പി. ശ്രീകുമാര്‍
ഏഷ്യാഡില്‍ പി.ടി. ഉഷയപ്പോലെ സെലിബ്രിറ്റി ആയി മത്സരിച്ചിട്ടുള്ള മറ്റൊരു കായിക താരമില്ല. അഞ്ച് ഏഷ്യാഡുകളില്‍ ട്രാക്കിലിറങ്ങി 11 മെഡലുകള്‍ രാജ്യത്തിന്റെ മെഡല്‍ പട്ടികയില്‍ ചേര്‍ത്തു. പരിശീലകയായും പങ്കെടുത്ത് ശിഷ്യയെക്കൊണ്ട് മെഡല്‍ വാങ്ങിപ്പിച്ചു. ഇപ്പോള്‍ അധികാരിയായി ആദ്യ ഏഷ്യാഡിനെത്തുകയാണ് രാജ്യം കണ്ട എറ്റവും വലിയ അത്ലറ്റ്. ഇത്തവണ ഭാരതത്തിന്റെ മെഡല്‍ നേട്ടം സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസക്കാരിയാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റായ ഉഷ.
‘നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കായികമേഖലയ്ക്ക് നല്കുന്ന പ്രോത്സാഹനവും അതുണ്ടാക്കിയ ഉത്തേജനവും ചൈനയിലും ഫലമുണ്ടാക്കും. ഏഷ്യാഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ ഭാരതത്തിന് കിട്ടിയത് കഴിഞ്ഞ തവണ ആയിരുന്നു. ജക്കാര്‍ത്തയില്‍ 70 മെഡലുകളുമായിട്ടാണ് നമ്മള് ഫിനിഷ് ചെയ്തത്. അതിലും കൂടുതല്‍ മെഡലുകള്‍ ഹാങ്ചോയില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയുന്ന മിടുക്കരാണ് ഇത്തവണ കളത്തിലിറങ്ങുക. മെഡലിന്റെ എണ്ണം പറഞ്ഞ് മത്സരിക്കുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇഷ്ടപ്പെടുന്നില്ല. ഫലങ്ങള്‍ പ്രവചിക്കുന്നത് മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ അത്ലറ്റുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ കഴിയും. അതാത് അസോസിയേഷനുകളുടെ ആസൂത്രണത്തിന് കീഴില്‍ അവര്‍ നന്നായി തയ്യാറെടുക്കുകയും 100% രംഗത്തേക്ക് നല്‍കുകയും രാജ്യത്തിന്റെ മികച്ച അംബാസഡര്‍മാരാകുകയും വേണം എന്നതുമാത്രമാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ താരങ്ങള്‍ നമ്മുക്ക് സന്തോഷിപ്പിക്കാന്‍ മതിയായ കാരണങ്ങള്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഉഷ പറഞ്ഞു.
‘ഒരു അത്ലറ്റ് എന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസിനെ കുറിച്ച് എനിക്ക് മനോഹരമായ ഓര്‍മ്മകളുണ്ട്, ഇപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റിന്റെ ചുമതലയിലിരിക്കുമ്പോള്‍ കൂടുതല്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, ഏഷ്യാഡുകളില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഉഷ പറഞ്ഞു.
1982ല്‍ ന്യൂദല്‍ഹിയിലാണ് ഉഷയുടെ ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റം. 100 മീറ്ററിലും 200 മീറ്ററിലും വെള്ളിനേടി വരവറിയിച്ചു. 1986ല്‍ സിയോള്‍ ഏഷ്യാഡിലാണ് പയ്യോളി എക്സ്പ്രസ് തകര്‍ത്തത്. റെക്കോര്‍ഡ് നാല് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളിയും. 1990 ല്‍ ബീജിംഗില്‍ മൂന്ന് വെള്ളി, 1994ല്‍ ഹിരോഷിമയില്‍ വെളളി എന്നിങ്ങനെയായിരുന്നു ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ഉഷയുടെ മെഡല്‍ വേട്ട. 1998 ല്‍ ബാങ്കോക്ക് എഷ്യാഡില്‍ പങ്കെടുത്തെങ്കിലും മെഡല്‍ കിട്ടിയില്ല. (2014ലെ ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ ഉഷ പരിശീലിപ്പിച്ച ടിന്റു ലൂക്ക സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി.
ഇത്തവണ വലിയ മെഡല്‍ സാധ്യതകള്‍ ഏതൊക്കെ ഇനത്തില്‍ എന്ന് എടുത്തു പറയുന്നതിലെ അനൗചിത്യം ഒളിംപിക്സ് അസോസിയേഷന് അധ്യക്ഷയായ ഉഷയ്ക്ക് നന്നായി അറിയാം. അത്ലറ്റിക്സ്, ഹോക്കി (പുരുഷന്മാരും സ്ത്രീകളും), ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ മുന്നിലെത്തുമെന്നതില് സംശയവുമില്ല.
”79 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 254 മെഡലുകളുമായി ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സംഭാവന ചെയ്തത് അത്ലറ്റിക്സാണ്, ഇത്തവണയും എനിക്ക് അത്ലറ്റുകളില് വലിയ പ്രതീക്ഷയുണ്ട്. നീരജ് ചോപ്ര തന്റെ സ്വര്‍ണ്ണ മെഡല്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാഡില്‍ രാജ്യത്തിന് 59 മെഡലുകള്‍ സമ്മാനിച്ച ഇനമാണ് ഗുസ്തി. മികച്ച ഗുസ്തി താരങ്ങളാണ് ഇത്തവണയും ഗോദയിലിറങ്ങുക. ചെസ്സ്, ക്രിക്കറ്റ്, ഇ-സ്പോര്‍ട്സ് എന്നിവ കൂടുതല്‍ മെഡലുകള്‍ നേടാന്‍ സഹായിക്കും”, ഉഷ വിലയിരുത്തി.
രാജ്യത്തെ കായികരംഗം അടിമുടി മാറിയതായി ഉഷ സാക്ഷ്യം പറയുമ്പോള്‍ അതില്‍ അതിശയിക്കേണ്ടതില്ല.
”അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (അത്ലറ്റുകളുടെ പരിശീലനം, മത്സരം, ഭക്ഷണക്രമം എന്നിവയുടെ എല്ലാ വശങ്ങളും ഇപ്പോള്‍ ശ്രദ്ധിക്കുന്നു. മില്‍ഖാ ജിയുടെയോ (മില്‍ഖാ സിംഗ്) എന്റെയോ കാലഘട്ടത്തില്‍ നിന്ന് വളരെ അകലെയാണിത്, ഞങ്ങള്‍ക്ക് അറിയാവുന്നത് കഠിനാധ്വാനം മാത്രമായിരുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് സ്പോര്‍ട്സ് മന്ത്രാലയം കഴിഞ്ഞ ദശകത്തില്‍ കായിക ആവാസവ്യവസ്ഥയെ മികച്ച രീതിയില്‍ മാറ്റിയിട്ടുണ്ട്. സൗകര്യങ്ങള്‍ ഏറെ മെച്ചമായി. അവസരങ്ങള്‍ കിട്ടുന്നുണ്ട്. നല്ല കളിക്കളങ്ങളുണ്ട്. സ്റ്റേഡിയങ്ങളുണ്ട്. മത്സരങ്ങളുണ്ട്. മികവു തെളിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിരാശപ്പെടേണ്ടാത്ത അവസ്ഥ. അതു കളിക്കാരുടെ നിലവാരത്തില്‍ പ്രകടമാകുന്നുമുണ്ട്. കായിക പദ്ധതികളും പലതുണ്ട്. ഇന്ന് നമുക്ക് എത്താന്‍ കഴിയാത്തതെന്നു കരുതിയിരുന്ന പലമേഖലകളിലും ജയിച്ചു കയറാന്‍ കഴിയുന്നു. ഒളിംപിക്സിലെ നേട്ടങ്ങള്‍ എടുത്തു പറയണം. അത്തരം വിജയങ്ങള്‍ നല്കുന്ന ഉത്തേജനം ശക്തമാണ്.
നീരജ് ചോപ്രയുടെ വിജയം തീര്‍ച്ചയായും രാജ്യത്തെ അത്ലറ്റിക്സിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു, ഇത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അതിന്റെ ഊര്‍ജം നിലനില്ക്കുമ്പോള്ത്തന്നെ പുതിയ ഉയരങ്ങളും പുതിയ മേഖലകളും കീഴടക്കാന്‍ കഴിയണം. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തെയാണ് ഇപ്പോള്‍ കാണുന്നത്. കൃത്യമായ നിരീക്ഷണവും ദിശാബോധവും മാര്‍ഗനിര്‍ദേശവും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും’, പി.ടി. ഉഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: