മഹാത്മാഗാന്ധി വിഭാവനം ചെയ്ത ദര്‍ശനത്തിനും രീതിശാസ്ത്രത്തിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വീകാര്യത ഏറിവരികയാണ്. പൗരാവകാശം, വര്‍ണ്ണവിവേചനം, അന്തരീക്ഷമലിനീകരണം, വിഭവങ്ങളുടെ വിനിയോഗം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിജീവനം, അയിത്തോച്ഛാടനം, സ്ത്രീസമത്വം, ശുചിത്വം, ആരോഗ്യം, അന്താരാഷ്ട്രബന്ധങ്ങള്‍, ലോകസമാധാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംവാദങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഗാന്ധിയുടെ ചിന്തയും സമീപനവും പ്രതീക്ഷയോടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ വിവിധ രാജ്യങ്ങളിലെ പ്രശസ്തമായ സര്‍വ്വകലാശാലകള്‍ ഗാന്ധിജി മുന്നോട്ടുവച്ച ദര്‍ശനത്തെയും അതിന്റെ പ്രയോഗത്തേയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമായി പ്രത്യേകം വകുപ്പുകള്‍തന്നെ ആരംഭിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കൂടുതല്‍ സര്‍വ്വകലാശാലകളിലേക്ക് ഇത് വ്യാപിക്കുന്നു. പ്രസ്തുത ദര്‍ശനം കാലിക പ്രസക്തവും സാര്വ്വലൗകികവുമാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
സര്‍വോദയ ദര്‍ശനം
ഗാന്ധിയന്‍ ദര്‍ശനം എന്ന പേരില്‍ ഒരു ദര്‍ശനം ഇവിടെ അറിയപ്പെടുന്നതില്‍ തനിക്ക് താല്പര്യമില്ലെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗിരിനിരകളോളം പഴക്കമുള്ള സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളെ കാല-ദേശങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനും പ്രയോഗിക്കാനുമുള്ള എളിയ ശ്രമമാണ് താന്‍ നടത്തിയത് എന്ന് അദ്ദേഹം പറയുന്നു. താന്‍ എന്തിനുവേണ്ടി നിലകൊണ്ടുവോ പ്രസ്തുത പ്രത്യയശാസ്ത്രവും പ്രയോഗങ്ങളുമാണ് ഇവിടെ നിലനില്‍ക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വോദയ സമൂഹസൃഷ്ടിക്കുവേണ്ടിയാണ് തന്റെ സകല പ്രവര്‍ത്തനങ്ങളും എന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. ഭാവിയില്‍ തന്റെ പേരിനുള്ള പ്രശസ്തിയേക്കാള്‍ സര്‍വ്വോദയം എന്ന ദര്‍ശനത്തിന്റെ പ്രയോഗത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ഇത് ഏതെങ്കിലും ഒരു കൊച്ചു ഗ്രാമത്തിലോ, ആശ്രമത്തിലോ മാത്രം പ്രയോഗിക്കാനുള്ളതല്ല. മനുഷ്യരുടെ മാത്രം കാര്യമല്ല, ലോകത്തിന്റെ മുഴുവന്‍ വിമോചനമാണ്.
അക്കാലത്ത് ശ്രദ്ധേയമായിരുന്ന തത്വശാസ്ത്രങ്ങളും മതഗ്രന്ഥങ്ങളും വേദോപനിഷത്തുക്കളും ഇതിഹാസങ്ങളുമെല്ലാം ഗാന്ധിജി ഹൃദിസ്ഥമാക്കിയിരുന്നു. സമകാലികരരായ ചിന്തകരുമായി നേരിട്ടും കത്തുകളിലൂടേയും ആശയവിനിമയം നടത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ കൃതികള്‍ വായിച്ചതോടെ ഭാരതീയ ദര്‍ശനത്തോടുള്ള തന്റെ ആദരവ് ആയിരം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സനാതനം, സുസ്ഥിരം
സത്യം, അഹിംസ തുടങ്ങിയ സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമഗ്രദര്ശനമായതുകൊണ്ടാണ് സര്വ്വോദയദര്ശനം സാര്‍വ്വജനനീയവും സുസ്ഥിരവുമാകുന്നത്. അനാദികാലം മുതലുള്ള പരീക്ഷണ നിരീക്ഷണ ഫലങ്ങളാല്‍ സുവ്യക്തമാക്കപ്പെട്ടതുകൊണ്ട് ഈ ദര്‍ശനം ശാസ്ത്രീയവുമാണ്. പ്രപഞ്ചം, ജീവജാലങ്ങള്‍, ഈശ്വരന്, മനുഷ്യന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ എന്നിവയ്ക്കെല്ലാം സുവ്യക്തമായ പരിപ്രേഷ്യം നല്കാന് സര്‍വ്വോദയ ദര്‍ശനത്തിന് സാധിക്കുന്നുണ്ട്.
ഈശ്വാവാസ്യ ഉപനിഷത്തിലെ പ്രഥമശ്ലോകത്തിലെ ആശയത്തോട് ഏറെക്കുറെ സമാനമാണ് സര്‍വ്വോദയത്തിന്റെ പ്രപഞ്ച വീക്ഷണം. ”മറ്റെന്തെല്ലാം നഷ്ടപ്പെട്ടാലും ഈ ഒറ്റശ്ലോകം നിലനില്ക്കുകയും അതിന് പ്രകാരമുള്ള ജീവിതരീതി ഉണ്ടാകുകയും ചെയ്താല്‍ തന്നെ സമൂഹത്തില്‍ സനാതന ധര്‍മ്മം പുലരും” എന്ന് ഗാന്ധിജി ഈശാവാസ്യത്തിലെ പ്രഥമ ശ്ലോകത്തെക്കുറിച്ച് പറഞ്ഞത് പ്രസക്തമാണ്.
”ഈശാ വാസ്യമിദം സര്‍വ്വം
യത് കിംച ജഗത്യാം ജഗത്
തേന ത്യക്തേന ഭൂജീഥാ-
മാ ഗൃദ കസ്യ സ്വിദ്ധനം”
ഈ ലോകത്തിലുള്ള സര്‍വ്വ ജീവജാലങ്ങളും ഈശ്വരനാല്‍ ആവസിക്കപ്പെട്ടതാണ് (എല്ലാ ജീവജാലങ്ങളിലും ഈശ്വരാംശം കുടികൊള്ളുന്നു). അതിനാല്‍ ഈശ്വരന്റെ പേരില്‍ ത്യാഗം ചെയ്തുകൊണ്ട് യഥാപ്രാപ്തമായ ഭോഗങ്ങളെ അനുഭവിക്കുക. ആരുടേയും ധനത്തില്‍ ആഗ്രഹം വയ്ക്കാതിരിക്കുക.(അസ്തേയവും അപരിഗ്രഹവും പാലിക്കുക). ഇതിന് അനുപൂരകമായിട്ടുളളതും സര്‍വ്വോദയ പൊരുള്‍ പ്രകടമാക്കുന്നതുമാണ് ബ്രഹദാരണ്യോപനിഷത്തിലെ ശ്ലോകം.
സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേ സന്തു നിരാമയ
സര്‍വ്വേ ഭ്രദാണി പശ്യന്തു
മാ കശ്ച്വിത് ദുഃഖ ഭാഗ്ഭവേത്
”എല്ലാവര്ക്കും സുഖം ഭവിക്കട്ടെ; എല്ലാവരും രോഗമുക്തരായിക്കട്ടെ; എല്ലാവരും ശുഭമായത് ദര്‍ശിക്കട്ടെ; ദുഃഖിക്കാതേയും കഷ്ടപ്പെടാതേയും ഇരിക്കട്ടെ”
പ്രപഞ്ചം, മനുഷന്, അഹിംസ
അനന്തമായ അണ്ഡകടാഹത്തിനു അതിന്റെതായ അച്ചടക്കവും ക്രമവുമുണ്ട്. ഇതേ കുറിച്ച് ഗാന്ധിജി ഇപ്രകാരം പറയുന്നു.
”മുഴുവന്‍ പ്രകൃതിയും ദൈവീകമായ അച്ചടക്കത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നു. സൂര്യചന്ദ്രന്മാരും നക്ഷത്രാദികളും ആകാശവും സമുദ്രവുമെല്ലാം ഒരു പ്രത്യേകതരം അച്ചടക്കത്തിന് വിധേയമായി പ്രവര്‍ത്തിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു. ഈ പാഠം മനുഷ്യന് പഠിക്കേണ്ടതാണ്”.
അദ്ദേഹം തുടര്‍ന്ന് വിശദീകരിക്കുന്നു: ”പ്രപഞ്ചത്തില്‍ ഒരു ക്രമം ഉണ്ടെന്നും നിലനില്‍ക്കുന്ന ഓരോ വസ്തുവിനേയും ഓരോ ജീവിയേയും അചഞ്ചലമായ ഒരു നിയമം നിയന്ത്രിക്കുന്നുണ്ടെന്നും എനിക്ക് അനുഭവപ്പെടുന്നു. അതൊരു അന്ധനിയമമല്ല. ഒരു അന്ധനിയമത്തിനും ജീവജാലങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനാവില്ല. പദാര്‍ത്ഥങ്ങള്‍ക്കുപോലും ജീവനുണ്ടെന്ന് ജെ.സി. ബോസിന്റെ അത്ഭുതകരമായ ഗവേഷണങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എല്ലാ ജീവനേയും ഭരിക്കുന്ന നിയമമാണ് ഈശ്വരന് എന്നു പറയാം.”
ഭാരതം വിശ്വസംസ്കാരത്തിന് നല്കിയ സംഭാവനയാണ് അഹിംസ എന്ന ആശയം. ഈശ്വരന് സര്‍വ്വവ്യാപിയാണ് എന്ന സത്യം മനസ്സിലാക്കികൊണ്ട് സര്‍വ്വ ചരാചരങ്ങളോടും സ്നേഹഭാവത്തോടെ സമീപിക്കുക എന്നതാണ് അഹിംസ.
ആവശ്യവും ആര്‍ത്തിയും
ആധുനികയുഗത്തില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. നിത്യോപയോഗത്തിന് അധികമധികം സാധനങ്ങള്‍ വേണമെന്ന് വരുമ്പോഴാണ് മനുഷ്യന് ഉന്നത ആദര്‍ശങ്ങള്‍ കൈവെടിയുന്നത്. വര്‍ദ്ധിച്ചുവരുന്ന ജനങ്ങളേയും അവരുടെ ആവശ്യങ്ങളേയും ആസ്പദമാക്കി ഗാന്ധിജി പറയുന്നു, ”എല്ലാവരുടേയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ളത് ഭൂമി നല്കുന്നു; എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ അത് തികയുകയില്ല”.
വിഭവങ്ങളുടെ പരിമിതിയല്ല യഥാര്‍ത്ഥ പ്രശ്നം. ഏതൊരു വ്യക്തിക്കും സമൂഹത്തിനും അവരുടെ അത്യാവശ്യം, ആവശ്യം, അത്യാര്‍ത്തി എന്നിവയെക്കുറിച്ച് തിരിച്ചറിവുണ്ടാകണം. വിഭവങ്ങളെ അത്യാവശ്യത്തിനും ആവശ്യത്തിനും വേണ്ടി മാത്രം ഉപയോഗിക്കുക, ഒരിക്കലും ആര്‍ഭാടത്തിനോ അത്യാര്‍ത്തി പൂര്‍ത്തീകരണത്തിനോ വേണ്ടി ഉപയോഗിക്കാതിരിക്കുക എന്നതാണ് സര്‍വ്വോദയ സമീപനം. ഏറ്റവും ബുദ്ധിമുട്ടുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങളും അത്യാവ്യങ്ങളും നിര്‍വ്വഹിക്കാനുള്ള അവസരം ആദ്യം ഒരുക്കണം. സര്‍വ്വോദയ ദര്‍ശനത്തിലെ അന്ത്യോദയ പരിപാടിയാണിത്.
തൊഴിലെടുക്കുന്നയാളുടെ അദ്ധ്വാനത്തെ മൂലധനമായി കാണണം എന്നതാണ് സര്‍വ്വോദയ കാഴ്ചപ്പാട്. ഒരു സംരംഭത്തിനായി പണം നിക്ഷേപിക്കുന്നയാളുടെ പണമൂലധനത്തിനും തൊഴിലെടുക്കുന്ന അദ്ധ്വാന മൂലധനത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമന്വിത സംരംഭങ്ങള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സര്‍വ്വോദയം കരുതുന്നു.
പ്രകൃതിക്ക് കോട്ടം തട്ടാതെ തന്നെ പ്രകൃതിയില്‍ നിന്ന് എടുത്തും അതുപോലെ പ്രകൃതിയിലേക്ക് കൊടുത്തും ഉല്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നതാണ് സര്‍വ്വോദയ രീതി. ഭൂമിയിലെ വിഭവങ്ങള്‍ വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിഭവങ്ങളെ മിതമായി ഉപയോഗിക്കുക. അമിത ചൂഷണം ഒഴിവാക്കുക. അമിത ചൂഷണവും ആര്‍ത്തിയോടുകൂടിയുള്ള ഉപഭോഗവും ഒരു തരത്തില്‍ ഹിംസയാണ്. ചുരുക്കത്തില്‍ ഹരിതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അഹിംസാത്മകം എന്നാണ്. അദ്ധ്വാനിക്കാതെ ഭക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സാംസ്കാരിക അധഃപതനം ഉണ്ടാകുന്നത്. ഭക്ഷിക്കാതെ നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. അതുപോലെ, കൃഷി ചെയ്യാതേയും നമുക്ക് ജീവിക്കാന്‍ സാധിക്കില്ല എന്ന മനോഭാവം വളരണം. നമുക്ക് ആവശ്യമായ പരമാവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ ഉല്പാദിപ്പിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാകണം. ഇതാണ് ഭക്ഷ്യ സ്വരാജ്. ഭക്ഷ്യസ്വരാജിനുവേണ്ടിയുള്ള പരിശ്രമം നമ്മുടെ സംസ്ക്കാരമായി വളരണം. കൃത്രിമത്വങ്ങളില്ലാത്ത നാട്ടുഭക്ഷണത്തിലേക്കും നാട്ടുരുചിയിലേക്കും നമുക്ക് മടങ്ങാന്‍ സാധിക്കണം.
വികേന്ദ്രീകരണം അത്യാവശ്യം
അഹിംസയും വികേന്ദ്രീകരണവും ഭാരതത്തിന്റെ പൈതൃകമൂല്യങ്ങളാണ്. അഹിംസാമാര്‍ഗ്ഗത്തില്‍ ഭാരതം പുരോഗമിക്കണമെങ്കില്‍ വികേന്ദ്രീകരണം അനിവാര്യമാണ്. ലളിത ജീവിതവും വികേന്ദ്രീകൃതമായ ഒരു വ്യവസ്ഥയും ഉണ്ടായാല്‍ ഹിംസയും അസമത്വവും സാമ്പത്തിക സംഘട്ടനങ്ങളും കുറയ്ക്കാന്‍ സാധിക്കും. ഭാരതത്തിന്റെ പൈതൃകം പരിശോധിച്ചുകൊണ്ടാണ് ഗാന്ധിജി ഇപ്രകാരം ശക്തമായ നിലപാട് സ്വീകരിച്ചത്. സ്വാശ്രിതമായ ഒരു സാമൂഹ്യ സംവിധാനം ഭാരതീയ ഗ്രാമങ്ങളില്‍ അനാദികാലം മുതല്ക്കേ നിലനിന്നിരുന്നു. ഉല്പാദന-വിതരണ സംവിധാനങ്ങളുടേയും സാമ്പത്തിക- രാഷ്ട്രീയ അധികാരത്തിന്റേയും വികേന്ദ്രീകരണം ഭാരതീയ ഗ്രാമസമൂഹത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു.
ജനാധിപത്യത്തിന്റ മാതാവാണ് ഭാരതം എന്ന് നാം അഭിമാനപൂര്‍വ്വം പറയുന്നത് അതുകൊണ്ടാണ്. സ്വാശ്രയഭാരതം (ആത്മനിര്‍ഭര്‍ ഭാരത്) സര്‍വ്വോദയം (സബ്കാ വികാസ്) എന്നിവയെല്ലാം യഥാര്‍ത്ഥ്യമാകണമെങ്കില്‍ ഗ്രാമതലത്തില്‍ കക്ഷിരഹിതമായ വികേന്ദ്രീകൃത ജനാധിപത്യത്തെ തിരികെ കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. ഇന്നത്തെ സംവിധാനം തികച്ചും കേന്ദ്രീകൃതമാണ്. തങ്ങളുടെ പ്രതിനിധി ആരായിരിക്കണം എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നു. പലപ്പോഴും പാര്‍ട്ടിയല്ല തീരുമാനിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രബലമായ ഗ്രൂപ്പൂം ഗ്രൂപ്പിനുള്ളിലെ ശക്തനായ നേതാവും, ഈനേതാവിനെ സ്വാധീനിക്കുന്ന സാമ്പത്തിക-സമ്മര്‍ദ്ദ ഗ്രൂപ്പുകളോ ആയിരിക്കും ഒരു വാര്‍ഡിലേയോ മണ്ഡലത്തിലേയോ സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്. ജനങ്ങള്‍ കാഴ്ചക്കാരും കേവലം വോട്ടുകുത്തി യന്ത്രങ്ങളുമായി അധഃപതിക്കുന്നു.
ഒരു വികേന്ദ്രീകൃത ജനകീയ ജനാധിപത്യം ലോകത്ത് എവിടെയെങ്കിലും നടപ്പാക്കുന്നുണ്ടെങ്കില്‍ അത് ആദ്യം സംഭവിക്കുക ഭാരതത്തിലാകും എന്നും ഇക്കാര്യത്തിലും ഭാരതം ലോകത്തിന് മാതൃകയാകുമെന്നും ഗാന്ധിജി ഉറച്ച് വിശ്വസിച്ചിരുന്നു. അത്തരം ഒരു സര്‍വ്വോദയ ഭാരതത്തിനായി കടമകള്‍ നിര്‍വ്വഹിച്ച് ഇച്ഛാശക്തിയോടെ മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: