ലോകത്തില്‍ ഒട്ടനവധി ആശയങ്ങളും അതിലധികം ചിന്തകന്മാരുമൊക്കെ ഉണ്ടായിരുന്നെങ്കിലും, മുഴുവന്‍ മാനവകുലത്തിനും, അല്ല, സൃഷ്ടികള്‍ക്കും കുറ്റമറ്റ ദിശാബോധവും പ്രേരണാദായകമായ ലക്ഷ്യവും നല്‍കാന്‍ പര്യാപ്തമായൊരു ജീവിതദര്‍ശനം, ‘ഏകാത്മമാനവ ദര്‍ശനം’ അവതരിപ്പിക്കപ്പെടുന്നതിന് മുന്‍പ് വരെ ഉണ്ടായിരുന്നില്ല.
കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്ന് സ്വയം സങ്കല്പിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളൊക്കെയും ദയനീയമാംവണ്ണം പൊട്ടിത്തകര്‍ന്നു. പലതും അവസാന വാക്കിലാണ്. കാരണം കമ്യൂണിസമടക്കമുള്ള ഒട്ടുമിക്ക ആശയങ്ങളും അപൂര്‍ണമോ, കാലാനുസൃതമായ് പരിഷ്‌കരിക്കപ്പെടാത്തവയോ ഒക്കെ ആയിരുന്നു. അതിനുമപ്പുറം അവയൊന്നും മനുഷ്യകുലത്തിന് അടിസ്ഥാന ജീവിതാദര്‍ശമായി അംഗീകരിക്കാന്‍ കഴിയാത്തവയുമായിരുന്നു. സമൂഹത്തില്‍ ഉണ്ടാവുന്ന പരിണാമം മുഴുവന്‍ വിരുദ്ധശക്തികളുടെ സംഘര്‍ഷത്തിലൂടെയാണെന്നാണ് അവര്‍സ്ഥാപിച്ചിരിക്കുന്നത്. വിരോധം അല്ലെങ്കില്‍ സംഘര്‍ഷം മനുഷ്യജീവിതത്തിന്റെ ആധാരമാക്കി, അതിലൂടെ ഒരാദര്‍ശം കെട്ടിപ്പടുക്കാമെന്ന് വിചാരിച്ചാല്‍ അതിനപ്പുറം പാപം മറ്റെന്താണഉള്ളത്? മുതലാളിത്തം മനുഷ്യനെ എങ്ങനെയും പണമുണ്ടാക്കുന്ന സ്വാര്‍ത്ഥമതികളാവാന്‍ പഠിപ്പിക്കുമ്പോള്‍ കമ്യൂണിസം ജനങ്ങളോട് പരസ്പരം സഘര്‍ഷത്തിലേര്‍പ്പെടാനും എന്തിനേയും എതിര്‍ക്കാനും പഠിപ്പിച്ചു. തത്ഫലമായി കമ്യൂണിസ്റ്റ് ആശയങ്ങള്‍ തകര്‍ന്നടിഞ്ഞു എന്നുമാത്രമല്ല, അവര്‍ ഭരണത്തിലേര്‍പ്പെട്ട ഇടങ്ങളിലെല്ലാം പുരോഗമനം എന്നത് വെറും സ്വപ്‌നം മാത്രമായി. അതുമല്ല, അത്തരം ആശയങ്ങളെല്ലാം കാലാനുസൃതമായി നവീകരിക്കപ്പെടാതെ പഴഞ്ചനായിത്തീരുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ മുമ്പുള്ള ഒരാശയം അതേപോലെ തന്നെ ഇക്കാലത്തും ഉപയോഗിക്കണമെന്ന് പറയുന്നത് ആ ആശയത്തിന്റെ സെമറ്റിക് വല്‍ക്കരണമാണ്, യാഥാസ്ഥിതികത്വമാണ്. ഓരോ നാടിനും ചരിത്രപരവും സാമൂഹികവും, സാമ്പത്തികവുമായ പ്രത്യേക പരിതസ്ഥിതികളാണുള്ളത്. അവിടുത്തെ ചിന്തകന്മാര്‍ അവരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ചില ആശയങ്ങള്‍ മുമ്പോട്ടുവയ്‌ക്കുമ്പോള്‍, ആ പരിഹാരമാര്‍ഗം മറ്റൊരിടത്ത് ജീവിക്കുന്ന മറ്റൊരു ജനസമൂഹത്തിന് അതേപടി സ്വീകാര്യമാവുമെന്ന് കരുതാനാവില്ല.
അവിടെയാണ് ഭാരതീയ ചിന്താധാരകളുടെ പ്രസക്തിയും. നമ്മുടെ ആദര്‍ശം സഹിഷ്ണുതയുടേതാണെന്നത് മാത്രമല്ല, എല്ലാ മാര്‍ഗങ്ങളും ഒരുപോലെ ശരിയാണെന്നും അവയെല്ലാം ഒരേ ആത്യന്തികലക്ഷ്യത്തിലേക്ക് തന്നെയാണ് നയിക്കുന്നതെന്നും നാം വിശ്വസിക്കുന്നു. നമ്മുടെ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അതുതന്നെയാണ്. എന്റെ വിശ്വാസം മാത്രമാണ് ശരിയെന്നോ, എന്റെ ഈശ്വരന്‍ മാത്രമാണ് ശരിയെന്നോ, മോക്ഷത്തിനുള്ള ഒരേയൊരു വഴി എന്റേത് മാത്രമാണെന്നോ ഒരു ഭാരതീയന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം എന്റേതും നിന്റേതും കൂടിച്ചേര്‍ത്ത് നമ്മുടെ വിശ്വാസങ്ങള്‍ ശരിയാണെന്ന് നാം എക്കാലത്തും പറഞ്ഞിട്ടുള്ളത്.
ഇരുട്ടും വെളിച്ചവും ഇരുധ്രുവങ്ങളിലെന്നല്ല, ഇരുട്ടും വെളിച്ചവും പരസ്പരം ശക്തിപ്പെടുത്തി, ദിനമെന്ന പൂര്‍ണതയുണ്ടാവുന്നു എന്നാണ് ഭാരതീയ തത്വശാസ്ത്രങ്ങള്‍ പഠിപ്പിച്ചത്.
പല വിദേശചിന്തകന്മാരും ഡാര്‍വിന്റെ ടൃtuഴഴഹല ളീൃ ഋഃശേെലിരല ടൗൃ്ശ്മഹ ീള വേല എശേേലേെ പോലുള്ള ‘മാത്സ്യന്യായ’ ങ്ങളെയാണ് ജീവിതത്തിന്റെ ആശയങ്ങളായി സ്വീകരിച്ചത്.
എന്നാല്‍ ഭാരതീയ ചിന്തകന്മാര്‍ പരസ്പര കലഹങ്ങളെയല്ല, പരസ്പര പൂരകതയാണ് അിടസ്ഥാനമായി സ്വീകരിച്ചത്. മരത്തിന്റെ വേരുകള്‍ക്കും, ഇലകള്‍ക്കും, തായ്‌ത്തടിക്കും, പൂവുകള്‍ക്കും വ്യത്യസ്ത രൂപവും ഭാവവും ആണെങ്കിലും അവയെല്ലാം ‘വിത്ത്’ എന്ന ഒന്നില്‍ നിന്നാണ് ഉണ്ടായത്. അതുപോലെ തന്നെ മനുഷ്യന്‍ പല രൂപത്തിലും പല വേഷത്തിലും, പല ഭാഷകളിലും പല ദേശങ്ങളിലും വസിക്കുന്നെങ്കിലും, അടിസ്ഥാനപരമായി നാമൊന്നുതന്നെ. എത്ര മനോഹരമായ ഉദാഹരണമാണിത്? എത്ര മനോഹരമായ സങ്കല്പമാണിത്? ഇതില്‍പ്പരം വിശാലമായി ലോകത്തെക്കുറിച്ച് മറ്റാരാണ് ചിന്തിച്ചിട്ടുള്ളത്?
ഭൂമിയില്‍ സംഘര്‍ഷത്തേക്കാളേറെ സഹകരണമാണ് കാണപ്പെടുന്നത്. നമ്മുടെ വാതായനങ്ങള്‍ എന്നും മലര്‍ക്കെ തുറന്നടിക്കുകയായിരുന്നു. ആ വാതിലുകളിലൂടെ ഉള്ളില്‍ കയറിയവരെല്ലാം നാമായിത്തന്നെ പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. നാം നമ്മുടെ അറിവും ജ്ഞാനവും ലോകത്തെ കീഴടക്കാനല്ല, ലോകത്തിന് വെളിച്ചം നല്‍കാനാണ് എക്കാലവും ഉപയോഗിച്ചിരുന്നത്. നളന്ദയും തക്ഷശിലയും ഇങ്ങ് തെക്ക് കാന്തള്ളൂര്‍ ശാലയുമെല്ലാം ഭാരതത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കി. അടിസ്ഥാനപരമായി നാം ഏകാത്മവാദികളാണ് (എല്ലാം ഒന്നെന്ന സമീപനം). നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ ഭാവന. ബാഹ്യമായ വിവിധതകളെ അംഗീകരിക്കുമ്പോള്‍ തന്നെ ആ വിവിധതയെ പരസ്പര പൂരകങ്ങളായാണ് നാം ദര്‍ശിക്കുന്നതും. ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടുകള്‍ മാറുന്നതനുസരിച്ച് അയാള്‍ കുടുംബത്തിലേയും, സമാജത്തിലേയും, രാഷ്‌ട്രത്തിലേയും ഒരംഗമായി മാറുന്നു. അവിടെ വ്യക്തികള്‍ക്കിടയിലുള്ളത് വൈരുധ്യവും സംഘര്‍ഷവുമല്ല, പകരം ഏകാത്മകതയും, സമാനതയുമാണുള്ളത്. ഇത്ര വിശാലമായ ചിന്താധാരകളുള്ളൊരു രാഷ്‌ട്രത്തെ മുന്നോട്ടുനയിക്കാന്‍ ഉതകുന്നതായിരുന്നില്ല വിദേശത്തുനിന്നും കടന്നുവന്ന ആശയങ്ങളൊന്നും. അതിബൃഹത്തായ ഭാരതീയ തത്വചിന്തകളുടെ ഒരു ഭാഗം മാത്രമാകാനേ അത്തരം ആശയങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.
ആ ചിന്തകളില്‍ നിന്നുമാണ്, ഭാരതീയമായ കാലാതിവര്‍ത്തിയും ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്നതുമായ ‘ഏകാത്മമാനവദര്‍ശനം’പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ രൂപപ്പെടുത്തിയെടുത്തത്. ആര്‍ഷദര്‍ശനത്തെ ആധുനിക വിജ്ഞാനവുമായി കൂട്ടിയിണക്കിയ ഏകാത്മ മാനവദര്‍ശനം ദീന്‍ദയാല്‍ജിയിലൂടെ രൂപപ്പെട്ടുവരികയായിരുന്നു. സ്വര്‍ഗീയ പി.പരമേശ്വര്‍ജിയുടെ അഭിപ്രായത്തില്‍ ‘ഏകാത്മകമാനവദര്‍ശനം’ മനുഷ്യ വംശത്തിന്റെ ഏറ്റവും പുരാതനമായ വേദങ്ങളോളം പഴക്കമുള്ളതാണ്. എന്നാല്‍ അവതരണശൈലിയും ആവിഷ്‌കാര രീതിയും തികച്ചും നൂതനമാണുതാനും.
വ്യക്തിയ്‌ക്ക് ആത്മാവുണ്ടെന്നപോലെ തന്നെ, രാഷ്‌ട്രത്തിനും ആത്മാവുണ്ട്. രാഷ്‌ട്രത്തിന്റെ ആ ആത്മാവിനെ ചിതി എന്നാണ് ദീനദയാല്‍ജി വിളിച്ചത്. ചിതിയുടെ (ആത്മാവിന്റെ) പ്രായോഗികമായ ആവിഷ്‌കാരത്തെ ധര്‍മം എന്നും വിളിച്ചു.
ആ വ്യക്തിയുടെ ചിതിയില്‍ നിന്നും രാഷ്‌ട്രത്തിന്റെ ചിതിയിലേക്ക് വ്യക്തിപരിവര്‍ത്തനം ചെയ്യപ്പെടുന്നതുപോലെ, രാഷ്‌ട്രങ്ങളുടെ ചിതികള്‍ കൂടിച്ചേര്‍ന്ന് മനുഷ്യകുലത്തിന്റെ ചിതിയും, അവ കൂടിച്ചേര്‍ന്ന് പ്രപഞ്ചത്തിന്റെ ചിതിയും (ആത്മാവ്) സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ, ചിതിയെ മാനവികതയുടെ മുഴുവന്‍ ആത്മാവ് എന്നുവിളിക്കാം. അങ്ങനെ മാനവികതയുടെ മുഴുവന്‍ ആത്മാവിനേയും ഉള്‍ക്കൊള്ളുന്നവരാണ് ഏകാത്മമാനവര്‍. ആ ദര്‍ശനമാണ് ഏകാത്മ മാനവദര്‍ശനം.
കേവലമൊരു സമൂഹം മാത്രമല്ല, ഈ പ്രപഞ്ചം മുഴുവന്‍ ഒന്നാണെന്ന് കരുതി, സകല ജീവജാലകങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് ഏകാത്മ മാനവന്‍. ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രായോഗികമായ രൂപമാണ് ധര്‍മരാജ്യം. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കല്പമാണത്. ധര്‍മരാജ്യത്തില്‍ മത സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ പോലുള്ള മതാധിഷ്ഠിത രാജ്യങ്ങളിലും, ചൈന പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിലും മത സ്വാതന്ത്ര്യമില്ല. പൗരാണിക കാലം മുതല്‍ക്കേ നിലനിന്നിരുന്നതിനാല്‍ ഏകാത്മക മാനവര്‍ പഴഞ്ചന്മാരാണെന്ന കാഴ്ചപ്പാട് ഉണ്ടാവാന്‍ പാടില്ല. ഭാരതീയരുടെ ആത്മവിശ്വാസത്തെ ഉത്തേജിപ്പിച്ച്, നാം സാമ്പത്തികവും സാമൂഹികവും, ശാസ്ത്രീയവുമായ് ലോകത്തിന്റെ നെറുകയിലെത്തി ലോകത്തിന് വെളിച്ചം നല്‍കാന്‍ വേണ്ടി ഉരുത്തിരിഞ്ഞ ആശയമാണത്. – ദീനദയാല്‍ജി പറഞ്ഞു.
‘നാം നമ്മുടെ പ്രാചീന സംസ്‌കൃതിയെക്കുറിച്ച് പറഞ്ഞു. എന്നാല്‍ നാം വെറും പഴഞ്ചന്‍ തത്വാന്വേഷികളല്ല നമ്മുടെ സമാജം ആരോഗ്യപൂര്‍ണവും വികസനോന്മുഖമായ ജീവിതം നയിക്കണം. ഇതിനായി നാം അനേകം സമ്പ്രദായങ്ങള്‍ ഒഴിവാക്കേണ്ടിവരും. അനവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടിവരും. മനുഷ്യത്വത്തെ വികസിപ്പിക്കാന്‍ ആവശ്യമായതും നമ്മുടെ രാഷ്‌ട്രത്തിന്റെ ഏകാത്മതയ്‌ക്കും അഭിവൃദ്ധിയ്‌ക്കും പോഷകമായിട്ടുള്ളതെല്ലാം നമ്മള്‍ ചെയ്യും. അതിന് പ്രതിബദ്ധമായതിനെയെല്ലാം തട്ടി നീക്കാം. നമ്മുടെ പഴമയെപ്പറ്റി അഭിമാനത്തോടെ സ്മരിച്ചുകൊണ്ടും വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ കണക്കിലെടുത്തുകൊണ്ടും ഭാവിയെപ്പറ്റിയുള്ള മഹത്വാകാംക്ഷയോടുകൂടിയും നമുക്ക് ഈ കാര്യത്തില്‍ മുഴുകാം. നാം ഭാരതത്തെ പ്രാചീന കാലത്തിന്റെ നിഴലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടേയോ റഷ്യയുടേയോ ഒരു പകര്‍പ്പാക്കാനും നമുക്കാഗ്രഹമില്ല. ലോകത്തിലുള്ള ജ്ഞാനത്തിന്റേയും ഇന്നുവരെയുള്ള നമ്മുടെ സമ്പൂര്‍ണ പരമ്പരയുടെയും അടിസ്ഥാനത്തില്‍ നാം ഭാരതത്തെ പുതുക്കിപ്പണിയും. അത് നമ്മുടെ പൂര്‍വികരുടെ ഭാരതത്തെക്കാള്‍ ഗൗരവശാലിയായിരിക്കും.’
ഏകാത്മ മാനവദര്‍ശനം പൂര്‍ണമായും പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് തന്നെയായിരുന്നു ജനസംഘവും ഭാരതീയ ജനതാപാര്‍ട്ടിയും മുന്നോട്ടുപോയിരുന്നത്. പ്രസ്ഥാനം എക്കാലത്തും അടിസ്ഥാന ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കാന്‍ പ്രത്യേക താല്പര്യം കാണിച്ചു. അന്ത്യോദയത്തിലൂടെ സര്‍വോദയം അതായിരുന്നു ദീനദയാല്‍ജിയുടെ കാഴ്ചപ്പാടും. ഉത്തരേന്ത്യയില്‍ ജമീന്ദാരി സമ്പ്രദായം കൊടുകുത്തി വാണിരുന്ന കാലത്തും ജനസംഘം അതിന്റെ ആദ്യ തെഞ്ഞെടുപ്പിനെ നേരിട്ടത് ‘ജമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. അതോടൊപ്പം തന്നെ കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കണമെന്നും മിച്ചഭൂമി ദളിതര്‍ക്കും ഭൂരഹിതര്‍ക്കുമായി വിതരണം ചെയ്യണമെന്നും ജനസംഘം ആവശ്യമുന്നയിച്ചു.
‘ആരോടുമില്ല പ്രീണനം എല്ലാവര്‍ക്കും തുല്യനീതി’ എന്ന വാജ്‌പേയിയുടെ മുദ്രാവാക്യവും, ‘സബ്‌കേനാഥ് സബ്കാ വികാസ്’ എന്ന മോദിജിയുടെ മുദ്രാവാക്യവും സര്‍വോദയ സങ്കല്പത്തിന്റെ കാലാനുസൃതമായ വ്യാഖ്യാനങ്ങളാണ്.
പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛഭാരത്, ജന്‍ധന്‍ യോജന, മുദ്രയോജന, കിസാന്‍ സമ്മാന്‍നിധി ഗ്രാമങ്ങളുടെ വൈദ്യുതിവല്‍ക്കരണം റോഡുനിര്‍മ്മാണം തുടങ്ങിയ പദ്ധതികളൊക്കെയും സമൂഹത്തിന്റെ അവസാന വരിയിലെ അവസാന ആളുകളെ ലക്ഷ്യംവച്ചുള്ളവയായിരുന്നു.
കൊവിഡ് കാലഘട്ടം, ലോകരാജ്യങ്ങളൊക്കെയും വിറച്ച സമയത്ത് വാക്‌സിന്‍ നിര്‍മ്മിച്ച്, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ കുത്തിവയ്പ് നടത്തിയെന്ന് മാത്രമല്ല, ആ വാക്‌സിന്‍ സ്വന്തമായ് വയ്‌ക്കാതെ നൂറുലധികം രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയും ചെയ്തു. അതാണ് ലോകത്തോടുള്ള നമ്മുടെ കരുതല്‍. ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉത്തമോദാഹരണവും അത് തന്നെ.
റഷ്യ-ഉക്രയ്ന്‍ യുദ്ധം തുടങ്ങിയ സമയം പല രാജ്യങ്ങളും സ്വന്തം പൗരന്മാരോട് ഏതുവിധേനയും സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുപോകുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാരതം ഓപ്പറേഷന്‍ ഗംഗയിലൂടെ 25,000 പൗരന്മാരെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അക്കൂട്ടത്തില്‍ സ്വന്തം രാജ്യങ്ങള്‍ കൈവെടിഞ്ഞ പാകിസ്ഥാനിലേയും, ബംഗ്ലാദേശിലേയും വിദ്യാര്‍ഥികള്‍ കൂടി ഉണ്ടായിരുന്നു. അതാണ് നമ്മുടെ കാഴ്ചപ്പാടും.
ആ മഹത്തായ കാഴ്ചപ്പാട് നമുക്കായ് പകര്‍ന്നുനല്‍കിയ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയയുടെ ജന്മദിനമാണ് സെപ്തംബര്‍ 25. പണ്ഡിറ്റ്ജിയുടെ ദുരൂഹമരണത്തിന് ശേഷമുള്ള അനുസ്മരണത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ഇങ്ങനെ പറഞ്ഞു:
‘വരൂ പണ്ഡിറ്റ്ജിയുടെ രക്തത്തുള്ളികള്‍ നമ്മുടെ നെറ്റിത്തടത്തിലെ സിന്ദൂര തിലകമായ് മാറട്ടെ. ഭാവിയിലേക്ക് മുന്നേറാന്‍ നമുക്ക് പ്രചോദനമായി തീരട്ടെ. അദ്ദേഹത്തിന്റെ എരിഞ്ഞടങ്ങിയ ചിതയിലെ ഒരു അഗ്നി സ്ഫുലിംഗം നമുക്ക് നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാം. ലക്ഷ്യത്തിനായി നമുക്ക് സ്വയം സമര്‍പ്പിക്കാം. നമുക്ക് നമ്മെ വിട്ടുപോയ ഈ പ്രതീതിയുടെ അസ്ഥിയില്‍ നിന്നും ഈ കാലഘട്ടത്തിലെ വൃതാസുരന്മാരെ നിഗ്രഹിക്കാനുള്ള ഇടിമിന്നല്‍ രൂപപ്പെടുത്താനും ഈ വിശുദ്ധഭൂമിയെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിയട്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: