Categories: Local NewsKottayam

മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വീണ്ടും വന്യമൃഗ ആക്രമണം

Published by

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വീണ്ടും വന്യമൃഗ ആക്രമണം. ഇ.ഡി.കെ ക്ഷേത്രത്തിനു സമീപമാണ് രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ സുനിലിന്റെയും അയ്യപ്പന്റെയും വളര്‍ത്തുപശുക്കളെയാണ് ഞായറാഴ്ച പുലര്‍ച്ച വന്യമൃഗം ആക്രമിച്ചുകൊന്ന് പാതിഭക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങിനായി പുലര്‍ച്ച എത്തിയ തൊഴിലാളികളാണ് കണ്ടത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ തുടര്‍ച്ചയായി വന്യമൃഗ ആക്രമണം ഉണ്ടായിരുന്നു.

എസ്റ്റേറ്റില്‍ തീറ്റ തേടാനായി അഴിച്ചുവിട്ടിരുന്ന നിരവധി കന്നുകാലികളും വളര്‍ത്തുനായ്‌ക്കളും ആക്രമണത്തില്‍ ചത്തിട്ടുണ്ട്.വീണ്ടും മേഖലയില്‍ വന്യമൃഗ ആക്രമണം ഉണ്ടായതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുകളും ക്യാമറകളും സ്ഥാപിച്ചെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായിട്ടില്ല. അടുത്തനാള്‍ വരെ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൂട്ടം മാസങ്ങളോളം എസ്റ്റേറ്റിലെ ജനവാസ മേഖലകളില്‍ തമ്പടിച്ചിരുന്നു. സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by