര്‍ ചെറു സാഹസികതയ്‌ക്കും ‘ഭഗീരഥപ്രയത്നം’ എന്ന് പ്രയോഗിക്കുന്നു.
ഗ്രീക്ക് പുരാണത്തിലെ കരുത്തിന്റെ കഥാപാത്രമായ ഹെര്‍ക്കുലീസിന്റെ കൃത്യങ്ങളും ഭഗീരഥവൃത്തിയും ഒരു തരത്തിലും സമാനമല്ല. മതിവിഭ്രമനായി, ഭാര്യയേയും മക്കളേയും വധിച്ച് അതുള്‍പ്പെടെ സകല പാപമോചനത്തിനായി, സിംഹത്തിനെ ആയുധമില്ലാതെ നേരിട്ടതുപോലുള്ള ‘സാഹസിക’ കൃത്യങ്ങളില്‍ കാണിച്ച മെയ്‌ക്കരുത്താണ് ‘ഹെര്‍ക്കൂലിയന്‍ ടാസ്‌കു’കളില്‍ ഒന്ന്. പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ വിവരിക്കുന്നില്ല!
ഭാരതത്തില്‍ നവകാലത്ത് നടക്കുന്ന ‘ഭഗീരഥപ്രയത്ന’ത്തിന്റെ ഒരു ഘട്ടംകൂടി കഴിഞ്ഞ ദിവസം പൂര്‍ത്തിയായതിനെക്കുറിച്ച് പറയാനാണ് എഴുതിത്തുടങ്ങിയത്. സൂര്യവംശത്തിലെ രാജാക്കന്മാര്‍ക്കു മാത്രമല്ല, സൂര്യനു താഴെയുള്ള സകലര്‍ക്കും പലവിധ ശാപങ്ങളില്‍നിന്ന് മോചനം നല്‍കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന നവഭഗീരഥന്‍ എന്നെല്ലാം വിശേഷിപ്പിച്ചാല്‍, ‘ഓ, നരേന്ദ്ര മോദിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയണമോ’ എന്ന മറുചോദ്യങ്ങള്‍ ഉയരാം. പക്ഷേ, ശൈലി പ്രയോഗിച്ചാല്‍, ഒരു രാഷ്‌ട്രീയ വിശദീകരണ വേദിയില്‍ മോദിയെ ‘നവകാല ഭഗീരഥന്‍’ എന്ന് വിളിക്കുന്നത് അത്യുക്തിയല്ലതന്നെ.
2023 ഒക്ടോബര്‍ ഒന്നിന്, സ്വച്ഛതാഹീ സേവ (ശുചീകരണം സേവനമാണ്) എന്ന പേരില്‍ നടത്തിയ യജ്ഞത്തെക്കുറിച്ചാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്‌ടോബര്‍ രണ്ടിന് സമാരംഭിച്ച ഒരു യജ്ഞമായിരുന്നു ‘സ്വച്ഛ് ഭാരത്’ പദ്ധതി; ഭാരതത്തിന്റെ ശുചീകരണം. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം വാര്‍ഷികദിനത്തില്‍ ഭാരതത്തെ ശുചിത്വഗ്രാമങ്ങളുടെ നാടായി പ്രഖ്യാപിക്കാനുള്ള ലക്ഷ്യമിട്ടായിരുന്നു പദ്ധതി. പക്ഷേ, 2019 ല്‍ അത് സാധ്യമാക്കുക എളുപ്പമല്ലായിരുന്നു. ശരിക്കും ‘ഭഗീരഥപ്രയത്ന’മാണെന്നറിഞ്ഞുതന്നെയായിരുന്നു പ്രഖ്യാപനം. ഒരുപക്ഷേ ഭാരതത്തിലെ മുഴുവന്‍ ജനതയും ഒറ്റക്കെട്ടായിനിന്ന് ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ സാധ്യമാക്കാവുന്ന യജ്ഞമായിരുന്നു. അതിന് ഓരോരുത്തരും ഭഗീരഥന്മാരായി മാറണമായിരുന്നു.
ജനാധിപത്യത്തിലെ സ്വാതന്ത്ര്യവും സ്വാരാജ്യ സങ്കല്‍പ്പവും അതിനുള്ള കാഴ്ചപ്പാടുകളിലും സമീപനത്തിലും അനുവദിക്കുന്ന വൈവിധ്യത്തില്‍ ഒരു ഭഗീരഥന്‍ പോലുമുണ്ടാകുന്നത് അത്യസാധാരണമാണല്ലോ. ഈ വര്‍ഷം ഗാന്ധിജയന്തിക്കുതലേന്ന്, ‘ഒരു തീയതിയില്‍ ഒരു മണിക്കൂര്‍, ഒരുമിച്ച്’ (ഏക് താരിഖ്, ഏക് ഘണ്ടാ, ഏക് സാഥ്) സ്വച്ഛ് ഭാരതിന്റെ തുടര്‍പ്രവര്‍ത്തനമായി ‘സ്വച്ഛതാ ഹി സേവ’ നടത്തി രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിക്ക് ‘സ്വച്ഛാഞ്ജലി’ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അതുസ്വീകരിച്ച് സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ സേവന-ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയത് ‘എത്രപേരെന്നോ? 1,09,68,68,049 പേര്‍ (109 കോടി, 68 ലക്ഷത്തി 68 ആയിരത്തി 49 പേര്‍). അവര്‍ ചെയ്തത് 12,80,766 (12 ലക്ഷത്തി 80 ആയിരത്തി 766) പ്രയത്നങ്ങള്‍. അവരുടെ പ്രവര്‍ത്തനത്തിനെ മണിക്കൂറില്‍ കണക്കാക്കിയാല്‍ 521,28,39,979 (521 കോടി 28 ലക്ഷത്തി 39 ആയിരത്തി 979) മണിക്കൂറുകള്‍. 2023 ജൂണിലെ കണക്കുകള്‍ പ്രകാരം നമ്മുടെ ജനസംഖ്യ 140.76 കോടിയാണ്. അങ്ങനെ നോക്കുമ്പോള്‍ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നതാണ് സ്വച്ഛതാ ഹി സേവയടെ കണക്ക്. അതായത്, നമ്മുടെ രാജ്യത്ത് ഭഗീരഥന്മാരുണ്ട്, അവര്‍ക്ക് ദൃഢനിശ്ചയവും കര്‍ത്തവ്യബോധവും വളര്‍ത്തുകയേ വേണ്ട, അവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാത്രം മതിയെന്നാണല്ലോ അതിന്റെ അര്‍ത്ഥം.
ചില കണക്കുകളും കാര്യങ്ങളും പറയാം. ഓര്‍മയില്‍ വായ്‌ക്കേണ്ടതാണ്. അധികാരമേറ്റ് 2014 ലെ ആദ്യനാളുകളില്‍ രാജ്യമെമ്പാടും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വീടുകളില്‍ ശുചിമുറികള്‍ പണിയാന്‍ സഹായം പ്രഖ്യാപിച്ച മോദിയെ ‘കക്കൂസ് പണിക്കാരന്‍’ എന്നു വിളിച്ചാക്ഷേപിച്ചവരുണ്ട്. 2014 ല്‍ ഭാരതത്തില്‍ 38.7 ശതമാനം വീടുകള്‍ക്കേ ശുചിമുറികള്‍ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ വെളിയിടങ്ങളിലാണ് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നത്. 2018 ല്‍ 96.88 ശതമാനം വീടുകള്‍ക്ക് ശുചിമുറി പണിയാന്‍ സര്‍ക്കാര്‍ സഹായിച്ചു. വിപ്ലവമായിരുന്നു അത്. ശുചിത്വം ജീവിതവ്രതമാക്കിയ ഗാന്ധിജിയുടെ ജന്മദിനത്തെ കേന്ദ്രീകരിച്ച് നടത്തിയ ഭഗീരഥയജ്ഞം ഇന്ന് ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലിയല്ല, ‘സ്വച്ഛാഞ്ജലി’യായി മാറിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ കാര്യം വ്യക്തമായി. ഗാന്ധിജി വളര്‍ത്തിയ സത്യഗ്രഹ പ്രസ്ഥാനവും സ്വരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച സത്യഗ്രഹികളും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ‘സ്വച്ഛഗ്രഹിക’ളായി മാറുന്ന കാഴ്ചയാണ് 110 കോടിയോളം ജനങ്ങള്‍ ഈ വര്‍ഷത്തെ സ്വച്ഛതായജ്ഞത്തില്‍ ഒരു മണിക്കൂറെങ്കിലും ഭഗീരഥന്മാരായതിലൂടെ കാണുന്നത്. ‘നമാമി ഗംഗേ’ എന്ന പദ്ധതിവഴി ഗംഗയെ ശുദ്ധമാക്കി പവിത്രമാക്കുന്നതോടൊപ്പം ഗംഗയുടെ തീരങ്ങളേയും ഗംഗയൊഴുകുന്ന ഭാരതത്തേയും ശുചിയാക്കാനുള്ള യജ്ഞത്തിന് മുന്നില്‍ നില്‍ക്കുന്ന, അതിന് തപസ്സ് ചെയ്യുന്ന, അസാധ്യമാക്കുന്നത് സാധ്യമാക്കുന്ന ഭരണാധികാരിയായി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത് നരേന്ദ്ര മോദിയല്ല, മറ്റാരെങ്കിലുമാണെങ്കിലും അദ്ദേഹം നവകാല ഭഗീരഥനാണ്; അതില്‍ രാഷ്‌ട്രീയപക്ഷം പിടിക്കരുത്.
എന്നാല്‍ ഭഗീരഥ പ്രയത്നത്തിനുമപ്പുറത്തേക്ക് ഈ ശുചീകരണ പദ്ധതിയെ വ്യാപിപ്പിച്ച് കാണുമ്പോഴാണ് ‘സ്വച്ഛതാ ഹി സേവ’യുടെ മഹത്വം വ്യക്തമാകുന്നത്. ഗാന്ധിജിയുടെ ശുദ്ധികള്‍ മനശ്ശുദ്ധി, വ്യക്തിശുദ്ധി, ജീവിതശുദ്ധി എന്നിവയായിരുന്നു മുഖ്യമായും. ഗാന്ധിജിയുടെ ഈ ശുചീകരണത്തെ സാമൂഹ്യശുദ്ധിയും രാഷ്ട്രശുദ്ധിയുമായി വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ കൂടിയാണ് മോദി നടത്തുന്നത്. പൊതുനിരത്തും ചന്തകളും വീട്ടുപരിസരവും പൊതു ഇടങ്ങളും ഓഫീസുകളും സ്വന്തം വീടും ശുചിയാക്കുന്നതിനപ്പുറം മാലിന്യങ്ങള്‍ കുന്നുകൂടിയ ചിന്തയും, മനസ്സും, പ്രവൃത്തിയും ശുദ്ധീകരിക്കപ്പെടുവാനാണ് നവഭഗീരഥ പ്രയത്നം. അതായത് സാമൂഹ്യ വിപത്തുകളായ അഴിമതി, അസഹിഷ്ണുത, കള്ള ഇടപാടുകള്‍, കള്ളക്കച്ചവടങ്ങള്‍ എല്ലാം മാലിന്യമായിക്കണ്ട് നടത്തുന്ന ശുചീകരണമാണ് ആത്യന്തിക ലക്ഷ്യം. അതിന് ഓരോ വ്യക്തിയിലും ഭഗീരഥന്റെ സേവനബോധം ഉണ്ടാവേണ്ടതുണ്ട്. ആ സേവനചിന്തയും മനസ്സും വളര്‍ത്തി സ്വയം ഞാനും സേവകന്‍ എന്ന് തോന്നിപ്പിക്കുകയായിരുന്നു ‘ഏക് താരീഖ്, ഏക് ഘണ്ടാ, ഏക സാഥ്’ എന്ന ആഹ്വാനം. അതില്‍ 110 കോടിയോളം പേര്‍ പങ്കെടുത്തുവെന്നത് ഭാരതം ‘ഗാന്ധിചിന്തയിലെ രാമരാജ്യ’ത്തേക്കെന്ന തെളിവുകൂടിയാകുന്നു. എന്നാല്‍, അപ്പോഴും ഞായര്‍ അവധിയും അവസരവും വിനിയോഗിച്ച് ‘മോദിയെന്ന പ്രധാനമന്ത്രി’യെ ചെവിക്കൊള്ളാതിരിക്കാന്‍ ശ്രമിച്ച ഔദ്യോഗിക സംവിധാനമുള്ള ‘രാഷ്‌ട്രീയ സംസ്ഥാന’വുമുണ്ട്; അത് കേരളമാണ്.’
പിന്‍കുറിപ്പ്:
മാധ്യമസ്വാതന്ത്ര്യം അപകടത്തിലെന്ന വാര്‍ത്തകള്‍ വായിച്ചപ്പോള്‍, 40 വര്‍ഷം മുമ്പ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ശേഷമുള്ള ഒരു സ്വീകരണ പരിപാടിയില്‍ തകഴിച്ചേട്ടന്‍ (തകഴി ശിവശങ്കരപ്പിള്ള) ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ (ജില്ലാ കഥകളി ക്ലബ്ബിന്റേതെന്ന് ഓര്‍മ്മ) ഒരു ചോദ്യത്തിനു മറുപടി പറഞ്ഞതോര്‍മ്മവന്നു: ”…അങ്ങനെ ഏതെങ്കിലും എഴുത്തുകാരനു മാത്രമായി ഒരു ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക