Categories: Kerala

കെടിഡിഎഫ്‌സി നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുള്ളത് 490 കോടി; കര്‍ശന നിര്‍ദ്ദേശവുമായി ആര്‍ബിഐ; പ്രതിസന്ധിയിലായി സര്‍ക്കാര്‍

Published by

തിരുവനന്തപുരം: നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനാവാതെ നട്ടം തിരിഞ്ഞ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്‌സി). കാലാവധികഴിഞ്ഞ നിക്ഷേപമായ 490 കോടിയാണ് മടക്കിനല്‍കേണ്ടത്. ഇത് എത്രയുംവേഗം നല്‍കിയില്ലെങ്കില്‍ ബാങ്കിതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

സര്‍ക്കാര്‍ ഗാരന്റിയോടെയാണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. അതിനാല്‍ നിക്ഷേപം തിരിച്ചുനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിരുന്നു. സ്ഥാപനം പ്രതിസന്ധിയിലായതോടെ ഒട്ടേറെപ്പേര്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിസി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. തുക ഇപ്പോള്‍ പലിശയടക്കം 900 കോടിയായി. എന്നാല്‍ പണം നല്‍കാനില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. ഈ പണം സര്‍ക്കാര്‍തന്നെ മടക്കിനല്‍കണമെന്ന് കെടിഡിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പലവട്ടം ചര്‍ച്ചചെയ്‌തെങ്കിലും ധനവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.2021-22 മുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയതോടെ വീണ്ടും തിരിച്ചടിയായി. ഇതോടെ കടമെടുത്ത് മുടിഞ്ഞ സര്‍ക്കാരിന് വീണ്ടും പ്രതിസന്ധിയായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by