കോട്ടയം: ഡെങ്കിപ്പനി ഭീതിയില്‍ ജില്ല. ഈ വര്‍ഷം ഇതുവരെ 113 പേര് ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് കണക്ക്. ഡെങ്കിപ്പനി ബാധിച്ച് മീനച്ചില്‍ സ്വദേശിനിയായ ആന്‍സി തോമസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. പാമ്പാടി, മൂന്നിലവ്, മീനടം, അതിരമ്പുഴ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വൈറല്‍ പനിയും പടരുന്നുണ്ട്്. വ്യാഴാഴ്ച മാത്രം പനി ബാധിച്ച് 477 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച 1773 പേര് ചികിത്സ തേടി. പനിബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഈ വര്‍ഷം 103911 പേരാണ് പനിബാധിതരായത്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരും നിരവധിയാണ്. മലേറിയ ബാധിതരായി 4 പേരും ചികിത്സയിലുണ്ട്. മലേറിയ ബാധിച്ച് 19 പേരും ചിക്കന്‍പോക്സ് ബാധിച്ച് 941 പേരും എലിപ്പനി ബാധിച്ച് 49 പേരും ആണ് ഈ വര്‍ഷം ചികിത്സ തേടിയത്. 76 പേര് എച്ച് 1 എന്‍ 1 ബാധിതരായി.
ചെള്ളുപനി ബാധിച്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടു പേരാണ് മരിച്ചത്. ഈ വര്‍ഷം 5 പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈറ്റ് എന്ന പ്രാണിയുടെ കടിയേല്‍ക്കുന്നതിലൂടെയാണ് രോഗം പിടിപെടുന്നത്. ഈ പ്രാണിയുടെ കടിയേറ്റാല്‍ 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ പനി പിടിപെടും. ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന പനിയാണ് ലക്ഷണം.
എലി,അണ്ണാന്, മുയല് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലും ചെറു സസ്തനികളിലും കണ്ടുവരുന്ന റിക്കറ്റ്സിയ സുസുഗാമുഷി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി.
റബ്ബര്‍ത്തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍, പുല്ലും കുറ്റിക്കാടുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍, വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍, തൊഴിലുറപ്പ് ജോലിക്ക് പോകുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍
ചെള്ള് കടിക്കുന്ന ഭാഗത്ത് വട്ടത്തില്‍ ചുവന്നുതടിച്ച പാടുപോലെ കാണും. പിന്നീടത് കറുത്ത വ്രണമായി മാറും. കടിയേറ്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിറയലോടുകൂടിയ പനി, തലവേദന, കണ്ണില്‍ ചുവപ്പ്, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവ അനുഭവപ്പെടും. രക്തപരിശോധനയിലൂടെ രോഗാണു സാന്നിധ്യം കണ്ടെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: