ഹാങ്‌ചൊ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ ഭാരതത്തിന് പൊന്‍തിങ്കള്‍. ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലുമായി രണ്ടു സ്വര്‍ണമാണ് ഇന്നലെ നേടിയത്. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍ ടീമിനത്തില്‍ ലോക റിക്കാര്‍ഡോടെ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടു. പിന്നാലെ വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പ്പിച്ച് രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി.
ലോക ചാമ്പ്യന്‍ രുദ്രാന്‍ക്ഷ് പാട്ടീല്‍, ഒളിമ്പ്യന്‍ ദിവ്യാന്‍ഷ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സഖ്യമാണ് ലോക റിക്കാര്‍ഡോടെ ഷൂട്ടിങ്ങില്‍ ഭാരതത്തിന് ഹാങ്‌ചൊവിലെ ആദ്യ പൊന്ന് സമ്മാനിച്ചത്. 1893.7 പോയിന്റ് ഭാരത ടീം നേടി. കഴിഞ്ഞ മാസം അസര്‍ബൈജാന്‍ ബാക്കുവിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈന സ്ഥാപിച്ച 1893.3 പോയിന്റ് റിക്കാര്‍ഡാണ് മറികടന്നത്. ചൈനയെ വെങ്കലത്തിലേക്കു പിന്തള്ളി 1890.1 പോ
യിന്റുമായി ദക്ഷിണ കൊറിയ വെള്ളി നേടി.
നാലു വെങ്കലവും ഭാരതം ഇന്നലെ സ്വന്തമാക്കി. രണ്ടുവീതം ഷൂട്ടിങ്ങിലും തുഴച്ചിലിലും. ഗെയിംസ് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമടക്കം 11 മെഡലുകളുമായി ഭാരതം ആറാം സ്ഥാനത്താണ്.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമറാണ് വെങ്കലത്തിലെത്തിയത്. 228.8 പോയിന്റുകള്‍ കൈയിലാക്കിയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ ഷെങ് ലിയാവോ 253.3 പോയിന്റുമായി ലോക റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞു. രുദ്രാന്‍ക്ഷ് പാട്ടീല്‍ നാലാം സ്ഥാനത്തോടെ മടങ്ങി.
25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ആദര്‍ശ് സിങ്, വിജയ്‌വീര്‍ സിങ്, അനിഷ് ഭന്‍വാല എന്നിവരും വെങ്കലം നേടി. 1718 പോയിന്റുമായാണ് ഇവര്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെള്ളിയും സ്വന്തമാക്കി.
തുഴച്ചില്‍ പുരുഷ വിഭാഗം കോക്‌ലസ് ഫോറില്‍ ജസ്‌വിന്ദര്‍ സിങ്, ഭീം സിങ്, പുനിത് കുമാര്‍, ആശിഷ് എന്നിവര്‍ 6:10.81 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്. 6:04.96 മിനിറ്റില്‍ തുഴഞ്ഞെത്തി ഉസ്ബക്കിസ്ഥാന്‍ സ്വര്‍ണവും 6:10.04 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ചൈന വെള്ളിയും നേടി.
ക്വാഡ്രാപ്പിള്‍ സ്‌കള്‍സില്‍ സത്‌നാം സിങ്, പര്‍മിന്ദര്‍ സിങ്, ജകര്‍ ഖാന്‍, സുഖ്മീത് സിങ് എന്നിവര്‍ 6:08.61 മിനിറ്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ചൈനയും ഉസ്ബക്കിസ്ഥാനും യഥാക്രമം സ്വര്‍ണവും വെള്ളിയുമണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: