സുബേദാര്‍ നീരജ് ചോപ്ര, ഔദ്യോഗികമായി ഭാരത കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായ ഈ ഹര്യാനക്കാരന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മേജറാണ്. ഹാങ്‌ചോവിലെ മൈതാനത്ത് വലംകൈയില്‍ ജാവലിനേന്തി റണ്ണറപ്പിനൊരുങ്ങി നില്‍ക്കുന്ന നീരജ് 140 കോടിക്കുമേല്‍ വരുന്ന ഇന്ത്യക്കാരുടെ മാത്രം ആവേശക്കാഴ്ചയല്ല. ആ താരത്തിന്റെ കൈ അയഞ്ഞ് പറക്കുന്ന കുന്തമുന പതിക്കുന്ന ഇടത്തേക്ക് കണ്ണും നട്ടിരിക്കുന്നത് ജാവലിന്‍ ത്രോയെ നെഞ്ചോടുചേര്‍ക്കുന്ന ലോകമൊന്നാകെയാണ്. അഞ്ച് വര്‍ഷത്തിനപ്പുറം ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം നേടിയ 15 സ്വര്‍ണങ്ങളില്‍ ഒന്നിന്റെ മാത്രം ഉടമയായിരുന്നു നീരജ്. ഇന്നതല്ല, ജാവലിന്‍ ത്രോയിലെ ലോക താരങ്ങള്‍ മറികടക്കാന്‍ മത്സരിക്കുന്ന ഒന്നാമനാണ്, ജാവലിന്‍ ത്രോയിലെ തികവൊത്ത മേജര്‍.
കാഴ്‌ച്ചക്കാരെക്കാളുപരി താരങ്ങള്‍ക്ക് നീരജിന്റെ പ്രകടനം കണ്ടേ ഒക്കൂ. കാരണം അവരുടെ കരിയറിലെ പാഠമായാണ് നീരജിന്റെ ഓരോ ശ്രമങ്ങളെയും കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ലോകമാകെ കാത്തിരിക്കുന്ന ഇവന്റുകളില്‍ ഒന്നായിമാറുകയാണ് പുരുഷ ജാവലിന്‍ ത്രോ.
ലോക ജാവലിന്‍ ത്രോയില്‍ നീരജ് ഒരു പുതിയ അദ്ധ്യായമായി മാറുന്ന കാഴ്‌ച്ചയ്‌ക്ക് തുടക്കമിട്ടത് രണ്ട് വര്‍ഷം മുമ്പുള്ള ടോക്കിയോയിലെ സായാഹ്നത്തിലാണ്. 2021 ആഗസ്ത് ഏഴിന്റെ ഒളിംപിക്‌സ് ഗ്രാമത്തില്‍ തോമസ് റോളര്‍, ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, കെഷോണ്‍ വാല്‍കോട്ട്, ജൂലിയന്‍ വെബ്ബര്‍, യാക്കൂബ് വാദ്‌ലെയ്ച്ച് തുടങ്ങിയ ജാവലിന്‍ ത്രോയിലെ ലോകോത്തരക്കാരെ മറികടന്ന് അപ്രതീക്ഷിതമായാണ് ഭാരതത്തിന് സ്വപ്‌നസാഫല്യമേകി നീരജ് ചോപ്ര ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യ സ്വര്‍ണം നേടിത്തന്നത്. വര്‍ഷങ്ങളെടുത്ത് അനുഷ്ഠിച്ച തപസ്യയ്‌ക്ക് അര്‍ഹിച്ച ഫലമായിരുന്നു അത്. പിന്നീടിങ്ങോട്ട് നീരജ് ജാവലിന്‍ ത്രോ കരിയറിലെ പാഠമാകുന്നത് പലകുറി കണ്ടു. ഇനിയും കാണാനും മനസ്സിലാക്കാനും ഓരോ സന്ദര്‍ഭത്തിലും കണ്ണ് കൂര്‍പ്പിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ജാവലിന്‍ ത്രോയിലെ ഇതിഹാസക്കാര്‍ നിരവധിയാണ്. കൂട്ടത്തില്‍ മുന്നില്‍ നീരജിന്റെ പരിശീലകന്‍ ജര്‍മനിക്കാരനായ ക്ലോസ് ബെര്‍ട്ടോണിയേറ്റ്‌സ്, അദ്ദേഹവും കാത്തിരിക്കുകയാണ് ഓരോ ഏറും. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് പ്രമുഖ ഭാരത മാധ്യമത്തിന് ക്ലോസ് അനുവദിച്ച അഭിമുഖത്തില്‍ നീരജിനെ കുറിച്ച് പറഞ്ഞത് അയാള്‍ തനിക്ക് ഒരു അത്ഭുതമെന്നാണ്.
ഭാരതത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന കുട്ടി ഇത്രത്തോളം ലോകനിലവാരം പുലര്‍ത്തുന്ന അത്‌ലറ്റിക് കരിയര്‍ കെട്ടിപ്പടുത്തത് ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം സമ്മതിച്ചു. മുന്‍കാലങ്ങളില്‍ വര്‍ഷങ്ങളെടുത്താണ് പുതിയ താരോദയങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ അത് രണ്ടോ മൂന്നോ വര്‍ഷങ്ങളേ ആവശ്യമായി വരുന്നുള്ളൂ. ഈ വെല്ലുവിളിയെ കൂടി മറികടന്നാണ് നീരജിന്റെ മുന്നേറ്റം. പരിശീലനവേളയില്‍ കുട്ടിക്കളിയെ കൂട്ടുപിടിക്കാറുണ്ടെങ്കിലും മത്സരത്തിലേക്കിറങ്ങിയാല്‍ നീരജ് വല്ലാതെ മാനസികോര്‍ജ്ജം നേടിയെടുക്കുന്നൊരാളായി മാറുകയാണ്. അത് ആ താരത്തെ കൂടതല്‍ വ്യത്യസ്തനാക്കുന്നു. സ്വയം വിലയിരുത്തലിനും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനും പ്രത്യേകം താല്‍പര്യം കാട്ടുന്നയാളാണ് നീരജ്- ഈ സ്വഭാവപ്രകൃതം അയാളെ അത്‌ലറ്റിക്‌സിലെ രാജവാഴ്ചയിലേക്ക് നയിച്ചേക്കുമെന്നും ഈ ജര്‍മന്‍ പരിശീലകന്‍ പ്രവചിച്ചു.
ഹാങ്‌ചോവിലേക്ക് എത്തുമ്പോള്‍ നീരജിന് സ്വര്‍ണം നിലനിര്‍ത്തുക എന്നത് തീര്‍ത്തും അനായാസമാണ്. ഒപ്പം മത്സരിക്കുന്നതില്‍ ഏറ്റവും മുന്തിയ താരം പാകിസ്ഥാന്റെ അര്‍ഷാദ് നദീം ആണ്. ടോക്കിയോയിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും താരം നീരജിനൊപ്പം മത്സരിക്കാനുണ്ടായിരുന്നു. നീരജിനൊപ്പം ചേര്‍ത്തുവയ്‌ക്കാന്‍ മാത്രം പ്രതിഭയാര്‍ന്നതല്ല അര്‍ഷാദിന്റെ കരിയറും മികവും. എങ്കിലും വെല്ലുവിളിയും വാശിയും നീരജിന് മുന്നില്‍ തന്നെയെന്നതാണ് വാസ്തവം. ഭാരതവും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമെന്നതല്ല ഇവിടെ വിഷയമാകുന്നത്. രണ്ട് ലോക പോരാട്ടത്തില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര 90 മീറ്റര്‍ തികച്ച് ജാവലിന്‍ എത്തിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം ജൂണ്‍ 30ന് നടന്ന സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ കൈവരിച്ച 89.94 മീറ്ററാണ് കരിയര്‍ ബെസ്റ്റ്. നീരജ് ഒളിംപിക്‌സ് സ്വര്‍ണം നേടിയ ടോക്കിയോയില്‍ കുറിച്ച ദൂരം 89.05 ആയിരുന്നു. ചരിത്രത്തിലാദ്യമായി ആഴ്‌ച്ചകള്‍ക്ക് മുമ്പ് ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക്‌സ് സ്വര്‍ണം ഭാരതത്തിന് നേടിയെടുത്തപ്പോള്‍ താരത്തിന്റെ പ്രകടനം 88.17 മീറ്റര്‍ ആയിരുന്നു. ഇവിടെ നീരജ് സ്വയം മത്സരിക്കുകയാണെന്ന് പറയുമ്പോഴും കഴിഞ്ഞ വര്‍ഷം ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ജാവലിന്‍ ഫലം താരത്തെ നോക്കി വെല്ലുവിളിക്കുന്നുണ്ട്. പരിക്ക് കാരണം നീരജ് ബിര്‍മിങ്ഹാമിലേക്ക് പോയിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ ബിര്‍മിങ്ഹാമില്‍ സ്വര്‍ണം എറിഞ്ഞെടുത്തത് പാകിസ്ഥാന്റെ അര്‍ഷാദ് നദീം ആണ്. അതും ഗ്രനേഡയുടെ ഒന്നാന്തരം താരം ആന്‍ഡേഴ്‌സണ്‍ പീറ്റെഴ്‌സിനെ മറികടന്ന്. അര്‍ഷാദ് നദീം അന്ന് 90.18 മീറ്ററില്‍ ജാവലിന്‍ എത്തിക്കുമ്പോള്‍ ഒരു റെക്കോഡും സ്വന്തമാക്കി. 90 മീറ്ററിനപ്പുറം ജാവലിന്‍ എത്തിച്ച ആദ്യ ദക്ഷിണേഷ്യന്‍ താരം. ഈ അക്കങ്ങളാണ് നീരജിനെയും അര്‍ഷാദിനെയും ഭാരതവും പാകിസ്ഥാനും തമ്മില്‍ പുകള്‍പെറ്റ മൈതാനത്തിലെ പോരാട്ടവൈര്യങ്ങളുമായി കൂട്ടിക്കെട്ടുന്നത്.
പ്രതാപകാലത്ത് ഹോക്കിയില്‍ തുടങ്ങിയ ഈ മൈതാന യുദ്ധം പിന്നീട് ക്രിക്കറ്റിലേക്ക് വഴിമാറി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റില്‍ പാക് പട പഴയവീര്യത്തിന്റെ നിഴല്‍ മാത്രമായിരിക്കുന്നു. എങ്കിലും 2016 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ മുറിവ് ഭാരതം പിന്നീട് പല അവസരത്തിലും മായ്ച്ചുകളഞ്ഞെങ്കിലും ഫൈനല്‍ എന്ന കണക്ക് ഇനിയും ബാക്കിനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് 90 മീറ്ററിന്റെ പുതിയ കണക്കുമായി അര്‍ഷാദ് നദീം നീരജിനൊപ്പം മത്സരിക്കാന്‍ ഹാങ്‌ചോവിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: