ഓരോ ഏഷ്യന്‍ ഗെയിംസ് വരുമ്പോഴും എന്റെ ഓര്‍മയില്‍ വരുന്നത് 1982ലെ ഡല്‍ഹി ഏഷ്യാഡാണ്. ഇന്ത്യന്‍ വനിതകള്‍ ഹോക്കി സ്വര്‍ണമണിഞ്ഞ മേളയാണത്. ആ നേട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ദ്ധ്യം ഇന്നും മനസ്സ് നിറയെ ഉണ്ട്. ഒപ്പം, അത്തരമൊരു മുഹൂര്‍ത്തം വീണ്ടും പിറക്കുന്നത് കാണാനുള്ള മോഹവും. ചൈനയില്‍ നടക്കുന്ന ഈ ഗെയിംസിലേയ്ക്ക് നോക്കുന്നത് ആ മോഹത്തോടെയാണ്. പിന്നീട് ഇന്നുവരെ ആ സ്വര്‍ണ വിജയം എത്തിപ്പിടിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. കഴിഞ്ഞ തവണത്തേത് അടക്കം രണ്ടു തവണ വെള്ളി അണിഞ്ഞതാണ് പിന്നത്തെ മികച്ച നേട്ടം. പുറമെ മൂന്ന് വെങ്കലവും.
ഇത്തവണയും ഒരു മെഡല്‍ എന്റെ കണക്കിലുണ്ട്. അത് സ്വര്‍ണമാകട്ടെ എന്നാണ് പ്രാര്‍ഥന. ഇത് പറയുമ്പോള്‍, കഴിഞ്ഞ ജപ്പാന് ഒളിമ്പിക്സില്‍ നടത്തിയ ഉശിരന്‍ പ്രകടനം മനസിലുണ്ട്. ഒരു മെഡല്‍ അര്‍ഹിച്ച കളിയാണന്ന് നമ്മുടെ കുട്ടികള്‍ കളിച്ച്ത്. തങ്ങളുടേതായ ദിവസം ആരെയും വീഴ്ത്താനുള്ള കഴിവ് നമുക്കുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഓസ്ട്രേലിയയെ കീഴടക്കിയ മത്സരം. ആ നിലയിലേക്കുയര്‍ന്നാല്‍ പൊന്നല്ല പൊന്നിന്കുടങ്ങളാകും നമ്മുടെ കുട്ടികള്‍.
പുരുഷ ടീമിന്റെ കാര്യത്തില്‍ പ്രതീക്ഷയല്ല, ഉറപ്പാണ്. അവര്‍ പൊന്നണിയും. ലോക നിലവാരത്തിലുള്ള കളിയാണ് അവരുടെത്. ചില തിരിച്ചടികളും തകര്‍ച്ചകളും നേരിട്ടിട്ടുണ്ടെന്നു മറക്കുന്നില്ല. പക്ഷെ, ഏഷ്യന്‍ ഹോക്കി ഭരിക്കാന്‍ ഈ ടീമിന് കഴിയും. നീണ്ട ഇടവേളയ്ക്കു ശേഷം ജപ്പാനില്‍ നേടിയ ഒളിമ്പിക് മെഡല്‍ അത് തെളിയിക്കുന്നു.
ഹോക്കി സ്റ്റിക്ക് ഉയര്‍ത്തി, ഇരു ടീമിനും വിജയാശംസകള്‍ ..!
(എസ്. ഓമനകുമാരി, മുന്‍ രാജ്യന്തര ഹോക്കി താരം,
അര്‍ജുന അവാര്‍ഡ് വിജയി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: