തൃശൂര്‍ : കരുവന്നൂര്‍ തട്ടിപ്പില്‍ അന്വേഷണം വടക്കാഞ്ചേരി കേന്ദ്രീകരിച്ച് മുറുകുന്നതോടെ കുരുക്കിലാകുന്നത് എ.സി. മൊയ്തീനും മൊയ്തീനെ ചുറ്റിപ്പറ്റി പത്തു വര്‍ഷത്തിനിടെ ജില്ലയില്‍ ശക്തമായ മാഫിയയും. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതിനു ശേഷം എ.സി. മൊയ്തീനെ ചുറ്റിപ്പറ്റി ജില്ലയില്‍ വളര്‍ന്നുവന്ന മാഫിയ സംഘമാണ് കരുവന്നൂര്‍ തട്ടിപ്പിന് പിന്നിലെന്നാണ് ഇ ഡി അന്വേഷണത്തിലൂടെ വെളിപ്പെടുന്നത്.
ഇപ്പോള്‍ പിടിയിലായ സതീഷ് കുമാറും അരവിന്ദാക്ഷനും എ.സി മൊയ്തീനെചുറ്റുന്ന ഉപഗ്രഹങ്ങള്‍ മാത്രം. കരുവന്നൂര്‍ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന വടക്കാഞ്ചേരി കൗണ്‍സിലര്‍ മധുവും തൃശ്ശൂര്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും മൊയ്തീന്‍ എന്ന വന്‍മരത്തിന്റെ തണലില്‍ വളര്‍ന്ന ചെറു മരങ്ങളാണ്.
ബേബി ജോണിനെ മാറ്റി എ.സി മൊയ്തീനെ ജില്ലാ സെക്രട്ടറി ആക്കിയതിന് പിന്നില്‍ അതിന് നേതൃത്വം നല്‍കിയ ഇ.പി. ജയരാജന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. തന്റെ വരുതിക്ക് നില്‍ക്കുന്ന, താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിയാകും മൊയ്തീനെന്ന് ജയരാജന്‍ കണക്കുകൂട്ടി. ആ കണക്കുകൂട്ടല്‍ ശരിയായിരുന്നു.
എന്നാല്‍ പിന്നീട് മൊയ്തീന്‍ സ്വന്തം നിലയ്‌ക്ക് വളര്‍ന്നു. മന്ത്രിയായിരുന്ന കാലത്ത് ജില്ലയില്‍ മൊയ്തീന്റെ വാക്കിന് എതിര്‍വാക്ക് ഉണ്ടായിരുന്നില്ല. പോലീസിനെയും സഹകരണ മേഖലയെയും ഉള്‍പ്പെടെ ജില്ലയെ അടക്കി ഭരിച്ചു. കരുവന്നൂര്‍ ബാങ്കില്‍ ഒന്നരക്കോടി രൂപ നിക്ഷേപിച്ച സതീഷ് കുമാറിന്റെ പണം ബാങ്ക് സെക്രട്ടറി സുനില്‍കുമാറും മാനേജര്‍ ബിജു കരീമും ചേര്‍ന്ന് തട്ടിയെടുത്തപ്പോള്‍ മൊയ്തീന്റെ ഒരു ഫോണ്‍കോള്‍ മതിയായിരുന്നു ആ പണം ഇരട്ടിയായി തിരിച്ചു സതീഷ് കുമാറിന്റെ പക്കല്‍ എത്താന്‍. ഇരിങ്ങാലക്കുട ഡിവൈഎസ്പി നേരിട്ടാണ് സുനില്‍കുമാറിനെയും ബിജു കരിമീനെയും ഭീഷണിപ്പെടുത്താന്‍ എത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി മൊയ്തീന്‍ സൃഷ്ടിച്ചെടുത്ത സാമ്രാജ്യമാണ് ഇഡിയുടെ അന്വേഷണത്തിലൂടെ പൊളിഞ്ഞു വീഴുന്നത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ മൊയ്തീന്‍ നേടിയ സാമ്പത്തിക വളര്‍ച്ചയും ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. പിടിയിലായ സതീഷ് കുമാറും അരവിന്ദാക്ഷനും ഉള്‍പ്പെടെ പണിയെടുത്തത് മൊയ്തീന് വേണ്ടിയാണെന്നാണ് പാര്‍ട്ടി അണികള്‍ പോലും കരുതുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത കോടിക്കണക്കിന് രൂപ വന്‍ പലിശയ്‌ക്ക് പാവപ്പെട്ടവര്‍ക്ക് നല്‍കി കൊള്ള നടത്തുകയായിരുന്നു ഈ മാഫിയ സംഘം. ഇത് കൂടാതെ റിയല്‍ എസ്റ്റേറ്റ് ഇടപാടിലും ഇവര്‍ പണം മുടക്കി. സഹകരണ ബാങ്കുകളില്‍ തിരിച്ചടവ് മുടങ്ങിയ പാവപ്പെട്ടവരുടെ ഭൂമികള്‍ വായ്പ അടച്ച് തീര്‍ത്ത് ചുളുവില്‍ തട്ടിയെടുത്തു.
മൊയ്തീന്റെ ഡ്രൈവറായി തുടങ്ങിയ അരവിന്ദാക്ഷന്‍ ഇന്ന് കോടീശ്വരനാണ്. ചെരുപ്പ് കമ്പനിയിലെ പണിക്കാരനായി കണ്ണൂരില്‍ നിന്ന് വന്ന സതീഷ് കുമാര്‍ 500 കോടിയിലേറെ കൈകാര്യം ചെയ്യുന്നയാളായി വളര്‍ന്നതും മൊയ്തീന്റെ ആശീര്‍വാദത്തോടെ. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകാരായ ജീവനക്കാര്‍ക്കും വടക്കാഞ്ചേരിയിലെ ഈ മാഫിയ സംഘത്തിനും ഇടയിലുള്ള കണ്ണി എസി മൊയ്തീന്‍ മാത്രമാണ്. ഇവരെ തമ്മില്‍ ബന്ധിപ്പിച്ചതും തട്ടിപ്പിന് ആസൂത്രണം ചെയ്തതും എല്ലാം മൊയ്തീന്‍ തന്നെ എന്നാണ് ഇതുവരെ പു റത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പരാതികള്‍ വ്യാപകമായതോടെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ അംഗങ്ങളായതും മൊയ്തീന്റെ വിശ്വസ്തരായ പി.കെ. ബിജുവും പി.കെ ഷാജനും തന്നെ. അതോടെ പാര്‍ട്ടി അന്വേഷണവും പ്രഹസനമായി. പി.കെ. ബിജുവിന് അഞ്ചു കോടിയോളം കൈമാറി എന്നാണ് സതീഷ് കുമാര്‍ ഇഡിക്ക് നല്‍കിയിട്ടുള്ള മൊഴി. മറ്റ് സാക്ഷികളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എം. പി ആയിരിക്കുമ്പോള്‍ പാര്‍ളിക്കാട് ബിജുവിന് വീടെടുത്തു നല്‍കിയതും സതീഷ് കുമാര്‍ ആയിരുന്നു. ഇതും മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. മന്ത്രി രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സതീഷ് കുമാര്‍ പത്ത് പവന്‍ സ്വര്‍ണമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: