Categories: Article

ശോഭിതം; രാഷ്‌ട്രമന്ദിരം

ആ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് പുതിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരത്തെ ഒരു പവിത്ര കേന്ദ്രമായി കണക്കാക്കി അവിടെ നമസ്‌കരിച്ചുകൊണ്ട് രംഗപ്രവേശം നടത്തിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വലിയ വിവാദമാക്കിയിരുന്നല്ലോ നമ്മുടെ ‘മതേതര’കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍. മതേതരത്വമെന്നാല്‍ മിക്കവാറും ഹിന്ദുവിരുദ്ധമെന്നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം. സ്വാതന്ത്ര്യാനന്തരം അത് നൂറു ശതമാനവും അങ്ങനെതന്നെ എന്നുറപ്പിച്ചു. ഹിന്ദുവിരുദ്ധം എന്നത് വളര്‍ന്ന് ദേശീയ വിരുദ്ധതയിലേക്ക് എത്തിച്ചേരുകയും ചെയ്തു ഏതാണ്ടെല്ലാ മതേതരരും. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് പുതിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരത്തെ ഒരു പവിത്ര കേന്ദ്രമായി കണക്കാക്കി അവിടെ നമസ്‌കരിച്ചുകൊണ്ട് രംഗപ്രവേശം നടത്തിയത്. അപ്പോള്‍ മുതല്‍ മതേതരത്വം ‘തകരാന്‍’ തുടങ്ങിയതാണ്. ഇപ്പോള്‍ അതിന്റെ പരകാഷ്ഠയില്‍ എത്തിയിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ സംന്യാസിമാരും ചെങ്കോലും പൂജയും ഒക്കെയായി ‘മതേതര’വിരുദ്ധമായ നടപടികളാണ് കൈക്കൊണ്ടത് എന്ന അലമുറയുടെ പ്രതിധ്വനി ഇനിയും കെട്ടടങ്ങിയിട്ടില്ല. കമ്മ്യൂണിസ്റ്റുകളും മുസ്ലീം മതമൗലികവാദികളും സംന്യാസിമാരെ മുഴുവന്‍ സവര്‍ണരാക്കി വാഴിച്ചെടുക്കുകയും ചെയ്തു. എങ്കിലല്ലേ ജാതിസ്പര്‍ദ്ധ ഇളക്കാന്‍ കഴിയൂ.
ഈ കോലാഹലങ്ങളെല്ലാം നടത്തി ദേശീയാന്തരീക്ഷം മുഴുവന്‍ വിഷമയമാക്കുമ്പോള്‍ അവര്‍ അറിയാതെപോയ പല കാര്യങ്ങളുമുണ്ട്. അഥവാ അവര്‍ തമസ്‌ക്കരിച്ച് ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍. അത്, പാര്‍ലമെന്റ് മുഴുവന്‍ 1950ല്‍ തന്നെ ഹൈന്ദവവല്‍ക്കരിച്ചിട്ടുണ്ട് എന്നതാണ്; അഥവാ ഭാരതവല്‍ക്കരിച്ചിട്ടുണ്ട്. ഭരണഘടനയിലും ഇതേപോലെ ഭാരതവല്‍ക്കരണം അന്നേ നടന്നു.

ഭാരതീയം ഭരണഘടന

നമ്മുടെ ഭരണഘടനയില്‍ 22 ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭാരതചരിത്രത്തെ അന്നോളമുള്ള അറിവു വച്ച് പത്തു കാലഘട്ടങ്ങളാക്കി തിരിച്ചു. മോഹന്‍ജദാരോ-ഹാരപ്പന്‍ കാലം, വേദകാലം, ഇതിഹാസകാലം (രാമായണ – മഹാഭാരതകാലം), മഹാജനപദ-നന്ദ കാലം, മൗര്യ കാലഘട്ടം, ഗുപ്തകാലം, മധ്യകാലം, മുസ്ലീം വാഴ്ചക്കാലം, ബ്രിട്ടീഷ് കാലം, ആധുനിക സ്വാതന്ത്ര്യ സമര- വിപ്ലവ പ്രസ്ഥാനകാലം! ഇവയാണ് ആ പത്തു ഘട്ടങ്ങള്‍!

ആ കാലഘട്ടങ്ങളെ അടയാളപ്പെടുത്താനാണ് 22 ചിത്രങ്ങള്‍. അതില്‍ പശു, വേദകാല ഗുരുകുലം, രാമന്‍ സീതയെ വീണ്ടെടുത്തു വരുന്നത്, ഗീതോപദേശം, ബുദ്ധനും ശിഷ്യരും, മഹാവീരന്‍, അശോകന്‍, ബുദ്ധമതപ്രചാരം, ഗുപ്തകാലചിത്രം, വിക്രമാദിത്യസഭ, നളന്ദ സര്‍വകലാശാല, ഒറീസയിലെ ക്ഷേത്രശില്പങ്ങള്‍, നടരാജനൃത്തം, മഹാബലിപുരം ക്ഷേത്രശില്പമായ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവരുന്നത്, അക്ബര്‍, ശിവജിയും ഗുരുഗോവിന്ദസിംഹനും, ഝാന്‍സി റാണി, ടിപ്പു, ഗാന്ധിജിയുടെ ദണ്ഡിയാത്ര, ഗാന്ധിജിയുടെ നവഖാലി യാത്ര, നേതാജി സുഭാഷ് ചന്ദ്രബോസും വിപ്ലവകാരികളും, ഹിമവാന്‍, മരുഭൂമി, സമുദ്രം(ഭാരതത്തിന്റെ പ്രകൃതി വൈവിധ്യം)- ഇവയാണ് ആ ചിത്രങ്ങള്‍!

ദേശീയതയുടെ മുദ്രാവാക്യങ്ങള്‍

ഇവയില്‍ ഏതാനും ചിത്രങ്ങളൊഴിച്ച് ബാക്കിയെല്ലാം മതേതരര്‍ പറയുന്ന ‘വര്‍ഗീയത’യുടെ അടയാളങ്ങളാണ്. മോദി പാര്‍ലമെന്റിനെയും അതിന്റെ പുതിയ മന്ദിരത്തെയും വര്‍ഗീയവല്‍ക്കരിച്ചു എന്നാണെങ്കില്‍ ഭരണഘടനാശില്പികള്‍ ചെയ്തത് അതിലും കടുപ്പമായ കാര്യമല്ലേ? അപ്പോള്‍ ആ ഭരണഘടന എങ്ങനെ മതേതരര്‍ക്ക് സ്വീകരിക്കാനാവും? ഈ ആക്രോശിച്ച എല്ലാവരും ഭരണഘടനയാണ് അവരുടെ പ്രമാണഗ്രന്ഥം എന്ന് നാഴികയ്‌ക്ക് നാല്പതുവട്ടം ഉരുവിടുകയും ചെയ്യുന്നു! (അത് അവര്‍ പിന്തുടരുന്നില്ലെങ്കിലും).
ഇനി അതിനുമപ്പുറം ഈ മതേതരര്‍ പാര്‍ലമെന്റില്‍ത്തന്നെ കയറാന്‍ പാടില്ലാത്തതാണ്. കാരണം അവിടം മുഴുവന്‍ ഹിന്ദുത്വമാണ്. പാര്‍ലമെന്റിന്റെ പ്രധാന കവാടങ്ങളില്‍; ഭാരത സര്‍ക്കാരിന്റെ മുഖ്യമായ മുദ്രാവാക്യങ്ങളില്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ അടയാളങ്ങളില്‍… എല്ലാം ഹിന്ദുത്വം നിറഞ്ഞുനില്ക്കുന്നു.
മതേതര ഭാരതസര്‍ക്കാരിന്റെ മുദ്രാവാക്യം ‘സത്യമേവ ജയതേ’ എന്നാണ്. അത് മുണ്ഡകോപനിഷത്തിലെ വാക്യമാണ്. സത്യം മാത്രമേ ജയിക്കൂ എന്നാണ് അര്‍ത്ഥം! പാര്‍ലമെന്റ് മന്ദിരത്തിന്റെ അടയാളവാക്യം ‘ധര്‍മ്മചക്രപ്രവര്‍ത്തനായ’ എന്നതാണ്. അത് ശ്രീബുദ്ധന്റെ ധര്‍മ്മചക്രപ്രവര്‍ത്തന സൂത്രത്തില്‍ നിന്നെടുത്തതാണ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നത് അഥവാ പ്രവര്‍ത്തിക്കേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ് എന്നു പ്രഖ്യാപിക്കുന്നു. ധര്‍മ്മമെന്നാല്‍ മതമല്ല മതേതരവുമല്ല. അത് വിദേശ വിദ്യാഭ്യാസം കിട്ടുകയും സ്വദേശി സംസ്‌ക്കാരം കിട്ടാതെ പോവുകയും ചെയ്തവര്‍ക്ക് മനസ്സിലാകാന്‍ വിഷമമാണ്. കാരണം വൈദേശിക ദര്‍ശനങ്ങളിലോ തത്വശാസ്ത്രങ്ങളിലോ ധര്‍മ്മത്തിന് തത്തുല്യമായ ഒരു വാക്കില്ല.

പാര്‍ലമെന്റ് ഹൗസിലെ ഡോര്‍ നമ്പര്‍ ഒന്നില്‍
എഴുതിവച്ചിരിക്കുന്നത്,
‘ലോകദ്വാരമപാവാര്‍ണു
പശ്യേമ ത്വാ വയം രാ’
അല്ലയോ അഗ്‌നേ, പൃഥ്വീലോകത്തെ പ്രാപിക്കുന്നതിനുള്ള ദ്വാരത്തെ തുറക്കുക. രാജ്യത്തിനായിക്കൊണ്ട് ഞങ്ങള്‍ അങ്ങയെ കാണട്ടെ!
(ഛാന്ദോഗ്യോപനിഷത്: അ: 2, ഖണ്ഡം 24, മന്ത്രം 4)
പാര്‍ലമെന്റ് തുറക്കുകയെന്നാല്‍ ലോകത്തെ അഥവാ ജനങ്ങളെ കാണുകയാണ് എന്നര്‍ത്ഥം! പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന്റെ പ്രധാന കവാടമായ ഡോര്‍ നമ്പര്‍ രണ്ടില്‍ ഉള്ളത് ഇങ്ങനെ:
അയം നിജ പരോ വേതി
ഗണനാ ലഘു ചേതസാം
ഉദാര ചരിതാനാം തു
വസുധൈവ കുടുംബകം (പഞ്ചതന്ത്രം)
‘ഇവന്‍ (ഇത്) എന്റേത്, അവന്‍ (അത്) നിന്റേത് എന്നൊക്കെ കണക്കാക്കുന്നത് സങ്കുചിത ബുദ്ധിയുള്ളവരാണ്. വിശാലഹൃദയമുള്ളവര്‍ക്ക് ലോകം മുഴുവന്‍ ഒരു കുടുംബമാണ്.’
ഭാരതം മുമ്പോട്ടു വച്ച മറ്റൊരു ലോകവീക്ഷണം! ഓരോ ലോകസഭാംഗവും, അതായത് മുഴുവന്‍ ഭാരതീയനും ലോകത്തെ കാണേണ്ടത്, പഠിപ്പിക്കേണ്ടത് ഭാരതത്തിന്റെ ഈ വീക്ഷണമാണ്. ലോകത്തില്‍ മറ്റൊരു രാജ്യത്തും ഇത്തരമൊരു സങ്കല്പനം അവതരിപ്പിച്ചിട്ടില്ലതന്നെ! ലോകത്തിലെ മറ്റെല്ലാ തത്വശാസ്ത്രങ്ങളും സമൂഹത്തെ വിഭജിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭാരതം മാത്രമാണ് മുഴുവന്‍ ലോകവും ഒരൊറ്റ കുടുംബം, എല്ലാവരും ഒരേ അമ്മയുടെ മക്കള്‍ എന്ന വീക്ഷണം അവതരിപ്പിച്ചിട്ടുള്ളത്.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിന്റെ ലിഫ്റ്റ് നമ്പര്‍ ഒന്നില്‍ രേഖപ്പെടുത്തിയിരിക്കുന്നത്-
ന സ സഭാ യത്ര ന സന്തി വൃദ്ധാഃ
ന തേ വൃദ്ധാ യേന വദന്തി ധര്‍മ്മം
നാസൗധര്‍മ്മോ യത്ര ന സത്യമസ്തി
ന തത് സത്യം യത് ഝലേനാപ്യുപേയം!
(മഹാഭാരതം ഉദ്യോഗപര്‍വ്വം അ: 35 ശ്ലോ: 58)
അര്‍ത്ഥം: ‘വൃദ്ധനില്ലാത്ത സഭ സഭയല്ല; ധര്‍മ്മം പറയാത്ത വൃദ്ധന്‍ വൃദ്ധനല്ല; സത്യമല്ലാത്തതൊന്നും ധര്‍മ്മമല്ല; സത്യമില്ലാത്തതില്‍നിന്ന് കാപട്യം മാത്രമേ ഉണ്ടാകൂ.’
ജനപ്രതിനിധി സഭയില്‍ ഇരിക്കേണ്ടവരുടെ യോഗ്യത എന്ത് എന്ന് ഇത് വ്യക്തമാക്കുന്നു. സത്യവും ധര്‍മ്മവും അനുഭവ പരിജ്ഞാനവും അനിവാര്യമാണ് ഒരു ജനാധിപത്യ സമൂഹത്തിന് എന്ന ബോധ്യം നമ്മുടെ ജനപ്രതിനിധികളില്‍ എത്ര പേര്‍ക്കുണ്ട്?

ലിഫ്റ്റ് നമ്പര്‍ രണ്ടിലെ സൂചകം ഇങ്ങനെ:
സഭാം വാ ന പ്രവേഷ്ടവ്യം
വക്തവ്യം വാ സമഞ്ജസം
അബ്രുവന്‍ വിബ്രുവന്‍ വാപി
നരോ ഭവതി കില്ബിഷീ (മനുസ്മൃതി)
സഭയില്‍ പ്രവേശിക്കുകയോ പ്രവേശിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ സഭയില്‍ ഇരിക്കുന്നെങ്കില്‍ നേരു പറയണം. നേരു പറയാതിരിക്കുകയോ നുണ പറയുകയോ ചെയ്യുന്നവര്‍ പാപിയായിത്തീരും.

ജനപ്രതിനിധി സഭയില്‍ പോയിരിക്കുന്നവര്‍ വെറുതെ കോലാഹലമുണ്ടാക്കുകയോ ദുഷ്പ്രചാരണം നടത്തുകയോ അരുത്. അത് രാജ്യത്തിന് ഗുണം ചെയ്യില്ല. ജനങ്ങള്‍ക്കുവേണ്ടി, സത്യത്തിനുവേണ്ടി വാദിക്കുകയും പറയുകയും വേണമെന്ന മനുസ്മൃതിയുടെ ആഹ്വാനം ആരൊക്കെ ചെവിക്കൊള്ളുന്നുണ്ട്? പാര്‍ലമെന്റിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നവര്‍ ഉപജാപത്തിനോ സത്യധര്‍മ്മാദികള്‍ക്കുവേണ്ടിയോ? അതിന് മനുസ്മൃതി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കലി തുള്ളുന്നവരാണല്ലോ പലരും!

രാഷ്‌ട്രത്വത്തിന്റെ അടയാളങ്ങള്‍

ഇതുപോലെതന്നെയാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെ അടയാളവാക്യങ്ങളും.
സുപ്രീം കോടതിയുടെ മുദ്രാവാക്യം –
‘യതോ ധര്‍മ്മസ്തതോ ജയ:’ (മഹാഭാരതം)
എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയവുമുണ്ട്.

മഹാഭാരതത്തില്‍ പതിനൊന്ന് ഇടങ്ങളില്‍ ഈ വാക്യം ആവര്‍ത്തിക്കുന്നുണ്ട്. ഗാന്ധാരി പറയുന്നു,

യത: കൃഷ്ണസ്തതോ ധര്‍മ്മ
യതോ ധര്‍മ്മസ്തതോ ജയ:
-കൃഷ്ണനെവിടെയോ അവിടെ ധര്‍മ്മമുണ്ട്. എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയവും.
ധൃതരാഷ്‌ട്രരോട് വ്യാസനും വിദുരരും ഇതേ ആശയം ഉപദേശിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ വിധികളുടെ അടിസ്ഥാനം മറ്റു രാജ്യങ്ങളിലെപ്പോലെ വെറും നിയമത്തിന്റെ തലനാരിഴ കീറിയായാല്‍ മാത്രം പോര. അവിടെയൊന്നും പരിചിതമല്ലാത്ത, ഭാരതത്തില്‍ മാത്രം ഉദയംചെയ്ത ധര്‍മ്മമെന്ന സങ്കല്പമായിരിക്കണം വിധികളുടെ അടിസ്ഥാനമെന്ന് ഈ വാക്യം കോടതികളെ ഓര്‍മ്മിപ്പിക്കുന്നു.

ഭാരതത്തിന്റെ കരസേനയുടെ മുദ്രാവാക്യം –
‘സേവാ പരമോ ധര്‍മ്മ:’
പരമമായ ധര്‍മ്മം സേവനമാണ്.
ഈ സംസ്‌കൃത വാക്യം ഭാരതത്തിന്റെ സമീപനത്തെ കുറിക്കുന്നു. യുദ്ധത്തിനല്ല രാഷ്‌ട്രസേവനത്തിനാണ് മുന്‍ഗണന. അനിവാര്യമായ ഘട്ടത്തില്‍ യുദ്ധം ചെയ്യുന്നതും രാഷ്‌ട്രഭക്തിയുടെ അടിസ്ഥാനത്തില്‍ ചെയ്യുന്ന സേവനം എന്ന നിലയ്‌ക്കാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ദേശസ്‌നേഹമുള്ള സൈനികശക്തിയായി ഭാരതം വളര്‍ന്നത്.

ഭാരത വായുസേനയുടെ വാക്യം,
‘നഭ: സ്പൃശം ദീപ്തം’ എന്നതാണ്.
ഭഗവദ്ഗീതയിലെ വരിയാണിത്.

‘നഭ: സ്പൃശം ദീപ്തമനേക വര്‍ണം
വ്യാത്താനനം ദീപ്ത വിശാലനേത്രം
ദൃഷ്ട്വാഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്‌ണോ!’
‘ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്നവനും തേജസ്സുകൊണ്ടു ജ്വലിച്ചു നില്‍ക്കുന്നവനും നാനാവര്‍ണ സമുജ്ജ്വലനും വായ പിളര്‍ന്നവനും ജ്വലിക്കുന്ന വിശാലമായ കണ്ണുകളോടു കൂടിയവനുമായ അങ്ങയെ കണ്ട് ഭയാകുലചിത്തനായ എനിക്ക് ധൈര്യവും സമാധാനവും പ്രാപിക്കാന്‍ കഴിയുന്നില്ല.’
ഭഗവാന്റെ വിശ്വരൂപം കണ്ട് അന്ധാളിച്ചുപോയ അര്‍ജ്ജുനന്‍ പറയുന്ന വാക്യമാണിത്. ജ്വലിച്ചു നില്‍ക്കുന്ന തേജസ് – ആകാശ സൈന്യത്തിന് ഇതില്‍പ്പരം ഒരു വാക്യമേതാണ് ചേരുക!

ഭാരത നാവികസേനയുടെ അടയാളം –
‘ശം വരുണ:’ എന്നതാണ്.
‘ഓം ശം നോ മിത്ര: ശം വരുണ:
ശം ന ഇന്ദ്രോ ബൃഹസ്പതി:
ശം നോ വിഷ്ണുരുരുക്രമ:
നമോ ബ്രഹ്മണേ നമസ്‌തേ വായോ
ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി
ത്വാമേവ പ്രത്യക്ഷം ബ്രഹ്മവദിഷ്യാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാവവതു തദ് വക്താരമവതു
അവതു മാം അവതു വക്താരം
ഓം ശാന്തി: ശാന്തി: ശാന്തി:
(തൈത്തരീയോപനിഷത് – ശാന്തി പാഠം)
മിത്രന്‍ – സൂര്യന്‍ – നമുക്കു ആനന്ദമയമാകട്ടെ, വരുണന്‍ നമ്മെ അനുഗ്രഹിക്കട്ടെ, അര്യമാവ് നമുക്ക് ആനന്ദമരുളട്ടെ, ഇന്ദ്രനും ബൃഹസ്പതിയും നമുക്ക് ആനന്ദമേകട്ടെ, ദീര്‍ഘപദിയായ വിഷ്ണു നമുക്കു പരമാനന്ദമരുളട്ടെ, ബ്രഹ്മാവിനു വന്ദനം! ഹേ, വായോ, നിനക്കു നമസ്‌ക്കാരം, അല്ലയോ വായു, അങ്ങയെ പ്രത്യക്ഷമായ ബ്രഹ്മമെന്നു വിളിക്കാം! അങ്ങാണ് നീതി! അങ്ങാണ് സത്യം! അവന്‍ എന്നെ സംരക്ഷിക്കട്ടെ! അവനെയും എന്നെയും സംരക്ഷിക്കട്ടെ. എല്ലാവര്‍ക്കും ആദ്ധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായ ശാന്തി ലഭിക്കട്ടെ!

ആകാശവാണിയുടെ മന്ത്രം – ‘ബഹുജനഹിതായ’

‘ബഹുജനഹിതായ ബഹുജന സുഖായ ച’ എന്ന ഋഗ്വേദ മന്ത്രമാണിത്. ബഹുജനങ്ങളുടെ ഹിതത്തിനും സുഖത്തിനും
വേണ്ടി. ഇഷ്ടമുള്ളതു കിട്ടുമ്പോഴാണ് നമുക്ക് സുഖമായി എന്നു നാം വിചാരിക്കുന്നത്. എന്നാല്‍ നമുക്കു ഗുണമുളളതിനെയാണ് ഹിതമെന്നു പറയുന്നത്. സുഖമായതെല്ലാം ഗുണമാകണമെന്നില്ല. അതുകൊണ്ടാണ് സുഖത്തിനു മുമ്പ് ഹിതമായത് എന്നു പറഞ്ഞത്. ഹിതമായതിനെ ഇഷ്ടപ്പെടുകയും അതില്‍നിന്ന് സുഖം നേടുകയും ചെയ്യാം. ഈ മന്ത്രാര്‍ത്ഥം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഇന്നും സമൂഹത്തിനു ദോഷം വരുത്തുന്ന പ്രലോഭനങ്ങള്‍ക്കു പിന്നാലെ ആകാശവാണി ഓടാത്തത്.

ദൂരദര്‍ശന്റെ മുദ്ര മറ്റൊരു മന്ത്രമാണ്,
‘സത്യം ശിവം സുന്ദരം’
സത്യമായതാണ് ശിവം, ശിവമായത് സുന്ദരവും; അതായത് സത്യമാണ് ഏറ്റവും വലിയ സൗന്ദര്യമെന്ന്. ഇങ്ങനെയൊരാശയം ലോകത്തിലെവിടെയെങ്കിലും ഉണ്ടായിരിക്കുമോ?

എല്‍ഐസിയുടെ പ്രഖ്യാപനം:
‘യോഗക്ഷേമം വഹാമ്യഹം’

അനന്യാശ്ചിന്തയന്തോ മാം
യേ ജനാ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം (ഭഗവദ് ഗീത.)

അനന്യ ഭക്തിയോടെ എന്നെ ഉപാസിക്കുന്നവരുടെ മോക്ഷവും ഐശ്വര്യവും ഞാന്‍ ഉറപ്പുതരുന്നു (ഞാന്‍ വഹിക്കുന്നു)!
ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം വരാതെ സംരക്ഷിക്കുമെന്ന ഉറപ്പ് ഭഗവദ്ഗീതയുടേതാണ്.

ഭാരതത്തിലെ ഏറ്റവും വലിയ ഭരണനിര്‍വഹണ വിഭാഗമായ സിവില്‍ സര്‍വീസിന്റെ – ഐഎഎസിന്റെ മന്ത്രം –
‘യോഗ: കര്‍മ്മസു കൗശലം’ എന്നതാണ്. ഇതും ഭഗവദ് ഗീതയിലെ വാക്യം തന്നെ. കര്‍മ്മത്തിലുള്ള സാമര്‍ത്ഥ്യംതന്നെയാണ് യോഗം !

ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃത ദുഷ്‌കൃതേ
തസ്മാദ് യോഗായ യുജ്യസ്വ
യോഗഃ കര്‍മ്മസു കൗശലം!

സമബുദ്ധിയോടു കൂടിയ യോഗത്തില്‍ അഭയം തേടിയവര്‍ പുണ്യപാപങ്ങള്‍ രണ്ടിനെയും ഈ ജന്മത്തില്‍ത്തന്നെ ഉപേക്ഷിക്കുന്നു. അതിനാല്‍ നീ യോഗത്തിനായി യത്‌നിക്കുക. കര്‍മ്മത്തിലുള്ള സാമര്‍ത്ഥ്യംതന്നെയാണ് യോഗം!

അദ്ധ്വാനമാണ് ആരാധനയെന്നര്‍ത്ഥം. ജനങ്ങളാണ് ജനാര്‍ദ്ദനന്‍ അഥവാ ഈശ്വരന്‍! ജനസേവനം ഈശ്വരപൂജതന്നെ. അങ്ങനെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നയാളിന് മറ്റൊരു ആരാധന ആവശ്യമില്ലതന്നെ. ജനങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്ക് ഇതില്‍പ്പരം ഉചിതമായ ആഹ്വാനം ഏതാണുള്ളത്?

ഇങ്ങനെ ഇനിയുമേറെയുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും മുദ്രാവാക്യങ്ങള്‍ ഇതേ തരത്തില്‍ത്തന്നെയാണ്. കാരണം സ്വാതന്ത്ര്യാനന്തരവും ഭരണതലത്തില്‍ വന്ന തലമുറയില്‍ മിക്കപേരും ഈ നാടിന്റെ സംസ്‌ക്കാരത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരായിരുന്നു. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ പല രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും വിട്ടുവീഴ്ച ചെയ്തത് ദേശീയതയുടെയും സംസ്‌ക്കാരത്തിന്റെയും കാര്യത്തിലായിരുന്നു. കാലക്രമേണ ദേശീയതയെ വര്‍ഗീയതയായും വര്‍ഗീയതയെ മതേതരത്വമായും വ്യാഖ്യാനിച്ച് അധികാരം പങ്കിട്ടു.

അടിസ്ഥാനം ഹിന്ദുത്വം

ഭാരതത്തിനു പുറത്തുള്ളവര്‍ ഭാരതത്തിന്റെ അടയാളമായി കാണുന്നത് എന്തിനെയൊക്കെയാണ്? ഭാരതത്തിന്റെ സാഹിത്യം, ഇതിഹാസം, ആഘോഷം, ദര്‍ശനം, കല, പുരാണം, തത്വശാസ്ത്രം തുടങ്ങി ഭാരതീയമെന്ന് വിദേശികള്‍ കണക്കാക്കുന്നതും പഠിക്കുന്നതും ഇന്നത്തെ ഇവിടുത്തെ മതേതരവാദികള്‍ മതേതര വിരുദ്ധം അഥവാ ഹിന്ദുത്വം എന്നു പറഞ്ഞ് നിന്ദിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയായിരിക്കും. മതത്തിന്റെ നിറം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹിന്ദുത്വമാണ് ഭാരതത്തിന്റെ ആത്മാവ്! അത് ഇല്ലാതായാലോ ഭാരതം ഭാരതമല്ലാതായി മാറും. അഥവാ ഇല്ലാതാകും. അവശേഷിക്കുന്നത് വെറും ഒരു ഭൂഖണ്ഡവും ഒരുപറ്റം പുതിയ മനുഷ്യജീവികളുമായിരിക്കും!

അങ്ങനെയാകാതിരിക്കാനാണ് വര്‍ഗീയവാദികള്‍ എന്നു വിളിക്കുമ്പോള്‍ അതല്ല എന്നു കാണിക്കാന്‍ പ്രീണന രാഷ്‌ട്രീയവുമായി ഇറങ്ങാത്തത്. വര്‍ഗീയപ്രീണനത്തിന്റെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ആണ് ഭാരതം വിഭജിച്ചത്. മുസ്ലീം ലീഗ് 1947 വരെ കോണ്‍ഗ്രസ്സിനെ ഹിന്ദു പാര്‍ട്ടിയെന്നു വിളിച്ചു. ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമെല്ലാം ഹിന്ദു നേതാക്കളെന്ന് അവര്‍ പ്രചരിപ്പിച്ചു. അങ്ങനെയല്ലെന്നു സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ വ്യഗ്രതയുടെ ഫലമായിരുന്നു മാപ്പിളക്കലാപവും ഇന്നും ഒടുങ്ങാത്ത വര്‍ഗീയ കലാപങ്ങളും. ഭാരതത്തെ ഇത്രയൊക്കെ അനുഭവിപ്പിച്ചിട്ടും കോണ്‍ഗ്രസ് ഇന്നും ആ വൃത്തികെട്ട പാത പിന്തുടരുന്നു.

ഹിന്ദുത്വം തന്നെയാണ് ഭാരതത്തിന്റെ ആത്മാവ് എന്ന് ആര്‍എസ്എസ് മാത്രമല്ല പറഞ്ഞിട്ടുള്ളത്. മതേതരത്വത്തിന്റെ പ്രവാചകന്‍ എന്ന് സ്വയം അവകാശപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവും ഭാരതവിരുദ്ധതയുടെ പ്രത്യയശാസ്ത്രത്തിന്റെ വക്താവായ ഇ.കെ. നായനാരും പിണറായി വിജയനുമടക്കം ഭാരതീയതയെന്നാല്‍ ഹിന്ദുത്വം തന്നെയാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. 1954ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പീക്കിങ്ങില്‍ വച്ച് കമ്മ്യൂണിസ്റ്റ് ചൈനയുടെ സര്‍വാധിപതി മാവോയെ സന്ദര്‍ശിച്ചു. ആ സന്ദര്‍ഭത്തില്‍ ഭാരതത്തിന്റെ സമ്മാനമായി നല്‍കിയത് ഒരു നടരാജശില്പമായിരുന്നു! നടരാജന്‍ എന്നത് ഇന്നത്തെ ഭാഷയില്‍ ഹിന്ദുബിംബമായ ഭഗവാന്‍ ശിവനാണ്. അത് നെഹ്രുവിനും അറിയാവുന്നതാണ്. എന്നിട്ടും എന്തിനായിരിക്കും ആ വിഗ്രഹം തന്നെ നല്‍കിയത്? ഈ നാടിന്റെ സാംസ്‌ക്കാരിക പ്രതീകമായതുകൊണ്ട്.

അതിനും മുന്നേ ഇടക്കാല സര്‍ക്കാരില്‍ അംഗമായിരിക്കേ ഡോ: രാജേന്ദ്രപ്രസാദ് ബര്‍മ്മ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അവിടുത്തെ ഭരണാധികാരിക്ക് ഭാരതത്തിന്റെ സമ്മാനമായി രാജേന്ദ്രപ്രസാദ് നല്‍കിയത് ഒരു വെള്ളിക്കുടത്തില്‍ ഗംഗാജലവും ഒരു ആല്‍മരത്തൈയുമായിരുന്നു. ഇതുരണ്ടും മുമ്പു സൂചിപ്പിച്ചതുപോലെ ഹിന്ദുമത പ്രതീകങ്ങളാണ്. ഗംഗ ഭാരതീയ സംസ്‌കാരത്തിലും ഹൈന്ദവ മത പ്രതീകങ്ങളിലും പുരാണേതിഹാസങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ കൊടുത്തത് അതാണ്. ‘വൃക്ഷങ്ങളില്‍ അശ്വത്ഥമാണു ഞാന്‍’ എന്ന് ഭഗദ് ഗീതയയില്‍ ഭഗവാന്‍ പറയുന്നു. അപ്പോള്‍ ആല്‍മരവും ഹിന്ദുബിംബം തന്നെ.

കേരളത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു വിദേശയാത്ര നടത്തി. കൂടെ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനും പി.ജെ. ജോസഫും ഒക്കെ ഉണ്ടായിരുന്നു. ഈ യാത്രയുടെ ഭാഗമായി സഖാക്കള്‍ വത്തിക്കാനും സന്ദര്‍ശിച്ചു. ഒരു സംസ്ഥാനത്തിന്റെ പ്രതിനിധികളാണെങ്കിലും അവര്‍ ഭാരതത്തില്‍നിന്നാണല്ലോ പോയത്. സന്ദര്‍ശനത്തിന്റെ സന്തോഷത്തില്‍ കത്തോലിക്കാമതത്തിന്റെ അഖിലലോക അധിപതി ആയിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്ക് സമ്മാനങ്ങള്‍ നല്‍കി; ഒരു ചന്ദനമാലയും വിദ്യാവാചസ്പതി വി. പനോളിയുടെ ഭഗവദ് ഗീതാ വ്യാഖ്യാനവും! അത് യാദൃച്ഛികമായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച് തയ്യാറാക്കി കൊണ്ടുപോയതാണ്. അതേപ്പറ്റി കേരളത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നു. കമ്മ്യൂണിസ്റ്റ് നേതാവ് കത്തോലിക്ക നേതാവിന് എന്തുകൊണ്ട് ഭഗവദ്ഗീത നല്‍കി? മറ്റെന്തെങ്കിലും സമ്മാനം ആയിക്കൂടായിരുന്നോ? ലേഖനങ്ങളും മറുലേഖനങ്ങളും പ്രസ്താവനകളും എതിര്‍ പ്രസ്താവനകളും പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലും നിറഞ്ഞു. ഒടുവില്‍ നായനാര്‍ തന്നെ വിശദീകരണമെഴുതി. അതും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പബ്ലിക് റിലേഷന്റെ മാസികയില്‍! അതില്‍ നായനാര്‍ വിശദീകരിച്ചത്, അവര്‍ പോയത് പാര്‍ട്ടി പ്രതിനിധികളായല്ല, മറിച്ച് സര്‍ക്കാര്‍ പ്രതിനിധികളായിട്ടാണ്. പോപ്പിന് ബൈബിള്‍ കൊടുക്കുന്നത് അനൗചിത്യമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അദ്ദേഹം കണ്ടിട്ടുമുണ്ടായിരിക്കും. തന്നെയുമല്ല ഭാരതത്തിന്റെ പ്രതീകമെന്നുള്ള നിലയ്‌ക്കാണ് ഭഗവദ്ഗീത കൊടുത്തത്. ഭാരതീയ സംസ്‌ക്കാരത്തിന്റെ ഉത്തമ ഗ്രന്ഥമായതുകൊണ്ടാണ് അതു നല്‍കാന്‍ തീരുമാനിച്ചത്.

ഇന്നത്തെ ‘മതേതരരുടെ’ ഭാഷയില്‍ ഭഗവദ് ഗീതയും ചന്ദനമാലയും മതഹിന്ദുക്കളുടെ മാത്രമല്ലേ? പിന്നെന്തേ നായനാര്‍ക്കും പിണറായി വിജയനും അതു തോന്നിയില്ല? രാഷ്‌ട്രീയം മാറ്റി വയ്‌ക്കുമ്പോള്‍ സത്യം അംഗീകരിക്കേണ്ടി വരും! അതാണ് നെഹ്‌റുവിലൂടെയും രാജേന്ദ്രപ്രസാദിലൂടെയും നായനാരിലൂടെയും വെളിപ്പെട്ടത്. ഉള്ളിന്റെയുള്ളില്‍ ദേശീയത ഹിന്ദുത്വമാണെന്ന് ഇവരെല്ലാം പ്രവൃത്തിയിലൂടെ കാണിച്ചുതന്നു.

വിജയമന്ദിര മാതൃക

ഭാരതം സ്വതന്ത്രമായപ്പോള്‍ അധികാരക്കൈമാറ്റത്തിന്റെ അടയാളമായി ചെങ്കോല്‍ കൈമാറിയതും ഇതേ ദേശീയ പാരമ്പര്യത്തിന്റെ അടയാളമായിട്ടാണ്. തമിഴ്‌നാട്ടിലെ ആദീനങ്ങള്‍ നല്‍കിയ ചെങ്കോല്‍ സി. രാജഗോപാലാചാരിയുടെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടീഷുകാരില്‍നിന്നും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോല്‍ ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെയുള്ളിലെ പടിഞ്ഞാറന്‍ കോംപ്ലക്‌സ് ആണ് പിന്നീട് അതിനെ അവഗണിക്കാന്‍ പ്രേരിപ്പിച്ചത്. ആ പ്രേരണയുടെ കാഠിന്യംകൊണ്ട് പവിത്രമായ ഒന്നിനെ ഊന്നുവടി എന്നെഴുതി അലഹബാദ് മ്യൂസിയത്തിലെ മൂലയില്‍ വലിച്ചെറിഞ്ഞു പിന്നീട്.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും കൂടി വലിച്ചെറിഞ്ഞ ഭാരതീയ പൈതൃകങ്ങള്‍ ഇരട്ടി ശക്തിയോടെ തിരിച്ചുവരികയാണ്. അവര്‍ തമസ്‌ക്കരിച്ച ചരിത്രങ്ങളെല്ലാം ഇരട്ടി മിഴിവോടെ പുതിയ കാലത്ത് കണ്‍തുറക്കുകയാണ്. അവര്‍ വളച്ചൊടിച്ചു വികൃതമാക്കിയ ദേശീയ ബിംബങ്ങളെല്ലാം പലമടങ്ങ് സജീവതയോടെ തിടംവച്ച് മുന്നേറുകയാണ്. അതിന്റെ അസ്വസ്ഥതകളാണ് അവര്‍ ഇപ്പോള്‍ പാര്‍ലമെന്റ് ഉദ്ഘാടന വേളയിലും പ്രകടിപ്പിച്ചത്.
ബ്രിട്ടീഷ് രാജിന്റെ അടിമത്ത ചിഹ്നമായ രാജ്പഥ് കര്‍ത്തവ്യപഥ് ആക്കി. ഇന്ത്യാ ഗേറ്റില്‍ ആധുനിക സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നക്ഷത്രമായ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ഖജുരാഹോയിലെ ബീജമണ്ഡല്‍ അഥവാ വിജയ ക്ഷേത്രത്തിന്റെ ഘടനയിലാണ്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കുകയും പതിനൊന്നാം നൂറ്റാണ്ടില്‍ നരവര്‍മ്മന്‍ എന്ന രാജാവ് പുതുക്കിപ്പണിയുകയും ചെയ്ത ക്ഷേത്രം. 1658ല്‍ ഔറംഗസീബ് ഇതു തകര്‍ത്ത് അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ആലംഗീര്‍ എന്ന പേരില്‍ 1682 പള്ളി പണിതു. 1991 ല്‍ ഒരു പെരുമഴയില്‍ അത് പൊളിഞ്ഞു വീണപ്പോഴാണ് നിറയെ ക്ഷേത്രപ്രതിഷ്ഠകളും മറ്റും കണ്ടത്. അവിടെ ഖനനം നടത്തിയ ആര്‍ക്കിയോളജി വിഭാഗത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടഞ്ഞു, നിര്‍ത്തിവയ്പിച്ചു. ആ ക്ഷേത്രസമുച്ചയത്തിന്റെ ഓര്‍മ്മയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

പുതിയ മന്ദിരത്തിന് മൂന്നു പ്രവേശന ദ്വാരങ്ങളുണ്ട്. ജ്ഞാനകവാടം, ശക്തികവാടം, കര്‍മ്മ കവാടം! ഭാരതീയ ജീവിത ദര്‍ശനത്തിന്റെ മൂലക്കല്ലുകളാണ് ജ്ഞാന- കര്‍മ്മ – ശക്തി സങ്കല്പങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ അഭാവമായിരുന്നു നാം പരാജയപ്പെട്ടപ്പോഴൊക്കെ കാരണമായിരുന്നത്. ഇവ വേണ്ടത്ര സമ്പാദിച്ചപ്പോഴൊക്കെ നാം വിജയിച്ചു. ഭാവിയിലും ഈ ബോദ്ധ്യം നമുക്കുണ്ടാകണമെന്നതുകൊണ്ടാണ് കവാടങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത്.

മൂന്നു കവാടങ്ങളിലുമായി ആറ് ദ്വാരപാലകരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ആന, കുതിര, ഗരുഡന്‍, മകരമത്സ്യം, പുലി, ഹംസം എന്നിവയാണവ. ഇവയും മേല്‍പ്പറഞ്ഞതുപോലെ വിവിധ ജീവിതസന്ദേശങ്ങളെയും ആശയങ്ങളെയും പ്രതിനിധീകരിക്കുന്നു. സന്ദര്‍ശക ഹാളില്‍ മുഴുവന്‍ പ്രപഞ്ചത്തെയും നാം ഉള്‍ക്കൊള്ളുന്നു എന്ന കാര്യം പ്രതീകവല്‍ക്കരിക്കുന്ന തരത്തില്‍ ഒരു വലിയ പെന്‍ഡുലം സ്ഥാപിച്ചിട്ടുണ്ട്. Foucault Pendulum എന്നാണ് അതിന്റെ പേര്.

പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിച്ച തമിഴ്‌നാട്ടിലെ ശൈവമഠമായ തിരുവാവാടുതുറൈ ആദീനം നിര്‍മ്മിച്ച ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു. 1947 ആഗസ്റ്റ് 14 ന് ശ്രീലശ്രീ അമ്പലവന ദേശികസ്വാമികള്‍ പൂജിച്ച് നല്‍കിയ ചെങ്കോല്‍ ബ്രിട്ടീഷുകാര്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു നല്‍കി. അധികാരക്കൈമാറ്റം ആചാരപരമായി നടത്തി. ചെങ്കോലില്‍ സെമ്മൈ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അധികാരക്കൈമാറ്റം നടക്കുന്ന വേളകളില്‍ പുരോഹിതര്‍ ഇത് പുതിയ ഭരണാധികാരിക്കു കൈമാറും. അധികാര നടത്തിപ്പ് നീതിയും ന്യായവും അനുസരിച്ചു വേണം എന്നതാണ് ‘സെമ്മൈ’യുടെ അര്‍ത്ഥം. അതുകഴിയാത്തതുകൊണ്ടായിരിക്കാം സ്വാതന്ത്ര്യാനന്തര സര്‍ക്കാര്‍ അത് വലിച്ചെറിഞ്ഞത്. നീതിയും ന്യായവും തിരിച്ചു കൊണ്ടുവരുന്നതിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ പുനഃസ്ഥാപിച്ചത്.

പ്രദര്‍ശനത്തിനു വേണ്ടി ചിത്രമണ്ഡപവും സ്ഥാപിച്ചു പാര്‍ലമെന്റില്‍. എട്ട് ആശയങ്ങള്‍ക്കനുസരിച്ചുള്ള ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉത്സവം, സ്വാശ്രയം, പ്രകൃതി, ആനന്ദം, ജ്ഞാനം, സമരസത, വിശ്വാസം, പര്യടനം! ഇവയും ഭാരതീയ ജീവിതവീക്ഷണത്‌നത്തിന്റെ ആശയങ്ങള്‍ തന്നെ. വിസ്തരഭയത്താല്‍ വിശദീകരിക്കുന്നില്ല.

സര്‍വ്വോപരി അഖണ്ഡഭാരതത്തിന്റെ ചിത്രവും പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്നു. വിഭജനത്തിനു കാരണക്കാരായിരുന്നവര്‍ക്ക് അത് തീരെ സഹിച്ചില്ല. തങ്ങള്‍ വിഭജിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ സങ്കല്പ തലത്തിലെങ്കിലും പുനര്‍സൃഷ്ടിക്കുന്നതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിം ലീഗും എതിര്‍ത്തു. നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അടങ്ങുന്നതാണ് അഖണ്ഡഭാരത ചിത്രം!

സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ നവഭാരതം ഉണരുകയാണ്. കുരുടനുമാത്രം അഥവാ കുദൃഷ്ടി മാത്രം അവ കാണാന്‍ കൂട്ടാക്കുന്നില്ല. തകര്‍ത്തെറിഞ്ഞു എന്ന് ഭാരതവിരുദ്ധര്‍ ആഹ്ലാദിച്ചിരുന്നതൊക്കെ പുനഃസൃഷ്ടിക്കുന്നു. അടിച്ചുടയ്‌ക്കാന്‍ ശ്രമിച്ചതിനെയൊക്കെ പുനരാനയിക്കുന്നു. പാശ്ചാത്യമായ ഇന്ത്യന്‍ മനസിന്റെ സ്ഥാനത്തേക്ക് ഭാരതീയമായ ദേശീയ മനസ് കടന്നിരിക്കുന്നു. സൃഗാലക്കൂട്ടങ്ങളുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെട്ട ഭാരതം മോചനം നേടിത്തുടങ്ങിയിരിക്കുന്നു. ഇത് മുന്നോട്ടു പോകേണ്ടതുണ്ട്. പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓരോ ഭാരതീയന്റെ ഉള്ളിലും ദേശീയതയുടെ ഭാവാത്മകമായ ആദര്‍ശത്തെ നിറയ്‌ക്കേണ്ടതുണ്ട്. അതുവരേയും ഈ ഭീഷണികളും വെല്ലുവിളികളും നിലനില്‍ക്കും.

വന-ഗ്രാമ-നഗരവാസികളില്‍ മുഴുവന്‍, ഭാരതത്തിന്റെ മുക്കിലും മൂലയിലും സ്വന്തം നാടിന്റെ കാവലാളാവാന്‍ സജ്ജരായ സര്‍വസാധാരണക്കാരായ ജനങ്ങള്‍ അണിയിട്ടു നില്‍ക്കുമ്പോഴാണ് ഭാരതം യഥാര്‍ത്ഥ പരമാധികാര റിപ്പബ്ലിക് ആയിത്തീരുക. കായിക സ്വാതന്ത്ര്യത്തില്‍നിന്ന് മാനസികവും ആത്മീയവുമായ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ ഭാരതം ലോക ഗുരുവായിത്തീരും. അതിന്റെ ആധാരശിലയാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക