അമ്മ, സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവി, വിശ്വമാതൃത്വം മുഴുവനായി മനുഷ്യശരീരത്തില്‍ ആവാഹിച്ച്, മര്ത്ത്യഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന മഹാശക്തി. വാചാതീതമായ ഈശ്വരപ്രേമം സുസ്പഷ്ടവും സ്പര്ശനവേദ്യവുമാക്കുന്ന മഹാശ്ചര്യം. സാധകനും സംന്യാസിക്കും സംസാരിക്കും ദിശാബോധമേകി അനുഗ്രഹിക്കുന്ന മാര്‍ഗ്ഗദീപം. മുക്തിപ്രദായിനി. അഗതികള്ക്കഭയസ്ഥാനം. കാരുണ്യസാഗരത്തിന്റെ മാനവരൂപത്തിനു എഴുപതു വയസു തികയുന്നു. അനേകം മനുഷ്യായുസ്സുകള്ക്കു ചെയ്തു തീര്‍ക്കാനാവാത്ത കര്‍മ്മപദ്ധതികള്‍ ഇതിനോടകം അമ്മ നിര്‍വ്വഹിച്ചു കഴിഞ്ഞു. ലോകത്തിന്റെ സുസ്ഥിതിക്കായി ഇനിയും എത്രയെത്ര കര്‍മ്മപരിപാടികള്‍ ആ പ്രപഞ്ചഹൃദയത്തില്‍ ഗുപ്തമായിരിക്കുന്നു.
മഹാപുരുഷന്മാര് ശരീരികളും അതിനതീതരുമാണ്. അവര്‍ നമുക്കൊപ്പവും അതിനപ്പുറവുമാണ്, അനുഭവവേദ്യരും അനുഭവജ്ഞാനാതീതരുമാണ്. പഠിച്ചതു പറയുന്ന കൂട്ടിലടച്ച തത്തയെ പോലെ നാക്കിട്ടടിക്കാനുള്ളതല്ല വേദാന്തം. അതൊരു നിത്യനിരന്തരാനുഭവമാണ്. വേദാന്തം ജീവിതം തന്നെയാണ്. അത് അടുത്തുനിന്ന് അറിഞ്ഞതുകൊണ്ടായിരിക്കാം ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അമ്മയുടെ അഷ്ടോത്തരത്തില്‍ ‘ഓം സച്ചിദാനന്ദമൂര്ത്തയേ നമഃ’ എന്ന കുറിച്ചത്.
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ തഥാ യഥാ സുഖം
അര്‍ത്ഥം: ”രാമനെ ദശരഥനായിട്ടും, സീതയെ ഞാന്‍ ആയിട്ടും കാടിനെ അയോദ്ധ്യയായിട്ടും കണക്കാക്കുക. മകനേ സുഖമായി പോയി വരൂ.
സീതാരാമന്മാര്ക്കൊപ്പം വനവാസത്തിനു പുറപ്പെടാന്‍ തുടങ്ങുന്ന ലക്ഷ്മണന്, അമ്മ സുമിത്ര നല്കുന്ന യാത്രാമൊഴിയാണിത്. രാമായണത്തിന്റെ സാരസര്‍വ്വസ്വമാണ് ഈ ശ്ലോകം എന്നു പറയപ്പെടുന്നു. ഇതില്‍ ‘കാടിനെ അയോദ്ധ്യയായി കാണുക. മകനെ സുഖമായി പോയി വരൂ.” എന്ന സുമിത്രയുടെ ഉപദേശം ശ്രദ്ധേയമാണ്. യുദ്ധം അല്ലെങ്കില്‍ സംഘര്‍ഷം ഇല്ലാത്തിടമാണ് അയോദ്ധ്യ. ശാന്തിയുടെ കേദാരം. മനസും ചിന്തയും അടങ്ങുമ്പോഴുണ്ടാകുന്ന അവസ്ഥ. സുമിത്ര പറയുന്നതിന്റെ പൊരുള്‍ അതാണ്. രാമനുള്ളിടമാണ് അയോദ്ധ്യ. അതു വനമായാലും, ധര്‍മ്മസ്വരൂപനായ ശ്രീരാമന്റെ സാന്നിദ്ധ്യം അവിടം ശാന്തിപൂര്ണ്ണമാക്കും. ആനന്ദഭരിതമാക്കും.
അമ്മയ്ക്ക് ജീവിതവും അദ്വിതീയമായ വേദാന്താനുഭവവും രണ്ടല്ല. അതുകൊണ്ട് അമ്മയുള്ളിടമെല്ലാം അമൃതപുരിയാണ്. ആനന്ദപുരിയാണ്. സ്വന്തം അസ്തിത്വം തേടിയുള്ള അന്വേഷണമാണ് ആധ്യാത്മികത. അവിടെ അവനവനെത്തന്നെയാണ് പഠന വിഷയമാക്കുന്നത്. തപോനിഷ്ഠയിലൂടെ, മനസ്സിനെ സ്ഫുടം ചെയ്തെടുക്കുമ്പോള്‍, “ഞാന്‍ തന്നെയാണീശ്വരന്‍. അഖിലവും ഞാന്‍ തന്നെ’ എന്ന ബോധം അനാവരണം ചെയ്യപ്പെടുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ പരിമിതികളെല്ലാം ഭേദിക്കപ്പെടുന്നു. അകവും പുറവും’ എന്ന തോന്നല്‍ മാഞ്ഞുപോകുന്നു. മഹാകാശത്തിന്റെ അനന്തത സ്വാനുഭവമാകുന്നു. ആ അനന്തതയാണ് സദ്ഗുരുവിന്റെ ലോകം. അതാണ്, ‘ഈ പ്രപഞ്ചം ഒരു ചെറുകുമിളയായി എന്റെയുള്ളില്‍ നിലകൊള്ളുന്നു’ എന്ന് അമ്മ പറയുന്നതിന്റെ അര്‍ത്ഥം.
ഗുരു വ്യക്തിയല്ല അഖണ്ഡ ചൈതന്യമാണ്. സര്‍വ്വവ്യാപകത്വമാണ് അവിടുത്തെ സ്വരൂപം. കാറ്റിന്റെ സാന്നിദ്ധ്യം പോലെ, അതേവര്‍ക്കും എല്ലായ്പ്പോഴും സുലഭമാണ്.
ശാസ്ത്രജ്ഞന്മാര് ഭൂഗുരുത്വബലം കണ്ടെത്തുന്നതിനു മുന്‍പും അതു നിലനിന്നിരുന്നു. പക്ഷെ, അതുകാണാനുള്ള ഉള്‍ക്കാഴ്ച്ചയും അറിയാനുള്ള സംവേദനക്ഷമതയും അതിനു മുന്‍പ് ആരിലും ഉണ്ടായിരുന്നില്ല. അതുപോലെയാണ് സദ്ഗുരുവിന്റെ ചൈതന്യധന്യമായ സാന്നിദ്ധ്യവും. അത് അഭംഗുരമായൊരു നൈരന്തര്യമാണ്. കാറ്റിലും കല്ലിലും കടലിലും മരത്തിലും മരുഭൂമിയിലും ഓരോ മണല്‍ത്തരിയിലും ആ അഖണ്ഡചൈതന്യം സന്നിവേശിച്ചിരിക്കുന്നു. ചരാചരങ്ങളെ സംയോജിപ്പിക്കുന്ന അദൃശ്യശക്തിയാണത്. അതുകൊണ്ടാണ് പ്രഹ്ലാദന്റെ നിഷ്ക്കളങ്ക ഭക്തിക്കു മുന്നില്‍ ആ അനന്തശക്തി നരസിംഹരൂപത്തില്‍ തൂണു പിളര്‍ന്ന് അവതാരം കൊണ്ടത്.
കുരുക്ഷേത്ര യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായി ഭഗവാന് കൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കാനുള്ള മഹാഭാഗ്യം അര്ജുനന് സിദ്ധിച്ചു. ആ അനുഗൃഹീത നിമിഷം ഒന്നു സങ്കല്പിച്ചു നോക്കൂ. ഒരു പ്രത്യേക സാഹചര്യത്തില്‍ നിന്നുളവായ അത്യപൂര്‍വ്വ ദൃശ്യം. അര്‍ജ്ജുനനെ ഭീതിയുടേയും ആശ്ചര്യത്തിന്റെയും മൂര്‍ദ്ധാവിലെത്തിച്ച് അവസാനം സര്‍വ്വാപരാധങ്ങള്‍ക്കും മാപ്പപേക്ഷിച്ച് പൂര്‍ണ്ണ ശരണാഗതിയടയാന് സഹായിച്ച അലൗകിക നിമിഷം.
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത്പ്രണയേന വാപി
യച്ചാവഹാസാര്ത്ഥമസത്കൃതോള സി
വിഹാരശയ്യാസനഭോജനേഷു
ഏകോളഥവാപ്യച്ച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം (11.41 – 42)
”ഹേ ഭഗവന്‍! അങ്ങയുടെ ഈ മഹിമാതിശയം മനസ്സിലാക്കാതെ അവിടുന്നെന്റെ സ്നേഹിതനാണെന്നു ധരിച്ച്, മൂഢതകൊണ്ടോ സ്നേഹത്താലോ, ഞാന്‍ അങ്ങയെ ‘ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ’ എന്നൊക്കെ വിളിച്ചു പോയിട്ടുണ്ട്. ഹേ അച്യുത, കളിക്കുമ്പോഴും കിടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും തനിച്ചിരിക്കുമ്പോഴും പലരും കൂടി ചേര്‍ന്നിരിക്കുമ്പോഴും ഞാന്‍ ഏതെങ്കിലും വിധത്തില്‍ അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കില്‍, ആ തെറ്റുകള്‍ പൊറുക്കണമെന്നു ഞാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നു.
തനിക്കൊപ്പം, തന്റെ സമനായി. സുഹൃത്തായി, ചിരിച്ചും കളിച്ചും പലതരത്തിലുള്ള സംഭാഷണങ്ങള്‍ പങ്കുവെച്ചും ഇണങ്ങിയും പിണങ്ങിയും നടന്നിരുന്ന, അല്പം മുമ്പുവരെ തേര്‍ത്തടത്തില്‍ പാര്‍ഥസാരഥിയായി നിന്ന കൃഷ്ണനെ അല്ല അപ്പോള്‍ അര്ജ്ജുനന് കണ്ടത്. ആ ധന്യമുഹൂര്‍ത്തത്തില്‍, പ്രപഞ്ചശക്തി വിശ്വരൂപം പൂണ്ട് പാര്‍ത്ഥന്റെ മുമ്പില്‍ ആവിര്‍ഭവിക്കുകയായിരുന്നു. ഭഗവദ്ഗീതയുടെ 11ാം അധ്യായത്തില്‍ ആ മഹാത്ഭുതത്തെപ്പറ്റി വിശദമായി വര്‍ണിക്കുന്നുണ്ട്. ‘’അനേക വക്ത്ര നയനം അനേകാത്ഭുത ദര്‍ശനം…’ അനന്തമായ മുഖങ്ങളും കണ്ണുകളും… പ്രകൃതിക്ക് നാവുണ്ടായി, അസംഖ്യം നാവുകള്‍…ഓരോ അണുവും ഒരോ പുല്‍ക്കൊടിയും ഒരേ സ്വരത്തില്‍ അര്‍ജ്ജുനനെ അഭിസംബോധന ചെയ്തു. വിശ്വത്തിന്റെ ജിഹ്വയിലൂടെ ധര്‍മരഹസ്യം ശ്രവിക്കാന്‍ കിരീടിക്കു കഴിഞ്ഞു. ഈശ്വരന് മനുഷ്യനോട് സംവദിക്കുന്നതാണ് വിശ്വരൂപദര്‍ശനം. പ്രപഞ്ചശക്തി മനുഷ്യനു നല്കുന്ന സന്ദേശമാണത്. വിശ്വഗുരു ശിഷ്യനു നല്കുന്ന ഉപദേശമാണത്.
മഹാഗുരുക്കന്മാരുടെ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സംസ്കൃതഭാഷാ പരിജ്ഞാനം മാത്രം പോരാതെ വരും. വാക്കുകള്‍ക്ക് അതീതമായി പോകണം. അവരുടെ വചനാമൃതത്തിലെ ഓരോ വാക്കും കുത്തും കോമയും അര്‍ധവിരാമവും ധ്യാനവിഷയമാണ്. എന്തെന്നാല്‍ അതിലോരോന്നിലും അവരുടെ പ്രാണന്റെ പരമപവിത്രമായ സ്പന്ദനമുണ്ട്.
വാതിലടച്ച്, ജനാലകള്‍ ബന്ധിച്ച് , മുറിക്കുള്ളിലിരുന്നാല്‍ കാറ്റിന്റെ സുഖശീതളിമയോ , സൂര്യകിരണങ്ങളുടെ പ്രകാശദീപ്തിയോ അനുഭവവേദ്യമാകില്ല. അതുപോലെ, ഗുരുവിന്റെ മഹത്വമറിയാന്‍, അവിടത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃപാകടാക്ഷങ്ങളും ഏറ്റുവാങ്ങാന്‍ ശിഷ്യന് ഹൃദയകവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു ക്ഷമയോടെ കാത്തിരിക്കണം. അതു വെറും ബാഹ്യമായൊരു കാത്തിരുപ്പു മാത്രമല്ല. ധ്യാനത്തിന്റെ ഒരുയര്‍ന്ന തലം കൂടിയാണ്. പ്രേമഭാജനത്തിനെ കാത്തിരിക്കുന്ന പ്രേമവാനെ പോലെ… ശ്രീരാമചന്ദ്രപ്രഭുവിന്റെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരുന്ന ശബരിയെ പോലെ… ഋഷി ഗൗതമന്റെ ശാപത്താല്‍ കല്ലായി ഭവിച്ച് രാമപാദത്തിന്റെ സ്പര്‍ശത്തിനായി കാത്തിരുന്ന അഹല്യയെ പോലെ…
‘അഹല്യയെ ശപിച്ചു കല്ലാക്കി. ശാപമോക്ഷത്തിനായി അവള് കാത്തിരുന്നു’ എന്നത് ആലങ്കാരികമായി പ്രയോഗിച്ചിട്ടുള്ളതാകാം. വാല്മീകി രാമായണത്തിലെ വിവരണം അങ്ങനെയല്ല. അതില്‍ ഋഷി ഗൗതമന്, ‘സകലജീവജാലങ്ങള്‍ക്കും അദൃശ്യയായി മനഃശുദ്ധിക്കായി തപസ്സു ചെയ്യുക. രാമന് വരുന്നതുവരെ കാത്തിരിക്കുക’ എന്നാണ് അഹല്യയോട് ആജ്ഞാപിക്കുന്നത.് ശപിച്ച് പാറയാക്കി മാറ്റി എന്നത് കാവ്യഭംഗിയോടെ വര്ണ്ണിച്ചിരിക്കുന്നതായിരിക്കാം. പാറപോലെ ഉറച്ച മനസ്സോടെ, അചഞ്ചലമായ ഭക്തിയോടും ക്ഷമയോടും അഹല്യ തപസുചെയ്തു എന്നായിരിക്കാം കഥ സൂചിപ്പിക്കുന്നത്.
ഭൂഗോളത്തിന്റെ ആകര്‍ഷണശക്തിയെ പരമാര്ശിക്കാനാണ് ‘ഗുരുത്വാകര്‍ഷണം’ (gravitional force) എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. ഭൂമി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലാം അതിലേക്കാകര്‍ഷിക്കപ്പെടുന്നു. സദ്ഗുരുവിന്റെ സാന്നിധ്യത്തില്‍ അനുഭവപ്പെടുന്നതും ഒരുതരം ഗുരുത്വാകര്‍ഷണം തന്നെയാണ്. സര്‍വ്വഗതമായ ‘ഗുരുതത്ത്വത്തിലേയ്ക്കുള്ള ആകര്‍ഷണം.’ വിവരണാതീതവും അന്യാദ്യശവുമായൊരു വശ്യതയും ഹൃദ്യതയും മനോഹാരിതയുമാണത്.
നദിയുടെ പ്രവാഹം പോലെ, കുളിര്‍കാറ്റിന്റെ സാമീപ്യം പോലെ, ആഴിയും ആകാശവും പോലെ, സദ്ഗുരു ഒരു കേവല സാന്നിദ്ധ്യമാണ്. അറിവ് ബലംപ്രയോഗിച്ചു പകര്‍ന്നു നല്കാന് കഴിയുന്നതല്ല, പ്രത്യേകിച്ച് ആധ്യാത്മികജ്ഞാനം. അതിനാല്‍, സദ്ഗുരു സമ്മര്‍ദ്ദം ചെലുത്തിയോ നിര്‍ബ്ബന്ധിച്ചോ ശിക്ഷണം ചെയ്യില്ല. ശിഷ്യന്റെ പൂര്‍ണ്ണാനുമതിയും ഹൃദയം തുറന്ന സമീപനവും, ആത്മസമര്‍പ്പണവും ഇല്ലാതെ ഒന്നും സംഭവിക്കില്ല. അതുകൊണ്ടാണ് സ്വന്തം മനസ്സിന്റെ അനുഗ്രഹമാണ് ഏറ്റവും പ്രധാനം” എന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നത്. ആനന്ദത്തിന്റെ ഉത്തുംഗശൃംഗമാണ് ആത്മസാക്ഷാത്ക്കാരം. ആ സച്ചിദാനന്ദസമുദ്രത്തില് വിലയം കൊണ്ടാല്‍, പിന്നെ തിരിച്ചുവരവില്ല. ദ്വന്ദാതീതമായ ആ അവസ്ഥയില്‍ ലോകത്തോടും ലോകരോടും കാരുണ്യമോ പ്രേമമോ തോന്നണമെന്നില്ല. എന്നാല്‍, നമ്മുടെ പ്രിയങ്കരിയായ അമ്മയെ പോലെ അഹൈതുകകൃപാസിന്ധുക്കളായ അപൂര്‍വ്വം ചിലര്‍, തിരികെ വരും. ലോകോദ്ധാരണം നടപ്പാക്കാന്‍, ദുഃഖിതര്‍ക്ക് താങ്ങും തണലുമാകാന്‍, സാധകര്‍ക്കും സത്യാന്വേഷികള്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്കാന്, പ്രേമത്തിന്റെയും കാരുണ്യത്തിന്റെയും ഒരു ഗംഗാപ്രവാഹമായി അവര്‍ സാധാരണ മനുഷ്യരുടെ ഇടയില്‍, അവരിലൊരാളെ പോലെ, അസാധാരണ വൈഭവത്തോടെ കര്‍മ്മനിരതരായി ജീവിക്കും. അവരാണ് സദ്ഗുരുക്കന്മാര്‍, അവതാര പുരുഷന്മാര്.
ഭഗവാന് ശ്രീകൃഷ്ണന് പാണ്ഡവരോട് ഇഷ്ടവും കൗരവരോട് അനിഷ്ടവും ഉണ്ടായിരുന്നില്ല. അങ്ങനെ ധരിക്കുന്നത് തെറ്റാണ്. സദ്ഗുരുവും സമദര്‍ശിയുമായ ഭഗവാന് ഇഷ്ടാനിഷ്ടങ്ങള്ക്കതീതനായിരുന്നു. ആ വിശ്വമനസ്സില്‍ ദുഷനും ശിഷ്ടനും ശത്രുവിനും മിത്രത്തിനും ഒരേ സ്ഥാനമാണുണ്ടായിരുന്നത്. പാണ്ഡവര്‍ ശ്രീകൃഷ്ണനെ അഭയം പ്രാപിച്ചു. മഹാഭാരത യുദ്ധത്തില്‍ പോലും നിരായുധനായ കൃഷ്ണന് മാത്രം ഒപ്പം ഉണ്ടായാല്‍ മതിയെന്നാണവര്‍ അപേക്ഷിച്ചത്. പക്ഷേ, കൗരവര്‍ കൃഷ്ണനെ ശത്രുവായാണു കണ്ടത്. അതു കൃഷ്ണന്റെ കുറ്റമല്ല. കൗരവരുടെ മനസ്സിന്റെയും മനോഭാവത്തിന്റെയും കുഴപ്പമാണ്. കൗരവരോടു താല്പര്യക്കുറവുണ്ടായിരുന്നെങ്കില് നിപുണന്മാരായ പത്തുലക്ഷം ഭടന്മാരടങ്ങുന്ന തന്റെ നാരായണീ സേനയെ ഭഗവാന് കൗരവപക്ഷത്തിനു വിട്ടുകൊടുക്കമായിരുന്നോ? ലോകചരിത്രത്തില്‍ എവിടെയെങ്കിലും അങ്ങനൊരു സംഭവം കേട്ടിട്ടുണ്ടോ?
ശരീരമുള്ളിടത്തോളം എല്ലാവരും ഈ ലോകത്തിലാണ് ജീവിക്കേണ്ടത്. സദ്ഗുരുക്കന്മാരുടെ കാര്യത്തിലും തങ്ങനെതന്നെയാണ്. പക്ഷേ, അവരുടെ ബോധതലം സമസ്ത ലോകങ്ങള്‍ക്കും അതീതമായി, സര്‍വ്വാതിശായിയായി വര്‍ത്തിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ മുന്‍പാണ് ശ്രീകൃഷ്ണന് ഈ ഭൂമുഖത്തെ ധന്യമാക്കിയത്. അമ്മയാകട്ടെ, ഇപ്പോള്‍, ഈ ഭൂമിയില്‍, നമ്മോടൊപ്പം ജീവിക്കുന്നു. യുഗങ്ങളെത്ര കഴിഞ്ഞാലും സദ്ഗുരുക്കന്മാര്‍ സ്ഥിരപ്രതിഷ്ഠരായിരിക്കുന്ന ബോധതലത്തിന്റെയും അവരുച്ചരിക്കുന്ന വാക്കുകളുടെയും ഉറവിടം ഒന്നാണ്. ഏതൊരു ബോധമണ്ഡലത്തിന്റെ പരമോച്ചാവസ്ഥയിലായിരുന്നോ ഭഗവാന് കൃഷ്ണന് നിഷ്ഠനായിരുന്നത്, നിരതിശയമായ അതേ തലത്തില്‍ത്തന്നെയാണ് അമ്മയും വിരാജിക്കുന്നത്.
സീമാതീതമായ കാരുണ്യം ഒന്നു കൊണ്ടുമാത്രമാണ് ആ ബോധമണ്ഡലത്തില്‍ നിന്നും അമ്മ ലോകത്തിലേയ്ക്കിറങ്ങി വന്നിരിക്കുന്നത്. മറ്റൊരു വിശദീകരണവുമതിനില്ല. സച്ചിദാനന്ദം മാതൃരൂപം പൂണ്ട് ഭൂമിയിലേക്കിറങ്ങി വന്ന് അമൃതഗംഗയായയൊഴുകുമ്പോള് ചിലരതില്‍ നീന്തിക്കളിക്കും ചിലര്‍ മുങ്ങി കളിക്കും, വേറെ ചിലര്‍ അതു കോരിക്കുടിക്കും. മറ്റുചിലര്‍ അതിനെ മലിനപ്പെടുത്തും… അത് ഓരോരുത്തരുടെയും സംസ്ക്കാരത്തിന്റെ അളവനുസരിച്ചിരിക്കും. പക്ഷെ, അമൃതഗംഗ അതൊന്നും കൂട്ടാക്കാറില്ല. അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. ആ അമൃതവാഹിനിയെ തടുക്കാനാര്‍ക്കും കഴിയില്ല. കഴിഞ്ഞ എഴുപതു സംവത്സരങ്ങളായി ആ അമൃതഗംഗ അമൃതപുരിയില്‍ നിന്നും അനര്‍ഗ്ഗളം ലോകമെമ്പാടും നിറഞ്ഞൊഴുകുകയാണ്. ഇനിയും ആ മഹാപ്രവാഹം ലോകത്തെ ആകമാനം തഴുകിത്തലോടി ഒഴുകിക്കൊണ്ടേയിരിക്കും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: