Categories: Kerala

മന്ത്രി രാധാകൃഷ്ണന് നേരെയുളള അയിത്തം ഞെട്ടലുളവാക്കുന്നതെന്ന് മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകും.

Published by

തിരുവനന്തപുരം: മന്ത്രി രാധാകൃഷ്ണന് നേരെ കണ്ണൂരിലെ ക്ഷേത്രത്തിലുണ്ടായ അയിത്തം ഞെട്ടലുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം.

ക്ഷേത്രത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെ ഒരു പ്രധാന പൂജാരിയും ഒരു അസിസ്റ്റന്റ് പൂജാരിയും വിളക്ക് കൊളുത്തുന്നു. അതിന്റെ ഭാഗമായി നേരിടേണ്ടി വന്ന അയിത്ത വെളിപ്പെടുത്തലാണ് രാധാകൃഷ്ണന്‍ നടത്തിയത്. മന്ത്രിയുമായി താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അദ്ദേഹം പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.സമൂഹത്തില്‍ നാം ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകും.

നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി രാധാകൃഷ്ണന്‍ ജാതി വ്യവസ്ഥ മനസില്‍ പിടിച്ച കറയാണെന്നും കണ്ണൂര്‍ സംഭവത്തില്‍ നിയമ നടപടിക്ക് പോകുന്നില്ലെന്നും പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി വെളിപ്പെടുത്തി. പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക