കോട്ടയം: കോട്ടയം റൈഫിള്‍ അസോസിയേഷന്റെ ഷൂട്ടിങ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നാട്ടകം പോളിടെക്നിക് കോളജിന്റെ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് സാങ്കേതിക വിദ്യാഭ്യാസ അധികൃതര്‍ക്ക് കോളജ് പരാതി നല്‍കിയിട്ടും നടപടിയില്ല.
ഷൂട്ടിങ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാണെന്ന് കാണിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കോളജ് അധികൃതര്‍ പരാതി നല്‍കിയത്. കോളജിന്റെ പുതിയ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍, ന്യൂ ലാബ് ബ്ലോക്ക് എന്നിവ പ്രവര്‍ത്തിക്കുന്നത് ഷൂട്ടിങ് റേഞ്ചുമായി 50 മീറ്റര്‍ വരെ അകലമേയുള്ളു.
പുതിയ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലേക്ക് ഇറക്കി റൈഫിള്‍ ക്ലബ്ബ് ചുറ്റുമതില്‍ നിര്‍മിച്ചെന്നും പോളിടെക്നിക് കോളജ് ഉപയോഗിക്കുന്ന സ്ഥലത്ത് സെപ്റ്റിക് ടാങ്ക് നിര്‍മിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കോളജിന്റെ പ്രധാന കവാടത്തിലൂടെയും കാമ്പസിന്റെ പ്രധാന വഴിയിലൂടെയും കോളജ് പ്രവര്‍ത്തന സമയത്ത് ഷൂട്ടിങ് സ്ഥലത്തേക്ക് വാഹനങ്ങള്‍ വരുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാണ്.
പരിശീലനം നടക്കുമ്പോള്‍ വെടിയുണ്ടയുടെ ചീളുകള്‍ ജനറല്‍ വര്‍ക് ഷോപ്പിന് മുകളിലേക്ക് തെറിച്ചു വീഴുന്നതായി പരാതിയുണ്ട്. എന്നാല്‍ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
1965ലാണ് ഷൂട്ടിങ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് കോട്ടയം റൈഫിള്‍ അസോസിയേഷന് സര്‍ക്കാര്‍ നാട്ടകത്തു സ്ഥലം അനുവദിച്ചത്. അടിസ്ഥാന സൗകര്യമോ മതിയായ സുരക്ഷയോ ഇവിടെയില്ലെന്ന പരാതി നാട്ടുകാര്‍ക്കുമുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അന്നു നിര്‍ത്തിവച്ച ഷൂട്ടിങ് പരിശീലനം കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയത്.അതിനിടെയാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് പരിശീലന കേന്ദ്രത്തില്‍ പോലീസിന്റെ പരിശീലനത്തിനിടെ ഉന്നംതെറ്റിപ്പാഞ്ഞ വെടിയുണ്ട തറച്ച് അടുത്ത വീട്ടിലെ ജനല്‍ച്ചില്ലു പൊട്ടിയത്. വെടിയുണ്ട ചില്ലു തകര്‍ത്തു മുറിക്കുള്ളില്‍ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: