ഇത് അമൃതകാലപുണ്യം. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാനമായ ഒരു മുഹൂര്‍ത്തം സമാഗതമാവുകയാണ്. അയോദ്ധ്യയില്‍ ഭാരതീയ മനസ് ആഗ്രഹിച്ചതുപോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട ശ്രീരാമമന്ദിരത്തിന്റെ പവിത്രമായ ഗര്ഭഗൃഹത്തില് ശ്രീരാമലാല പൂര്‍വാധികശോഭയോടെ പ്രതിഷ്ഠിതനാവുകയാണ്. അപമാനത്തിന്റെ മിനാരങ്ങള്‍ തകര്‍ന്നു വീണിട്ടും ഹിന്ദുസമൂഹത്തിന് മൂന്ന് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നുവെന്നത് സുദീര്‍ഘകാല തപസിന്റെയും സമരത്തിന്റെയും ചരിത്രത്തിലെ മറ്റൊരേട്. സ്വാതന്ത്ര്യ ലബ്ധിക്കായുള്ള പോരാട്ടം സ്വത്വാവിഷ്കരണത്തിനായുള്ളതായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം അതിലൊരു പടവ് മാത്രമായിരുന്നു.
വൈലോപ്പള്ളി ‘വിഭാതഗീത’ത്തില്‍ പാടിയതു പോലെ:
ഇക്കണക്കിനെത്ര മുക്തിഗോപുരം കടക്കണം
മക്കള്‍ നമ്മളെത്തുവാന് സമത്വ സുന്ദരാംഗണം
തൃക്കൊടിക്ക് ജീവവായു പണയമാക്കി വെക്കുകാ
ദിക്ക് നോക്കി ധീരതാത ഗര്‍ജ്ജനം മുഴക്കി നാം
സ്വാതന്ത്ര്യമെന്നാല്‍ എന്താണെന്ന് വിശദീകരിക്കുന്നിടത്ത് മഹര്‍ഷി അരവിന്ദനും ലോകമാന്യ തിലകനും ലാലാലജപത് റായിയുമൊക്കെ ഈ വസ്തുത വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാ മേഖലയിലും സ്വത്വം അഥവാ നമ്മുടെ നാടിന്റെ തനിമ ആവിഷ്കരിക്കാന്‍ കഴിയുമ്പോഴേ സ്വാതന്ത്ര്യം നേടിയതായി നമുക്ക് കണക്കാക്കാന്‍ ആവൂ. ആ ആശയ ബിന്ദുവിന്റെ സ്പഷ്ടീകരണമാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പരമാദരണിയനായ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത്: ‘നാം രാഷ്ട്രീയസ്വാതന്ത്ര്യത്തില്‍ നിന്ന് പൂര്‍ണസ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലെ വളരെ പ്രധാനപ്പെട്ട 75 വര്ഷങ്ങള്പിന്നിട്ടിരിക്കുന്നു’ എന്ന്. ഏതൊരു തത്വത്തിന്റെ പ്രേരണയാലാണോ വിദേശികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയത് അത് സഫലമാക്കാനുള്ള കാലമാണ് അമൃതകാലം.
മറ്റൊരര്‍ത്ഥത്തില്‍ ബഹുമാന്യനായ പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞ അഞ്ചു പ്രതിജ്ഞകളിലെ ഏറ്റവും പ്രധാനപ്പെട്ട, ‘അവശേഷിക്കുന്ന അടിമത്തതിന്റെ ലാഞ്ഛനകളെ കൂടി തുടച്ചു മാറ്റണം’ എന്ന ബിന്ദു. സര്‍സംഘചാലക് പറഞ്ഞതിന്റെയും പ്രധാനമന്ത്രി പറഞ്ഞതിന്റെയും പൊരുള്‍ ഒന്ന് തന്നെ ആണ്. സ്വാതന്ത്ര്യം പൂര്‍ണ അര്‍ത്ഥത്തില്‍ സഫലമാക്കാന്‍ ഇനിയും നാം പരിശ്രമിക്കണം എന്ന് പറഞ്ഞാല്‍ എവിടെ എല്ലാമോ അടിമത്തം ഇപ്പോഴും നിലനില്ക്കുന്നു എന്നാണര്‍ത്ഥം. അതേപോലെ അടിമത്തത്തിന്റെ ഇനിയും അവശേഷിക്കുന്ന ലക്ഷണങ്ങളെ കൂടി എത്രയും പെട്ടന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന പ്രതിജ്ഞ എടുക്കണമെന്നു പറഞ്ഞാല്‍ സ്വാത്രന്ത്ര്യം പൂര്‍ണമായിട്ടില്ല എന്നാണര്‍ത്ഥം. ആ മുന്നേറ്റത്തിന്റെ അടിത്തറ ബലപ്പെടുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമായ നവോത്ഥാനത്തിലൂടെയാണ്.
നവോത്ഥാന പോരാട്ടം
ഈ വസ്തുത നെടുനാള്‍ നീണ്ട കാലത്തെ നമ്മുടെ പോരാട്ട ചരിത്രത്തെ വിശകലനം ചെയ്താല്‍ മനസിലാക്കാവുന്നതെ ഉള്ളു. വീരപാണ്ഡ്യ കട്ടബ്ബൊമ്മനും, വേലുത്തമ്പിദളവയും മരുത് സഹോദരന്മാരും പഴശ്ശിത്തമ്പുരാനും വേലുനാച്യാരും 1857 ലെ പോരാളികളും സംന്യാസി വിപ്ലവ നായകന്മാരും ബംഗാള്‍വിഭജന വിരുദ്ധ ‘വന്ദേമാതര പ്രക്ഷോഭ’ നേതൃത്വവുമൊക്കെ നമ്മോട് പറയുന്നത് അതാണ്. ഇതിലെ ഒന്നോ രണ്ടോ ഉദാഹരണം മാത്രം നോക്കാം.
1857 ലെ പോരാട്ടത്തിന്റെ നിര്‍ണായകമായ മുഹൂര്ത്തത്തില്ബഹദൂര് ഷായുടെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഓര്‍ഡറില്‍ ആദ്യം തന്നെ പറയുന്നത് ഗോവധം നിരോധിക്കും, സംസ്കൃത ഭാഷയുടെ നഷ്ടപ്രൗഢി വീണ്ടെടുക്കും, വേദ പാഠശാലകള്‍ പുനരാരംഭിക്കും തുടങ്ങിയവ ആയിരുന്നു. അതോടൊപ്പം ഔധ് പ്രവിശ്യയിലെ സമരനായകന്മാര് ശ്രീരാമജന്മഭൂമിയിലെ ക്ഷേത്ര പുനരുദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നു പ്രാഥമിക പരിഗണന നല്‍കിയത്. ഹിന്ദുക്കളുടെ നേതാവായിരുന്ന രാംചരണ്‍ ദാസും മുസ്ലീങ്ങളുടെ നേതാവായിരുന്ന അമീര്‍ അലിയും ചേര്‍ന്ന് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് സ്ഥലം ഹിന്ദുക്കള്‍ക്ക് നല്കാന് നിശ്ചയിക്കുകയും ചെയ്തിരുന്നു.
ഹിന്ദുക്കളും ദേശീയവാദികളായ മുസ്ലീങ്ങളും ഒരു പൊതുസംസ്കൃതിയുടെ ആധാരത്തില്‍ ഒരുമിച്ചാല്‍ ഉണ്ടാകാന്‍ ഇടയുള്ള വിപത്ത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇരുഭാഗത്തേയും ദേശദ്രോഹികളുടെ സഹായത്തോടെ രാംചരണ്‍ ദാസിനേയും അമീര്‍ അലിയേയും ചതിയിലൂടെ പിടികൂടുകയും അതിക്രൂരമായി കൊലപ്പെടുത്തി അയോധ്യയില്‍ പരസ്യമായി ഒരു പുളിമരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ദേശസ്നേഹികള്‍ ഇന്നും ആ പുളിമരത്തെ (ഇമ്ലി പേഡ്) 1857ന്റെ സ്വാതന്ത്ര്യസമരസ്മാരകമായി ആരാധിച്ചു പോരുന്നു.
സംന്യാസി പ്രക്ഷോഭത്തിന്റെ ഉള്ളടക്കം എന്തായിരുന്നു? അവിടേയും ജ്വലിച്ചു നിന്നത് ഭാരതത്തിന്റെ സ്വത്വംതന്നെ ആയിരുന്നു. സ്വ ധര്‍മ്മ സ്ഥാപനത്തിലൂടെ അല്ലാതെ സ്വരാജ് സാധ്യമാവില്ലെന്നതായിരുന്നു സംന്യാസി പോരാളികളുടെ യുക്തിഭദ്രമായ നിലപാട്. സ്വരാജ്യ ലബ്ധിക്ക് ശേഷവും ധര്മ്മാധാരിതമായസുദൃഢ ഭരണവ്യവസ്ഥയിലൂടെ ഓരോരോ രംഗത്തും പരിവര്‍ത്തനം വരുത്തണം.
മരുത് സഹോദരന്മാര് അന്തിമയുദ്ധത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച വിളംബരത്തിന്റെ പേരുപോലും എത്ര അര്‍ത്ഥവത്തായിരുന്നു, ‘ജംബുദ്വീപ പ്രകടനെ’ (ജംബുദ്വീപ് വിളംബരം). എന്താണ് ജംബുദ്വീപ് ? സാംസ്കാരിക ഭാരതം അല്ലെങ്കില്‍ ബൃഹദ് ഭാരതം. ഇവിടെയെല്ലാം വ്യക്തമാകുന്നത്ഭാരതത്തിന്റെ സ്വാതന്ത്ര്യം സഫലമാകുന്നത് സനാതനധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിലൂടെ മാത്രമാണെന്നാണ്.
1905 ല്‍ നടന്ന ബംഗാള്‍ വിഭജന വിരുദ്ധ പോരാട്ടത്തിലും പ്രകടമായ വികാരം ഇത് തന്നെ ആയിരുന്നു. സമരപ്രതീകങ്ങളില് നിന്നും സമര മന്ത്രങ്ങളില്‍ നിന്നും വ്യക്തമാവുന്ന വസ്തുത വിളിച്ചോതുന്നത് ഒരേയൊരു സത്യമാണ്. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരവും ദേശീയ സ്വത്വവും തമ്മിലുള്ള ബന്ധം അവിഭാജ്യമാണെന്ന പരമാര്‍ത്ഥം.
സ്വത്വം സ്വാഭിമാനം
ഗംഗയില്‍ മുങ്ങിയ ശേഷം ഈറനായി രാഷ്ട്രരക്ഷാ പ്രതിജ്ഞ എടുക്കുക, അന്യോന്യം രാഖിബന്ധനംനടത്തി ഒരമ്മ (ഭാരതാംബ) പെറ്റ മക്കളായ നമ്മളെ ലോകത്തൊരു ശക്തിക്കും വേര്‍പിരിക്കാന്‍ ആവില്ലെന്ന് പ്രഖ്യാപിക്കുക, ഗണേശോത്സവവും ഹിന്ദു സാമ്രാജ്യ ദിനോത്സവവുമൊക്കെ സാര്‍വത്രികമായി കൊണ്ടാടുക ഒക്കെ ആയിരുന്നു പരിപാടികള്‍. വന്ദേമാതരം മന്ത്രമായപ്പോള് “ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യമായി. ഇതിലെല്ലാം പ്രകടമായത് ഭാരതത്തിന്റെ സനാതനമായ ആത്മചൈതന്യമായിരുന്നു. അതുകൊണ്ട് തന്നെ ബംഗാള്‍ വിഭജനവിരുദ്ധ പ്രക്ഷോഭം പരിപൂര്‍ണമായ വിജയത്തില്‍ കലാശിച്ചു.
സ്വത്വബോധത്തില്‍ അടിയുറച്ച പോരാട്ടത്തിന്റെ ചൂടും ചൊടിയും അതേപോലെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭാരതത്തിന്റെ ചരിത്രം വേറൊന്നാകുമായിരുന്നു. അഖണ്ഡഭാരതമായി നിലനിന്നുകൊണ്ടുതന്നെ നാം സ്വതന്ത്രമാകുമായിരുന്നു. പക്ഷെ ഭാരതത്തെ സംബന്ധിച്ച് അഭാരതീയമായ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്ന കൂട്ടര് ബ്രിട്ടീഷ് വിഭജനവാദികളോടും ഇസ്ലാമിക ഭീകരവാദികളോടും കമ്യൂണിസ്റ്റ് ദേശവിരുദ്ധരോടും കൈകോര്‍ത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ശരിയായ ഉള്ളടക്കത്തെ ദുര്‍ബലപ്പെടുത്തി. തീവ്രമായ സ്വത്വബോധത്തെ നേര്‍പ്പിച്ചുകളഞ്ഞു.
ദേശീയസംസ്കാരവുമായി ബന്ധപ്പെട്ട സര്‍വതിനേയും വര്‍ഗീയം എന്ന് വിളിച്ച് അപമാനിച്ചു. നേതൃത്വത്തില്‍ സംഭവിച്ച ഈ ഭിന്നതയും ദേശബാഹ്യമായ ആശയത്തില്‍ പ്രചോദിതരായവര്ക്ക് കിട്ടിയ മേല്‍കൈയും പില്ക്കാല ഭാരതത്തെ എത്രകണ്ട് ബാധിച്ചു എന്നറിയാന്‍ വിഭജനം എന്ന ഒറ്റ സംഭവത്തെ മാത്രം മനസിലാക്കിയാല്‍ മതി.
കരുത്തരായ ബ്രിട്ടീഷ് ഭരണകൂടത്തെ സ്വത്വബലം കൊണ്ട് 1911 ല്‍ മുട്ടുകുത്തിച്ച നമ്മള് 1947 ആഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ ദുര്‍ബലരായ ബ്രിട്ടിഷുകാരുടെ മുന്നില്‍ ദയനീയമായി പരാജയപ്പെട്ടു. രാഷ്ടീയ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രൂപികൃതമായ സര്‍ക്കാരിന്റെ നേതൃത്വം നിര്‍ഭാഗ്യവശാല്‍ ചെന്നു ചേര്‍ന്നത് നെഹ്റുവില്‍ ആണെങ്കിലും ദേശീയ പക്ഷത്തുള്ളവര്‍ക്കും ഭരണത്തില്‍ ഗണ്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നു. സര്‍ദാര്‍ പട്ടേല്‍, ഡോ. അംബേഡ്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, കെ.എം. മുന്‍ഷി തുടങ്ങിയവര്‍ ഭാരതത്തനിമയെ ആധാരമാക്കി മുന്നോട്ട് പോകുന്നതിലൂടെ മാത്രമെ സ്വാതന്ത്ര്യം സാക്ഷാത്കൃതമാകൂ എന്ന ആശയഗതിക്കാരായിരുന്നു.
ഭാരതത്തെ ശക്തിപ്പെടുത്താനും സുസ്ഥിര വികാസം സാധ്യമാക്കാനും ജനങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉറപ്പാക്കണം. അതിനു അവരില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും നിറയ്ക്കേണ്ടതുണ്ട്. അതിന് ഏറ്റവും പ്രേരണയേകുന്നത് ആദ്ധ്യാത്മിക സാംസ്കാരിക നവോത്ഥാനം ആണെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. വിദേശാക്രമികള്‍ തകര്‍ത്തെറിഞ്ഞ നമ്മുടെ പ്രാചീനതീര്ത്ഥസ്ഥലികള് അതേ അവസ്ഥയില്‍ തന്നെ തുടര്‍ന്നാല്‍ അത് നിത്യേന കാണാന്‍ വിധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുക. അതൊരിക്കലും ആത്മാഭിമാനം ആയിരിക്കില്ല. ആത്മവിശ്വസം ഇല്ലാതായി അപകര്‍ഷതാ ബോധത്തില്‍ ആണ്ട് മാനസികമായി അടിമകളായി തന്നെ അവര്‍ തുടരും. ഇത് ഒരു രാഷ്ട്രത്തിന് ഒട്ടും അഭികാമ്യമല്ല.
നെഹ്റുവിന്റെ പക്ഷം
മുന്‍ചൊന്ന വസ്തുതകളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമെ സോമനാഥ് ക്ഷേത്രം മുതല്‍ അയോധ്യയിലെ രാമക്ഷേത്രം വരെയുള്ള സ്വതന്ത്ര ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനചരിത്രത്തിന്റെ പൊരുള്‍ മനസിലാവുകയുള്ളു. അവയൊന്നും കേവലമായ മതകേന്ദ്രങ്ങളുടെ പുനരുദ്ധാരണമായിരുന്നില്ല. വിദേശികളായ അക്രമണകാരികളുടെ പടയോട്ടത്തില്‍ ഞെരിഞ്ഞമര്‍ന്നുപോയ രാഷ്ട്രത്തിന്റെ അസ്മിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉജ്വലമായ ദൃശ്യങ്ങളാണവ.
അമ്പലവും പള്ളിയും തമ്മിലുള്ള അതിര്ത്തിപ്രശ്നമായി ഇതിനെ കാണുന്ന തുച്ഛമനസ്കര്ക്ക് ഇത് മനസിലാകണമെന്നില്ല. സോമനാഥക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയ സര്‍വാദരണീയനായ കെ.എം. മുന്‍ഷിയോട് ജവഹര്‍ലാല്‍ നെഹ്രു അവജ്ഞയോടെ പറഞ്ഞകാര്യത്തെ കുറിച്ച് മുന്‍ഷി തന്നെ എഴുതിയിട്ടുണ്ട്, ‘സോമനാഥത്തെപുനരുജ്ജീവിപ്പിക്കാന് താങ്കള്‍ നടത്തുന്ന പരിശ്രമത്തോട് എനിക്കല്പ്പവും യോജിപ്പില്ല. ഇത് ഹിന്ദു പുനരുജ്ജീവനവാദമാണ്.’ ഇതായിരുന്നു ആര്ഷഭാരതത്തിനു മേലെ ഇംഗ്ലീഷുകാരന്റെ ഇന്‍ഡ്യയെ പ്രതിഷ്ഠിക്കുന്നതില്‍ നിഗൂഢമായ ആനന്ദംഅനുഭവിച്ചിരുന്ന നെഹ്റുവാദികളുടെ നിലപാട്.
ഇവിടെ നാം മനസിലാക്കേണ്ടത് ‘ഭാരതത്തിന്റെ സ്വത്വബോധ’മെന്ന് മുന്‍ഷിക്ക് തോന്നിയ വസ്തുത എങ്ങനെയാണ് നെഹ്റുവിന് ‘ഹിന്ദു പുനരുജ്ജീവനം’ ആയി മാറിയത് എന്നതാണ്. ഒരേ കാര്യത്തെ കുറിച്ച് തികച്ചും വിരുദ്ധമായ വ്യാഖ്യാനം എങ്ങനെയാണ് സംഭവിക്കുന്നത്? ഇതൊരു പോരാട്ടമാണ്. ഭാരതത്തെ സംബന്ധിച്ച ഭാരതീയ കാഴ്പ്പാടും ഭാരതത്തെ സംബന്ധിച്ച അഭാരതീയ കാഴ്ചപ്പാടും തമ്മിലുള്ള പോരാട്ടം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭാരതവും ഇന്‍ഡ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍.
ഭാരതപക്ഷത്ത് അടിയുറച്ച് നിന്നവരായിരുന്നു സോമനാഥത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി പരിശ്രമിച്ചത്. അവരാണ് സംസ്കൃതം, ഭാരതീയ വിദ്യാഭ്യാസം, ഒരു നാടിന് ഒരു നിയമം, സ്വത്വാധാരിത വികസനം തുടങ്ങിയവയ്ക്കായി വാദിച്ചതും വാദിക്കുന്നതും. ഇന്‍ഡ്യാ പക്ഷപാതികള്‍ക്ക് സംസ്കൃതം മൃതഭാഷയാണ്. പാശ്ചാത്യവല്ക്കരണമാണവര്ക്ക് പുരോഗമനം, വോട്ട് ബാങ്കാണവരുടെ പ്രേരണാകേന്ദ്രം. സോമനാഥക്ഷേത്ര മോചനത്തെ എതിര്‍ത്തില്ലാതാക്കാന്‍ ശ്രമിച്ച നെഹ്റുവിന്റെ പൊള്ളയായ വാദഗതികളെ കുറിച്ച് തന്റെ ‘സ്വാത്രന്ത്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍’ കെ.എം. മുന്‍ഷി അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
അദ്ദേഹം എഴുതുന്നു: ‘1947 നവംബര്‍ മാസത്തില്‍ സര്‍ദാര്‍ (പട്ടേല്‍) ക്ഷേത്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സര്‍ദാര്‍ പ്രഖ്യാപിച്ചു: ‘ഈ പവിത്രമായ ദിനത്തില്‍ നാം സോമനാഥം പുനര്‍നിര്‍മ്മിക്കുമെന്ന് നിശ്ചയിച്ചു. നിങ്ങള്‍, സൗരാഷ്ട്രത്തിലെ ജനതയ്ക്ക് ഇതില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്.’ മുന്‍ഷി കൂട്ടിച്ചേര്‍ക്കുന്നു, ‘സോമനാഥ ക്ഷേത്രം വെറുമൊരു ഒരു പ്രാചീന സ്മാരകം അല്ല; സമ്പൂര്‍ണ്ണ രാഷ്ട്രത്തിന്റേയും ജീവിക്കുന്ന സത്യമാണ്. അതിന്റെ പുനര്‍നിര്‍മ്മാണം ഒരു ദേശീയ പ്രതിജ്ഞ ആയിരുന്നു.’
കെ.എം. മുന്‍ഷിയുടെ മാസ്റ്റര്‍പീസ്
പട്ടേലിന്റെ സോമനാഥസന്ദര്ശനവും പ്രഖ്യാപനവും ഒക്കെ നടന്നതിനു ശേഷം കാര്യങ്ങള്‍ക്ക് അസാമാന്യമായ ഗതിവേഗം ലഭിച്ചു. മഹാത്മജിയുടേയും രാജന്‍ബാബുവിന്റെയും(ഡോ.രാജേന്ദ്രപ്രസാദ്) ഒക്കെ അനുഗ്രഹാശിസ്സുകളോടെ നിര്‍മ്മാണ സമിതി രൂപീകരിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് എതിര്‍ശക്തികള്‍ വിതണ്ഡവാദങ്ങളുമായി രംഗത്തെതിയത്. സോമനാഥ ക്ഷേത്ര നിര്‍മ്മാണ പരിശ്രമങ്ങള്‍ക്ക് ഭാരതമാസകലം ലഭിക്കുന്ന പിന്തുണനെഹ്റുവിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. ‘ഇന്‍ഡ്യ’ ഭരിക്കുന്ന അവസാന ഇംഗ്ലീഷുകാരന് താനാണെന്ന് നിര്‍ലജ്ജം പൊതു വേദികളില്‍ പോലും പറഞ്ഞിരുന്ന ആ മനുഷ്യന് ‘ഭാരതത്തനിമ ശക്തിയാര്‍ജ്ജിക്കുന്നത് സഹിക്കാനായില്ല.
തുടക്കം മുതലെ നെഹ്റുവും കൂട്ടരും ഇതിനെ നഖശിഖാന്തം എതിര്‍ത്തു. അക്കാലത്ത് നടന്ന ക്യാബിനറ്റ് മീറ്റിങ്ങിന്റെ അവസാനത്തിലാണ് നെഹ്റുവിന്റെ ഉള്ളിലെ വിരോധം മുന്ഷിയോടായി നടത്തിയ ‘ഹിന്ദുപുനരുജ്ജീവനവാദ’ ഭര്ത്സനത്തിലുടെ പുറത്ത് ചാടിയത്. അന്നു മുന്‍ഷി തികഞ്ഞ സംയമനത്തോടെ നല്കിയ മറുപടി, ‘എന്താണ് സംഭവിച്ചതെന്ന് ഞാന്‍ വീട്ടിലെത്തിയ ശേഷം താങ്കളെ അറിയിക്കാം’ എന്നായിരുന്നു.
തൊട്ട് പിറ്റേന്നെഴുതിയ മാന്യവും ശക്തവുമായ മറുപടിയിലെ ചില ഭാഗങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്ന വിഷയം വ്യക്തമായി മനസിലാക്കുന്നതിന് ഉപകരിക്കുമെന്നതിനാല്‍ ഇവിടെ ചേര്‍ക്കുന്നു. മഹാത്മജിയും സോമനാഥത്തിന്റെ പുനരുദ്ധാരണ വിഷയത്തെ പിന്തുണച്ചിരുന്നു. അതിനായി പണം ആര് ചെലവാക്കണമെന്ന കാര്യത്തില്‍ മാത്രമെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാര്‍ ആയിരിക്കരുത് പകരം ജനങ്ങളായിരിക്കണം പണം ശേഖരിച്ച് ഈ കാര്യം പൂര്‍ത്തിയാക്കേണ്ടതെന്ന് ഗാന്ധിജി പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രനിര്‍മ്മാണ സമിതിക്ക് അത് സര്‍വ്വാത്മനാ സ്വീകാര്യവുമായിരുന്നു.
‘… ഭാരതത്തിന്റെ ‘പൊതുബോധം’ നാം ഏറ്റെടുത്തിട്ടുള്ള മറ്റേത് സംരംഭത്തേക്കാളും സോമനാഥപുനര്ന്നിര്മ്മാണ പദ്ധതിയില്‍ സന്തോഷിക്കുന്നുണ്ട് എന്ന് ഞാന്‍ താങ്കള്‍ക്ക് ഉറപ്പ് നല്‍കാം.’
‘.. ഇന്നലെ താങ്കള്‍ ‘ഹിന്ദു പുനരുജ്ജീവനവാദ’ത്തെ കുറിച്ച് പറഞ്ഞു. ഈ വിഷയത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തെ കുറിച്ച് എനിക്കറിയാം; അവയെ ഞാന്‍ മാനിക്കുന്നു; അതുപോലെ തന്നെ താങ്കള്‍ എന്റെ അഭിപ്രായത്തോടും പ്രതികരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിലവിലുള്ള പലആചാരങ്ങളേയും ഞാന്‍ എന്റേതായ വിനീതരീതിയില് സാഹിത്യങ്ങളിലൂടെയും സാമൂഹ്യപ്രവര്ത്തങ്ങളിലൂടെയും തള്ളിക്കളഞ്ഞിട്ടുണ്ട്.
എന്നാല്‍ മാത്രമെ ആധുനിക സാഹചര്യത്തില്വികസിതവും ഊര്‍ജ്ജസ്വലവുമായ ഭാരതം സൃഷ്ടിക്കപ്പെടൂ എന്ന ഉറച്ച ബോധ്യം കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്…. ഭൂതകാലത്തിലുള്ള എന്റെ വിശ്വാസമാണ് വര്‍ത്തമാനത്തില്‍ പ്രവര്‍ത്തിക്കാനും ഭാവിയിലേക്ക് നോക്കാനും എനിക്ക് ശക്തി തരുന്നത്. ഭഗവദ്ഗീതയെ നിഷേധിക്കുന്ന, കോടാനുകോടി ജനങ്ങളെ അവരുടെ ക്ഷേത്രാധിഷ്ഠിത വിശ്വാസങ്ങളില്‍ നിന്ന് അറുത്ത് മാറ്റി ജീവിതത്തിന്റെ അടിത്തറയെത്തന്നെ തകര്‍ക്കുന്നതാണ് സ്വാതന്ത്ര്യമെങ്കില്‍ ഞാന്‍ അതിന് അല്പവും വില നല്‍കില്ല’.
എത്ര ദൃഢവും ഋജുവുമായ നിലപാടെന്ന് നോക്കൂ, അതു കൊണ്ടാണ് ആഭ്യന്തര വകുപ്പില്‍ ഉപദേശകനും നാട്ടുരാജ്യങ്ങളുടെ വിലയന കാര്യത്തില്‍ ഉരുക്കുമനുഷ്യന്റെ വലം കൈയ്യുമായിരുന്ന വി.പി. മേനോന് ആ കത്തിനെ ‘മാസ്റ്റര്‍ പീസ്’ എന്ന് വിശേഷിപ്പിച്ചത്. കത്ത് വായിച്ച ശേഷം മേനോന് എഴുതുന്നു; ‘ഞാന്‍ താങ്കളുടെ മാസ്റ്റര്‍ പീസ് കണ്ടു. താങ്കള്‍ കത്തിലൂടെ മുന്നോട്ടുവച്ച ആശയത്തിനു വേണ്ടി ജീവിക്കാന്‍ ഞാന്‍ തയാറാണ്. ആവശ്യമെന്ന് വന്നാല്‍ അവയുടെ പൂര്‍ത്തീകരണത്തിനായി മരിക്കാനും ഞാന്‍ സന്നദ്ധനാണ്.’
അങ്ങനെ ധര്‍മ്മബോധമുള്ള ഭാരതപക്ഷത്തു നിലയുറപ്പിച്ച മഹാമനീഷികളുടെ അശ്രാന്തപരിശ്രമത്തിലൂടെ ക്ഷേത്ര നിര്‍മ്മാണം സമുജ്വലമായി പൂര്‍ണമായി. വിഗ്രഹ പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തമടുത്തപ്പോള്‍ ‘ഇന്‍ഡ്യാ വാദികള്‍’ വീണ്ടും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു.
പവിത്രമായ പ്രതിഷ്ഠാപനത്തിനെത്താമെന്ന് സമ്മതിച്ച ബഹുമാനപ്പെട്ട രാഷ്ട്രപതിയെ അതില്‍ നിന്ന് തടയാനും കേന്ദ്രമന്ത്രിമാരെ ചടങ്ങില്‍ നിന്ന് അകറ്റാനും ഏതറ്റം വരെ പോകാനും നെഹ്റുവും കൂട്ടരും തയാറായചരിത്രം വൃഥാ വിശദീകരിക്കുന്നില്ല. പക്ഷെ മൂക്കു മുറിച്ചും ശകുനം മുടക്കാന്‍ നോക്കിയവര്‍ ഭാരതപക്ഷത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടു.
ഇന്‍ഡ്യയ്ക്ക് മേല്‍ സനാതനഭാരതം
ശകുനം മുടങ്ങിയില്ല, മുഹൂര്‍ത്തം തെറ്റിയുമില്ല. ബഹുമാനപ്പെട്ട രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നല്കിയ വാഗ്ദാനം ‘പ്രധാനമന്ത്രിയുടെ അഭിപ്രായം എന്തുതന്നെ ആയാലും ഞാന്‍ ചടങ്ങില്‍ പങ്കെടുത്തിരിക്കും. സോമനാഥന്റെ വിഗ്രഹം ഭാരതത്തിന്റെ കോടാനുകോടി ജനതയുടെ പ്രതിനിധിയായി ഞാന്‍ സമര്‍പ്പിച്ചിരിക്കും,’ എന്നതായിരുന്നു. അത് അദ്ദേഹം അന്തസോടെ നിര്‍വഹിച്ചു. അതിഗംഭീരമായ ഉദ്ഘാടന പരിപാടിയുടെ വാര്‍ത്ത പിറ്റേന്ന് സര്‍ക്കാര്‍/കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഒഴികെ ഉള്ള എല്ലാ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവന്നു.
ജനാധിപത്യത്തിന്റേയും ഉദാരവാദത്തിന്റേയും അപ്പോസ്തലനായി വാഴ്ത്തപ്പെടുന്ന ‘ഇന്‍ഡ്യന്‍’ നേതാവിന്റെ തനിനിറം എത്ര ജുഗുപ്സാവഹമാണെന്ന് വെളിവാക്കുന്ന സംഭവം കൂടി ആയിരുന്നു രാഷ്ട്രപതിയുടെ പ്രസംഗമോ സോമനാഥ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ വാര്‍ത്തയോ അച്ചടിച്ചു വരാതിരിക്കാന്‍ നെഹ്റു ഉറക്കമിളച്ചിരുന്ന് നടത്തിയ വില കുറഞ്ഞ വേല.
ഇത്രയേറെ എതിര്‍പ്പുകളുണ്ടായിട്ടും അവയെ എല്ലാം അതിജീവിച്ച് സുവര്‍ണ ശോഭയില്‍ സോമനാഥക്ഷേത്രം ഉയര്‍ന്നു. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ക്ക് അനുഗ്രഹമരുളി ശ്രീസോമനാഥന് നിലനില്ക്കുന്നു. എതിര്‍ത്തവരുടെ പിന്മുറക്കാരും (തെരഞ്ഞെടുപ്പ് കാലത്തെങ്കിലും) ആ തിരുസന്നിധിയില്‍ എത്തുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥാടനം ഈ നല്ല തുടക്കത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് മുന്നേറേണ്ടിയിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. സോമനാഥത്തിന്റെ കാര്യത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്ന് നെഹ്റുവിനുണ്ടായ പകയായിരുന്നു അതിന് കാരണം. സുദീര്‍ഘകാലത്തെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെയും സ്വത്വാവിഷികാരത്തിനുള്ള ജനതയുടെ മോഹത്തിന്റെയും ഫലമായി ഉണര്‍ന്നുയര്‍ന്നു തുടങ്ങിയ ഭാരതീയബോധത്തെ ഇംഗ്ലീഷ് ഇന്‍ഡ്യയെന്ന പ്രതിലോമ വികാരത്തെ ഉപയോഗിച്ച് നെഹ്റു അടിച്ചമര്‍ത്തി.
മഹാത്മജിയും പട്ടേലും കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. രാജന്‍ബാബുവും കെ.എം. മുന്‍ഷിയും അംബേഡ്കറും ഒക്കെ രാഷ്ട്രീയ കുതന്ത്രത്തിലൂടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടു. വിദ്യാഭ്യാസവും പത്രപ്രവര്‍ത്തന രംഗവും അടങ്ങുന്ന വൈചാരിക മേഖലയാകെ ഇടത് വൈതാളികന്മാര്‍ക്ക് തീറെഴുതി. അങ്ങനെ അങ്ങനെ ഇംഗ്ലീഷ് ഭരണകാലത്ത് അവര്‍ ചെയ്തതിനേക്കാള്‍ ഹീനമായി ഭാരതീയതയെ ചവുട്ടി അരയ്ക്കുന്നതില്‍ വ്യാപൃതമായി പുത്തന്‍ ഭരണകൂടം.
സോമനാഥത്തില്‍ തുടങ്ങിയ നവോത്ഥാന പ്രക്രിയ കാലങ്ങള്‍ക്കിപ്പുറം പുനര്‍ജനിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ദേശീയപ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്നാണ് ഡോ. രാജേന്ദ്രപ്രസാദും കെ.എം. മുന്‍ഷിയും സര്‍ദാര്‍ പട്ടേലുമൊക്കെ തുടങ്ങിവച്ച ആ നവോത്ഥാന പ്രക്രിയയെ മുന്നോട്ടുകൊണ്ട് പോകാനുള്ള ദൗത്യം ഏറ്റെടുത്തത്.
ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്ളതാണെങ്കിലും നടപ്പിലാക്കാതെ അവശേഷിക്കുന്ന ഗോവധ നിരോധനവിഷയമായാലും കശ്മീരിന്റെ പരിപൂര്‍ണ്ണ വിലയനമായാലും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണമായാലും ഭാരതമാതാവ് നമ്മുടെയെല്ലാം ഉള്ളില്‍ സദാ ജ്വലിക്കുന്ന ഒരു സജീവസത്തയാണെന്ന ബോധ്യം ജനങ്ങളിലെത്തിക്കാനുള്ള ഏകാത്മതായാത്ര ആയാലും എല്ലാം ഭാരതം ഭാരതമായി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ജനതയുടെ പക്ഷത്ത് നിന്ന് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ്.
ആ നവോത്ഥാന പ്രവാഹത്തിലെ സുപ്രധാന അദ്ധ്യായമാണ് ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്മ്മാണപൂര്ത്തീകരണം. ഇത് അവശേഷിക്കുന്ന അടിമത്തത്തിന്റെ അടയാളത്തെയും ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ്. വൈദേശികതയെ തുടച്ച് നീക്കി ദേശീയതയെ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ നാം കടക്കുന്ന മറ്റൊരു ഗോപുരമാണ്. അതെ, ഇത് ഇംഗ്ലീഷ് ‘ഇന്‍ഡ്യ’യുടെ മേലെ സനാതന ഭാരതം’ നേടാന്‍ പോകുന്ന ആത്യന്തിക വിജയത്തിന്റെ നാന്ദി ആണ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: