പാലാ: ക്രംപ് റബ്ബര്‍ ഉത്പാദന സ്ഥാപനമായ പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ ഭരണം പിടിക്കാന്‍ ഇരുമുന്നണികളുടെയും പോരാട്ടം. 1968ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം പിടിക്കാന്‍ മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സ്, കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടികള്‍ നയിക്കുന്ന യുഡിഎഫിന്റെ നിയന്ത്രണത്തിലായിരുന്നു ഭരണം. കേരളാ കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസ്സും വഴിപിരിഞ്ഞതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഭരണം പിടിക്കാന്‍ ഇരു മുന്നണികളും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത്. നിലവിലെ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസ് എമ്മിനും തുല്യ പ്രാധാന്യമാണുള്ളത്. ഇടതുപക്ഷത്തിന് ഇവിടെ പ്രതിനിധികളേ ഉണ്ടായിരുന്നില്ല.
ജില്ലയിലെമ്പാടും പ്രവര്‍ത്തന പരിധിയുള്ള സംഘത്തിന് 3267 അംഗങ്ങളാണുള്ളത്. സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുള്ള കമ്പനിയുടെ നിയന്ത്രണം പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിനാണ്. മുത്തോലിയിലെ ഇന്‍ഡ്യാര്‍ റബ്ബര്‍ ഫാക്ടറി പ്രവൃത്തിപ്പിക്കുന്നതും സംഘമാണ്. മുമ്പ് കേരളത്തിലെ പ്രമുഖ ക്രംപ് റബ്ബര്‍ ഉദ്പാദന സ്ഥാപനമായിരുന്നു സംഘം.
ടയര്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് ക്രംപ് റബ്ബര്‍. കോടിക്കണക്കിന് രൂപ അറ്റാദായം നേടുകയും രാജ്യത്തെമ്പാടും റബ്ബര്‍ അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ റബ്ബര്‍ കറ ശേഖരിക്കുന്നതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ നിര്‍ത്തിവച്ചു. ഇന്‍ഡ്യാര്‍ റബ്ബര്‍ ഫാക്ടറിയില്‍ പ്രതിസന്ധികളെ മറികടക്കുവാനുള്ള ശ്രമത്തിലാണ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: